2018-03-09 11:45:00

പ്രകൃതിയുടെ ദുരുപയോഗവും ‘പരിസ്ഥിതി മാനസാന്തര’വും


പ്രകൃതിയുടെ ദുരുപയോഗം പാരിസ്ഥിതികമായ പാപമാണ്.

റോം. 7 മാര്‍ച്ച് 2018.
സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ “അങ്ങേയ്ക്കു സ്തുതി (Laudato Si)  എന്ന ചാക്രിക ലേഖനം പ്രബോധിപ്പിച്ചതിന്‍റെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ആഗോളപരിസ്ഥിതി,” എന്ന പ്രതിപാദ്യ വിഷയവുമായി റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍
മാര്‍ച്ച് 7-Ɔο തിയതി ആരംഭിച്ച രാജ്യാന്തര ദ്വിദിന സമ്മേളനത്തില്‍ സമര്‍പ്പിച്ച മുഖ്യപ്രബന്ധത്തിലാണ് “പരിസ്ഥിതി മാനസാന്തരവും പരിസ്ഥിതിക്കെതിരായ പാപത്തെയും” വിശദീകരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രബന്ധാവതരണം നടത്തിയത്.

ലോകത്ത് പരിസ്ഥിതി സംബന്ധിയായ പാപം പെരുകിയതിനാലാണ് പരിസ്ഥിതിയെ സംബന്ധിച്ച മാനസാന്തരത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് ചാക്രിക ലേഖനത്തില്‍ പ്രതിപാദിക്കുന്നത്. പ്രകൃതിയെ നശിപ്പിക്കത്തക്ക വിധനത്തില്‍ മനുഷ്യന്‍ എവിടെയും ചെയ്യുന്ന ചെറുതും വലുതുമായ നശീകരണ പ്രവൃത്തികളും, പ്രകൃതി സമ്പത്തുക്കളുടെയും ഉപായസാദ്ധ്യതകളുടെയും ദുരുപയോഗവുമാണ് പരിസ്ഥിതിക്കെതിരായ പാപങ്ങള്‍. പ്രകൃതിക്കെതിരായി മനുഷ്യര്‍ ചെയ്യുന്ന പാതകങ്ങള്‍ മനുഷ്യകുലത്തിനും സ്രഷ്ടാവായ ദൈവത്തിനും എതിരായ പാപംതന്നെയാണെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രബന്ധത്തില്‍ വ്യക്തമാക്കി.

പാരിസ്ഥിതികമായ ഒരു ആത്മീയത അതിനാല്‍ വളര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ള തന്‍റെ മുന്‍ഗാമി വിശുദ്ധനായ ജോണ്‍ പോള്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ടാണ് തന്‍റെ ചാക്രികലേഖനത്തില്‍ പരിസ്ഥിതി മാനസാന്തരത്തെക്കുറിച്ചും പാരിസ്ഥിതികമായ തിന്മ അല്ലെങ്കില്‍ പാപത്തെക്കുറിച്ചും പാപ്പാ ഫ്രാന്‍സിസ് വിശദീകരിക്കുന്നത്.

എങ്ങനെയുള്ളൊരു ലോകവും പരിസ്ഥിതിയുമാണ് നാം നമുക്കു പിന്നാലെ വരുന്നവര്‍ക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നത്?
ഈ അടിസ്ഥാന ചോദ്യമാണ് എന്നും പരിരക്ഷിക്കപ്പെടേണ്ട മനുഷ്യകുലത്തിന്‍റെ പൊതുഭവനമായ ഭൂമിയെക്കുറിച്ചുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം, അങ്ങേയ്ക്കു സ്തുതിയുടെ കേന്ദ്രം. കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ ചൂണ്ടിക്കാട്ടി. ഈ ചോദ്യത്തിനുള്ള ഉത്തരത്തിലൂടെയാണ് പരിസ്ഥിതി ആത്മീയതയുടെയും മാനസാന്തരത്തിന്‍റെയും മേഖലകളിലേയ്ക്ക് ഇന്നിന്‍റെ സമൂഹത്തെ തന്‍റെ ചാക്രിക ലേഖനത്തിലൂടെ പാപ്പാ നയിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വ്യക്തമാക്കി.

അങ്ങേയ്ക്കു സ്തുതി! Laudato Si! ചാക്രികലേഖനം പ്രബോധിപ്പിച്ചതിന്‍റെ മൂന്നാം വാര്‍ഷികമാണിത്. എല്ലാവിധത്തിലും ലോകശ്രദ്ധയാര്‍ജ്ജിച്ച സാമൂഹിക പ്രോബധനമാണിത്. പാരിസ്ഥിതികമായ സഭയുടെ ആദ്യത്തെ ചാക്രികലേഖനവും, മാനവകുലത്തിന്‍റെ പൊതുവായ ശ്രദ്ധ പിടിച്ചുപറ്റിയ പ്രമാണരേഖയുമാണിത്. ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പ്രസിദ്ധീകരണമെന്നും Laudato Si, അങ്ങേയ്ക്കു സ്തുതി! വിലയിരുത്തപ്പെട്ടിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍ ചൂണ്ടിക്കാട്ടി. പ്രസിദ്ധീകരണത്തിന്‍റെ മൂന്നു വര്‍ഷത്തിനുശേഷം ഈ പ്രബോധനത്തിന്‍റെ ചിന്താധാരകള്‍ സ്വായത്തമാക്കുവാനും പ്രായോഗികമാക്കുവാനും വ്യക്തികളും സമൂഹങ്ങളും എവിടെയും ഇന്നും താല്പര്യമെടുക്കുന്നു എന്ന വസ്തുതകള്‍ കര്‍ദ്ധനാള്‍ ടേര്‍ക്സണ്‍ പ്രബന്ധത്തിലൂടെ ഏവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി.

ജര്‍മ്മനി, ജോര്‍ജിയ, നെതര്‍ലന്‍റസ് എന്നീ രാജ്യങ്ങളുടെ വത്തിക്കാനിലേയ്ക്കു സ്ഥാനപതി കേന്ദ്രങ്ങളായിരുന്നു പരിസ്ഥിതി മാനസാന്തരത്തെ സംബന്ധിച്ച ഈ ദ്വിദിന (മാര്‍ച്ച് 7-മുതല്‍ 8-വരെയുള്ള) ചര്‍ച്ചാസമ്മേളനത്തിന്‍റെ പ്രായോജകര്‍.








All the contents on this site are copyrighted ©.