സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

കൊളോസിയത്തിന്‍റെ ചുവന്നവേദിയും സമാധാനാഭ്യര്‍ത്ഥനയും

2018 ഫെബ്രുവരിര 24-ന് കൊളൊസേയം ചുവപ്പണിഞ്ഞപ്പോള്‍... - REUTERS

01/03/2018 09:28

ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന പ്രസ്ഥാനം (Aid to the Church in Need Pontifical Foundation) സംഘടിപ്പിച്ച സമാധാന പ്രാര്‍ത്ഥനാസംഗമം – ഫെബ്രുവരി 24 ശനി.

ഇന്നിന്‍റെ സഭ രക്തസാക്ഷികളുടെ സഭയാണ്! ലോകത്ത് പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ചുകൊണ്ടും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടും ഫെബ്രുവരി 24-Ɔο തിയതി ശനിയാഴ്ച റോമിലെ ചരിത്രപുരാതനമായ കൊളോസിയത്തില്‍ നടത്തിയ സഭൈക്യ പ്രാര്‍ത്ഥനാശുശ്രൂഷയിലെ പ്രഭാഷണത്തിലാണ്, പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ പരോളിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്താബ്ദം 80-ല്‍ റോമിലെ ഫ്ലേവിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണിതീര്‍ത്തതാണ് ഭീമാകാരമായ കൊളോസിയം കളിക്കളം. കഴിഞ്ഞ ശനിയാഴ്ച രാത്രി അത് ചുവപ്പുനിറത്തില്‍ പ്രകാശിതമായത് ലോകത്തെ പീഡിതരായ ക്രൈസ്തവരെ അനുസ്മരിച്ചുകൊണ്ടായിരുന്നു. ചരിത്രത്തില്‍ റോമന്‍ സാമ്രാജ്യകാലത്ത് നൂറുകണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെട്ട കൊളോസിയം സ്റ്റേഡിയം ലോകത്ത് ഇന്നും നടമാടുന്ന ക്രൈസ്തവപീഡനങ്ങളുടെ അനുസ്മരണ വേദിയായത് പ്രതീകാത്മകമായിരുന്നെന്ന്, സംഘാടകരായ പെന്തിഫിക്കാല്‍ സ്ഥാപനം,  “ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന ആഗോള പ്രസ്ഥാന”ത്തിന്‍റെ The Church in Need Pontifical Foundation-ന്‍റെ പ്രസ്താവന വെളിപ്പെടുത്തി. മദ്ധ്യപൂര്‍വ്വദേശത്തെ ആലേപ്പോയും മൊസൂളും ആധുനിക കാലത്തെ ക്രൈസ്തവ പീഡനത്തിന്‍റെ പ്രതീകമാണെങ്കില്‍ റോമിലെ കൊളോസിയവും സാമ്രാജ്യാകാലത്തെ, 2000 വര്‍ഷങ്ങളോളം പഴക്കമുള്ള ക്രൈസ്തവപീഡനത്തിന്‍റെ കഥ പറയുകയാണ്.

ലോകത്തെ മറ്റു മതങ്ങളിലെയും പീഡിതരായവരെ മറന്നുപോകാതെ, ഇവിടെ ക്രൈസതവരുടെ പീഡനങ്ങളെ പ്രത്യേകമായി അനുസ്മരിക്കയാണെന്നും, ലോകജനതയോട് മതസഹിഷ്ണുതയോടെ ജീവിക്കണമെന്ന് അഭ്യാര്‍ത്ഥിക്കുകയുമാണെന്ന് കര്‍ദ്ദിനാള്‍ പരോളില്‍ പ്രസ്താവിച്ചു.   മതസ്വാതന്ത്ര്യം എവിടെയും മാനിക്കപ്പെടണം. കാരണം അത് മനുഷ്യാന്തസ്സ് മാനിക്കുന്നതിനു തുല്യമാണ്. സ്രഷ്ടാവായ ദൈവത്തിങ്കലേയ്ക്ക് മനുഷ്യര്‍ തിരിഞ്ഞെങ്കില്‍ മാത്രമേ സമാധാനത്തിന്‍റെ പ്രയോക്താക്കളാകാന്‍ നമുക്ക് സാധിക്കൂ! വിദ്വേഷത്താലും അതിക്രമങ്ങളാലും കീറി മുറിക്കപ്പെട്ട സമൂഹങ്ങളെയും വ്യക്തികളെയും കൂട്ടിയിണക്കാന്‍ ദൈവികസാമീപ്യത്തിന് കഴിയും. അതുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനപ്രകാരം ഫെബ്രുവരി 23, വെള്ളിയാഴ്ച ആഗോളതലത്തിലുള്ള ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കപ്പെട്ടത്.

പ്രതീകാത്മകമായി ചുവപ്പണിയിക്കപ്പെട്ട കൊളോസിയം ചരിത്രസ്മാരകവും അതിലെ കല്ലും മണ്ണുമെല്ലാം പീഡനത്തിന്‍റെ പ്രതിഛായയും സ്മരണകളും ഉയര്‍ത്തുമ്പോള്‍, ആഗോളതലത്തില്‍ ചില സമൂഹങ്ങളോടു മാത്രം പ്രകടമാക്കുന്ന ക്രൂരതയും പീഡനങ്ങളും വിവേചനപരമാണെന്നു കാണാം. അതിനാല്‍ നമ്മു‌‌ടെ നിസംഗതയില്‍നിന്നും ഉണര്‍ന്ന് മനസ്സാക്ഷിയില്‍ സമാധാനത്തിനും സഹോദരസ്നേഹത്തിനുമുള്ള ഒരു അഭിവാഞ്ഛ സമൂഹത്തില്‍ ഇനിയും വളര്‍ത്തേണ്ടതുണ്ട്. കര്‍ദ്ദിനാള്‍ പരോളിന്‍ ആഹ്വാനംചെയ്തു.

കുരിശ് ക്രിസ്തുവിന്‍റെ രക്ഷാശക്തിയുടെ അടയാളമാണ്. അത് എളിമയുടെയും നിസ്സഹായതയുടെയും ചിത്രം വരയ്ക്കുകയും ഒപ്പം, സ്നേഹത്തിന്‍റെയും ക്ഷമയുടെയും ഭാഷയും അടയാളവുമായി എവിടെയും ഉയര്‍ന്നുനില്ക്കുകയും ചെയ്യുന്നു! സഹനത്തിലൂടെ കടന്നുപോകുന്ന മാനവികതയ്ക്ക് അത് പ്രത്യാശയുടെ അ‌ടയാളമാണ്. ലോകത്ത് പീഡനങ്ങള്‍ അനുഭവിക്കുന്ന എല്ലാ സഹോദരങ്ങളോടും കൊളോസിയത്തിലെ ചുവന്ന വേദിയില്‍നിന്നുകൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം, ക്രിസ്തുവിന്‍റെ കുരിശ് വേദിനിക്കുന്ന സഹോദരങ്ങള്‍ക്ക് അതിന്‍റെ രക്ഷാശക്തി പകര്‍ന്നുനല്കട്ടെ! എന്ന പ്രാര്‍ത്ഥനയോടും ആശംസയോടുംകൂടെയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ പ്രഭാഷണം ഉപസംഹരിച്ചത്. 


(William Nellikkal)

01/03/2018 09:28