2018-02-22 17:56:00

നവീകരണം പ്രഥമതഃ ആത്മീയമാവണം


ഫെബ്രുവരി 26-മുതല്‍ 28-വരെ 9 അംഗകര്‍ദ്ദിനാള്‍ സംഘം സംഗമിക്കും.

നവീകരണം പ്രഥമതഃ ആത്മീയമാവണമെന്ന് ബിഷപ്പ് മര്‍ചേലോ സെമെറാവോ സഭാ നവീകരണത്തിനായുള്ള (സി9) ഒന്‍പത് അംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറി പ്രസ്താവിച്ചു. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് 2013-ല്‍ തുടക്കമിട്ട സഭാ നവീകരണപദ്ധതിയാണ് സി9 കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ തുടരുന്നത്. വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗങ്ങളുടെ (Dycasteries) നവീകരണപദ്ധതികളുടെ ചര്‍ച്ചകള്‍ അതിന്‍റെ അവസാനഘട്ടത്തില്‍ എത്തിയിട്ടുണ്ട്. പൂര്‍ത്തിയാക്കിയിട്ടുള്ളവ പുനര്‍പരിശേധിക്കാനും, നേടിയകാര്യങ്ങള്‍ വിലയിരുത്താനും പാപ്പാ ഫ്രാന്‍സിസിനോടൊപ്പമുള്ള ആസന്നമാകുന്ന ചര്‍ച്ചായോഗങ്ങള്‍ ക്രമപ്പെടുത്തിയിട്ടുണ്ടെന്ന് ബിഷപ്പ് സെമെറാവോ വത്തിക്കാന്‍ വാര്‍ത്ത വിഭാഗവുമായി നടത്തിയ അഭിമുഖത്തില്‍ അറിയിച്ചു.

ഫെബ്രുവരി‍ 26-മുതല്‍ 28-വരെ തിയതികളിലാണ് സി9 കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നവീകരണപദ്ധതികളുടെ തുടര്‍ചര്‍ച്ചകള്‍. അരീച്ചയിലെ ധ്യാനകേന്ദ്രത്തിലെത്തി പാപ്പായുമായി നടന്ന ഹ്രസ്വകൂടിക്കാഴ്ചയില്‍ പങ്കുവച്ച കാര്യങ്ങളും അഭിമുഖത്തില്‍ സ്ഥലത്തെ മെത്രാനായ ബിഷപ്പ് സെമെറാവോ പങ്കുവച്ചു.  ആത്മീയ നവീകരണവും ധ്യാനവും എന്നും തുടരേണ്ടതാണ്. അത് അനിവാര്യവുമാണ്. നവീകരണത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നത് സഭാ സ്ഥാപനങ്ങളെ അതിന്‍റെ യഥാര്‍ത്ഥ സാഹചര്യത്തിലും യഥാര്‍ത്ഥ ആത്മീയ ലക്ഷ്യങ്ങളിലും നിലനിര്‍ത്തുകയാണ്. നവീകരണത്തില്‍ പ്രസ്ഥാനങ്ങളുടെ ഘടനയില്‍ മാറ്റവരുത്തുകയാണ്. അത് ആവശ്യമാണ്. എന്നാല്‍ സ്ഥായിയായ മാറ്റമുണ്ടാകേണ്ടത് മനോഭാവത്തിലാണ്. പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച സുവിശേഷ സന്തോഷം (Evangelii Gaudium) എന്ന  അപ്പസ്തോലിക പഠനത്തിന്‍റെ ചുവടുപിടിച്ചും മാറ്റങ്ങളും നവീകരണവും സഭയില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. സഭയൊരു പ്രേഷിതയാണ്. അതിനാല്‍ പ്രസ്ഥാനത്തിന്‍റെ ഘടനയ്ക്കും, സ്ഥാപനവത്കൃത സംവിധാനങ്ങള്‍ക്കും ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കാനുള്ള പ്രേഷിതത്ത്വമാണ് നവീകരണത്തിന്‍റെ മുന്നില്‍ കാണേണ്ടത്. രണ്ടാമതായി സഭയുടെ ശുശ്രൂഷാദൗത്യവും കൂടുതല്‍ സ്പഷ്ടമാക്കുകയെന്നതും നവീകരണത്തിന്‍റെ ലക്ഷ്യമാണെന്ന ചിന്തയും പാപ്പായുമായുള്ള അരീച്ചയിലെ കൂടിക്കാഴ്ചയില്‍ ലഭിച്ചതായി, ബിഷപ്പ് സെമെറാവോ അഭിമുഖത്തില്‍ വ്യക്തമാക്കി.

വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിന് ഫെബ്രുവരി 22-Ɔο തിയതി വ്യാഴാഴ്ച നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറി, ബിഷപ്പ് സെമെറാവോ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.








All the contents on this site are copyrighted ©.