സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

കലാകാരന്മാരുടെ കഴിവുകള്‍ ഉത്തരവാദിത്വവും ദൗത്യവും-പാപ്പാ

ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത പ്രകൃതി സൗന്ദര്യം - ANSA

24/02/2018 12:32

കലാകാരന്മാര്‍ക്ക് ലഭിച്ചിട്ടുള്ള കഴിവുകള്‍ അവര്‍ക്ക് ഒരു ഉത്തരവാദിത്വവും ദൗത്യവും ആണെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.

ചിത്രാകരന്മാരും കവികളും സംഗീതജ്ഞരും ശില്പികളും, നടീനടന്മാരും നര്‍ത്തകരും ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വാസ്തുശില്പികളും തുടങ്ങിയ കലാകാരന്മാര്‍ അംഗങ്ങളായുള്ളതും ഫ്രാന്‍സില്‍ സ്ഥാപിതവുമായ “ദിയക്കൊണിയ ദെല്ല ബൊത്തെ” (DIACONIA DE LA BEAUTE’) അഥവാ “സൗന്ദര്യ ശുശ്രൂഷ” എന്നറിയപ്പെടുന്ന ആദ്ധ്യാത്മികസ്വഭാവമുള്ള സംഘടന റോമില്‍ ഈ മാസം 18-25 വരെ സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ചായോഗത്തില്‍ സംബന്ധിക്കുന്ന ഈ സംഘടനയുടെ പ്രതിനിധികളായ നാല്പതോളം പേരെ ശനിയാഴ്ച (24/02/18) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജീവിതമേന്മ എന്തെന്നു മനസ്സിലാക്കാനുള്ള നൂതനമായ ഒരു ശൈലി, ഉപഭോഗാസക്തിക്കടിമയാകാതെ ആനന്ദിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്ന പ്രവാചകപരവും ധ്യാനാത്മകവും ആയ ഒരു ശൈലി അവതരിപ്പിക്കാന്‍ കലാകാരന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

ക്ഷണികമായ മഹത്വത്തിന്‍റെയും കുറുക്കുവഴിയിലൂടെയുള്ള ജനസമ്മിതിയുടെയും, വ്യക്തിപരമായ നേട്ടങ്ങളുടെയും പിന്നാലെ പരക്കം പായാതെ കാലാകരന്മാര്‍ പ്രവര്‍ത്തിക്കണമെന്നും പാപ്പാ പറഞ്ഞു.

മനുഷ്യവ്യക്തിയുടെ ശ്രേഷ്ഠമായ ഔന്നത്യത്തെ അംഗീകരിക്കുന്നതായ പാരിസ്ഥിതികപരിവര്‍ത്തനത്തിനു സംഭാവനയേകത്തക്കവിധം സ്വന്തം കഴിവുകള്‍ കലാകാരന്മാര്‍ വികസിപ്പിച്ചെടുക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ അപരനോടുള്ള ഭീതിയാല്‍ നിരവധി മതിലുകള്‍ കെട്ടിഉയര്‍ത്തപ്പെടുന്ന ഒരു ലോകത്തില്‍ സൗന്ദര്യ ശുശ്രൂഷ”യിലൂടെ സമാഗമ സംസ്കൃതി പരിപോഷിപ്പിക്കാനും വ്യക്തികള്‍ക്കും  ജനതകള്‍ക്കും ഇടയില്‍ സേതുബന്ധങ്ങള്‍ തീര്‍ക്കാനും അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

കലാകാരന്‍ സൗന്ദര്യവുമായി സവിശേഷമായ ഒരു ബന്ധം ജീവിക്കുന്നു എന്ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാ കലാകാരന്മാര്‍ക്കെഴുതിയ കത്തില്‍ കുറിച്ചിരിക്കുന്നത് ഫ്രാന്‍സീസ് പാപ്പാ അനുസ്മരിക്കുകയും ചെയ്തു.

പ്രാര്‍ത്ഥന, സാക്ഷ്യം, പരിശീലനം, ഐക്യദാര്‍ഢ്യം, കലാകാരന്മാരുടെ ഭവന നിര്‍മ്മിതിയും കാലാപരിപാടികളും എന്നിവയാണ് “ദിയക്കൊണിയ ദെല്ല ബൊത്തെ” എന്ന സംഘടനയെ താങ്ങി നിറുത്തുന്ന അഞ്ചു സ്തംഭങ്ങള്‍.

24/02/2018 12:32