2018-03-09 09:40:00

പൗരോഹിത്യത്തിന്‍റെ നവമായമാതൃക തേടണം


ജര്‍മ്മനിയിലെ ‘റെക്ടര്‍’മാരുടെ കൂട്ടായ്മയോട്...

പൗരോഹിത്യത്തിന്‍റെ നവമായ മാതൃക തേടണമെന്നും ക്രിസ്തുവിലേയ്ക്ക് ദൃഷ്ടികള്‍ പതിക്കണമെന്നും. പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. വ്യാഴാഴ്ച മാര്‍ച്ച് 8-Ɔο തിയതി രാവിലെ വത്തിക്കാനിലെ കണ്‍സിസ്ട്രി ഹാളില്‍ സമ്മേളിച്ച ജര്‍മ്മന്‍കാരായ സെമിനാരി റെക്ടര്‍മാരെ അഭിസംബോധനചെയ്യവെയാണ് പാപ്പാ ഫ്രാന്‍സിസ് ഈ നിര്‍ദ്ദേശം നല്കിയത്.

പൗരോഹിത്യത്തിന്‍റെ പൈതൃകാനുഭവങ്ങളിലും പാരമ്പര്യത്തിലും നമുക്ക് വിശ്വാസമുണ്ടെങ്കിലും കാലികമായ മാറ്റങ്ങള്‍ക്ക് കണ്ണുതുറക്കുകയും ഇനിയും തിരിച്ചറിയേണ്ട നവമായ മാതൃകള്‍ തേടണമെന്നും 50 പേരുണ്ടായിരുന്ന റെക്ടര്‍മാരുടെ കൂട്ടായ്മയെ പാപ്പാ ഉദ്ബോധിപ്പിച്ചു. ഇന്ന് പൊന്തിവരുന്ന പൗരോഹിത്യത്തിന്‍റെ മാതൃകകള്‍ ലോകത്ത് വിലയിരുത്തേണ്ടതും, ഇന്നിന്‍റെ ലോകത്തിന്‍റെ മുറിപ്പാടുകളില്‍ ക്രിസ്തുവിന്‍റെ പീഡികളുടെയും മുറിപ്പാടുകളുടെയും തിരുവുത്ഥാനത്തിന്‍റെയും അടയാളങ്ങള്‍ ദര്‍ശിക്കേണ്ടതുമാണ്. അങ്ങനെ ക്രിസ്തുവില്‍ മാത്രമായിരിക്കും ഇന്നത്തെ ലോകത്തിന് പ്രത്യാശയുടെ സാക്ഷികളാകാന്‍ വൈദികര്‍ക്കു സാധിക്കുന്നത്.

ദൈവവിളികള്‍ നമുക്ക് സൃഷ്ടിക്കാനാവില്ല. മറിച്ച് നമ്മുടെ എളിയ ജീവിതങ്ങള്‍കൊണ്ട് കരുണാര്‍ദ്രനായ ദൈവത്തിന്‍റെ വിളിയോടു വിശ്വസ്തതയോടെ പ്രത്യുത്തരിച്ച് അവിടുത്തെ സാക്ഷികളാകാനേ സാധിക്കൂ! അവിടുന്നു നമ്മെ വിളിച്ചിരിക്കുന്നതിനാല്‍ നമ്മുടെ സ്വാര്‍ത്ഥതയില്‍നിന്നും ‘അഹ’ത്തില്‍നിന്നും പുറത്തിറങ്ങി അപരനിലേയ്ക്കും സഹോദരങ്ങളിലേയ്ക്കും സ്നേഹത്തിലും സേവനത്തിലും ഇറങ്ങിത്തിരിക്കുകയാണു വേണ്ടത്, വിശിഷ്യ നമ്മുടെ മാനുഷിക സാമീപ്യത്തോടൊപ്പം ദൈവികസാമീപ്യവും ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങള്‍ക്ക് ലഭ്യമാക്കി കൊടുക്കേണ്ടതുമാണ്!

വ്യക്തികളാണ് ദൈവത്തിന്‍റെ വിളി കേള്‍ക്കുന്നതെങ്കിലും നാം സമൂഹത്തിലേയ്ക്ക്, ക്രിസ്തുവിന്‍റെ കൂട്ടായ്മയിലേയ്ക്ക് വിളിക്കപ്പെട്ടവരാണ്. സമൂഹമാണ് നമ്മെ താങ്ങുന്നതും തുണയ്ക്കുന്നതും നിലനിര്‍ത്തുന്നതും. അതിനാല്‍ ദൈവത്തിന്‍റെ വിളിയോട് അതു സ്വീകരിക്കുന്നവര്‍ മുഴുഹൃദയത്തോടെ പ്രത്യുത്തരിക്കേണ്ടിയിരിക്കുന്നു.  ദൈവിളികളെയും അതിന്‍റെ പരിപോഷണത്തില്‍ സമര്‍പ്പിതരായവരെയും സഭയുടെ അമ്മയായ പരിശുദ്ധ കന്യകാനാഥയ്ക്കു സമര്‍പ്പിക്കുന്നു! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടും റെക്ടര്‍മാരുടെ ജര്‍മ്മന്‍ കൂട്ടായ്മയ്ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടുമാണ് പാപ്പാ കൂടിക്കാഴ്ച സമാപിപ്പിച്ചത്.








All the contents on this site are copyrighted ©.