2018-02-21 09:14:00

''അന്വേഷണത്തിനുത്തേജിപ്പിക്കുന്ന ദാഹം'': പാപ്പായുടെ 3-ാംദിനധ്യാനം


ഫ്രാന്‍സീസ് പാപ്പായും കൂരിയ അംഗങ്ങളും അരീച്ചയിലെ ദിവ്യഗുരുവിന്‍റെ നാമത്തിലുള്ള ഭവനത്തില്‍ മൂന്നാം ദിന ധ്യാനത്തിലേയ്ക്കു പ്രവേശിച്ചു.  ''എനിക്കു കുടിക്കാന്‍ തരിക'' എന്ന് യേശു സമരിയാക്കാരി സ്ത്രീയോട് ആവശ്യപ്പെടുന്ന നാലാം സുവിശേഷത്തിലെ വചനഭാഗം അടിസ്ഥാനമാക്കി, ദാഹത്തെക്കുറിച്ചുള്ള ദൈവശാസ്ത്രവിചിന്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു 20-ാംതീയതി ചൊവ്വാഴ്ച രാവിലെ 9 മണിയോടുകൂടി ആരംഭിച്ച ധ്യാനപ്രഭാഷണം.

പോര്‍ച്ചുഗീസുകാരനായ ധ്യാനഗുരു, ഫാ. ജോസെ തൊളെന്തീനോ തന്‍റെ നാലാം പ്രഭാഷണത്തില്‍ ഇങ്ങനെ ധ്യാനചിന്തകള്‍ നല്‍കി: ''ദാഹം അതു നമ്മെ ഒരിക്കലും രോഗിയാക്കുന്നില്ല.  അത് നമ്മെ അന്വേഷണത്തിനുത്സുകരാക്കുന്നു.  എന്നാല്‍, ഈ ദാഹമില്ലെങ്കില്‍ നാം തുറവിയില്ലാത്തവരായിത്തീരുന്നു, മന്ദോഷ്ണതയിലാകുന്നു.  നമ്മുടെ ജീവിതത്തില്‍ ദാഹം അസ്തമിച്ചാല്‍, നാം അലസരായിത്തീരുകയും രോഗിയായിത്തീരുകയും ചെയ്യും... ആവശ്യങ്ങള്‍ ഇല്ലാത്തവരാകുക എന്നതിനെ സൂചിപ്പിക്കുന്ന ഗ്രീക്കു പദം അസ്കേദിയ, നിസ്സംഗതയെയും, സാന്നിധ്യാവബോധമില്ലായ്മയെയും താല്‍പ്പര്യമില്ലായ്മയെയും ധ്വനിപ്പിക്കുന്നുണ്ട്.  അവിടെ ജീവിതത്തിനു രുചി നഷ്ടപ്പെടുകയാണ്.  ഒരുതരത്തില്‍ പറഞ്ഞാല്‍ ദാഹമില്ലാത്ത ജീവിതം മരണത്തിനു തുല്യമാണ്.''  

തിങ്കളാഴ്ച വൈകുന്നേരം നല്‍കിയ മൂന്നാംപ്രഭാഷണത്തില്‍, ദാഹം നമുക്ക് അനുഭവവേദ്യമാകുന്നില്ലെങ്കില്‍, നമ്മുടെ ആത്മീയതയ്ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത അവസ്ഥയാണുളവാകുക എന്ന് അദ്ദേഹം സൂചിപ്പിച്ചു.  ഏശയ്യായുടെ വചനം അദ്ദേഹം ഉദ്ധരിച്ചു: ''മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു.  അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു.  അതു സസ്യങ്ങള്‍ മുളപ്പിച്ചു ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു'' (ഏശ 55:10).  ഇതു യഥാര്‍ഥത്തിലുള്ള രൂപാന്തരീകരണത്തെ വിശദമാക്കുന്ന വചനമാണ്.  ജലം പ്രവേശിക്കാനാവാത്ത വിധത്തില്‍ നാം അടഞ്ഞുപോയവരാണെങ്കില്‍, നമ്മുടെ ദാഹം നമുക്കു തിരിച്ചറിയാനാവില്ല എന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

നോമ്പുകാലത്തിലെ ആദ്യഞായറാഴ്ചയില്‍ (18-02-2018) ആരംഭിച്ച ധ്യാനം 23-ാംതീയതി വെള്ളിയാഴ്ചയാണ് സമാപിക്കുക.








All the contents on this site are copyrighted ©.