2018-02-27 08:51:00

''മഹത്വദര്‍ശനം, സഹനത്തിനു നമ്മെ ഒരുക്കുന്നു'': മാര്‍പ്പാപ്പ


വി. ജലാസിയോ പ്രഥമന്‍ പാപ്പായുടെ നാമത്തിലുള്ള ഇടവകയില്‍ 2018 ഫെബ്രുവരി 25-ാംതീയതി നടത്തിയ ഇടയസന്ദര്‍ശനത്തിനിടെ, വി. കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ.  യേശുവിന്‍റെ രൂപാന്തരീകരണ സംഭവത്തെ വിവരിക്കുന്ന സുവിശേഷഭാഗം വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ വിശ്വാസികളെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. 

''യേശു താന്‍  പ്രകാശപൂര്‍ണനായി, വിജയ ശ്രീലാളിതനായി, മഹത്വപൂര്‍ണനായി  സ്വര്‍ഗത്തില്‍ ആയിരിക്കുന്നത് എപ്രകാരമാണോ, അത് അപ്പസ്തോലന്മാര്‍ക്കു കാണിച്ചു കൊടുക്കുകയായിരുന്നു, രൂപാന്തരീകരണത്തിലൂടെ.  ഒപ്പം, തന്‍റെ പീഡാനുഭവങ്ങളെ സ്വീകരി ക്കുന്നതിന് അവരെ ഒരുക്കുകയുമായിരുന്നു അവിടുന്ന്.  ഒരു കുറ്റവാളിയെപ്പോലെ, യേശു കുരിശിലേറ്റപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുന്നവരായിരുന്നില്ല ശിഷ്യന്മാര്‍.   ഇസ്രായേലിനെ മോചിപ്പിക്കാനുള്ളവനാണ് യേശുവെന്നും, അതിനാല്‍ അവിടുന്ന് ഭൂമിയില്‍ വിജയശ്രീലാളിതനായിരിക്കുമെന്നും ആയിരുന്നു അപ്പസ്തോലന്മാര്‍ വിചാരിച്ചിരുന്നത്.  അതിനാല്‍,  കുരിശുമരണം വരെ തന്നെത്തന്നെ താഴ്ത്തിക്കൊണ്ട് യേശു  സ്വീകരിക്കുന്ന പാതയെക്കുറിച്ച് അജ്ഞരായിരുന്നു അവര്‍.  കുരിശിനുശേഷമുള്ള മഹത്വമെന്താണെന്ന് യേശു അവരെ മനസ്സിലാക്കിക്കൊടുക്കേണ്ടിയിരുന്നു.  ഈ മഹത്വത്തെക്കുറിച്ചുള്ള അറിവ് നമ്മെയും  ജീവിതസഹനങ്ങളെ, പരീക്ഷണങ്ങളെ ധൈര്യത്തോടുകൂടി നേരിടുന്നതിനു നമ്മെ സഹായിക്കും... മാത്രവുമല്ല, യേശു ആ പരീക്ഷകളില്‍, കുരിശുകളില്‍ നമ്മോടൊത്ത് എപ്പോഴുമുണ്ടായിരിക്കും''...

''പിതാവായ ദൈവം അപ്പസ്തോലന്മാരോടു പറയുന്നതിതാണ്, ഇവനെന്‍റെ പ്രിയപുത്രനാണ്: 'ഇവനെ ശ്രവിക്കുക'.  എല്ലാ നിമിഷങ്ങളിലും - മനോഹരങ്ങളായ നിമിഷങ്ങളിലും, കഷ്ടതകളുടെ നിമിഷങ്ങളിലും അവനെ കേള്‍ക്കുന്നതില്‍ നിന്നു നമുക്കു മാറിനില്‍ക്കാനാവില്ല.  രണ്ടു കാര്യങ്ങള്‍ ഈ നോമ്പുകാലത്തില്‍ മുന്നോട്ടുനീങ്ങാന്‍ നമ്മെ സഹായിക്കട്ടെ: നമ്മുടെ പരീക്ഷണങ്ങളില്‍ യേശുവിന്‍റെ മഹത്വം ഓര്‍മിക്കുക.  നമ്മെ കാത്തിരിക്കുന്നുണ്ട്, മാത്രവുമല്ല, ആ പരീക്ഷ ണവേളകളില്‍ യേശു നമ്മോടൊപ്പമുണ്ട്.  ഓര്‍ക്കേണ്ട അടുത്ത കാര്യം, നമ്മുടെ ജീവിതത്തിലുടനീളം, യേശുവിനെ കേള്‍ക്കുക. സുവിശേഷത്തിലൂടെ, തിരുക്കര്‍മങ്ങളിലൂടെ, നമ്മുടെ ഹൃദയത്തില്‍ എല്ലാം അവിടുന്നു നമ്മോടു സംസാരിക്കുന്നുണ്ട്.  അവനെ എല്ലായ്പോഴും കേള്‍ക്കുക.  ഇതോടൊപ്പം, നമ്മുടെ നാഥ, കാനായില്‍ വച്ച് യേശു വെള്ളം വീഞ്ഞാക്കി രൂപാന്തരപ്പെടുത്തിയ അത്ഭുതപ്രവര്‍ത്തനവേളയില്‍  പറഞ്ഞതും നമുക്കോര്‍ക്കാം.  'അവന്‍ പറയുന്നതുപോലെ ചെയ്യുക.  അവനെ കേള്‍ക്കുക അവന്‍ പറയുന്നതുപോലെ ചെയ്യുക' എന്ന ഉപദേശം ആവര്‍ത്തിച്ചുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.








All the contents on this site are copyrighted ©.