2018-02-26 09:00:00

''ലോകത്തിന് അനുരൂപരാകാതിരിക്കുക'': ഫാ റനിയേരോ കാന്തലമേസ്സ


2018 ഫെബ്രുവരി 23-ാംതീയതി, വലിയ നോമ്പുകാലത്തിലെ രണ്ടാം വെള്ളിയാഴ്ചയില്‍ വത്തിക്കാനിലെ കൂരിയാ അംഗങ്ങള്‍ക്കായി റോമിലെ സമയം രാവിലെ ഒന്‍പതുമണിക്ക്, വത്തിക്കാനിലെ റെതെംപ്തോറിസ് മാത്തെര്‍ കപ്പേളയില്‍ വച്ചു  ഫാ. റനിയേരോ കാന്തലമേസ്സ നോമ്പുകാലത്തോടനുബന്ധിച്ചുള്ള ആദ്യ ധ്യാനപ്രഭാഷണം നല്‍കി, ’‘നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്’’ എന്ന റോമാക്കാര്‍ക്കുള്ള ലേഖനത്തിലെ വാക്യം (റോമ 12:2) പ്രമേയമായി സ്വീകരിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ മൂന്നു ഭാഗങ്ങളിലായി ട്ടായിരുന്നു.  ഈ ഉപഭാഗങ്ങളുടെ ശീര്‍ഷകങ്ങള്‍, (1) ക്രൈസ്തവരും ലോകവും (2) ലോകത്തില്‍ നിന്നു പലായനം ചെയ്യുക എന്ന ആശയം – പ്രതിസന്ധികള്‍ (3) ഈ ലോകത്തിന്‍റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു എന്നിവയാണ്. ഇറ്റാലിയന്‍ ഭാഷയില്‍ നല്‍കിയ ഈ ധ്യാനപ്രഭാഷണത്തിന്‍റെ പരിഭാഷ വായിക്കാം

നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്  (റോമ 12:2) - 2018-ലെ വലിയനോമ്പുകാലപ്രഭാഷണം - 1

‘‘നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്, പ്രത്യുത നിങ്ങളുടെ മനസ്സിന്‍റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍.  ദൈവഹിതം എന്തെന്നും; നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും’’ (റോമ 12:2).

ലോകത്തെയോ സഭയെയോ രൂപാന്തരപ്പെടുത്തുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ എല്ലാവര്‍ക്കുമുള്ള ഒരു സമൂഹത്തില്‍, ഈ ദൈവവചനം വ്യക്തികളെ തങ്ങളില്‍ തന്നെ രൂപാ ന്തരപ്പെടുത്തുന്നതിനായി ക്ഷണിക്കുന്നു: ’‘നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്.’’ ഈ വാക്കുകള്‍ക്കുശേഷം, ലോകത്തെ രൂപാന്തരപ്പെടുത്തുവാനുള്ള ഒരു ആഹ്വാനം നാം പ്രതീക്ഷി ക്കുമെങ്കിലും, നാം കേള്‍ക്കുന്നത് ‘നിങ്ങള്‍തന്നെ രൂപാന്തരപ്പെടുവിന്‍!’ എന്നാണ്. ലോകത്തെ രൂപാന്തരപ്പെടുത്തുക ആവശ്യമാണ്, എന്നാല്‍, നിങ്ങളെത്തന്നെ ഉള്‍ക്കൊള്ളുന്ന ലോകത്തെ, രൂപാന്തരപ്പെടുത്തുന്നതിനുമുമ്പ്, നിങ്ങളെത്തന്നെ രൂപാന്തരപ്പെടുത്തിയാലെ, നിങ്ങള്‍ക്കു പുറമെ യുള്ള ലോകത്തെ രൂപാന്തരപ്പെടുത്തുന്നതിനു സാധിക്കുകയുള്ളു.  റോമാക്കാര്‍ക്കെഴുതിയ ഈ ലേഖനത്തില്‍ നിന്നെടുക്കപ്പെട്ട ഈ ദൈവവചനം, ഈ വര്‍ഷത്തെ വലിയനോമ്പിന്‍റെ ചൈതന്യം അവതരിപ്പിക്കുന്നു. 

1.  ക്രൈസ്തവരും ലോകവും

നമുക്ക്, ആദ്യമായി ലോകത്തില്‍ നിന്നു വിട്ടുനിന്നുകൊണ്ടുള്ള ഒരു ജീവിതരീതിയെന്ന ആശയ ത്തെക്കുറിച്ചു നോക്കാം.  വര്‍ത്തമാനകാലത്തിലെ ആവശ്യങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിന് കഴിഞ്ഞകാലാനുഭവങ്ങളിലെ കണക്കിലെടുക്കുന്നത് ഉപകാരപ്രദമാണ്.

സമാന്തരസുവിശേഷങ്ങളില്‍ ’‘ലോകം’’ (Greek - kosmos) നന്മതിന്മകളെ സംബന്ധിച്ച് നിക്ഷ്പക്ഷത പുലര്‍ത്തുന്ന ഒരു വാക്കാണ്. അതിന്‍റെ വ്യാപകാര്‍ഥത്തില്‍ ഭൂമിയെയും വിശ്വം മുഴുവനെയും അതു സൂചിപ്പിക്കുന്നു.  എന്നാല്‍ കാലികമായ അര്‍ഥത്തില്‍ അത് ഈ കാലഘട്ടത്തെയും സൂചി പ്പിക്കുന്നുണ്ട്. പൗലോസ്ശ്ലീഹായുടെയും അതിലുമുപരി യോഹന്നാന്‍റെയും ലിഖിതങ്ങളില്‍  ‘ലോകം’’ എന്ന വാക്കിന് ഒരു ധാര്‍മികമാനമുണ്ട്.  അങ്ങനെ, അത്, മിക്കവാറും, പാപം പ്രവേ ശിച്ചതിനുശേഷമുള്ള, സാത്താനടിമപ്പെട്ടുപോയ ലോകത്തെ സൂചിപ്പിക്കുന്നു. പൗലോസ്ശ്ലീഹായുടെ ‘ലോകത്തിന്‍റെ ദേവന്‍’’ (2 കോറി 4,4), എന്ന പ്രയോഗവും യോഹന്നാന്‍റെ ലേഖനത്തിലെ, ’‘ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്.  ആരെങ്കിലും ലോകത്തെ സ്നേഹി ക്കുന്നെങ്കില്‍ പിതാവിന്‍റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല.  എന്തെന്നാല്‍, ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല, പ്രത്യുത ലോകത്തിന്‍റേതാണ്’’ (1 യോഹ 2:15-16) എന്ന വാക്യവും ഈ ആശയമാണ് നല്‍കുന്നത്.

ക്രൈസ്തവര്‍ ഒരിക്കലും, ഈ ലോകം എന്നത്, ദൈവം നല്ലതെന്നു കണ്ട, ദൈവം സ്നേഹിക്കുകയും, വിധിക്കുന്നതിനല്ല, രക്ഷിക്കുന്നതിനായെത്തുകയും ചെയ്തതാണ് എന്ന ദര്‍ശനം നഷ്ടപ്പെടുത്തരുത്. ’‘എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.’’ (യോഹ 3:16). 

യേശു പറയുന്നു, ശിഷ്യര്‍ ’‘ലോകത്തിലാണ് എന്നാല്‍ ലോകത്തിന്‍റേതല്ല’’.  അതുപോലെ, യേശു തന്നെപ്പറ്റി പറയുന്നു, ’‘ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല’’ ’‘എന്നാല്‍ അവര്‍ ലോകത്തിലാണ്’’ (യോഹ 17:11, 16). ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍, അവരുടെ വ്യതിരിക്തമായ സ്ഥാനത്തെക്കുറിച്ച് തികഞ്ഞ അവബോധമുള്ളവരായിരുന്നു ശിഷ്യന്മാര്‍. രണ്ടാംനൂറ്റാണ്ടിന്‍റെ അവസാനത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഒരു അജ്ഞാതഗ്രന്ഥകാരന്‍റെ ‘‘ഡ‍യഗ്നേഷ്യസിനുള്ള ലേഖനം’’ എന്ന ക്രൈസ്തവര്‍ക്ക് ഈ ലോകത്തില്‍ തങ്ങളെക്കുറിച്ചുതന്നെയുള്ള നിലപാടിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.

‘‘ക്രൈസ്തവര്‍ മറ്റു മനുഷ്യരില്‍ നിന്ന്, ദേശത്തിന്‍റെയോ ഭാഷയുടെയോ ആചാരങ്ങളുടെയോ പേരില്‍ വ്യതിരിക്തരല്ല.  അവര്‍ അവര്‍ക്കു സ്വന്തമായി വേര്‍തിരിക്കപ്പെട്ട, പട്ടണങ്ങളില്‍ താമസിക്കുകയോ, അപരിചിത ഭാഷ സംസാരിക്കുകയോ, പ്രാദേശികമല്ലാത്ത ജീവിതരീതി പിന്തുടരുകയോ ചെയ്യുന്നില്ല... എന്നിരുന്നാലും അവരുടെ ജീവിതത്തെക്കുറിച്ച് അസാധാരണമായ എന്തോ ഉണ്ട്. ഏതൊരു രാജ്യവും അവരുടെ മാതൃരാജ്യമാകാം, എന്നിരുന്നാലും ആ മാതൃരാജ്യം അവര്‍ക്കൊരു വൈദേശികമെന്നപോലെയാണ്. മറ്റുള്ളവരെപ്പോലെ, അവര്‍ വിവാഹം ചെയ്യുകയും അവര്‍ക്കു സന്താനങ്ങളുണ്ടാവുകയും ചെയ്യുന്നെങ്കിലും അവര്‍ക്ക് മരണത്തിനടമിയല്ല. അവര്‍ അവരുടെ ആഹാരം പങ്കുവയ്ക്കുന്നു, പക്ഷേ, അവരുടെ ഭാര്യമാരെ പങ്കുവയ്ക്കുന്നില്ല. അവര്‍ ശരീരത്തില്‍ ജീവിക്കുന്നു. എന്നാല്‍ ശാരീരികാഭിലാഷങ്ങളാല്‍ അവര്‍ നയിക്കപ്പെടുന്നില്ല...’’

ലോകത്തോടു സമരസപ്പെടാനാവാത്ത ക്രീസ്തീയവിഭാഗം, ലോകത്തില്‍ നിന്നു നടത്തിയ പലായനം ആത്മീയമായിരുന്നു... എന്നാല്‍ പിന്നീട്, ലോകത്തില്‍നിന്നു വിട്ടുനിന്ന ഒരു വ്യത്യസ്തജീവിതരീതിയ്ക്കു വിവിധ മാനങ്ങളില്‍ ക്രിസ്തീയത സാക്ഷ്യം വഹിച്ചു...

2. ലോകത്തില്‍ നിന്നു പലായനം ചെയ്യുക ( “FUGA MUNDI’’)എന്ന ആശയമുളവാക്കിയ പ്രതിസന്ധി

...ലോകത്തില്‍ നിന്നും മാറിനില്‍ക്കുക എന്ന ജീവിതശൈലി വിവിധ രീതിയിലുള്ള പ്രതികരണങ്ങളുളവാക്കി.  ആശയ തലത്തില്‍, ലൗകികകാര്യങ്ങളെക്കുറിച്ചുള്ള ആവേശത്തിലേക്കും, മറ്റൊരുതരത്തില്‍, മതനിരപേക്ഷതയിലേക്കും നയിച്ചു. ഇക്കാര്യങ്ങള്‍, ലോകത്തെ സംബന്ധിച്ച ഊതിവീര്‍പ്പിച്ച ഒരു ശുഭാപ്തി വിശ്വാസം ഉളവാക്കുന്നതിനും കാരണമായിത്തീര്‍ന്നു.  ‘ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടം’ എന്നത്, ‘ലോകത്തിലേയ്ക്കുള്ള ഒളിച്ചോട്ടം’ എന്ന മറ്റൊരു എതിര്‍മാനത്തിലേയ്ക്കുപോലും എത്തിച്ചേര്‍ന്നു. വൈദിക, സന്യാസജീവിതങ്ങള്‍ ആശ്ലേഷിച്ചവരില്‍ ചിലര്‍ക്കുപോലും ഈ ചിന്ത സ്വീകാര്യമായി. ഈ പശ്ചാത്തലത്തില്‍ യുക്തിരഹിതമായ ചില ദൈവശാസ്ത്ര പഠനങ്ങളും പുറത്തുവരികയുണ്ടായി. 

എങ്കിലും ഇവ ഏറെ നീണ്ടുനിന്നില്ല.  ഈ പ്രതിസന്ധിയുടെ വേരുകളിലേയ്ക്കുള്ള അന്വേഷണം, ദൈവവചനത്തിന്‍റെ സജീവത്വവും സനാതനത്വവും എന്ന ദൈവശാസ്ത്ര വിശകലനത്തിലെത്തി. ഇവിടെ നമുക്കു പൗലോസ്ശ്ലീഹായുടെ ഈ ഉപദേശം ഒരിക്കല്‍ കൂടി ശ്രവിക്കുന്നത് ഉചിതമാണ്.

‘‘നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്, പ്രത്യുത നിങ്ങളുടെ മനസ്സിന്‍റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍.  ദൈവഹിതം എന്തെന്നും; നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും’’ (റോമ 12:2).

പുതിയ നിയമത്തില്‍ നിന്ന് നാം അറിഞ്ഞിട്ടുണ്ട്, ലോകം അനുരൂപപ്പെടുന്നില്ല എന്ന്. ആ ലോകം ദൈവം സൃഷ്ടിച്ചതുപോലെയല്ല. ദൈവം സ്നേഹിക്കുന്നതുപോലെ, ആ ലോകത്തെ നാം സ്നേഹി ക്കുന്നുമില്ല. ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുന്നുവെങ്കില്‍ നാം, മറ്റുള്ളവരെ, പ്രത്യേകിച്ചും പാവപ്പെട്ടവരെയും, തള്ളിക്കളയപ്പെട്ടവരെയും സഹിക്കുന്നവരെയും കണ്ടുമുട്ടുന്ന തിനായി, പുറത്തേയ്ക്കിറങ്ങണം.  സഹിക്കുന്നവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുമായുള്ള കൂടി ച്ചേരല്‍, ലോകത്തില്‍ നിന്നും നമ്മെ വേര്‍തിരിക്കുന്ന ഏറ്റവും നല്ല മാര്‍ഗമാണ്.  അതര്‍ഥമാ ക്കുന്നത്, നാം ഇന്നത്തെ ലോകത്തിന്‍റെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും സ്വാര്‍ത്ഥ കേന്ദ്രീകൃതമായ ശൈലികളില്‍ നിന്നും നമ്മെത്തന്നെ വേര്‍തിരിക്കുന്നുവെന്നാണ്.  നമ്മുടെ മനസ്സിന്‍റെ രൂപാന്തരീക രണം എന്ന വിഷയത്തിലേക്ക് നമ്മു‌ടെ ശ്രദ്ധ തിരിക്കുമ്പോള്‍, ഈ ഒരു ഉപദേശവാക്യം സവിശേഷമാണ്:

നിങ്ങളുടെ ചിന്തകളെക്കുറിച്ച് സൂക്ഷ്മതയുള്ളവരാകുക, എന്തെന്നാല്‍ അവ വാക്കുകളായി മാറു ന്നവയാണ്.  നിങ്ങളുടെ വാക്കുകളെക്കുറിച്ച് സൂക്ഷ്മതയുള്ളവരാകുക, അവ പ്രവൃത്തികളായി മാറുന്നവയാണ്

നിങ്ങളുടെ പ്ര‍വൃത്തികളെക്കുറിച്ച് സൂക്ഷ്മതയുള്ളവരാകുക, എന്തെന്നാല്‍ അവ നിങ്ങളുടെ ശീലങ്ങളായി മാറുന്നവയാണ്. നിങ്ങളുടെ ശീലങ്ങളെക്കുറിച്ച് സൂക്ഷ്മതയുള്ളവരാകുക, എന്തെ ന്നാല്‍ അവ നിങ്ങളുടെ സ്വഭാവമായി മാറുന്നവയാണ്.

നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സൂക്ഷ്മതയുള്ളവരാകുക, എന്തെന്നാല്‍, അത് നിങ്ങളുടെ വിധിയായി മാറുന്നതാണ്.

നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുമുമ്പ് മാറ്റം വരണം, അതായത്, ചിന്തയില്‍. ശരിയായ വിശ്വാസം നമ്മിലുണ്ടായിരിക്കണം.  ലൗകായികത്വത്തിനു വളരെയേറെ കാരണങ്ങളുണ്ടാകാമെങ്കിലും, മുഖ്യമായത്, വിശ്വാസപ്രതിസന്ധിയാണ്.  അതുകൊണ്ടാണ് ക്രിസ്തു തന്‍റെ പരസ്യജീവിതം ഇങ്ങനെ ഉദ്ഘോഷിച്ചുകൊണ്ട് ആരംഭിക്കുന്നത്, ‘‘അനുതപിക്കുക, വിശ്വസിക്കുക’’. വിശ്വാസമെന്നത്, ക്രിസ്ത്യാനിയും ലോകവും തമ്മിലുള്ള ആദ്യയുദ്ധഭൂമിയാണ്...

ലോകമെന്നത്, സുവിശേഷാര്‍ഥത്തില്‍, വിശ്വാസം നിഷേധിക്കുന്നവരുടെ ലോകമാണ്. അതുകൊണ്ട്, പരിശുദ്ധാത്മാവു വരുമ്പോള്‍, തന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചു ബോധ്യപ്പെടുത്തുമെന്ന് യേശു പറയുന്നുണ്ട് (യോഹ 16:8-9).  യോഹന്നാന്‍റെ ലേഖനം, ‘‘ലോകത്തിന്മേലുള്ള നമ്മുടെ വിജയം ഇതാണ്, വിശ്വാസം’’ എന്നും പറയുന്നു (1 യോഹ 5:4). ഈ ലോകം മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആദ്യം ജനങ്ങളെ ഉറക്കത്തിലാഴ്ത്തുകയും അവരുടെ ആത്മീയശക്തി ചോര്‍ത്തിക്കളയുകയും ചെയ്യുന്നു. ഉറക്കമെന്നത് തികച്ചും മാധുരമായി അവര്‍ക്കു തോന്നുന്നു. അതുകൊണ്ട്, ഈ അവസ്ഥയ്ക്ക് പരിഹാരം ഉറങ്ങുന്നവന്‍റെ ചെവിയില്‍, ‘‘ഉണരുക’’ എന്ന് ഉച്ചത്തില്‍ വിളിച്ച് ഉണര്‍ത്തുകയാണ്. അതുകൊണ്ടാണ് ദൈവവചനം ‘‘ഉറങ്ങുന്നവനേ ഉണരുക’’ (എഫേ 5:14) എന്നും, ‘‘ഇത് നിദ്രവിട്ടുണരേണ്ട സമയമാണല്ലോ’’ (റോമ 13:11) എന്നും ആവര്‍ത്തിച്ച് ഉദ്ഘോഷിക്കുന്നത്.  ഇതുതന്നെയാണ് സഭ വലിയനോമ്പുകാലാരംഭത്തില്‍ നമ്മോടും പറയുക.

3.  ഈ ലോകത്തിന്‍റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു

ഒരു ക്രിസ്ത്യാനി ഈ ലോകത്തിനു അനുരൂപനാകരുത്, എന്നതിന്‍റ കാരണത്തെക്കുറിച്ച് നാം ചോദിക്കുകയാണെങ്കില്‍.  അതിന്‍റെ കാരണം, ജീവതത്വശാസ്ത്രപരമല്ല, മറിച്ച് യുഗാന്ത്യോന്മുഖശാസ്ത്ര പരമാണ് എന്ന ഉത്തരമാണ് ലഭിക്കുക...  വി. ലിഖിതങ്ങള്‍ ഇതിനു കാരണം പറയുന്നത് ഇങ്ങനെയാണ്: ‘‘ഈ ലോകത്തിന്‍റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു’’ (1 കോറി 7:31), ‘‘ലോകവും അതിന്‍റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേയ്ക്കും നില നില്‍ക്കുന്നു’’ (1 യോഹ 2:17).

നമുക്ക് ഇവിടെ ഒരു നിമിഷം നിശ്ചലരായിരുന്ന് ഈ വാക്കുകളുടെ സത്യത്തെക്കുറിച്ചു ബോധ്യമുള്ളവരാകാം.

ജീവിതം, ടിവി സ്ക്രീനില്‍ തെളിയുന്ന പരിപാടികള്‍ക്കു സമാനമാണ്.  അവ ഒന്നൊന്നായി കാണപ്പെടുന്നു, പിന്നാലെ വരുന്ന പരിപാടി മുമ്പുണ്ടായിരുന്നതിനെ നീക്കിക്കളയുന്നു. എങ്കിലും ടിവി സ്ക്രീന്‍ അതേപോലെ തന്നെ നിലനില്‍ക്കുന്നു, ഓരോ പരിപാടിയും അതിന്‍റെ ചിത്രങ്ങളും മാറിക്കൊണ്ടിരിക്കുന്നതുപോലെ, ലോകം നിലനില്‍ക്കുന്നു, നാമോരോരുത്തരും ഒന്നിനു പിറകെ മറ്റൊന്നെന്നപോലെ വരികയും അവിടം ഉപേക്ഷിച്ചുപോവുകയും ചെയ്യുന്നു.  പേരുകളും, മുഖങ്ങളും, വാര്‍ത്തകളും തുടങ്ങി,  പ്രക്ഷേപണം ചെയ്യുന്നവയെല്ലാം, കുറച്ചു നാളത്തേയ്ക്ക് ഓര്‍മിക്കപ്പെട്ടേക്കാം...

ഏശയ്യായുടെ ഗ്രനഥത്തില്‍ നാം വായിക്കുന്നു: ‘‘വിശക്കുന്നവന്‍, ഭക്ഷിക്കുന്നതായി സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ വിശക്കുന്നവനെപ്പോലെയും, കുടിക്കുന്നതായി സ്വപ്നംകണ്ടിട്ട്, വരണ്ടതൊണ്ടയുമായി ഉണരുന്നവനെപ്പോലെയും’’ ആകും (29,8) . സമ്പത്തും, പദവികളും മഹത്വും ഒരു സ്വപ്ന മല്ലാതെ മറ്റെന്താണ്? വി. അഗസ്റ്റിന്‍, വിശദീകരിക്കുന്നതുപോലെയാണത്: ''ഒരു ഭിക്ഷക്കാരന്‍ ഒരു രാത്രിയില്‍ മനോഹരമായ ഒരു സ്വപ്നം കണ്ടു.  തനിക്കു വലിയ ഒരു ഓഹരി ലഭിച്ചു.  താന്‍ വളരെ മനോഹരമായി വസ്ത്രം ധരിച്ചിരിക്കുന്നു, തനിക്കു ചുറ്റും സ്വര്‍ണവും വെള്ളിയും ഇഷ്ടംപോലെ, താന്‍ വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയും ഉടമയായിരിക്കുന്നു.  അഹങ്കാരം നിറഞ്ഞ് അവന്‍ തന്‍റെ സ്വന്തം പിതാവിനെ പുച്ഛിക്കുകയും അറിയുകയില്ലെന്നു നടിക്കുകയും ചെയ്തു... എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോള്‍ അവന്‍ ഉറങ്ങിയപ്പോള്‍ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ കാണപ്പെട്ടു''.  ജോബ് പറയുന്നു:  ‘‘അമ്മയുടെ ഉദരത്തില്‍ നിന്നു നഗ്നനായി ഞാന്‍ വന്നു.  നഗ്നനായി ഞാന്‍ പിന്‍വാങ്ങും’’ (ജോബ് 1:21)..  ഇന്നത്തെ ശതകോടീശ്വരന്മാര്‍ അവരുടെ അധികാരത്താലും പണത്തിന്‍റെ ശക്തിയാലും ലോകത്തെ വിറപ്പിച്ചേക്കാമെങ്കിലും അവര്‍ക്കും ഇതുതന്നെയാണ് സംഭവിക്കുക. ഒരു മനുഷ്യവ്യക്തി വിശ്വാസത്തിന്‍റെ അവസ്ഥയില്‍ നിന്നു നീക്കം ചെയ്യപ്പെട്ടാല്‍, മറ്റൊരു തിരയാല്‍ നീക്കം ചെയ്യപ്പെട്ടുപോകുന്ന ആദ്യതിരയുടെ അവസ്ഥയാണ്.

പൗരാണികര്‍ ലൗകികമായവയില്‍ നിന്നുള്ള ഉപവാസം വിജയകരമെന്നു കണ്ടപ്പോള്‍, നമുക്ക് ലൗകികബിംബങ്ങളില്‍ നിന്നുള്ള ഉപവാസം ആവശ്യമായിരിക്കുന്നു. ഒരുകാലത്ത്, ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസം വളരെ ഫലപ്രദവും ആവശ്യകവുമായിരുന്നെങ്കില്‍, ഇന്ന് അതല്ല അവസ്ഥ.  ഇന്ന് അത്തരം ഉപവാസങ്ങള്‍ മികച്ചൊരു ശരീരം ആഗ്രഹിച്ചുകൊണ്ടു  വ്യക്തികള്‍ എടുക്കാറുണ്ട്. എന്നാല്‍, നമുക്ക് ഇന്ന് ഇവയോടു കൂട്ടിച്ചേര്‍ക്കാന്‍ ധാരാളം ഉപവാസങ്ങളുണ്ട്. ‘‘ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിങ്ങനെ പിതാവിന്‍റേതല്ലാത്ത, ലോകത്തിന്‍റേതായ’’ (1 യോഹ 2:15-16) എല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഉപവാസങ്ങള്‍ ഇവയോടു കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ദാവീദുരാജാവ് വീണു പോയത് നമുക്കോര്‍മിക്കേണ്ടതുണ്ട്...

അവിശുദ്ധപ്രതിബിംബങ്ങള്‍ നമ്മുടെ വികാരങ്ങളെ ശല്യപ്പെടുത്തുമ്പോള്‍, നമ്മുടെ അവിവേകത്താലോ, ലൗകികതാല്പര്യത്താലോ നാം നമ്മുടെ കണ്ണുകള്‍ക്കു മുമ്പിലുള്ള ബിംബങ്ങളെ അനുഗമിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍, സര്‍പ്പങ്ങളാല്‍ ദംശിക്കപ്പെട്ട ഇസ്രായേല്യരുടെ പ്രവൃ ത്തി നമുക്ക് അനുകരിക്കാം.  നമുക്ക് കുരിശിലുയര്‍ത്തപ്പെട്ട ക്രിസ്തുവിനെ നോക്കാം. ‘‘മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ടാ കേണ്ടതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു’’ (1 യോഹ 3:14-15.) ...  

ഈ ലോകത്തില്‍ നിന്ന് പിതാവിന്‍റെ പക്കലേയ്ക്കുള്ള കടന്നുപോകലാണ് ഈസ്റ്റര്‍ ആചരണം എന്ന് വി. അഗസ്റ്റിന്‍ പ്രബോധിപ്പിക്കുന്നത് ഉദ്ധരിച്ചുകൊണ്ട്, ഒരിക്കലും കടന്നുപോകാത്തതിലേക്കുള്ള കടന്നുപോക്കാണ് പെസഹാ എന്ന് അനുസ്മരിപ്പിച്ചുകൊണ്ട്, നല്ല നോമ്പുകാലം ആശംസിച്ച് ഫാ. റനിയേരോ കാന്തലമേസ്സ തന്‍റെ വലിയനോമ്പുകാലത്തിലെ ആദ്യപ്രഭാഷണം ഉപസംഹരിച്ചു.








All the contents on this site are copyrighted ©.