സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

കുരിശിന്‍റെ ധ്യാനവഴികളിലൂടെ രക്ഷയുടെ പ്രഭയിലേയ്ക്ക്

കുരിശാരാധന - RV

10/03/2018 17:01

തപസ്സുകാലം നാലാംവാരം ഞായറാഴ്ചത്തെ സുവിശേഷ ചിന്തകള്‍.
വി. യോഹന്നാന്‍ 3 , 14 21.

1. ദൈവസ്നേഹത്തിന്‍റെ ആശ്ലേഷം
ദൈവിക അപാരതയുടെ വിരല്‍പ്പാടുമായിട്ടാണ് മനുഷ്യന്‍ പിറന്നു വീഴുന്നത്. എന്നിട്ടും തന്‍റെതന്നെ അന്ധതയാലും മനുഷ്യനിര്‍മ്മിതമായ ജീവിത നിയമങ്ങളുടെ കുരുക്കിനാലും ദൈവിക നന്മയെയും സ്വാതന്ത്ര്യത്തെയും നിഷേധിച്ചും ഹനിച്ചും നാം ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നു. അങ്ങനെ ഭൂമിയിലെ വാഴ്വും അനുഗ്രഹങ്ങളും ഒരു തുറുങ്കിനു തുല്യമായിത്തീരുന്നു. നഷ്ടമായ നന്മയുടെ സ്വാതന്ത്ര്യം തിരിച്ചുതരാനാണ് ക്രിസ്തു വന്നത്. സ്നേഹം മാത്രമാണ് ലോകത്തിലെ ഏകസ്വാതന്ത്ര്യം എന്നാണ് അവിടുന്നു കാണിച്ചുതന്നത്. എല്ലാ മനുഷ്യനെയും ആലിംഗനം ചെയ്യാവുന്നത്ര വിശാലമാണ് ദൈവസ്നേഹം. ആ ആലിംഗനത്തിന്‍റെ ആര്‍ദ്രത ക്രിസ്തുവില്‍ നാം കാണുന്നു. ജീവിതത്തിന്‍റെ മരവിപ്പും മുരടിപ്പും അനുഭവിച്ചവരെയൊക്കെ ക്രിസ്തു ആശ്ലേഷിക്കുന്നു. അവരെ അവരുടെ താവളങ്ങളിലേയ്ക്ക് തേടിയിറങ്ങയ നല്ലിടയന്‍റെ സാന്ത്വനാശ്ലേഷം, സ്വര്‍ഗ്ഗപിതാവായ ദൈവത്തിന്‍റെ ആലിംഗനവും ആശ്ലേഷവുമാണെന്ന് ക്രിസ്തു വെളിപ്പെടുത്തി തരുന്നു!

2. തേടിയെത്തുന്ന ദൈവസ്നേഹം
എക്കാലത്തേയ്ക്കുമായി നീണ്ടുനില്ക്കുന്നതാണ് ദൈവസ്നേഹം. ശാശ്വതമാണത്. ഉന്നതത്തില്‍നിന്ന് ഒഴുകുന്ന ലാവപോലെയാണത്. ആ സ്നേഹത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കുമാവില്ല. അത്ര ശക്തമാണ്. ആ സ്നേഹപ്രവാഹത്തില്‍പ്പെ‌ടുന്ന നമുക്ക് – നിങ്ങള്‍ക്കും എനിക്കും മാറ്റം വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എത്ര അധഃപതിച്ചാലും ആ സ്നേഹം നമ്മെ തേടിയെത്തും അത്ര അഗാധമാണത്. പറയുന്ന ഉദാഹരണം കേട്ടിട്ടുണ്ടാകുമെങ്കിലും സന്ദര്‍ഭോചിതമാകയാല്‍ ആവര്‍ത്തിക്കുകയാണ്. വൈദികനാകാനായിരുന്നു അവനു മോഹം. എന്നാല്‍ അവന്‍  മടിയനായിരുന്നു. എന്നിട്ട് മെഡിക്കല്‍ സ്ക്കൂളില്‍ ചേര്‍ന്നു. കൂട്ടുകാരുമായി ചേര്‍ന്ന് അവന്‍ കറുപ്പിനും മയക്കുമരുന്നിനും അടിമപ്പെട്ടു. ശരീരവും മനസ്സും ക്ഷയിച്ചു. കാലക്രമേണ തെണ്ടിയായി, തെരുവിലും മറ്റും അലഞ്ഞുനടന്നു. ജീവിക്കാനായി പട്ടണത്തില്‍ ചെരുപ്പ് പോളിഷ്ചെയ്തു കൊടുക്കുക, കുട നന്നാക്കുക എന്നീ ജോലികളില്‍ ഏര്‍പ്പെട്ടു. അവസാനം ഒരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കാരുണ്യം കൊണ്ട് അവന്‍ വില്‍ഫ്രെഡ് മെയ്നെല്‍ Wilfred Meynell എന്നയാളെ പരിചയപ്പെട്ടു. അവന്‍റെ കഴിവുകളും ഉള്ളിലെ നന്മയും അയാളും ഭാര്യയും തിരിച്ചറിഞ്ഞു. അവനെ വലിയ വീഴ്ചയില്‍നിന്നും അവര്‍ രക്ഷപ്പെടുത്തി.

കുറേക്കഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ കഥ കവിതയാക്കി. കവിതയുടെ പേര് The Hound of Heaven സ്വര്‍ഗ്ഗത്തിലെ വേട്ടനായ എന്നായിരുന്നു. അപ്പോള്‍ അവന്‍റെ പേര് ഫ്രാന്‍സിസ് തോംസണ്‍. ഇംഗ്ലിഷ് സാഹിത്യ ചരിത്രത്തിലെ അതിപ്രശസ്തമായ കവിതയാണിത്. താന്‍ എങ്ങനെ ദൈവത്തില്‍നിന്നം അകന്നുപോയെന്നും, ദൈവം എങ്ങനെ വേട്ടനായയെപ്പോലെ തന്നെ പിന്‍തുടര്‍ന്നെന്നും അതില്‍ മനോഹരമായി വിവരിക്കുന്നു. വേട്ടനായ ഇരയെ കിട്ടുന്നതുവരെ പാഞ്ഞു നടക്കുന്നു. തോംസന്‍റെ കഥയാണിത്. ദൈവം അത്രമാത്രം അയാളെ സ്നേഹിച്ചു. തോംസണെ തിരിച്ചുകിട്ടുംവരെ സ്നേഹിച്ചു. നന്മയിലേയ്ക്കു തിരിയുംവരെ ദൈവസ്നേഹം അയാളെ വേട്ടയാടി.

3.  ഉയര്‍ത്തപ്പെടലും രക്ഷാസ്നേഹവും
മിശിഹായുടെ ആഗമനത്തെക്കുറിച്ചുള്ള യഹൂദ ധാരണയെ ക്രിസ്തു തിരുത്തിക്കുറിക്കുകയാണ്. ലോകത്തെ വിധിക്കാനും, നന്മതിന്മള്‍  വേര്‍തിരിക്കാനും, ദുഷ്ടരെ ശിക്ഷിക്കാനുമായി ദൈവം മിശിഹായെ അയയ്ക്കുമെന്നാണ് ഹെബ്രായജനത കരുതിയത്. എന്നാല്‍ ക്രിസ്തു പറഞ്ഞത്. “ഞാന്‍ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്”  (യോഹ. 3, 17). എങ്ങനെയാണ് ഈ രക്ഷ സാധിക്കുന്നത് ? മറ്റുള്ളവരെ സ്നേഹിക്കുന്നതിലൂടെ, സ്നേഹത്തിലൂടെ മാത്രം. ജീവന്‍ കൊടുക്കുവോളം സ്നേഹിക്കുക. അതൊരു ഉയര്‍ത്തപ്പെടലാണ്. കുരിശു മരണത്തോളമുള്ള ക്രിസ്തുവിന്‍റെ ഉയര്‍ത്തപ്പെടല്‍. ആ മരണം അവിടുത്തെ മഹത്ത്വമാണ്. മരണത്തിനുശേഷമുള്ള മഹത്വമല്ല ഉത്ഥാനം! മറ്റുള്ളവര്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നതാണ് ഉത്ഥാനം. ‘സ്നേഹിക്കുവേര്‍ക്കായ സ്വയം ജീവനേകുന്ന സ്നേഹത്തിലും മീതെ സ്നേഹമുണ്ടോ?’ (യോഹ. 15, 13). ഇതുകൊണ്ടാണ് യോഹന്നാന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവും, സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ഉയര്‍ത്തപ്പെടലും പരിശുദ്ധത്മാവിനെ നല്കലും കുരിശില്‍വച്ചുതന്നെയാണ് നടക്കുന്നത്.

4. ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു
ഇന്നത്തെ ആരാധനക്രമത്തിന്‍റെ ഉള്‍പ്പൊരുള്‍ ദൈവപിതാവിന്‍റ സ്നേഹമാണ്. ക്രിസ്തുവിനെ ഈ ലോകത്തിലേയ്ക്ക് അയച്ചുകൊണ്ട് പാപപങ്കിലമായ മനുഷ്യകുലത്തോട് അവിടുന്ന് എപ്രകാരം തന്‍റെ സ്നേഹം പ്രകടമാക്കി എന്നതാണ്. അവിടുന്നു വഴിയാണ് പാപത്തില്‍നിന്നും മരണത്തില്‍നിന്നും നാം മോചിതരായിരിക്കുന്നത്. (യോഹ. 3, 16-17). രക്ഷാകര ദൈവശാസത്രത്തിന്‍റെ രത്നച്ചുരുക്കമാണ് ഇന്നത്തെ സുവിശേഷഭാഗത്തു നാം കാണുന്നത്. പുതിയ നിയമത്തിലെ ഏറ്റവും പ്രസിദ്ധമായ വചനമായിട്ടും ഇതിനെ കണക്കാക്കാറുണ്ട്.

“അവിടുന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്‍റെ ഏകജാതനെ നല്കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3, 14). 

ദൈവം ലോകത്തെ സ്നേഹിക്കാന്‍ തിരഞ്ഞെടുത്ത മര്‍ഗ്ഗത്തെ ഊന്നിപ്പറയുകയാണിവിടെ. അതായത്, തന്‍റെ തിരുക്കുമാരനെ നല്കിക്കൊണ്ട്! ആദ്യമായി, ദൈവം തന്‍റെ പുത്രനെ ലോകരക്ഷയ്ക്കായി നല്കിയെന്ന വിഷയം വിശുദ്ധ യോഹന്നാന്‍റെ ദൈവശാസ്ത്രത്തിന്‍റെ സത്തയാണ്. രണ്ടാമതായി ദൈവം ലോകത്തെ സ്നേഹിക്കുവാന്‍ കാണിക്കുന്ന ഉഷ്മളത പ്രകടമാക്കപ്പെടുന്നത്, കാലത്തികവില്‍ തന്‍റെ തിരുക്കുമാരനെ നല്കിക്കൊണ്ടാണ്. “ലോകത്തെ വിധിക്കുവാനല്ല പ്രത്യുത, അതിനെ സ്നേഹിക്കുവാനും, സന്തോഷവും പ്രത്യാശയുംകൊണ്ട് അതിനെ നിറയ്ക്കുവാനുമാണ്.” ലോകത്തോട് നിസംഗതയോ അകല്‍ച്ചയോ പുലര്‍ത്തുന്ന ദൈവമല്ല, മറിച്ച് ലോകത്തെ സ്നേഹിക്കുന്ന ദൈവമാണ്. മനുഷ്യരക്ഷ ദൈവത്തിന്‍റെ പ്രഥമ ലക്ഷൃമാണ്. അതിനായി കലവറയില്ലാതെ അവിടുന്നു പരിശ്രമിക്കുന്നു.

4. കാലുഷ്യത്തില്‍ ഒരു കരുണാവര്‍ഷം
എപ്രകാരമുള്ള ലോകത്തെയാണ് ദൈവം സ്നേഹിച്ചത്? ലോകം എന്നതിന് സുവിശേഷകന്‍ യോഹന്നാന്‍ ഉപയോഗിക്കുന്ന പദം വളരെ നിഷേധാത്മകമാണ്, ഒപ്പം അത് ദൈവികനന്മയ്ക്ക് ഘടകവിരുദ്ധവുമാണ്. പാപവും പരാജയവും തിങ്ങുന്ന, വിദ്വേഷവും അനുസരണക്കേടും തിങ്ങിനില്കുന്നൊരു ലോകമാണ് ദൈവസ്നേഹത്തിന്‍റെ ലക്ഷ്യം. തന്‍റെ സ്വഭാവത്തിന് വിരുദ്ധമായൊരു ലോകത്തെ ദൈവം സ്നേഹിച്ചുവെങ്കില്‍, അത് യഥാര്‍ത്ഥമായ സ്നേഹത്തിന് മാതൃകയുമാണ്. സത്യമായ സ്നേഹം അതിനാല്‍ പാരസ്പരികമല്ല, അത് മറ്റുള്ളവരുടെ സ്വഭാവവൈശിഷ്ട്യത്തെ അടിസ്ഥാനപ്പെടുത്തിയുമല്ല. ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തില്‍ അത് മാതൃകചെയ്തിരിക്കുന്നതാണ്.
‘ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍...
അങ്ങനെ നിങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിന്‍റെ മക്കളായിരിക്കുവിന്‍.’ എന്ന ക്രിസ്തുവിന്‍റെ പ്രബോധനം ഇവിടെ പ്രതിഫലിക്കുന്നുണ്ട് (മത്തായി 5, 44-45).

5. കുരിശോളം കൂട്ടാവുക!
  കുരിശ് രക്ഷാചിഹ്നമാണ്. പ്രശസ്തമായൊരു ഇംഗ്ലിഷ് ഗാനമുണ്ട്. Take me to the Cross. ഗ്രാമത്തില്‍നിന്നും നഗരത്തിലെത്തിയ പാവം പയ്യന് ലക്കുകിട്ടിയില്ല, വീട്ടിലേയ്ക്കുള്ള വഴിതെറ്റി. അവന്‍ കുത്തിയിരുന്നു കരയാന്‍ തുടങ്ങി. ഒരു കിഴവനാണ് രക്ഷകനായെത്തിയത്. അപ്പോഴും കൃത്യം വഴിപറയാന്‍ പയ്യന് അറിയില്ലായിരുന്നു. അവന്‍ പറഞ്ഞു. “Take me to the Cross, and I’ll find my way home..”  “എന്നെ കുരിശ്ശിനടുത്തെത്തിക്കുമോ, പിന്നെ ഞാന്‍ പൊയ്ക്കൊള്ളാം.”  കുരിശിനരികെ എത്തിയാല്‍, പിന്നെ എങ്ങോട്ടു തിരിയണമെന്ന് അറിയാം എന്നവന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍, കിഴവന്‍ കൊല്ലി സൈക്കിളിന്‍റെ പിറകില്‍ അവനെ ഇരുത്തി കുരിശിന്‍റെ സ്ഥാനത്തെത്തിച്ചു. അവന്‍ ഗ്രാമത്തിലും പിന്നെ ഭവനത്തിലുമെത്തി, ഇതാണ് ഗാനത്തിന്‍റെ ഈരടികള്‍. മനസ്സിലേയ്ക്ക് ഓടിയെത്തുന്നത് ഒരു ആരാധനക്രമഗീതമാണ് :

ദുഷ്ടത കുടിവാണഴുകി നശിക്കും.
ലോകമിതെന്നില്‍ ഭീതിയുണര്‍ത്തി
ഓടിപ്പോയ് ഞാന്‍ ജീവന്‍ പകരും
കുരിശിനെ വിരവോടാശ്ലേഷിച്ചൂ.

6.ജീവിതവിഷാദങ്ങളെ തൊട്ടുണര്‍ത്താം!
ക്രിസ്തുവിനെപ്പോലെ പീഡനങ്ങളിലുടെയും വ്യസനത്തിലൂടെയും വിഷാദത്തിലൂടെയും കടന്നുപോയ വേറൊരാള്‍ ഇല്ലെന്നു പറയാം. “എന്‍റെ ഹൃദയും മരണത്തോളം അസ്വസ്ഥമാണ്” എന്ന് അവിടുന്നു പറയുമ്പോള്‍ നമ്മുടെ നെഞ്ചു നുറുങ്ങും. സങ്കടങ്ങളുടെ മഹാപ്രഭുവെന്ന  മട്ടില്‍ ഏശയ്യാ ക്രിസ്തുവിനെ ചിത്രീകരിച്ചത് എത്ര ശരിയാണ്. ജോബിന്‍റെ പുസ്തകത്തില്‍ എന്നതുപോലെ, കാര്‍മേഘത്തിനപ്പുറം പ്രകാശമുണ്ടെന്ന് നാം വിശ്വസിക്കണം. ജീവിത വിഷാദങ്ങളെ തൊട്ടുണര്‍ത്താന്‍ സാധിക്കണം. അത് പ്രാര്‍ത്ഥനയിലൂടെയാകാം, ചികത്സയിലൂടെയോ, സ്നേഹസാന്നിദ്ധ്യത്തിലൂടെയുമാകാം. അടക്കത്തോടും സമചിത്തതയോടുംകൂടെ, താപസ ഭാവത്തോടെ ജീവിതത്തെ നേരിടാന്‍ പഠിക്കുക. “ഒരു വാതിലടയുമ്പോള്‍ ഇനി മറ്റൊരു വാതില്‍ നിനക്കായി തുറക്കപ്പെടും. വെല്ലുവിളികള്‍ ജീവിതത്തില്‍ പുതിയ വാതായനങ്ങള്‍ തുറന്നു തരും, അതു സ്വീകരിക്കുക, അതിലൂടെ മുന്നോട്ടു ചരിക്കുക. ഉയര്‍ത്തെഴുന്നേല്‍ക്കുക.”

7. രക്ഷയുടെ അടയാളമായ കുരിശ്
രക്ഷാചിഹ്നമാണ് കുരിശ്. അപമാനത്തിന്‍റെ ചിഹ്നമായ കുരിശിനെ രക്ഷാകരമാക്കി മാറ്റിയത് ക്രിസ്തുവാണ്. ചിത്രകാരന്മാര്‍ ഉണ്ണിയേശുവിന്‍റെ കൈയ്യില്‍പ്പോലും നൂറ്റാണ്ടുകളായി കുരിശു വരച്ചുചേര്‍ക്കുന്നത് നാം ശ്രദ്ധിച്ചിട്ടില്ലേ. ക്രിസ്തുവുമായി, അവിടുത്തെ കുരിശുമായി വൈയക്തികബന്ധം വളര്‍ത്താനും പുലര്‍ത്താനും എനിക്കു സാധിച്ചാല്‍ ജീവിതക്കുരിശുകളെ വളര്‍ച്ചയുടെയും വികസനത്തിന്‍റെയും അടയാളമാക്കി മാറ്റാനും സ്വീകരിക്കാനും സാധിക്കും. കുരിശിന്‍റെ ധ്യാനവഴികളിലൂടെയുള്ള വരും ദിനങ്ങളിലെ യാത്ര നമ്മെ ഏവരെയും ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭയിലേയ്ക്കു നയിക്കട്ടെ!


(William Nellikkal)

10/03/2018 17:01