2018-02-28 17:31:00

പാപ്പാ ഫ്രാന്‍സിസിനെ പ്രതിഫലിപ്പിക്കുന്ന “വിപ്ലവകാരിയായ ഫ്രാന്‍സിസ്” !


വിശുദ്ധ ഫ്രാന്‍സിസിനെ സംബന്ധിക്കുന്ന പുസ്തകത്തില്‍ നിഴലിക്കുന്ന വിപ്ലവകാരി, പാപ്പാ ഫ്രാന്‍സിസിനെക്കുറിച്ച്...

“വിപ്ലവകാരിയായ ഫ്രാന്‍സിസ്”  എന്ന പുസ്തകം പാപ്പാ ഫ്രാന്‍സിസിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പ്രസ്താവിച്ചു. എന്‍സൊ ഫോര്‍ത്തുനാത്തോ എന്ന ഇംഗ്ലിഷുകാരനായ കപ്പൂചിന്‍ വൈദികന്‍ രചിച്ചതാണ് Francis the Rebel, “വിപ്ലവകാരിയായ ഫ്രാന്‍സിസ്” ! അസ്സീസിയിലെ ഫ്രാന്‍സിസ്ക്കന്‍ മാധ്യമ കാര്യാലയത്തിന്‍റെ ഡയറക്ടറാണ് ഗ്രന്ഥകര്‍ത്താവ് ഫാദര്‍ ഫോര്‍ത്തുനാത്തോ.  ഫ്രാന്‍സിസ്ക്കന്‍ ആത്മീയതയുടെ പണ്ഡിതനും പ്രബോധകനുമായ അദ്ദേഹം മാധ്യമ പ്രവര്‍ത്തകനുമാണ്. വിശുദ്ധ ഫ്രാന്‍സിസ് എന്ന വിപ്ലവകാരിയെ അദ്ദേഹത്തിന്‍റെ വാക്കുകളില്‍നിന്നും പ്രവൃത്തികളില്‍നിന്നും, ഒപ്പം അദ്ദേഹം സന്ദര്‍ശിച്ച വിവിധ സ്ഥലങ്ങളില്‍നിന്നും വിവരിക്കാന്‍ ശ്രമിക്കുന്നതാണ് 140 പേജുകളുള്ള ഗ്രന്ഥം.

ഇറ്റലിയിലെ മൊന്തദോരി പ്രസ്സ് പുറത്തെത്തിച്ച പുസ്തകം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിനെ കുറിച്ചുള്ളതും സഭാനവീകരണത്തിന്‍റെ കാലാതീതമായ ചിന്തകള്‍ ഉള്‍ക്കൊള്ളുന്നതുമാണ്. ഇംഗ്ലിഷ്, ഇറ്റാലിയന്‍ കൃതികളുടെ ആമുഖത്തിലാണ് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ അസ്സീസിയിലെ വിപ്ലവകാരിയായ വിശുദ്ധ ഫ്രാന്‍സിസില്‍ ഒളിഞ്ഞിരിക്കുന്ന പാപ്പാ ഫ്രാന്‍സിസെന്ന വിപ്ലവകാരിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. വാക്കിലും പ്രവൃത്തിയിലും ഇന്ന് സഭയിലെ വിപ്ലവകാരിയായ പാപ്പാ ഫ്രാന്‍സിസ് ഫാദര്‍ ഫോര്‍ത്തുനാത്തോയുടെ പുസ്തകം വരച്ചുകാട്ടുന്ന വിപ്ലവകാരിയായ അസ്സീസിയിലെ സിദ്ധനില്‍ കാണാമെന്നാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടരി, കര്‍ദ്ദിനാള്‍ പരോളിന്‍ ആമുഖത്തില്‍ കുറിച്ചിരിക്കുന്നത്.

800 വര്‍ഷങ്ങള്‍ക്കുമുന്‍പ് ജീവിച്ച ക്രൈസ്തവികതയുടെ നവോത്ഥാരകനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസില്‍ ലയിച്ചിരിക്കുന്ന ആധുനിക കാലത്തെ സഭാനവോത്ഥാരകനായ  പാപ്പാ ഫ്രാന്‍സിസിനെയാണ് കര്‍ദ്ദിനാള്‍ പരോളിന്‍ ഗ്രന്ഥത്തില്‍ കാണുന്നത്. വിപ്ലവകാരിയായ വിശുദ്ധനെ ചിത്രീകരിക്കുന്ന പുസ്തകം സമകാലീന ക്രൈസ്തവികതയുടെ മുഖവും അതില്‍ വിവരിക്കുന്നത് ഗ്രന്ഥത്തിന്‍റെ സവിശേഷതയാണെന്ന് കര്‍ദ്ദനാള്‍ പരോളിന്‍ പറയുന്നു. വിശുദ്ധനിലെ വിപ്ലവകാരിയുടെ രഹസ്യങ്ങള്‍ ഫാദര്‍ ഫോര്‍ത്തുനാത്തോ ചുരുളഴിയിക്കുമ്പോള്‍ ആധുനിക കാലത്തെ സഭാനവോത്ഥാരകനും “അനുസരണയുമുള്ള വിപ്ലവകാരി…” പാപ്പാ ഫ്രാന്‍സിസിന്‍റെ വ്യക്തിത്വം അതില്‍ ഒരു കണ്ണാടിയിലെന്നപോലെ നിഴലിക്കുന്നത് ആര്‍ക്കും കാണാമെന്നാണ്, ഇപ്പോള്‍ പാപ്പായുടെ സഹപ്രവര്‍ത്തകനും വത്തിക്കാന്‍ കാര്യാലയത്തിന്‍റെ മേധാവിയുമായ ഇറ്റലിക്കാരന്‍, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ അഭിപ്രായപ്പെടുന്നത്.

പുസ്തം ഫെബ്രുവരി 27-Ɔο തിയതി ചെവ്വാഴ്ച ഇറ്റലിയിലെ വിവിധ ഫ്രാന്‍സിസ്ക്കന്‍ കേന്ദ്രങ്ങളില്‍ പ്രകാശനംചെയ്യപ്പെട്ടു. അസ്സീസിയിലെ പ്രസ്സ് ഓഫിസില്‍നിന്നുമുള്ള പ്രസ്താവന അറിയിച്ചു.








All the contents on this site are copyrighted ©.