സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

''സഭയില്‍, ശുശ്രൂഷയോളമെത്താത്ത സ്ത്രീ ദൗത്യം'': പാപ്പായുടെ ആശങ്ക

ഫ്രാന്‍സീസ് പാപ്പാ സന്യാസിനികളോടൊത്ത്, പോളണ്ട്, 27-07-2016 - OSS_ROM

03/03/2018 11:29

വനിതകള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ നിര്‍ദേശിക്കുന്ന പത്തു കാര്യങ്ങള്‍  (Diez cosas que el papa Francisco propone a las mujeres)എന്ന പേരില്‍, മരിയ തെരേസ (María Teresa Compte Grau) സ്പാനിഷ് ഭാഷയില്‍ രചിച്ച പുസ്തകത്തിന്‍റെ പ്രസിദ്ധീകരണത്തോടനുബന്ധിച്ച് ഫ്രാന്‍സീസ് പാപ്പാ അവര്‍ക്കയച്ച കത്തിലാണ് ഈ പരാമര്‍ശമുള്ളത്. ഗ്രന്ഥകര്‍ത്താവിനെ അഭിസംബോധന ചെയ്തുകൊണ്ട്, തന്‍റെ ചില നിര്‍ദ്ദേശങ്ങളെ ചിന്താവിഷയമാക്കിയതിന് നന്ദി അറിയിച്ച്,  ''നിങ്ങളുടെ വാക്കുകള്‍, സ്ത്രീകളുടെ വിളിയെക്കുറിച്ചും ദൗത്യത്തെക്കുറിച്ചുമുള്ള വിവിധ വിഷയങ്ങളില്‍ നിങ്ങള്‍ക്കുളള അനുഭവത്തിന്‍റെയും പരിചിന്തനത്തിന്‍റെയും ഫലമാണ് എന്നു ഞാന്‍ വിചാരിക്കുന്നു'' എന്നു പാപ്പാ കത്തില്‍ കുറിക്കുന്നു.

''വികസിതസമൂഹത്തില്‍ പോലും ഉള്ള മേധാവിത്വത്തിന്‍റെ നിശ്ചിത പുരുഷമനോഭാവത്തെക്കുറിച്ച് ഞാന്‍ ആകുലനാണ്'' എന്നു പറയുന്നു പാപ്പാ, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും, മനുഷ്യക്കടത്തിനെക്കുറിച്ചും ഉപഭോഗ വ്യാവസായികമേഖലയിലും വിനോദമേഖലയിലും പരസ്യങ്ങളിലൂടെ അവരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും പരാമര്‍ശിക്കുകയും ഇക്കാര്യങ്ങളിലുള്ള തന്‍റെ വേദന പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.  സഭയില്‍ പോലുമുള്ള ശുശ്രൂഷകളില്‍, സ്ത്രീകളുടെ കാര്യത്തില്‍, അത് ശുശ്രൂഷാദൗത്യത്തില്‍ നിന്നും അടിമത്തിലേയ്ക്കു വഴുതിവീഴുന്നുവോ എന്നും പാപ്പാ തന്‍റെ ആശങ്ക അറിയിക്കുന്നു. 

തന്‍റെ പിന്‍ഗാമികളുടെ ചിന്താധാരയില്‍ നിന്നുകൊണ്ട്,  സ്ത്രീസ്വത്വത്തെക്കുറിച്ച് മാത്രമല്ല, പുരുഷന്‍റെ തനിമയെക്കുറിച്ചുമുള്ള പഠനവും ഗവേഷണവും ഇക്കാര്യത്തില്‍ ആവശ്യമാണെന്നു കരുതുന്നുവെന്നു വ്യക്തമാക്കുന്ന പാപ്പാ, ഈ ഗ്രന്ഥം ഇത്തരത്തില്‍ ഫലമുളവാക്കുന്നതിന് ഒരു സംഭാവനയാകുമെന്നു പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

''ഈ പത്തു കാര്യങ്ങള്‍ വായനക്കാര്‍ക്ക് ഉപകാരപ്രദമാകട്ടെ, കര്‍ത്താവ് അവരില്‍ അനേകകാര്യങ്ങളായി വര്‍ധിപ്പിച്ച്, സ്ത്രീയുടെ വിളിയെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും കൂടുതല്‍ സംവേദനത്തോടും തിരിച്ചറിവോടുംകൂടി നീങ്ങുന്നതിന് എല്ലായ്പോഴും ഇടയാകട്ടെ!'' എന്നു കത്തിന്‍റെ സമാപനത്തില്‍ പാപ്പാ ആശംസിക്കുന്നു.

ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍, ഫ്രാന്‍സീസ് പാപ്പാ വിവിധ അവസരങ്ങളിലായി സ്ത്രീകളുടെ ദൈവശാസ്ത്രത്തെക്കുറിച്ച് ആഴമായ പഠനം നടത്തേണ്ടതുണ്ടെന്നും, സഭയില്‍ സ്ത്രീയുടെ ദൗത്യത്തെക്കുറിച്ച് ആഴമായി മനസ്സിലാക്കേണ്ടതുണ്ടെന്നും പ്രസ്താവിച്ചിരിക്കുന്നതാണ് ഈ ഗ്രന്ഥസൃഷ്ടിയുടെ പ്രേരകശക്തിയെന്നു വ്യക്തമാക്കുന്നുണ്ട്.  ഇക്കാര്യങ്ങളില്‍, ''കൂടുതല്‍ നിര്‍ദേശങ്ങളും നടപടികളും സ്വീകരിക്കുന്നതിനു സഭയ്ക്ക് അവകാശം മാത്രമല്ല, കടമയുമുണ്ട്'' എന്നും ആമുഖത്തില്‍ ഗ്രന്ഥകര്‍ത്രി കുറിച്ചിരിക്കുന്നു. 85 പേജുകള്‍ മാത്രമുള്ള ഈ ചെറുഗ്രന്ഥം, മാര്‍ച്ച് ഏഴാംതീയതി മാഡ്രിഡില്‍ വച്ചാണ് പ്രകാശനം ചെയ്യുക.


(Sr. Theresa Sebastian)

03/03/2018 11:29