2018-03-03 12:52:00

രോഗീപരിചരണത്തില്‍ നഴ്സുമാരുടെ ദൗത്യത്തെ പാപ്പാ ശ്ലാഘിക്കുന്നു


ആതുര ശുശ്രൂഷയില്‍ നഴ്സ്മാരുടെ പങ്ക് പകരംവയ്ക്കാനാവാത്തതാണെന്ന് മാര്‍പ്പാപ്പാ.

നഴ്സ്മാരുടെയും ആരോഗ്യപ്രവര്‍ത്തനസഹായികളുടെയും ശിശുസംരക്ഷകരുടെയും സംഘടനകളുടെ സംയുക്തസമിതിയുടെ, അഥവാ, ഇപാസ്വിയുടെ (IPASVI) പ്രതിനിധികളെ ശനിയാഴ്ച(03/03/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

രോഗികളുമായി, മറ്റാരെക്കാളും, നേരിട്ട് നിരന്തര ബന്ധം പുലര്‍ത്തുന്നവരാണ് നഴ്സുമാരെന്നും, അനുദിനം രോഗികളെ പരിചരിക്കുന്ന അവര്‍ രോഗികളുടെ ആവശ്യങ്ങള്‍ ശ്രവിക്കുകയും അവരുടെ ശരീരത്തെ പരിപാലിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ അനുസ്മരിച്ചു.

സൗഖ്യമാക്കല്‍, രോഗം തടയല്‍, സാന്ത്വനം പകരല്‍ എന്നിങ്ങനെ വളരെ സങ്കീര്‍ണ്ണതകളുള്ളതാണ്  നഴ്സുമാരുടെ തൊഴിലെന്നും ആകയാല്‍ ഉന്നതമായ തൊഴില്‍ വൈദഗ്ദ്ധ്യം അവര്‍ക്കാവശ്യമാണെന്നും അതിന് അവരുടെ കഴിവുകള്‍ കാലോചിതമാക്കിത്തീര്‍ക്കുന്ന പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള എല്ലാവരെയും, ജനനം മുതല്‍ മരണംവെരയുള്ള എല്ലാ ഘട്ടങ്ങളിലും പരിചരിക്കുന്നവരായ നഴ്സുമാര്‍ അനുദിനം രോഗികളുമായുള്ള ബന്ധം വഴി ആര്‍ജ്ജിക്കുന്ന വിവേചനശക്തി അവരെ മനുഷ്യജീവന്‍റെയും മാനവാന്തസ്സിന്‍റെയും പരിപോഷകരാക്കി മാറ്റട്ടെയെന്ന് പാപ്പാ ആശംസിച്ചു.

തങ്ങളുടെ തൊഴില്‍ ചെയ്യുമ്പോള്‍ നഴ്സുമാര്‍ മറ്റാരേയുംകാള്‍ കൂടുതലായി രോഗികളുടെ ശരീരത്തെ തൊടുകയും  പരിപാലിക്കുകയും ചെയ്യുന്നതിനെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ യേശു കുഷ്ഠരോഗിയെ എങ്ങനെയാണ് സ്പര്‍ശിച്ചതെന്ന് മനസ്സിലോര്‍ക്കുന്നതു നല്ലതാണെന്ന് ഓര്‍മ്മിപ്പിച്ചു.  

വിദഗ്ദ്ധരായ തൊഴിലാളികളുടെ ഇറ്റലിയിലെ ഏറ്റവും വലിയ സംഘടനയായ ഇപാസ്വിയുടെ ഭരണഘടനയ്ക്ക് ഇറ്റലിയുടെ പാര്‍ലിമെന്‍റ് ഇക്കഴിഞ്ഞ ദിനങ്ങളില്‍ സ്ഥിരീകരണം നല്കിയതും പാപ്പാ അനുസ്മരിച്ചു.

 








All the contents on this site are copyrighted ©.