2018-03-06 09:42:00

അന്യൂനമായ തിരഞ്ഞെടുപ്പിന്‍റെയും വെളിപാടിന്‍റെയും ഗീതം


വചനവീഥിയെന്ന ബൈബിള്‍ പഠനപരമ്പര (135)

സങ്കീര്‍ത്തനം 147-ന്‍റെ വ്യാഖ്യാനപഠനം തുടരുകയാണ്. കഴിഞ്ഞ 5 ഭാഗങ്ങളിലൂടെ...  ആകെ 20 വരികളുള്ള ഗീതത്തിന്‍റെ
18 പദങ്ങളുടെയും വ്യാഖ്യാനം നാം മനസ്സിലാക്കിയതാണ്, കണ്ടതാണ്. ഇന്ന് അതിന്‍റെ അവസാനത്തെ രണ്ടു പദങ്ങളിലേയ്ക്കു കടക്കാം. പഠനത്തിന്‍റെ ഈ ഘട്ടത്തില്‍ മനസ്സിലേയ്ക്കു കടന്നുവരുന്ന ശ്രദ്ധേയമായൊരു കാര്യം പങ്കുവച്ചുകൊണ്ട് നമുക്ക് തുടരാം. ജരൂസലേം ഇസ്രായേലിന്‍റെ വിശ്വാസ കേന്ദ്രമായിരുന്നു. യാക്കോബ്, സിയോണ്‍, ഇസ്രായേല്‍ എന്നെല്ലാം വിളിക്കപ്പെട്ടിരുന്നതും ഏകദൈവത്തില്‍ വിശ്വസിച്ച്, ജീവിച്ചിരുന്നതുമായ ഒരു ജനസഞ്ചയത്തിന്‍റെ മത, സാംസ്ക്കാരിക കേന്ദ്രമായിരുന്നല്ലോ ജരൂസലേം സഹസ്രാബ്ദങ്ങളോളം.! അവിടെ, അതായത് ജരൂസലേത്തിനു, നഗരത്തിനു ചുറ്റും ഇതര മതസ്ഥരും ഉണ്ടായിരുന്നു എന്നതില്‍ സംശയമില്ല. പ്രതേകിച്ച് വിപ്രവാസത്തിനുശേഷമുള്ള കാലഘട്ടത്തില്‍ കാരണം, ഇതര മതങ്ങളും അയല്‍രാജ്യങ്ങളുമായി ഇസ്രായേല്‍ ജനം ബന്ധപ്പെടുവാനും ഇടപഴകുവാനും തുടങ്ങിയിരുന്നു. ഈദോമൈറ്റ്സും Edomites, മൊവാബൈറ്റ്സും Moabities, ഫിലിസ്തീയക്കാരും Philistines, കാനാനയക്കാരുമെല്ലാം Cananites ജരൂസലേമിലേയ്ക്കു വരാനും ഇസ്രായേല്‍ ജനങ്ങളുമായി അക്കാലത്ത് ബന്ധപ്പെടാനും തുടങ്ങിയിരുന്നു എന്നതിന് ചരിത്രരേഖകളുണ്ട്.

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനമാണു തങ്ങളെന്നും, അനുദിനം ജീവിക്കാന്‍ ദൈവം തങ്ങള്‍ക്ക് പ്രത്യേകം നിയമങ്ങള്‍, കല്പനകള്‍ നല്കിയിട്ടുണ്ടെന്നത് അവരുടെ ബോദ്ധ്യമായിരുന്നു, വിശ്വാസമായിരുന്നു. ദൈവം തങ്ങള്‍ക്കായി തിരഞ്ഞെടുത്തു നല്കിയ ഈ കല്പനങ്ങളാണ് അവരെ പ്രത്യേക ജനമാക്കുന്നത്, ദൈവജനമാക്കുന്നതെന്നും അവര്‍ വിശ്വസിച്ചു. അവര്‍ക്ക് കിട്ടിയ അന്യൂനമായ വെളിപാടും, തിരഞ്ഞെടുപ്പും അവരെ ദൈവത്തിന്‍റെ ജനമാക്കുന്നു. മറ്റൊരു മതത്തിനും ലഭിക്കാത്തതുപോലെ, ദൈവികമായ മാര്‍ഗ്ഗരേഖകളും, സാരോപദേശങ്ങളും മോശ പോലുള്ള തങ്ങളുടെ നായകന്മാരിലൂടെ, ജീവിതവഴികളില്‍ ദൈവം അവര്‍‍ക്ക് വെളിച്ചമായി നല്കിയതാണ് 10 കല്പനകള്‍. ഈ കല്പനകളാണ് അവരുടെ സാമൂഹിക ജീവിതത്തിന്‍റെ കെട്ടുറപ്പ് എന്ന ബോധ്യമുണ്ടായിരുന്നു എക്കാലത്തും ഇസ്രായേല്യര്‍ക്ക്, ഇസ്രായേല്‍ ജനത്തിന്...!  അതുകൊണ്ട്, ഈ ഗീതം, 147-ന്‍റെ അവസാനപദങ്ങളില്‍ നമുക്കു കാണാം, സങ്കീര്‍ത്തകന്‍ ദൈവത്തെ സ്തുതിച്ചു പാടുന്നു. കല്പനകള്‍ നല്കി തങ്ങളെ നയിക്കുന്ന ദൈവത്തെ പ്രകീര്‍ത്തിക്കുന്നു, പാടിസ്തുതിക്കുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും...

Musical Version of Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ, എന്നും പുകഴ്ത്തുക!

ഇനി, അവസാനത്തെ രണ്ടു പദങ്ങള്‍ - 19, 20 പദങ്ങള്‍ പരിശോധിച്ചുകൊണ്ട് വ്യാഖ്യാനം തുടരാം.

Recitation V.13
19. അവിടുന്നു യാക്കോബിനു തന്‍റെ കല്പനകളും
ഇസ്രായേലിനു തന്‍റെ ചട്ടങ്ങളും പ്രമാണങ്ങളും നല്‍കുന്നു,
വെളിപ്പെടുത്തിക്കൊടുക്കുന്നു.

ഇസ്രായേലിന് ലോകത്ത് അന്നുണ്ടായിരുന്ന അന്യൂനമായ സ്ഥാനം, ദൈവജനം എന്ന സ്ഥാനം വിവിരിക്കുകയും, അത് സമര്‍ത്ഥിക്കുകയും ചെയ്യുന്ന വരികളാണിത്. ദൈവമാണ് തന്‍റെ ജനത്തിന് കല്പനകള്‍ നല്കിയത്. പ്രമാണങ്ങള്‍ വെളിപ്പെടുത്തി തന്നത്. ഈ കല്‍പനകളിലുള്ള വിശ്വാസവും, അതിനെ കേന്ദ്രീകരിച്ചുള്ള ജീവിതവും തങ്ങളെ ദൈവജനമാക്കുന്നു, എന്നു പ്രസ്താവിക്കുമ്പോള്‍ ‘ദൈവിക വെളിപാടിന്‍റെ ജനത’യാണ് ഇസ്രായേല്‍ എന്നാണ് 19-ാമത്തെ പദത്തില്‍ സങ്കീര്‍ത്തകന്‍ പറയാന്‍ ശ്രമിക്കുന്നത്, സ്ഥാപിക്കുന്നത്. ഇനി 20-ാമത്തെ പദമോ?  ആദ്യം നമുക്കതൊന്നു കേള്‍ക്കാം...

20. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടുന്ന് ഇപ്രകാരം ചെയ്തിട്ടില്ല.
അവിടുത്തെ പ്രമാണങ്ങള്‍ അവര്‍ക്ക് അജ്ഞാതമാണ്...
ആകയാല്‍ കര്‍ത്താവിനെ സ്തുതിക്കുവിന്‍! പ്രകീര്‍ത്തിക്കുവിന്‍!!

മറ്റാര്‍ക്കുവേണ്ടിയും ദൈവം ഇപ്രകാരം ചെയ്തിട്ടില്ല, എന്ന് ഗായകന്‍ പ്രസ്താവിച്ചുകൊണ്ട്, ദൈവം ഇസ്രായേലിനെ ‘ഒറ്റപ്പെട്ടൊരു’,  സവിശേഷമായൊരു ജനതയാക്കി സ്ഥാപിക്കുന്നു. അവരുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളും - സാമൂഹികവും, ആദ്ധ്യാത്മികവുമായ മേഖലകള്‍ സുരക്ഷിതമാക്കുന്ന വിധത്തില്‍ കല്പനകള്‍ നല്കി ദൈവം അവരെ നയിച്ചു. മാത്രമല്ല,
ദൈവം തങ്ങള്‍ക്കു നല്കിയിട്ടുള്ള കല്പനകളെക്കുറിച്ച് മറ്റുള്ളവര്‍ ‘അജ്ഞാതരാണ്’, അവര്‍ക്ക് അറിവില്ല, എന്ന് 20-Ɔമത്തെ പദം എടുത്തുപറയുമ്പോള്‍, ഇതരമതസ്ഥര്‍ക്കും സമൂഹങ്ങള്‍ക്കും ദൈവം നല്കാത്ത, ദൈവം പ്രവര്‍ത്തിക്കാത്ത നന്മയാണിതെന്നും, തങ്ങള്‍ മറ്റുള്ള ജനതകളില്‍നിന്നും ഇക്കാരണത്താല്‍ വ്യത്യസ്തരാണെന്നും സമര്‍ത്ഥിക്കപ്പെടുന്നു, സ്ഥാപിക്കപ്പെടുന്നു. അങ്ങനെ ഈ സവിശേഷത, ദൈവം അന്യൂനമായി തങ്ങള്‍ക്കു നല്കിയ വരദാനം അവിടുത്തെ, യാഹ്വേയെ സ്തുതിക്കാനുള്ള മുഖ്യകാരണമായി സങ്കീര്‍ത്തകന്‍ സയുക്തം പറഞ്ഞ് ഫലിപ്പിക്കുകയാണ്, ഗീതത്തിന്‍റെ അവസാന പദങ്ങളില്‍..!

ഈ വ്യത്യാസം ഇന്ന് നമുക്ക് അത്ര വ്യക്തമാകണമെന്നില്ല, പ്രകടമായി തോന്നണമെന്നില്ല. കാരണം, ആഗോളവത്കൃതമായൊരു ലോകത്തും, കുടിയേറ്റ പ്രതിഭാസത്തിന്‍റെ ചരിത്രഘട്ടത്തിലുമാണ് നാം ജീവിക്കുന്നത്. ജനതകളും സംസ്ക്കാരങ്ങളും, രാഷ്ട്രങ്ങളുമായി ഇടകലര്‍ന്നു ജീവിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്ന കാലഘട്ടമാണിത്. മതങ്ങളും സംസ്ക്കാരങ്ങളുമായി, വംശങ്ങളും ഭാഷകളുമായി സംഗമിക്കുകയും ഇടകലരുകയും, ഒന്നാകുകയും ഒത്തുചേരുകയും, ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിപ്രവാസത്തിന്‍റെയും കുടിയേറ്റത്തിന്‍റെയും നവമായ വന്‍പ്രതിഭാസമാണ് ലോകം ഇന്നു കാണുന്നതും, നേരിടുന്നതും. അവിടെ ക്രൈസ്തവരും ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ജൈനമതസ്ഥരും പാര്‍സികളുംമെല്ലാം ഒന്നിക്കുകയാണ്. ഭിന്നിപ്പുകള്‍ വെടിഞ്ഞ് സകലരും ഒരുമിക്കുകയും ദൈവമക്കളെപ്പോലെ പൊതുഭവനമായ ഭൂമിയില്‍ സൗഹൃദത്തോടും രമ്യതയോടുംകൂടെ ജിവിക്കേണ്ട മാനവികതയുടെ പുതിയൊരു ചക്രവാളം തുറക്കപ്പെടുകയാണ്!   എന്നിരുന്നാലും, ദൈവം തനിക്കായി ഒരു ജനത്തെ വിളിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുവെങ്കില്‍ അതിന് പ്രത്യേക ലക്ഷ്യമുണ്ടെന്ന് നാം മനസ്സിലാക്കേണ്ടതാണ്. ആ ദൈവികപദ്ധതി ഏശയാ പ്രവാചകന്‍ രേഖപ്പെടുത്തിയരിക്കുന്നത് ശ്രദ്ധിക്കുന്നത് പ്രസക്തമാണ്:

Recitation : ഏശയാ 49, 6.
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
യാക്കോബിന്‍റെ ഗോത്രങ്ങളെ ഉയര്‍ത്താനും
ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്ന ജനത്തെ ഉദ്ധരിക്കാനും
‘നീ എന്‍റെ ദാസനായിരിക്കുക!’ ഇതു വളരെ ചെറിയ കാര്യമാണ്.
എങ്കിലും, എന്‍റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന്
‘ഞാന്‍ നിന്നെ ലോകത്തിന്‍റെ പ്രകാശമായി നല്കും.’

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭ ഇതരമതങ്ങളോടും, ഭിന്നിച്ചുനിന്നിരുന്ന ക്രൈസ്തവസമൂഹങ്ങളോടും സാഹോദര്യത്തിന്‍റെ മനോഭാവവും സാമീപ്യവും പുലര്‍ത്താന്‍ നിരന്തരം പരിശ്രമിക്കുകയായിരുന്നു, ഇന്നും പരിശ്രമം തുടരുകയാണ്. പ്രത്യേകിച്ച് സൂനഹദോസ് നല്കിയ Nostrae Aetatae എന്ന പ്രബോധനത്തിലൂടെ ഇതര മതങ്ങളോടും, Unitatis മറ്റു ക്രൈസ്തവസമൂഹങ്ങളോടും സംവാദത്തിന്‍റെയും തുറവിന്‍റെയും പാത തുറന്നൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലാമനുഷ്യരും അവരവരുടേതായ ബോദ്ധ്യങ്ങളില്‍ രക്ഷ തേടുകയും, ദൈവത്തെ അന്വേഷിക്കുകയുമാണെന്ന് സഭ ഉദ്ബോധിപ്പിക്കുന്നു. വെളിപാടിന്‍റെ വെളിച്ചം ആനുപാതികമായിട്ടാണെങ്കിലും - മതങ്ങളിലൂടെയുള്ള “മനുഷ്യന്‍റെ ദൈവാന്വേഷണങ്ങളില്‍” സത്യവും ശരിയും ഉണ്ടെന്നു സഭ അംഗീകരിക്കുന്നു. അതിനാല്‍, ഈ കാഴ്ചപ്പാടില്‍ ഇസ്രായേലിനെ നാം വീക്ഷിക്കുമ്പോള്‍, ദൈവത്തിന്‍റെ രക്ഷയുടെ പദ്ധതി, ഒരു ചെറുസമൂഹത്തിനുവേണ്ടി മാത്രമുള്ളതല്ലെന്നും, മറിച്ച് ലോകത്ത് സകല ജനതകള്‍ക്കുമുള്ള രക്ഷയുടെ ഉപകരണമാകേണ്ടതാണ്, ആ ജനത എന്ന വീക്ഷണം ഉള്‍ക്കൊള്ളേണ്ടതാണ്. ദൈവത്തിന്‍റെ കല്പനകളും, അവിടുന്ന് ഒരു ജനത്തിനായി തുറന്നിട്ടുള്ള രക്ഷയുടെ വാതിലും ലോകത്തെ സകല ജനതകള്‍ക്കുമുളളതാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്.

പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന An all inclusive culture സാകല്യസംസ്കൃതി... നല്ലിടയനായ ക്രിസ്തു പ്രബോധിപ്പിക്കുന്ന നഷ്ടപ്പെട്ടതിനെ തേടി ഇറങ്ങുകയും, അതിനായി അതിരുകളിലേയ്ക്കും, രാജ്യാതിര്‍ത്തികളിലേയ്ക്കും, പാവങ്ങളും, അവരുടെ പ്രതിസന്ധികളും ഉള്ളിടങ്ങളിലേയ്ക്കും കടന്നുചെല്ലുന്ന രീതിയാണത്. അപരന് നന്മചെയ്യുവാനും, ദൈസ്നേഹത്തിന്‍റെയും രക്ഷയുടെയും അനുഭവം പങ്കുവയ്ക്കാനും, സ്വയം ത്യജിക്കുകയും, ത്യാഗം സഹിക്കുകയും, ഇറങ്ങിച്ചെല്ലുകയുംചെയ്യുന്ന സ്വയാര്‍പ്പണത്തിന്‍റെ സാകല്യസംസ്കൃതിയാണ് പാപ്പാ ഇന്ന് ആഗോളസഭയില്‍ പ്രബോധിപ്പിക്കുന്നത്. ആകയാല്‍ നമുക്കും സങ്കീര്‍ത്തകനോടൊപ്പം ദൈവത്തെ സ്തുതിക്കാം, അവിടുത്തേയ്ക്കു നന്ദിപറയാം, അവിടുത്തെ പ്രകീര്‍ത്തിക്കാം.

 Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.








All the contents on this site are copyrighted ©.