2018-03-08 18:29:00

പൗരാണികത സംരക്ഷിക്കപ്പെടണം!


പൗരാണികതയുടെ പരിരക്ഷണം സംബന്ധിച്ച ഗ്രന്ഥം വത്തിക്കാന്‍ പ്രകാശനംചെയ്തു.

വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ നരവംശശാസ്ത്രവിഭാഗം മാര്‍ച്ച് 6-Ɔο തിയതി ചൊവ്വാഴ്ചയാണ് പൗരാണികതയും അവയുടെ സംരക്ഷണവും സംബന്ധിച്ച ഗ്രന്ഥം പ്രകാശനംചെയ്തത്. പരിരക്ഷണപ്രക്രിയയും ധാര്‍മ്മികതയും – നരവംശശാസ്ത്രവും പൗരാണികവസ്തുക്കളുടെ സംരക്ഷണവും - ഒരു സഹായഗ്രന്ഥം (Ethics and Practice of Conservation – Manual for the Conservation of Ethnographic Multi-material assets) എന്ന ശീര്‍ഷകത്തിലാണ് 16 നീണ്ട അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പുറത്തുവന്നരിക്കുന്നത്. ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയന്‍ എന്നീ ഭാഷകളിലാണ് ആദ്യപതിപ്പുകള്‍ ഇറങ്ങിയിരിക്കുന്നത്.

ചരിത്രകാലത്തിനു മുന്‍പുള്ള തീയുണ്ടാക്കുന്ന അഭ്രശില (prehistoric flint), ജപ്പാനിലെ പൗരാണിക പടക്കോപ്പുകള്‍ (Japanese Armours), പോളിനേഷ്യന്‍ ഗോത്രങ്ങളുടെ സ്മാരകാവശിഷ്ടങ്ങള്‍, ഇലച്ചാറുകൊണ്ടുള്ള ചൈനയിലെ ചിത്രങ്ങളും ചിത്രണങ്ങളും, ആമസോണിയന്‍ വനാന്തരത്തിലെ അത്യപൂര്‍വ്വം ഇനത്തില്‍പ്പെട്ട പക്ഷികളുടെ തൂവല്‍കൊണ്ടുള്ള കൗശലസൃഷ്ടികള്‍, അമേരിക്കന്‍ ഗോത്രവംശജരുടെ നാണ്യമൂല്യമുള്ള വാംപൂം അരപ്പട്ടകള്‍ (Wampum belts) എന്നിവ ഈ ബഹുവര്‍ണ്ണ അമൂല്യഗ്രന്ഥത്തിന്‍റെ ഏടുകളില്‍ കാണാമെന്ന് ഗ്രാന്ഥത്തിന്‍റെ പത്രാധിപരായ സ്റ്റെഫാനിയ പന്തോസി, മെറ്റില്‍ഡ ബോണിസ് എന്നിവര്‍ വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തെ അറിയിച്ചു.

1925-ല്‍ 11-Ɔο പിയൂസ് പാപ്പാ സ്ഥാപിച്ചതാണ് വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഭാഗമായി സ്ഥിതിചെയ്യുന്ന Anima Mundi  “ഭൂമിയുടെ ആത്മാവെ”ന്നു വിളിക്കപ്പെടുന്ന നരവംശശാസ്ത്രവിഭാഗവും മനുഷ്യകുലത്തിന്‍റെ പൗരാണികത സംരക്ഷിക്കാനുള്ള മ്യൂസിയത്തിന്‍റെ പ്രത്യേക വിഭാഗവും.








All the contents on this site are copyrighted ©.