സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

മാധ്യമദിന സന്ദേശം 2018 : പൂര്‍ണ്ണരൂപം

ആഗോള മാധ്യമ ദിനത്തില്‍ പാപ്പായുടെ സന്ദേശം വ്യാജവാര്‍ത്തയെക്കുറിച്ച് - ANSA

12/03/2018 19:33

വ്യാജവാര്‍ത്തകളും സമാധാനത്തിനുള്ള മാധ്യമപ്രവര്‍ത്തനവും :
“സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (യോഹ. 8, 32). 

‌1. ആമുഖം - ആശയവിനിമയത്തിലെ ദൈവികപദ്ധതി
ആശയവിനിമയം ദൈവിക പദ്ധതിയുടെ ഭാഗമാണ്. അത് കൂട്ടായ്മയുടെ അനുഭവത്തിന് അനിവാര്യവുമാണ്. ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാല്‍ നമുക്ക് അവിടുത്തെ യഥാര്‍ത്ഥമായ നന്മയും സത്യവും മനോഹാരിതയും പ്രതിഫലിപ്പിക്കാനാകും. നമ്മുടെ ചുറ്റമുള്ള ലോകവും അതിന്‍റെ അനുഭവങ്ങളും വിവരിക്കാനാവുന്നത് ചരിത്രത്തെ ഓര്‍മ്മിച്ചെടുക്കുന്ന സ്മൃതിയും സംഭവങ്ങളുടെ മനസ്സിലേറ്റലുമാണ്.  എന്നാല്‍ നമ്മുടെ അഹങ്കാരവും സ്വാ൪ത്ഥതയും മൂലം സത്യസന്ധമായ ആശയവിനിമയത്തിനായുളള സാദ്ധ്യത വികലമാക്കപ്പെടുന്നുണ്ട്. ബൈബിള്‍ പറയുന്ന കായേന്‍റെയും ആബേലിന്‍റെയും, ബാബേല്‍ ഗോപുരത്തിന്‍റെയും കഥകള്‍ മുതല്‍ നമുക്കിത് കാണാനാകും (ഉല്പത്തി 4:4-16, 11:1-9).  സത്യം വളച്ചൊടിക്കാനുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും കഴിവ് ഇന്ന് രോഗസൂചകമാണ്. എന്നാല്‍ മറുഭാഗത്ത് നാം ദൈവികപദ്ധതിയോടു വിശ്വസതയുള്ളവരായാല്‍ ആശയവിനിമയം സത്യത്തിനും നന്മയ്ക്കുമായുള്ള ഫലവത്തായൊരു അന്വേഷണമായി മാറും.

2. വ്യാജവാര്‍ത്തകളുടെ ആധിപത്യം
ധൃതഗതിയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഇന്നിന്‍റെ ഡിജിറ്റല്‍ മാധ്യമ ലോകത്ത് “വ്യാജവാര്‍ത്തകള്‍”ക്ക് ഏറെ പ്രചുരപ്രചാരം സിദ്ധിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ വിഷയംതന്നെ ഈ വര്‍ഷത്തെ ലോക മാധ്യമദിന സന്ദേശത്തിന് പാപ്പാ ഫ്രാന്‍സിസ് തിരഞ്ഞെടുത്തത്. തന്‍റെ മുന്‍ഗാമികള്‍ കാലാകാലങ്ങളില്‍ പ്രബോധിപ്പിച്ചൊരു വിഷയത്തിലേയ്ക്കാണ് ഈ സന്ദേശം തിരിച്ചുവരുന്നത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ 1972-ലെ മാധ്യമദിനത്തിന് ഉപയോഗിച്ച സന്ദേശം “സമ്പര്‍ക്കമാധ്യമങ്ങള്‍ സത്യത്തിന്‍റെ സേവനത്തിന്…” എന്നായിരുന്നു. അങ്ങനെ വ്യാജവാര്‍ത്തയുടെ പ്രചാരണത്തില്‍നിന്നും സത്യത്തിന്‍റെ പ്രയോക്തക്കളാകാനുള്ള മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തസ്സും മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിഗത ഉത്തരവാദിത്ത്വവും വീണ്ടെടുക്കാനുള്ള കൂട്ടുത്തരവാദിത്വത്തില്‍ പങ്കുചേരാന്‍ സന്ദേശം ഉള്‍ക്കൊണ്ട് നമുക്കും പരിശ്രമിക്കാം.

3. വാര്‍ത്തയിലെ വ്യാജന്‍ ആരാണ്?
ചര്‍ച്ചകളും തര്‍ക്കങ്ങളും വേണ്ടുവോളം ന‌‌‌‌‌ടന്നിട്ടുള്ള വിഷയമാണ് വ്യാജവാര്‍ത്ത. പരമ്പരാഗത മാധ്യമങ്ങളിലും ഇന്ന് ഡിജിറ്റല്‍ മാധ്യമങ്ങളിലും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെയാണ് പൊതുവെ വ്യാജവാര്‍ത്തകള്‍ എന്നു പറയുന്നത്. വായനക്കാരെ കബളിപ്പിക്കാനോ സ്വാധീനിക്കാനോവേണ്ടി സംഭവിക്കാത്തതും വളച്ചൊടിച്ചതുമായ വിവരങ്ങള്‍ വാര്‍ത്തയായി നല്കുന്നതാണ് വ്യാജവാര്‍ത്തകള്‍. നിക്ഷിപ്ത താല്പര്യങ്ങളെ മുന്‍നിര്‍ത്തി രാഷ്ട്രീയ തീരുമാനങ്ങള്‍, സാമ്പത്തിക താല്പര്യങ്ങള്‍ എന്നിവയെ സ്വാധീനിക്കുകയാണ് ഇവയുടെ ലക്ഷ്യം.

വ്യാജവാര്‍ത്തയുടെ ആദ്യ വിജയം അടങ്ങിയിരിക്കുന്നത്. അത് എത്രത്തോളം ശരിയായ വാര്‍ത്തയെ അനുകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. സത്യമായി തോന്നുന്ന രീതിയിലാണ് വ്യാജന്‍ അവതരിപ്പിക്കപ്പെടുന്നത്. രണ്ടാമതായി വിദ്വേഷം, നിരാശ, വെറുപ്പ്, പക, ഉല്‍ക്കണ്ഠ, ഉദ്വേഗം എന്നീ വികാരങ്ങള്‍ ഉണര്‍ത്തിയും, ജനകീയ മുന്‍വിധകള്‍ക്ക് വളംവയ്ക്കുന്നതിനെ ചില സ്ഥിരസങ്കല്പങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തില്‍ വളച്ചൊടിച്ചും, കൂട്ടിക്കലര്‍ത്തിയും വിശ്വാസ്യമായി തോന്നാവുന്ന വിധത്തില്‍ വാര്‍ത്തകള്‍ മെനഞ്ഞെടുത്താണ് വ്യാജന്‍ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇങ്ങനെ വാര്‍ത്തകള്‍ കെട്ടിച്ചമച്ചുവിടാനുള്ള വഴിതുറക്കുന്നത് സമൂഹ്യസമ്പര്‍ക്ക മാധ്യമ ശൃംഖലകളെയും അവ പ്രവര്‍ത്തിക്കുന്ന രീതികളെയും സ്വാധീനിച്ചും ഉപയോഗിച്ചുമാണ്.

4. മാധ്യമ ശൃംഖലയില്‍ നല്ലതിനൊപ്പം തിളങ്ങിനില്ക്കുന്ന  തിന്മയും
വ്യാജവാര്‍ത്തകള്‍ ആധുനിക ‍ഡിജിറ്റല്‍ ശൃംഖലകളില്‍നിന്നും ഇല്ലാതാക്കുക അത്ര എളുപ്പമല്ല. അതിനു കാരണം സ്വഭാവ സമത്വമുള്ള അല്ലെങ്കില്‍ പ്രവര്‍ത്തന ശൈലിയില്‍ വളരെ സമാന്തരമായ ഡിജിറ്റല്‍ ശൃംഖലകളില്‍ കണ്ണിചേര്‍ക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന വാര്‍ത്തകളോടും കാഴ്ചപ്പാടുകളോടും അഭിപ്രായങ്ങളോടും കൃത്യമായി പ്രതികരിക്കാതെ ആയിരക്കണക്കിനു ജനങ്ങള്‍ ഇവയെല്ലാം കണ്ണടച്ച് കൈകാര്യംചെയ്യുന്നതുകൊണ്ടാണ്. മുന്‍വിധികളെ വെല്ലുവിളിക്കുകയും ക്രിയാത്മകമായ സംവാദം വളര്‍ത്തുകയും ചെയ്യുന്ന നല്ല വാര്‍ത്താസ്രോതസ്സുകളുമായി ആരോഗ്യകരമായ ഇടപഴകലുകള്‍ ഇല്ലാത്തതുകൊണ്ടാണ് ചില മാധ്യമപ്രസ്ഥാനങ്ങള്‍ വ്യാജവാര്‍ത്താ തന്ത്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതും നീതിയുക്തമല്ലാത്തതും അടിസ്ഥാനരഹിതവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തല്പരരും കൂട്ടാളികളുമായി മാറുന്നതും. മറ്റുള്ളവരെ വ്രണപ്പെടുത്തുകയും അവരെ മോശക്കാരായി അവതരിപ്പിക്കുകയും ചെയ്യുന്നത് വ്യാജവാര്‍ത്തയുടെ ദുരന്തമാണ്.
അതിനാല്‍ അവ അഹങ്കാരവും വിദ്വേഷവും വളര്‍ത്തുകയും നമ്മെ പെട്ടന്ന് വികാരഭരിതരാക്കുകയും നമ്മില്‍ അസഹിഷ്ണുത വളര്‍ത്തുകയും ചെയ്യുന്നു. കാരണം അസത്യത്തിന്‍റെ പരിണിത ഫലമാണ് ഈ വ്യാജവാര്‍ത്തകള്‍!

4. വ്യാജനെ എങ്ങനെ തിരിച്ചറിയാം?
കാപട്യത്തെ അനുദിനജീവിതത്തില്‍ അഭിമുഖീകരിക്കുന്നതില്‍നിന്നും നമ്മള്‍ ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. വ്യാജവാര്‍ത്തകളുടെ നിര്‍മ്മിതി എപ്പോഴും കുത്സിതവും ലോലവുമായ ഭാഷാഭംഗിയില്‍ അധിഷ്ഠിതവും, ചിലപ്പോള്‍ സങ്കീര്‍ണ്ണമായ മനഃശാസ്ത്ര സമ്പ്രദായങ്ങളില്‍ മെനഞ്ഞെടുത്തിട്ടുള്ളതും ആകയാല്‍ അതിന്‍റെ ദൂഷിതവലയത്തില്‍നിന്നും പുറത്തുവരിക അത്ര എളുപ്പവുമല്ല.  വ്യാജവര്‍ത്തകളുടെ ശൃംഖലകളില്‍നിന്നും രക്ഷപ്പെടുന്നതിനും അവയുടെ മുഖംമൂടി അനാവരണംചെയ്യുന്നതിനും ഉതകുന്ന മാധ്യമ ബോധനപരിപാടികള്‍ ചില ആശയവിനിമയ സ്ഥാപനങ്ങളും നിയമ സംഘടനകളും ഇന്ന് ഒരുക്കുന്നുണ്ട്. വ്യാജവാര്‍ത്തയുടെ പ്രതിഭാസത്തെ തടയുന്നതിനു ഉതകുന്ന നടപടികള്‍ വികസിപ്പിച്ചെടുക്കാന്‍ അങ്ങനെ അപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ വന്‍ ഡിജിറ്റല്‍ മാധ്യമ ശൃംഖലകളുടെ ആശയവിനിമയ ശ്രേണികളിലുള്ള ലക്ഷോപലക്ഷം മുഖചിത്രങ്ങള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്ന വ്യക്തിത്വങ്ങളെ തിരിച്ചറിയാനുള്ള പരിശ്രമങ്ങളും ഇന്ന് പുരോഗമിക്കുന്നുണ്ട്. എന്നിരുന്നാലും വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും അവ തടയാനുമുള്ള വഴികള്‍ കണ്ടെത്തുന്നതിന് ഏറെ ശ്രമകരവും ശ്രദ്ധാപൂര്‍വ്വകവുമായ വിവേചനത്തിന്‍റെ രീതി ആവശ്യമാണ്. വ്യാജന്മാര്‍ ഇന്ന് ഉപയോഗിക്കുന്ന ‘സര്‍പ്പതന്ത്രം’  എന്നു ബൈബിള്‍ വിശേഷിപ്പിക്കുന്ന കാപട്യത്തിന്‍റെയും പ്രലോഭനത്തിന്‍റെയും മുഖംമൂടി അഴിച്ചു മാറ്റേണ്ടിയിരിക്കുന്നു.

5. സര്‍പ്പസ്വഭാവമുള്ള വ്യാജവാര്‍ത്തകള്‍ 
മാനവികതയതുടെ ആരംഭഘട്ടത്തില്‍ സര്‍പ്പം മെനഞ്ഞെടുത്ത ആദ്യ വ്യാജവാര്‍ത്ത എന്താണെന്ന് ഉല്പത്തിപുസ്തകം വിവരിക്കുന്നുണ്ട് (ഉല്പത്തി 3, 1-15). മനുഷ്യന്‍റെ ആദ്യപാപത്തിന്‍റെയും പ്രഥമ സഹോദരഹത്യയുടെയും പിന്നെ ദൈവത്തിനും അയല്‍ക്കാര്‍ക്കും, സമൂഹത്തിനും സൃഷ്ടിക്കും എതിരായ തിന്മകള്‍ക്ക് ഹേതുവാകുന്നത് ഈ വ്യാജവാര്‍ത്തയാണ്. ‘നുണയുടെ പിതാവായ പിശാചി’ന്‍റെ തന്ത്രമാണ് മനുഷ്യഹൃദയങ്ങളിലേയ്ക്ക് നുഴഞ്ഞുകയറുന്ന കളവിന്‍റെയും ചതിയുടെയും അപകടകാരിയായ വ്യാജവാര്‍ത്തയുടെ പുഴുക്കള്‍ (യോഹ. 8, 44).

വ്യാജവും വശീകരണശേഷിയുള്ളതുമായ വാദപ്രതിവാദങ്ങളുമായി ആദ്യപാപത്തിന്‍റെ കഥയില്‍ പ്രലോഭകനായ പിശാച് സ്ത്രീയെ സമീപിക്കുന്നത് അവളുടെ നന്മ ആഗ്രഹിക്കുന്ന സ്നേഹിതന്‍ എന്ന വ്യാജേനയാണ്. അവള്‍ അറിഞ്ഞ സത്യം ഭാഗികമാണെന്ന് പിശാചു പറഞ്ഞു ധിരിപ്പിക്കുന്നു. തോട്ടത്തിലെ മരങ്ങളിലെ കനികള്‍ കഴിക്കരുതെന്ന് ദൈവം പറഞ്ഞിട്ടില്ലത്രേ! (ഉല്പ. 3, 1). യഥാര്‍ത്ഥത്തില്‍ ദൈവം ആദത്തോടു പറഞ്ഞത് തോട്ടത്തിന്‍റെ നടുക്കുള്ള വൃക്ഷത്തിന്‍റെ ഫലം കഴിക്കരുതെന്നാണ് :  നന്മതിന്മകള്‍ വിവേചിക്കുന്ന അറിവിന്‍റെ വൃക്ഷത്തിലെ പഴം കഴിക്കരുത് (ഉല്പത്തി 2, 17).

6. പ്രലോഭകന്‍ ചമയ്ക്കുന്ന സത്യത്തിന്‍റെ പൊയ്മുഖം 
മരണവേദനയിലും, തോട്ടത്തിന്‍റെ നടുക്കുള്ള വൃക്ഷത്തിലെ കനി കഴിക്കരുത്, എന്നാണ് ദൈവം ആഞ്ജാപിച്ചിട്ടുള്ളത് (ഉലപ്ത്തി 3, 2). സാത്താനെ സ്ത്രീ തിരുത്തിയെങ്കിലും അവള്‍ പ്രലോഭനത്തിന് കീഴ്പ്പെടുകയാണുണ്ടായത്. സ്ത്രീയുടെ മറുപടി ഏറെ യുക്തിയിലധിഷ്ഠിതവും നിഷേധാത്മകവുമായിരുന്നു. എന്നിട്ടും അവള്‍ പ്രലോഭകന് വശംവദയാകുന്നു. ഈ പഴം കഴിച്ചാല്‍ നീ മരിക്കില്ല! സാത്താന്‍റെ ഈ വാക്കുകളില്‍ അവള്‍ വിശ്വസിച്ചു (ഉല്പത്തി 3, 4). തുടര്‍ന്നുള്ള സംഭാഷണത്തില്‍ പ്രലോഭകന്‍റെ പുനര്‍വ്യാഖ്യാനം സത്യത്തിന്‍റെ പൊയ്മുഖമണിയുന്നു.  നിങ്ങള്‍ ആ കനി ഭക്ഷിച്ചാല്‍ കണ്ണുതുറക്കും, ദൈവത്തെപ്പോലെയാകും (ഉല്പത്തി 3, 5). ദൈവത്തിന്‍റെ പിതൃകല്പനയെ അവിശ്വസിച്ച് വ്യാജന്‍റെ പ്രലോഭനത്തിന് അവര്‍ കീഴ്പ്പെടുന്നു.
ആ കനി നല്ലതും മനോഹരവും അഭിലഷണീയവുമാണെന്ന് അവര്‍ക്കു തോന്നി. അത് അവരെ മോഹിപ്പിച്ചു  (ഉല്പത്തി 3, 6). അങ്ങനെ ബൈബിള്‍ക്കഥ വളരെ ശ്രദ്ധേയമായ ധ്യാനമാണ് വ്യാജവാര്‍ത്തയെക്കുറിച്ച് നമുക്കു തരുന്നത്.

7. വ്യാജന്മാര്‍ സൃഷ്ടിക്കുന്ന വിനകള്‍
നിരുപദ്രവകാരിയായ വ്യാജവാര്‍ത്ത എന്നൊന്നില്ല.  എന്നാല്‍ വ്യാജന്മാരെ വിശ്വസിച്ചാല്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും. സത്യം അല്പംപോലും വളച്ചൊടിക്കപ്പെട്ടാല്‍‍ അതിന് ആനുപാതികവും അപകടകരവുമായ പ്രത്യാഘാതങ്ങള്‍ നമുക്കുണ്ടാക്കും. മനുഷ്യന്‍റെ ആര്‍ത്തിയാണ് അപകട കാരണം. വ്യാജവാര്‍ത്ത രോഗാണുപോലെ സമൂഹത്തിലുടനീളം വ്യാപിക്കും. അതു പടരാന്‍ തുടങ്ങിയാല്‍പ്പിന്നെ നിര്‍ത്തുക ക്ലേശകരമാണ്. കാരണം സാമൂഹിക സമ്പര്‍ക്ക മാധ്യമ ലോകത്ത് അവ സൃഷ്ടിക്കുന്ന സ്വാധീനവും അത് കാരണമാക്കുന്ന മനുഷ്യരുടെ ഒടുങ്ങാത്ത ആര്‍ത്തിയും ക്രമാതീതമാണ്. ലാഭേച്ഛയോടെ വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ തന്ത്രപൂര്‍വ്വകമായ സാമ്പത്തിക മേല്‍ക്കോയ്മ സൃഷ്ടിക്കാനും, എല്ലാം കൈക്കലാക്കാനും ആസ്വദിക്കാനുമുള്ള ആഗ്രഹത്തിലാണ് സൃഷ്ടിക്കപ്പെടുന്നത്. അത് നമ്മുടെ ആന്തരിക സ്വാതന്ത്ര്യത്തെ നശിപ്പിച്ച് വ്യക്തികളെ അസത്യത്തിന്‍റെ പ്രയോക്താക്കളും പൊയ്മുഖങ്ങളുമാക്കി മാറ്റുന്നു.

8. സത്യം നമ്മെ സ്വതന്ത്രരാക്കും (യോഹ. 8, 32). 
വ്യാജ മാധ്യമ ലോകവുമായുള്ള മനുഷ്യന്‍റെ നിരന്തരമായ ഇടപെടല്‍ ആന്തരിക ജീവിതത്തെ മന്ദീഭവിപ്പിക്കുന്നുണ്ട്. ദോസ്തോവിസ്ക്കിയുടെ നിരീക്ഷണത്തില്‍ നുണ പറയുന്നവരും, അവര്‍ പറ‍ഞ്ഞു പരത്തിയ നുണകള്‍ ശ്രവിക്കുന്നവരും തങ്ങളോടുതന്നെയും മറ്റുള്ളവരോടും പരസ്പരാദരവ് ഇല്ലാത്തവരായി മാറുന്നു. സ്വാഭിമാനം അങ്ങനെ നഷ്ടപ്പെട്ടവര്‍ സ്നേഹമില്ലാത്തവരായി മാറും. പിന്നെ അതിനുംപുറമേ അവര്‍ സുഖലോലുപതയുടെ താല്ക്കാലികതയില്‍ മുഴുകുന്നു. അങ്ങനെ മനുഷ്യരിലെ മൃഗീയത മൂത്ത് ജീവിതം അസത്യത്തില്‍ മുങ്ങുന്നു (F. Dostoevskij, The Brothers, Karamazov, 1880).

9. എങ്ങനെയാണ് നാം വ്യാജവാര്‍ത്തയ്ക്കെതിരെ പ്രതിരോധിക്കേണ്ടത്?
വ്യാജവാര്‍ത്തയ്ക്കുള്ള മൗലികമായ മറുമരുന്ന് സത്യത്താല്‍ അതിനെ ശുദ്ധികലശംചെയ്യുകയാണ്. ക്രൈസ്തവ കാഴ്ചപ്പാടില്‍ ഒരു കാര്യം വ്യാജമോ സത്യമോ, ശരിയോ തെറ്റോ എന്ന് വിധിപറയുന്ന ആശയപരമായ ഒരു യാഥാര്‍ത്ഥ്യമല്ല സത്യം. ക്രൈസ്തവികതയില്‍ അത് വിശ്വാസത്തിന്‍റെ വെളിച്ചമാണ്. നമ്മെ വിശ്വാസത്തിലേയ്ക്ക് നയിക്കുന്ന വെളിച്ചമാണ്.
സത്യം നമ്മുടെ മുഴുവന്‍ ജീവിതത്തെയും സ്വാധീനിക്കും. വിശുദ്ധഗ്രന്ഥത്തില്‍ സത്യമെന്ന മൂലപദത്തിന് പിന്‍തുണ,  ഉറപ്പ്, ബോധ്യം, വിശ്വാസം എന്നെല്ലാം അര്‍ത്ഥമുണ്ട്.

‘ആമേന്‍’ എന്ന് ഗ്രീക്കു ഭാഷയില്‍ ഇന്നും ഉപയോഗിക്കുന്ന സമ്മതത്തിന്‍റെ പദം സത്യം ഏറ്റുപറയുന്ന അല്ലെങ്കില്‍ പ്രഘോഷിക്കുന്ന  ക്രൈസ്തവ ആരാധനക്രമത്തിലെ പ്രയോഗമാണ്. നാം സത്യത്തില്‍ ഊന്നിനില്ക്കുകയാണെങ്കില്‍ ജീവിതത്തില്‍ നമുക്ക് വഴിതെറ്റുകയില്ല. ഈ അര്‍ത്ഥത്തില്‍ വിശ്വാസ്യനും,  സകലര്‍ക്കും ആശ്രയിക്കാവുന്നവനുമായവന്‍ ജീവിക്കുന്ന ദൈവമാണ്.
അതുകൊണ്ടാണ് “ഞാനാകുന്നു വഴിയും സത്യവു”മെന്ന് ക്രിസ്തു പറഞ്ഞത് (യോഹ. 14, 6). നമ്മെ സ്നേഹിക്കുന്നവന്‍റെ വിശ്വസ്തതയിലും വിധേയത്വത്തിലും നാംതന്നെ ആ സത്യം അനുഭവിക്കുമ്പോഴാണ് അത് ആവിഷ്ക്കരിക്കുകയും പുനരാവിഷ്ക്കരിക്കപ്പെടുകയും ചെയ്യുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നമ്മെ സ്വതന്ത്രരാക്കുന്ന സത്യം. “സത്യം നമ്മെ സ്വതന്ത്രരാക്കും!” (യോഹ. 8, 32).

10. വ്യാജമായവയില്‍നിന്നുള്ള സ്വാതന്ത്ര്യവും  നന്മയ്ക്കായുള്ള അന്വേഷണ ത്വരയും
നമ്മുടെ വാക്കുകളും പ്രവൃത്തികളും സത്യസന്ധവും ആത്മാര്‍ത്ഥവുമാകണമെങ്കില്‍ വ്യാജമായവയില്‍നിന്നുള്ള സ്വാതന്ത്ര്യവും നന്മയ്ക്കായുള്ള അന്വേഷണത്വരയും -  രണ്ടു ഘടകങ്ങളും ആവശ്യമാണ്. സത്യം വിവേചിച്ചറിയാന്‍, കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുകയും, നന്മ വളര്‍ത്തുകയും ചെയ്യുന്ന കാര്യങ്ങള്‍ നാം അറിയണം. മറുഭാഗത്ത് നമ്മെ ഒറ്റപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഘടകങ്ങളെയും നാം വിവേചിച്ചറിയേണ്ടതുണ്ട്. പുറമെനിന്നും വ്യക്തിഗതമല്ലാതെ എന്തെങ്കിലും അടിച്ചേല്പിച്ചാല്‍ സത്യം വളരുകയില്ല. സ്വതന്ത്രമായ വ്യക്തിബന്ധങ്ങളില്‍നിന്നും, പരസ്പര ധാരണയിലും സ്നേഹത്തിലുംനിന്നാണ് സത്യം വളരുന്നത്.

സത്യാന്വേഷണം ഒരിക്കലും നിലയ്ക്കുന്നില്ല,  കാരണം വ്യാജമായവ എപ്പോഴും വളര്‍ന്നുകൊണ്ടേയിരിക്കുന്നു. സത്യം പറയുന്നതിനിടയിലും അസത്യവും വ്യാജമായതും എന്നും പുറത്തുവന്നുകൊണ്ടേയിരിക്കും. അനിഷേധ്യമായ വസ്തുതകളില്‍ അധിഷ്ഠിതമായും സത്യത്തിന്‍റെ വാദമുഖങ്ങള്‍ ഉയര്‍ന്നു വരാം. എന്നാല്‍ അത് അപരനെ വേദനിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്താല്‍, അത് എത്ര സത്യസന്ധമാണെന്നു പറഞ്ഞാലും, തോന്നിയാലും അവ സത്യമായിരിക്കുകയില്ല. പ്രസ്താവങ്ങളുടെ സത്യസന്ധതയെ അവയുടെ ഫലങ്ങളില്‍നിന്നുമാണ്, അതിനാല്‍ തിരിച്ചറിയേണ്ടത്. സത്യമായവ ഒരിക്കലും കലഹം വളര്‍ത്തുകയോ ഭിന്നത ഉളവാക്കുകയോ വിയോജിപ്പു പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. സത്യം ചിലപ്പോള്‍ കലഹം സൃഷ്ടിച്ചാലും ഭിന്നത ഉളവാക്കിയാലും തലകുനിക്കേണ്ടി വന്നാലും, അറിവും പക്വമാര്‍ന്നതുമായ ചിന്തകളുടെ ക്രിയാത്മകവും ഫലപ്രദവുമായ സംവാദം വളര്‍ത്തുന്നതുവഴിയാണ് സത്യത്തിന്‍റെ ഫലപ്രാപ്തി നാം അറിയുന്നത്.

11. സത്യസന്ധമായ വാര്‍ത്ത സമാധാനം വളര്‍ത്തും
വ്യാജവാര്‍ത്തയ്ക്ക് മറുമരുന്ന് തന്ത്രപരമായ നീക്കങ്ങളോ കൗശലപൂര്‍ണ്ണമായ മറുപടിയോ അല്ല, മറിച്ച ആര്‍ത്തിയില്ലാത്തതും  കേള്‍ക്കാന്‍ സന്നദ്ധതയുള്ളതും സത്യസന്ധവുമായ സംവാദമാണത്.  അതില്‍ ഏര്‍പ്പെടുന്നവരിലൂടെയും, അതില്‍ താല്പര്യമുള്ളവരിലൂടെയും അങ്ങനെ സത്യം പുറത്തുവരും. നന്മയാല്‍ ആകൃഷ്ടരും സത്യത്തിന്‍റെ ഭാഷാശൈലി ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്നവരും വ്യാജവാര്‍ത്ത തടയുന്നത് കടമയായി കാണുകയാണെങ്കില്‍ അറിവും വാര്‍ത്തകളും കൈകാര്യംചെയ്യുകയും മെനഞ്ഞെടുക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അതിലേറെ ഉത്തരവാദിത്വമുണ്ട്. കാരണം അവരാണ് വാര്‍ത്തകളുടെ പ്രായോജകര്‍. ഇന്നത്തെ ലോകത്ത് ഇവര്‍ മാധ്യമ ജോലിക്കാര്‍ മാത്രമല്ല, മാധ്യമപ്രവര്‍ത്തനം ജീവിതദൗത്യമായി കാണേണ്ടവരാണ്, അവര്‍ സത്യത്തിന്‍റെ പ്രയോക്താക്കളാണ്.

12. വിവരസാങ്കേതികതയുടെ കേന്ദ്രം വ്യക്തിയാവണം
മാധ്യമാധിപത്യമുള്ള ലോകത്ത് ചടുലമായത് വിളമ്പാനുള്ള ബദ്ധപ്പാടിലും, ചൂടുവാര്‍ത്തകള്‍ മെനഞ്ഞെടുത്ത് അത് ആദ്യം വിളംബരംചെയ്യാനുള്ള വ്യഗ്രതയിലും ഓര്‍ക്കണം, വിവരസാങ്കേതികതയുടെ കേന്ദ്രം വാര്‍ത്ത എത്തിക്കുന്ന വേഗതയോ, പ്രേക്ഷക സ്വാധീനമോ അല്ല വ്യക്തികളാണെന്ന്! വാര്‍ത്തകള്‍ അറിയിക്കുന്നതുവഴി നാം വ്യക്തികളെയാണ് രൂപപ്പെടുത്തേണ്ടത് (Informing is forming). വാര്‍ത്തകള്‍ മനുഷ്യജീവിതങ്ങളെ സ്പര്‍ശിക്കുന്നു. അതിനാല്‍  വാര്‍ത്തകളുടെ കൃത്യമായ സ്രോതസ്സ് ഉറപ്പുവരുത്തുകയും, സത്യസന്ധമായ ആശയവിനിമയത്തെ സംരക്ഷിക്കുകയും വേണം. ഇത് ആശയവിനിമയ ലോകത്ത് നന്മയും വിശ്വാസ്യതയും വളര്‍ത്തും. സമൂഹത്തില്‍ കൂട്ടായ്മയും സമാധാനവും വളര്‍ത്താനുള്ള മാര്‍ഗ്ഗവുമായി ഭവിക്കും.

13. സമാധാനമാവട്ടെ മാധ്യമപ്രവര്‍ത്തന ലക്ഷ്യം!
സമാധാനപൂര്‍ണ്ണമായ മാധ്യമപ്രവര്‍ത്തനം ഇന്ന് സമൂഹത്തില്‍ വളര്‍ത്തുന്നതിന് എല്ലാവരെയും ക്ഷണിക്കുന്നു. ഇതുവഴി ഉദ്ദേശിക്കുന്നത് ഗൗരവതരമായ പ്രശ്നങ്ങളില്ലാത്തതും, വൈകാരികത നിറഞ്ഞതും, സുഖിപ്പിക്കുന്നതും, മധുരംകലര്‍ത്തിയതുമായ ഒരു ‘സാക്രീന്‍’ വാര്‍ത്താശൈലി അല്ലെന്ന് എടുത്തുപറയട്ടെ! മറിച്ച്, സത്യസന്ധവും, വ്യാജമായതിനെയും ആലങ്കാരികത നിറച്ചതിനെയും ചടുലമായതിനെയും എതിര്‍ക്കുന്നൊരു വസ്തുനിഷ്ഠമായ മാധ്യമശൈലിയാണ് ആഗ്രഹിക്കുന്നത്. അത് ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന മാധ്യമ പ്രവര്‍ത്തനവുമാണ്. അത് സകലരുടെയും നന്മയ്ക്ക്, വിശിഷ്യാ ഇന്ന് ലോകത്ത് ബഹുഭൂരിപക്ഷമായ പാവങ്ങളുടെ, ‘ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്ന’ മാധ്യമ  രീതിയായിരിക്കും.

വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുക എന്നതിനെക്കാള്‍, വാര്‍ത്തയായെത്തിയ വസ്തുതകള്‍ക്കു പിന്നിലെ സത്യമായ കാരണം കാണ്ടെത്താനും, അവ ആഴത്തില്‍ മനസ്സിലാക്കി പ്രതിവിധികളിലേയ്ക്കു നമ്മെ നയിക്കാനും കരുത്തുള്ള നന്മപൂര്‍ണ്ണമായൊരു മാധ്യമസംസ്ക്കാരം വളര്‍ത്താനുമാണ് നാം പരിശ്രമിക്കേണ്ടത്. ഇന്ന് വര്‍ദ്ധിച്ചുവരുന്ന മാത്സര്യത്തിന്‍റെയും വാഗ്വാദത്തിന്‍റെയും പരസ്പരമുള്ള വാചികമായ ആക്രമണങ്ങളുടെയും മാധ്യമപരിപാടികള്‍ക്ക് ബദലായി സാമൂഹ്യപ്രതിബദ്ധതയും സമര്‍പ്പണവുമുള്ളൊരു ശൈലിയാണ് അഭികാമ്യം.

14. സത്യത്തിന്‍റെ മൂര്‍ത്തരുപമായ ദൈവത്തോട്...!  മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രചോദനമേകാന്‍ കരുത്തുള്ള അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥനയോടെ സത്യത്തിന്‍റെ മൂര്‍ത്തരൂപമായ ദൈവത്തിലേയ്ക്കു നമുക്കു തിരിയാം :

ദൈവമേ, ഞങ്ങളെ അങ്ങേ സമാധാന ദൂതരാക്കണമേ!
കൂട്ടായ്മയും സാഹോദര്യവും വളര്‍ത്താത്ത ആശയവിനമിയ ലോകത്ത്
ഒളിഞ്ഞിരിക്കുന്ന തിന്മ തിരിച്ചറിയാന്‍ ഞങ്ങളെ സഹായിക്കണമേ!
ഞങ്ങളുടെ മനസ്സിലെ മുന്‍വിധിയുടെ വിഷം അങ്ങ് ഇല്ലാതാക്കണമേ.
അപരനെ സഹോദരനും സഹോദരിയുമായി ആദരവോടെ ഞങ്ങള്‍ അംഗീകരിക്കട്ടെ!
ദൈവമേ, അങ്ങ് വിശ്വസ്തനും സത്യസന്ധനുമാണ്,
അങ്ങേ വചനം ഞങ്ങളുടെ ലോകത്തിന് നന്മയുടെ വിത്തും വിളവുമാണ്
പ്രതിസന്ധികളില്‍പ്പെട്ടവരെ ക്ഷമയോടെ കേള്‍ക്കാനും
കലാപമുള്ളിടത്ത് സമാധാനം വളര്‍ത്താനും
സംശയമുള്ളിടത്ത് തെളിമ പകരാനും
പരിത്യക്തതയില്‍ ഐകദാര്‍ഢ്യം വളര്‍ത്താനും
പ്രക്ഷോഭ ജനകമാകുന്നിടങ്ങളില്‍ ശാന്തി വളര്‍ത്താനും
ഉപരിപ്ലവതയില്‍നിന്ന് യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനും
മുന്‍വിധിയുള്ളിടത്ത് വിശ്വാസ്യത വളര്‍ത്താനും
ശത്രുതയുള്ളിടത്ത് ആദരവു കാണിക്കാനും
വ്യാജമായവയില്‍ സത്യം ഉണര്‍ത്താനും
ദൈവമേ, അങ്ങു ഞങ്ങളെ സഹായിക്കണമേ!

@ Translation of the Original Message for the World Day of Communications 2018
promulgated by Pope Francis. For English and other languages www.vatican.va
Published by the Secretariat for Communications, Vatican.
Translated  by Fr. William Nellikal, Indian section.


(William Nellikkal)

12/03/2018 19:33