2018-02-28 12:54:00

"സ്തോത്രയാഗകര്‍മ്മം": പാപ്പായുടെ പൊതുദര്‍ശന പ്രഭാഷണം


ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച (26/02/18) യുറോപ്പിലെ മിക്ക നഗരങ്ങളെയും പോലെ റോമാപുരിയെയും വെള്ളപുതപ്പിച്ച കനത്ത മഞ്ഞുവീഴ്ചയ്ക്കു ശേഷം കൊടും ശൈത്യത്തിന്‍റെ പിടിയിലാണ് ഈ നഗരവും. പൂജ്യത്തില്‍ നിന്ന് 6 വരെ താപനില താഴ്ന്ന ഒരു ദിനമായിരുന്നു  ഈ ബുധനാഴ്ച (28/02/18) റോമില്‍. റോമാ നഗരത്തില്‍ പലയിടത്തും മഞ്ഞു തണുത്തുറഞ്ഞ് കട്ടിയായികിടക്കുന്നു. മഞ്ഞുവീഴ്ചാനന്തരം സൂര്യകിരണങ്ങള്‍ നിര്‍ല്ലോഭം ചൊരിയപ്പെട്ടെങ്കിലും മഞ്ഞുരുകിത്തീര്‍ന്നിട്ടില്ല. അതിശൈത്യത്തിന്‍റെതായ ഈ പ്രതികൂലാവസ്ഥയില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തിനു പകരം ബസിലിക്കയ്ക്കടുത്തുള്ള അതിവിശാലമായ പോള്‍ ആറാമന്‍ ശാലയായിരുന്നു. കൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. ഇറ്റിലിയുടെ മദ്ധ്യഭാഗത്ത് റോമില്‍ നിന്ന് നൂറ്റിയെണ്‍പതോളം കിലോമീറ്റര്‍ കിഴക്കുമാറി സ്ഥിതിചെയ്യുന്ന ലാക്വിലയില്‍ ഒരു അഭയകേന്ദ്രത്തില്‍ കഴിയുന്ന നാലപ്തിലേറെ യുവകുടിയേറ്റക്കാരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊതുകൂടിക്കാഴ്ച വേദി മുന്‍ നിശ്ചയപ്രകാരം ബസിലിക്കാങ്കണമായിരുന്നതിനാല്‍ അതിനനുസരിച്ച് എത്തിയിരുന്നവരെ മുഴുവന്‍ പോള്‍ ആറാമന്‍ ശാലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതിനാല്‍ ഒരു വിഭാഗത്തിന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സൗകര്യം ഒരുക്കിയിരുന്നു. ആദ്യം പാപ്പാ എത്തിയത് പോള്‍ ആറാമന്‍ ശാലയിലായിരുന്നു. ശാലയിലേക്കു പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആരവവും ഉയര്‍ന്നു.

പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിലൂടെ നീങ്ങിത്തുടങ്ങിയ പാപ്പാ ഇടയ്ക്കിടെ പിഞ്ചുകുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും, മുതിര്‍ന്നവര്‍ക്ക് ഹസ്തദാനമേകുകയും അവരുമായി കുശലംപറയുകയും ചെയ്യുന്നുണ്ടായിരുന്നു. സാവധാനം നടന്ന് വേദിയിലെത്തിയ പാപ്പാ  റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

യേശു ശിഷ്യരോടു പറഞ്ഞു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ; ശിഷ്യന്മാര്‍ വിവരം ശേഖരിച്ചതിനുശേഷം പറഞ്ഞു: അഞ്ച് അപ്പവും  രണ്ടു മീനും ഉണ്ടു.  പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.  അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി, അപ്പം വാഴ്ത്തി, മുറിച്ചതിനുശേഷം അവ അവർക്കെല്ലാവര്‍ക്കുമായി വിളമ്പാന്‍ ശിഷ്യന്മാർക്കു കൊടുത്തു(മര്‍ക്കോസിന്‍റെ സുവിശേഷം അദ്ധ്യായം 6, വാക്യങ്ങള്‍ 38,39,41)

ഈ സുവിശേഷഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധകുര്‍ബ്ബാനയില്‍ വചനശുശ്രൂഷാഭാഗാനന്തരമുള്ള സ്തോത്രയാഗകര്‍മ്മമായിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം. ഇതില്‍ കാഴ്ചസമര്‍പ്പണത്തെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പാ പങ്കുവച്ചത്.

പ്രഭാഷണ സംഗ്രഹം :

വിശുദ്ധകുര്‍ബ്ബാനയെ അധികരിച്ചുള്ള പ്രബോധനപരമ്പര നമുക്കു തുടരാം. കഴിഞ്ഞയാഴ്ചകളില്‍ വിചിന്തനവിഷയമാക്കിയ വചനശുശ്രൂഷാഭാഗത്തെ തുടര്‍ന്നു വരുന്ന വിശുദ്ധ കുര്‍ബ്ബാനയുടെ മറ്റൊരു അവിഭാജ്യഘടകമാണ് സ്തോത്രയാഗകര്‍മ്മം. അതില്‍ സഭ, യേശു കുരിശാകുന്ന യാഗപീഠത്തില്‍ മുദ്രിതമാക്കിയ പുതിയനിയമ ഉടമ്പടിയിലെ ബലി  പരിശുദ്ധമായ അടയാളങ്ങളിലൂടെ അവിരാമം സന്നിഹിതമാക്കുന്നു. കുരിശാണ് പ്രഥമ ക്രൈസ്തവബലിപീഠം. വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണത്തിനായി നാം അള്‍ത്താരിയിങ്കലേക്കണയുമ്പോള്‍ നമ്മുടെ ഓര്‍മ്മ  പായുന്നത് പ്രഥമ ബലി അര്‍പ്പിക്കപ്പെട്ട കുരിശാകുന്ന അള്‍ത്താരയിലേക്കാണ്.  വിശുദ്ധകുര്‍ബ്ബാനാര്‍പ്പണത്തില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന പുരോഹിതന്‍ കര്‍ത്താവു അന്ത്യഅത്താഴവേളയില്‍ ചെയ്തതും ശിഷ്യരെ ചുമതലപ്പെടുത്തിയതുമായ  അതേ കാര്യങ്ങള്‍ നിറവേറ്റുന്നു. യേശുനാഥന്‍ അപ്പവും പാനപാത്രവുമെടുത്ത് കൃതജ്ഞതാസ്തോത്രം ചൊല്ലി ശിഷ്യന്മാര്‍ക്ക്  നല്കിക്കൊണ്ട് പറഞ്ഞു: “നിങ്ങള്‍ ഇതെടുത്തു ഭക്ഷിക്കുവിന്‍... ഇതു പാനം ചെയ്യുവിന്‍, ഇത് എന്‍റെ ശരീരവും... ഇത് എന്‍റെ രക്തമടങ്ങിയ പാനപാത്രവുമാണ്. ഇത് നിങ്ങള്‍ എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍.”

യേശുവിന്‍റെ കല്പനയോടു വിധേയത്വം പുലര്‍ത്തുന്ന സഭ ക്രിസ്തുവിന്‍റെ  പീഢാസഹനത്തിന്‍റെ തലേന്നു രാത്രിയില്‍ അവിടന്നു പറഞ്ഞ വാക്കുകള്‍ക്കും, ചെയ്ത കര്‍മ്മങ്ങള്‍ക്കും അനുസൃതമായി സ്തോത്രയാഗകര്‍മ്മം ക്രമപ്പെടുത്തിയിരിക്കുന്നു. അങ്ങനെ, അപ്പവും വീഞ്ഞും, അതായത്, യേശു അവിടത്തെ കരങ്ങളില്‍ എടുത്ത വസ്തുക്കള്‍, ബലവേദിയിലേക്കു കാഴ്ചവസ്തുക്കളായി കൊണ്ടുവരുന്നു. സ്തോത്രയാഗ പ്രാര്‍ത്ഥനയില്‍  നാം ദൈവത്തിന് അവിടന്നു പ്രവര്‍ത്തിച്ച പരിത്രാണ കര്‍മ്മത്തിന് നന്ദിയര്‍പ്പിക്കുകയും അപ്പവും വീഞ്ഞും ക്രിസ്തുവിന്‍റെ ശരീരരക്തങ്ങളായി തീരുകയും ചെയ്യുന്നു. തുടര്‍ന്നു അപ്പംമുറിക്കലും ദിവ്യകാരുണ്യ സ്വീകരണവുമാണ്. അതുവഴി നമ്മള്‍, ക്രിസ്തുവിന്‍റെ കരങ്ങളില്‍ നിന്ന് ദിവ്യകാരുണ്യദാനങ്ങള്‍ സ്വീകരിച്ച അപ്പസ്തോലന്മാരുടെ അനുഭവം ജീവിക്കുകയാണ്.

കാഴ്ചവസ്തുക്കള്‍ ഒരുക്കുന്നത്, യേശു അപ്പവും വീഞ്ഞടങ്ങിയ പാനപാത്രവും എടുത്ത പ്രവൃത്തിയോടു ചേര്‍ന്നു പോകുന്നു. ഇത് സ്തോത്രയാഗകര്‍മ്മത്തിന്‍റെ  ആദ്യഭാഗമാണ്. അപ്പവും വീഞ്ഞും പുരോഹിതന്‍റെ  മുന്നിലേക്കു കൊണ്ടുവരുന്നത് വിശ്വാസികള്‍ ആയിരിക്കുന്നത് ഉചിതം തന്നെ. എന്തെന്നാല്‍, വിശുദ്ധ കുര്‍ബ്ബനയ്ക്കായി അവിടെ സമ്മേളിച്ചിരിക്കുന്ന സഭയു‌ടെ ആത്മീയസമര്‍പ്പണത്തെയാണ് അവ ദ്യോതിപ്പിക്കുന്നത്. അപ്പവും വീഞ്ഞും ബലിവേദിയിലേക്കു കൊണ്ടുവരുന്നത് വിശ്വാസികള്‍ ആകുന്നത് എത്ര മനോഹരമാണ്.  എന്നാല്‍ ഇന്ന് പണ്ടത്തെപ്പോലെ, വിശുദ്ധകുര്‍ബ്ബാനയ്ക്കായി തങ്ങള്‍ തയ്യാറാക്കിയ അപ്പവും വീഞ്ഞും വിശ്വാസികള്‍ കൊണ്ടുവരുന്നില്ല എന്നിരുന്നാലും കാഴ്ചസമര്‍പ്പണ കര്‍മ്മത്തിന്‍റെ  മൂല്യവും അദ്ധ്യാത്മികാര്‍ത്ഥവും ഇന്നും പ്രസക്തമാണ്. വാസ്തവത്തില്‍ പൗരോഹ്യത്യപട്ടം നല്കുന്നവേളയില്‍ മെത്രാന്‍ അപ്പവും വീഞ്ഞും നല്കിക്കൊണ്ട് നവവൈദികനോട് പറയുന്ന “ദിവ്യയാഗത്തിനായുള്ള വിശുദ്ധ ജനത്തിന്‍റെ  കാഴ്ചകള്‍ നീ സ്വീകരിക്കൂ” എന്നീ വാക്കുകള്‍ വളരെ അര്‍ത്ഥവത്താണ്. വിശ്വസ്ത ജനം അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തിലുള്ള തങ്ങളുടെ കാഴ്ച വൈദികന്‍റെ  കരങ്ങളിലേല്‍പ്പിക്കുകയും, വൈദികന്‍ അത് അള്‍ത്താരയില്‍, കര്‍ത്താവിന്‍റെ  വിരുന്നിന്‍ മേശയില്‍, വയ്ക്കുകയും ചെയ്യുന്നു. വിശുദ്ധകുര്‍ബ്ബാനാര്‍പ്പണത്തിന്‍റെ  മുഴുവന്‍ കേന്ദ്രസ്ഥാനം ആണ് ഈ അള്‍ത്താര. ക്രിസ്തുവാണ് ഈ അള്‍ത്താര.  നമ്മുടെ നോട്ടം സദാ വിശുദ്ധകുര്‍ബ്ബാനയുടെ കേന്ദ്രമായ ഈ ബലിവേദിയിലേക്കായിരിക്കണം.

തീര്‍ച്ചയായും നമ്മുടെ കാഴ്ചവസ്തുക്കള്‍ വളരെ നിസ്സാരമാണ് എന്നിരുന്നാലും ഈ നിസ്സാര കാഴ്ചകള്‍ ക്രിസ്തുവിന് ആവശ്യമുണ്ട്. അവിടന്ന് നമ്മില്‍ നിന്ന് അല്പം മാത്രം ആവശ്യപ്പെടുകയും നമുക്ക് ഏറെ നല്കുകയും ചെയ്യുന്നു. സാധാരണ ജീവിത്തില്‍ സന്മനസ്സാണ് അവിടന്നാവശ്യപ്പെടുന്നത്, അവിടന്ന് തുറന്ന ഹൃദയമാണ് നമ്മോടു ചോദിക്കുന്നത്. ദിവ്യകാരുണ്യത്തില്‍ തന്നെത്തന്നെ നമുക്കായി സമര്‍പ്പിക്കുന്ന അവിടത്തെ സ്വീകരിക്കാന്‍ കൂടുതല്‍ നല്ലവരായിത്തീരാനുള്ള അഭിവാഞ്ഛയാണ് അവിടന്ന് നമ്മോടാവശ്യപ്പെടുന്നത്. ഈ പ്രതീകാത്മക കാഴ്ചവസ്തുക്കള്‍ പിന്നീട് അവിടത്തെ ശരീരരക്തങ്ങളായി പരിണമിക്കുന്നു. യേശു നമുക്കായി സ്വയം ദാനമാകുന്നു.

ഇതെല്ലാം കാഴ്ചവസ്തുക്കളിന്മേലുള്ള പ്രാര്‍ത്ഥനയില്‍ ആവിഷ്കൃതമാകുന്നുണ്ട്. സഭ ദൈവത്തിനു സമര്‍പ്പിക്കുന്ന കാഴ്ച സ്വീകരിക്കാന്‍ വൈദികന്‍ അവിടത്തോടു അപേക്ഷിക്കുന്നു. നമ്മുടെ ദാരിദ്ര്യാവസ്ഥയും ദൈവത്തിന്‍റെ സമ്പന്നതയും തമ്മിലുള്ള വിസ്മയകരമായ പര്സപരമാറ്റത്തിന്‍റെ ഫലത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വൈദികന്‍ ഇപ്രകാരം ചെയ്യുന്നത്.

വിശുദ്ധകുര്‍ബ്ബാനയുടെ ഈ വേള നമ്മെ പഠിപ്പിക്കുന്ന ആത്മദാനത്തിന്‍റെ  ആദ്ധ്യാത്മികത നമ്മുടെ ദിനങ്ങളെയും മറ്റുള്ളവരുമായുള്ള ബന്ധങ്ങളെയും  നമ്മുടെ പ്രവൃത്തികളെയും നാം നേരിടേണ്ടുന്ന സഹനങ്ങളെയും പ്രബുദ്ധമാക്കുകയും അങ്ങനെ സുവിശേഷവെളിച്ചത്തില്‍ ഭൗമിക നഗരം കെട്ടിപ്പടുക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യട്ടെ.

 പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ തപസ്സുകാലം ആദ്ധ്യാത്മികജീവിതം തീവ്രതരമാക്കാനുള്ള സമായമാണെന്ന് ഓര്‍മ്മിപ്പിച്ചു. യുവജനത്തിന് പ്രത്യാശപകരുന്നതിന് അവരോടു സംസാരിക്കാന്‍ പാപ്പാ വൃദ്ധജനത്തെ പ്രോത്സാഹിപ്പിച്ചു. ആത്മനിയന്ത്രണം കൂടുതലായി നേടാന്‍ ഉപവാസം സഹായകരമാകുമെന്ന് പാപ്പാ യുവജനത്തോടു പറഞ്ഞു. സഹനങ്ങള്‍ ദൈവത്തിനു സമര്‍പ്പിക്കുന്നതിനും അവിടത്തോടു കൂടുതല്‍ അടുത്തായിരിക്കുന്നതിനും പ്രാര്‍ത്ഥന ഉപാധിയാക്കാന്‍ പാപ്പാ രോഗികള്‍ക്കും  സഹോദരങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധപതിച്ചുകൊണ്ട് ദാമ്പത്യം ജീവിക്കുന്നതിന് കാരുണ്യപ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നവദമ്പതികള്‍ക്കും പ്രചോദനം പകര്‍ന്നു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. ആശീര്‍വ്വാദനന്തരം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലേക്കു പോയ പാപ്പാ അവിടെ സന്നിഹിതരായിരുന്നവരെ അഭിവാദ്യം ചെയ്തു. തന്നെ ക്ഷമയോടെ ഇത്രയും നേരം കാത്തിരുന്നതിന് നന്ദിപറഞ്ഞ പാപ്പാ അവരുമൊത്തു നന്മനിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥന ചൊല്ലുകയും അവര്‍ക്ക് ആശീര്‍വ്വാദമേകുകയും ചെയ്തു








All the contents on this site are copyrighted ©.