2018-03-10 12:20:00

പാപ്പായുടെ ലാത്വിയ സന്ദര്‍ശനം പ്രചോദനദായകം, റീഗ ആര്‍ച്ച്ബിഷപ്പ്


ഫ്രാന്‍സീസ് പാപ്പായുടെ ഭാവി ലാത്വിയ സന്ദര്‍ശനം സങ്കീര്‍ണ്ണമായ മാറ്റത്തിന്‍റെ  പാതയില്‍ മുന്നേറാന്‍ ജനങ്ങള്‍ക്ക് പ്രചോദനം പകരുമെന്ന് അന്നാട്ടിലെ റീഗ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് സ്ബിഗനേവ്സ് സ്ഥങ്കേവിച്ച്.

സെപ്തംബര്‍ 22-25 വരെ പാപ്പാ എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാള്‍ട്ടിക് നാടുകള്‍ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ വാര്‍ത്താവിതരണകാര്യാലയത്തിന്‍റെ മേധാവിയും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവുമായ ഗ്രെഗ് ബെര്‍ക് വെള്ളിയാഴ്ച (09/03/18) വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹത്തിന്‍റെ ഈ ഭാവാത്മക പ്രതികരണമുള്ളത്.

1993 ല്‍ ലാത്വിയയില്‍ സന്ദര്‍ശനം നടത്തിയ വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ തങ്ങളുടെ മൂല്യബോധത്തെ അരിക്കിട്ടുറപ്പിച്ചതും സങ്കീര്‍ണ്ണവും അനിശ്ചിതത്വവും അപകടങ്ങള്‍ നിറഞ്ഞതുമായ അവസ്ഥകള്‍ക്ക് പടിപടിയായി പരിഹാരം കാണാന്‍ പ്രചോദനം പകര്‍ന്നതും അനുസ്മരിച്ച ആര്‍ച്ചുബിഷപ്പ് സ്ഥങ്കേവിച്ച് ഫ്രാന്‍സീസ് പാപ്പായും അതേ പാതയായിരിക്കും തുടരുകയെന്ന തന്‍റെ പ്രത്യാശ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.