2018-03-09 11:25:00

പരിസ്ഥിതിയോടുള്ള വിശ്വസ്തത ജീവിതത്തിന്‍റെ ഭാഗമാക്കണം


പരിസ്ഥിതി സംബന്ധിച്ച രാജ്യാന്തര സംഗമത്തോട്... പാപ്പാ ഫ്രാന്‍സിസ്.

ക്രൈസ്തവജീവിതത്തിന്‍റെ ഭാഗമാവണം പരിസ്ഥിതിയോടുള്ള വിശ്വസ്തതയെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
മാര്‍ച്ച് 7-Ɔο തിയതി ബുധനാഴ്ച റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച പരിസ്ഥിതി മാനസാന്തരം സംബന്ധിച്ച രാജ്യാന്തര ദ്വിദിന സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രതിപാദിച്ചത്.

സൃഷ്ടിയോട് ഒരു വിശ്വസ്തദാസന്‍റെയും ദാസിയുടെയും മനോഭാവം ജീവിതത്തില്‍ അനിവാര്യമാണ്. അതിനാല്‍ ജീവിത നവീകരണത്തെക്കുറിച്ച് ഈ വര്‍ഷത്തെ തപസ്സുകാലത്തിന്‍റെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ പരിസ്ഥിതിയോടുള്ള ക്രൈസ്തവരുടെ സമീപനരീതിയും, പൊതുഭവനമായ ഭൂമി പരിരക്ഷിക്കുന്നതില്‍ വ്യക്തിഗതവും സാമൂഹികവുമായുള്ള ഉത്തരവാദിത്വത്തെയുംകുറിച്ച് ചിന്തിക്കേണ്ടതും വിലയിരുത്തേണ്ടതുമാണ്. ഭൂമുഖത്തെ ഓരോ ജീവജാലവും സകലത്തിന്‍റെയും ദാതാവായ ദൈവപിതാവിന്‍റെ അപരിമേയമായ സ്നേഹത്തിന്‍റെ പ്രതീകമാണെന്നത് പ്രകൃതിയോടും അതിന്‍റെ സ്രഷ്ടാവിനോടുമുള്ള സമീപനത്തിന്‍റെ ക്രിയാത്മകമായ വശമാണെന്ന് പാപ്പാ സന്ദേശത്തില്‍ എടുത്തുപറഞ്ഞു.  ഞൊടിയിടയില്‍ കടന്നുപോകുന്ന പ്രകൃതിയിലെ അല്പപ്രാണികളും മറ്റു ജീവിജാലങ്ങളും ദൈവസ്നേഹത്തിന്‍റെ പ്രതീകമാണെന്നും, ദൈവം അവയെയും തന്‍റെ വാത്സല്യത്തില്‍ പരിപാലിക്കുന്നെന്നും പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

സമ്മേളനത്തിന്‍ പങ്കെടുക്കുകയും “പരിസ്ഥിതി മാനസാന്തര”മെന്ന മൗലികമായ ചിന്ത പ്രബോധിപ്പിക്കുന്ന ഉദ്യമത്തില്‍ പങ്കുചേരുന്ന സകലര്‍ക്കും നന്ദിയും അഭിനന്ദനങ്ങളും അര്‍പ്പിച്ചുകൊണ്ടാണ് തന്‍റെ ഹ്രസ്വമായ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.