2018-02-19 18:58:00

സ്രഷ്ടാവിനെ വാഴ്ത്താം ! പ്രകീര്‍ത്തിക്കാം!!


നൂറ്റിനാല്പത്തി ഏഴാം (147) സങ്കീര്‍ത്തനപഠനത്തിന്‍റെ തുടര്‍ച്ചയാണിന്ന്!

അതിന്‍റെ മൂന്നാമത്തെ ഖണ്ഡമാണിത്! ആകെ 20 പദങ്ങളുള്ള സങ്കീര്‍ത്തനത്തിന്‍റെ 1-മുതല്‍ 12-വരെയുള്ള പദങ്ങളുടെ വ്യാഖ്യാനം കഴിഞ്ഞ രണ്ടു പ്രക്ഷേപണങ്ങളിലായി കണ്ടതാണ്. എപ്രകാരം 147-Ɔ൦ സങ്കീര്‍ത്തനം മനോഹരമായൊരു സ്തുതിപ്പാണെന്ന വസ്തു ചുരുളഴിയുകയാണ് അതിലെ ഒരോ പദങ്ങളും! മാത്രമല്ല, ഒരു ജനത്തിന്‍റെ ദൈവാന്വേഷണമാണ് പദങ്ങളില്‍ വെളിപ്പെട്ടു കിട്ടുന്നത്. വഴിതെറ്റിപ്പോകുമ്പോള്‍, അല്ലെങ്കില്‍ പരദേശവാസം അനുഭവിക്കുമ്പോള്‍... അതുമല്ലെങ്കില്‍ ജീവിതത്തിന്‍റെ പ്രതിസന്ധികളിലും ക്ലേശപൂര്‍ണ്ണമായ സാഹചര്യങ്ങളിലും എപ്രകാരം മനുഷ്യഹൃദയങ്ങള്‍ ദൈവത്തെ തേടുന്നു എന്നാണ് പദങ്ങള്‍ പഠിപ്പിക്കുന്നത്. പിന്നെ അവിടുത്തെ സന്നിധി പ്രാപിക്കുമ്പോഴുള്ള സ്തുതിപ്പിന്‍റെ വികാരം പദങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. അനുദിന ജീവിതത്തില്‍ ദൈവസന്നിധി പ്രാപിക്കാനും, കര്‍ത്താവിന്‍റെ ഭവനത്തില്‍ ആയിരിക്കുവാനുമുള്ള മനുഷ്യന്‍റെ തീവ്രമായ ആഗ്രഹമാണ് പദങ്ങള്‍ വെളിപ്പെടുത്തി തരുന്നത്. ബാബിലോണിയന്‍ വിപ്രവാസത്തില്‍നിന്നും തിരിച്ച് ജരൂസലേമില്‍ കര്‍ത്താന്‍റെ ആലയത്തില്‍ പ്രവേശിക്കുന്ന ജനം ദൈവത്തെ സ്തുതിച്ചു പാടുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും...

Musical Version of Ps. 147 
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ, എന്നും പുകഴ്ത്തുക!

സ്രഷ്ടാവും പ്രപഞ്ചദാതാവും രക്ഷിതാവുമായ ദൈവത്തെ ആനന്ദാരവത്തോടെ പ്രകീര്‍ത്തിക്കുന്ന സമ്പൂര്‍ണ്ണ സ്തുതിപ്പിന്‍റെ - പ്രഘോഷിക്കാനുള്ള മൂന്നാമത്തെ ആഹ്വനം ചൂണ്ടിക്കാണിക്കുന്ന 12-Ɔമത്തെ പദത്തോടെ ഗീതത്തിന്‍റെ പഠനം നമുക്ക് തുടരാം.
വളരെ വ്യക്തമായി ആമുഖപഠനത്തില്‍ കണ്ടതാണ് – 20 പദങ്ങളുള്ള ഗീതത്തിലെ 1, 7, 12 വരികള്‍ സ്തുതിപ്പിനുള്ള ആഹ്വാനങ്ങള്‍ ഘട്ടംഘട്ടമായി നല്കുന്നു. ആദ്യത്തേത്, ഒന്നാമത്തെ പദംതന്നെ! - ദൈവം ഇസ്രായിലിനെ അല്ലെങ്കില്‍ സിയോനെ സംരക്ഷിക്കുന്നവനാകയാല്‍ അവിടുത്തെ സ്തുതിക്കണം, പുകഴ്ത്തണം എന്നതാണ്. രണ്ടാമത്തെ ആഹ്വാനം 7-Ɔമത്തെ പദത്തിലാണ്. അവിടെ പ്രകൃതിയും പ്രപഞ്ചവും നല്കി, അതിനെ പരിപാലിക്കുന്നവനെ സ്തുതിക്കാനുള്ള ആഹ്വാനമാണ്. ഇനി, 12-Ɔമത്തെ പദം വെളിപ്പിടുത്തുന്ന  മൂന്നാം ഘട്ടത്തില്‍ –സമാധാനം ജനത്തിന് നല്കുന്ന ദൈവത്തെ, സമാധാനദാതാവായ ദൈവത്തെ സ്തുതിക്കാനുള്ള ആഹ്വനമാണിത്.

ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
സിയോനേ, നിന്‍റെ ദൈവത്തെ പുകഴ്ത്തുക!

നാം കണ്ട സ്തുതിപ്പിനുള്ള വിളികള്‍, ഭാരതീയ സംഗീതശാസ്ത്രത്തിലെ മുറപ്രകാരം ഒരു ഗീതത്തിന്‍റെ, അല്ലെങ്കില്‍ കീര്‍ത്തനത്തിന്‍റെ ആവര്‍ത്തിക്കപ്പെടുന്ന “പല്ലവി”യെന്നാണ് അറിയപ്പെടുന്നത്. പറയാറുള്ളത്, 1, 7, 12 പദങ്ങള്‍ 147-‍Ɔ൦ സങ്കീര്‍ത്തനത്തില്‍ രചയിതാവ് ഉള്‍ച്ചേര്‍ത്തിരിക്കുകയാണ്. പല്ലവി പാടിയിട്ട് തുടര്‍ന്നുള്ള ചരണങ്ങളില്‍ സ്തുതിപ്പിന്‍റെ കാരണങ്ങള്‍ വ്യക്തമാക്കുന്നു. സ്തുക്കാനുള്ള ആഹ്വാനം നല്ക്കുന്ന ഗായകന്‍, 12-ഉം 13-ഉം വരികളില്‍ ഉടനെ തന്നെ സ്തുതിപ്പിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുന്നത് നമുക്ക് കാണാം.

 Recitation V.12
സിയോനേ, നിന്‍റെ ദൈവത്തെ പുകഴ്ത്തുക!
കാരണം, അവിടുന്നു തന്‍റെ കവാടങ്ങളുടെ
ഓടാമ്പലുകളെ ബലപ്പെടുത്തുന്നു.
തന്‍റെ മക്കളെ അവിടുന്നു സംരക്ഷിക്കുന്നു!


നെഹേമിയായുടെ കാലത്താണ് കര്‍ത്താവിന്‍റെ ആലയമായ ജരൂസലത്തെ തകര്‍ന്നുപോയ കോട്ടയും ഭിത്തിയും ബലപ്പെടുത്തിയത്. പിന്നെ കോട്ടയുടെ കമാനങ്ങള്‍ക്ക് വലിയ ഓടാമ്പലുകള്‍വച്ച് ബലപ്പെടുത്തിയെന്നും സങ്കീര്‍ത്തന്‍ കുറിക്കുന്നത് ചരിത്രമാണ്. ഹക്കാലിയയുടെ പുത്രന്‍, നെഹേമിയ പേര്‍ഷ്യന്‍ രാജാവിന്‍റെ ഗവര്‍ണറായി  ജോലിചെയ്യുകയായിരുന്നു. അത് ക്രിസ്തുവിനുമുന്‍പ് 500 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരുന്നു.  എന്നാല്‍ ജരൂസലത്തിന്‍റെ അവസ്ഥ അറിഞ്ഞ് നെഹേമിയ ദുഃഖിതനായി. തന്‍റെ വിശ്വസ്ത സേവകന്‍റെ ദൈവവിശ്വാസത്തിന്‍റെ വേദന കണ്ടിട്ട് അന്നത്തെ ബാബിലോണിയന്‍ രാജാവായ അര്‍ത്താക്-സെര്‍ക്സെസ് മനസ്സലിഞ്ഞത്ര!. രാജിവന്‍റെ അനുവാദത്തോടും പിന്‍തുണയോടും കൂടിയാണ് ജരൂസലം ദേവാലയത്തിന്‍റെ പുനരുത്ഥാരണത്തിനായി നെഹേമിയ ഇറങ്ങിപ്പുറപ്പെട്ടത്. ദേവാലയം മാത്രമല്ല, അതിന്‍റെ മതിലുകളമെല്ലാം നെഹേമിയ ചുറ്റിനടന്നു പരിശോധിച്ചു. അതിന്‍റെ വാതിലുകളും ഓടാമ്പലുകളും അദ്ദേഹം ബലപ്പെടുത്തി. പിന്നെ ജരൂസലത്ത് അദ്ദേഹം നവീകരണങ്ങള്‍ നടപ്പാക്കി.

നെഹേമിയയുടെ ഗ്രന്ഥം (13, 31) അവസാനിക്കുന്ന വാക്യത്തില്‍നിന്നും നമുക്ക് സങ്കീര്‍ത്തകന്‍റെ സ്തുതിപ്പിന്‍റെ കാരണങ്ങളും, ഒപ്പം ചരിത്രവും വെളിപ്പെട്ടു കിട്ടുന്നത് ശ്രദ്ധിക്കാം. നെഹേമിയായുടെ ഗ്രന്ഥമാണ് അത് വിവരിക്കുന്നത്.

Nehemiah 13, 31
നവീകരണം പൂര്‍ത്തിയായപ്പോള്‍,
നിശ്ചിത സമയത്ത് വിറകും ആദ്യഫലങ്ങളും
അര്‍പ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി.
എന്‍റെ ദൈവമേ, എന്നെ എന്നും ഓര്‍മ്മിക്കണമേ!
അങ്ങെന്നെ ഓര്‍മ്മിക്കണമേ!

ബാഹ്യമായ പണികള്‍ നെഹേമിയ ചെയ്തുവെങ്കില്‍, അല്ലെങ്കില്‍ മനുഷ്യര്‍ ചെയ്യുമ്പോള്‍ ദൈവമായ കര്‍ത്താവാണ് ജരൂസലത്തെ ബലപ്പെടുത്തുന്നതും, അതിന്‍റെ ആന്തരിക ചൈതന്യമെന്നും സങ്കീര്‍ത്തകന്‍ പരാമിര്‍ശിക്കുന്നത് ശ്രദ്ധേയമാണ്. (സങ്കീ. 127, 1).

കര്‍ത്താവു ഭവനം പണിയുന്നില്ലെങ്കില്‍
പണിക്കാരുടെ അദ്ധ്വാനം വ്യര്‍ത്ഥമാണ്.
കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍
കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യര്‍ത്ഥമല്ലോ!

സങ്കീര്‍ത്തകന്‍റെ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും വാക്കുകള്‍ പദങ്ങളില്‍ വളരെ വ്യക്തമാണ്. അതിനാല്‍ നമുക്കു പറയാം, മനുഷ്യജീവിതത്തിന്‍റെ ചരിത്രസംഭവങ്ങളില്‍ പ്രകാശിതമാകുന്ന വെളിപാടുകള്‍ ദൈവസ്നേഹത്തിന്‍റെയും പരിപാലനയുടെയും അദൃശ്യമായ ദൈവകരങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നമുക്ക് കാലികമായി ഉള്‍ക്കൊള്ളാവുന്ന സന്ദേശമാണ്. ദൈവം ഇന്നും തന്‍റെ ജനത്തെ, നവഇസ്രായേലിനെ കാക്കുന്നു, ഇന്നും പരിരക്ഷിക്കുന്നു. ദൈവത്തിന്‍റെ പരിലാളന ഇന്നും അവിടുത്തെ മന്ദിരത്തിനുമേല്‍ പതിക്കുന്നു. അവിടുത്തെ സ്നേഹം അസ്തമിക്കുന്നില്ല!

Musical Version Ps. 147
ജരൂസലേമേ, കര്‍ത്താ വിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക! (2)
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക
സിയോനെ ദൈവത്തെ എന്നും പുകഴ്ത്തുക
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ
അവിടുന്നു ബലപ്പെടുത്തുന്നു
.
           -ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക....

ഇനി നമുക്ക് ഗീതത്തിന്‍റെ 14-Ɔ൦മത്തെ പദം പരിശോധിക്കാം. കര്‍ത്താവാണ് സമാധാനദാതാവ് എന്ന ആശയമാണ് ഈ പദം നല്കുന്നത്.

കര്‍ത്താവു നിന്‍റെ അതിര്‍ത്തികളില്‍
സമാധാനം സ്ഥാപിക്കുന്നു.
അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു
നിന്നെ തൃപ്തനാക്കുന്നു.


മനസ്സമാധാനം, ഹൃദയത്തിന്‍റെ സന്തുലിതാവസ്ഥ, സാമൂഹ്യസുസ്ഥിതി, സമ്പല്‍സമൃദ്ധി ഇവയെല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന് സങ്കീര്‍ത്തകന്‍ ഉറപ്പിച്ചു പ്രസ്താവിക്കുന്നു. ദൈവജനം അന്ന് ജരൂസലേം പുനര്‍പ്രതിഷ്ഠിച്ചപോലെ, ഇന്നു നമുക്കും പറയാം ദൈവം തന്‍റെ ജനത്തെ ഇന്നും പരിപാലിക്കുന്നു, നവീകരിക്കുന്നുവെന്ന്. ദൈവം പ്രപഞ്ചത്തെയും പ്രകൃതിയെയും നവീകരിക്കും നയിക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് ഇസ്രായേലിനെപ്പോലെ നാമും പുനര്‍പ്രതിഷ്ഠിക്കപ്പെടണം, നവീകരിക്കപ്പെടണം.

ഉല്പത്തി പുസ്തകത്തില്‍ യാക്കോബിന്‍റെ മല്‍പ്പിടുത്തത്തെക്കുറിച്ചു നാം വായിക്കുന്നു (ഉല്പത്തി 32, 24-31). പിതൃഗേഹത്തിലേയ്ക്കു തിരിക്കുന്ന യാക്കോബ് ദൈവവുമായി മല്‍പിടിക്കുന്നു. ദൈവികമായ ഇടപെടലിന്‍റെ ശക്തിയും വൈഭവവും മനസ്സിലാക്കിയ യാക്കോബ് ദൈവത്തിന് അടിയറ പറയുമ്പോള്‍... എല്ലാം ദൈവത്തിനായും നവമായും തുടങ്ങുകയാണ്! യാക്കോബ്..  പിന്നെ ‘ഇസ്രായേല്‍’ എന്നാണ് വിളിക്കപ്പെടുന്നത്! അപ്പോള്‍ പ്രതീകാത്മകമായി പ്രഭാതമായെന്ന് വചനം കുറിക്കുന്നു! ഇസ്രായേല്‍ നവമായ പ്രയാണം തുടങ്ങുന്നു! ദൈവികമായ പിന്‍തുണയോടും അനുഗ്രഹത്തോടുംകൂടെ എല്ലാം നവമായി ആരംഭിക്കുന്നു. യാക്കോബും സന്തതികളുമാണ് പിന്നീട് ചരിത്രത്തില്‍ ഈപ്തില്‍ ദൈവജനമായി രൂപപ്പെടുന്നത്, രക്ഷാകര ചരിത്രത്തിന്‍റെ ഭാഗമായി മാറുന്നത്!

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.








All the contents on this site are copyrighted ©.