സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം- നോമ്പ് വിലാപ വേളയല്ല

പാപ്പാ നയിച്ച ത്രികാലപ്രാര്‍ത്ഥനയ്ക്കണഞ്ഞ വിശ്വാസികള്‍ മഴയത്ത് കുടചൂടി നില്ക്കുന്നു, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരം, 18/02/18 - REUTERS

19/02/2018 11:50

മഴയില്‍ കുതിര്‍ന്ന ഒരു ദിനമായിരുന്നു റോമില്‍ ഈ ഞായറാഴ്ച (18/02/18). എന്നിരുന്നാലും ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ കുടകള്‍ ചൂടിയും മഴയുടുപ്പുകള്‍ ധരിച്ചും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായരുന്നു.  ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പാപ്പാ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു.

വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച(18/02/18) ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, യേശു ആത്മാവിനാല്‍ നയിക്കപ്പെട്ട് മരുഭൂമിയിലേക്കു പോകുന്നതും അവിടെ നാല്പതു ദിവസം വസിച്ച യേശുവിനെ സാത്താന്‍ പരീക്ഷിക്കുന്നതും അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അവിടന്ന് തന്‍റെ ദൗത്യം ആരംഭിക്കുന്നതുമായ സംഭവം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന മര്‍ക്കോസിന്‍റെ സുവിശേഷം, ഒന്നാം അദ്ധ്യായം 12 മുതല്‍ 15 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം.

പാപ്പായുടെ പരിചിന്തനം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

തപസ്സുകാലത്തിലെ ഈ ആദ്യ ഞായറാഴ്ച സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് പരീക്ഷണം, മാനസ്സാന്തരം, സദ്വാര്‍ത്ത എന്നീ വിഷയങ്ങളാണ്. മര്‍ക്കോസ് സുവിശേഷകന്‍ ഇപ്രകാരം എഴുതുന്നു: “ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാല്‍ പരീക്ഷിക്കപ്പെട് അവിടന്ന് 40 ദിവസം അവിടെ വസിച്ചു.” (മര്‍ക്കോസ് 1,12-13). ലോകത്തില്‍ തന്‍റെ ദൗത്യം നിര്‍വ്വഹിക്കുന്നതിനു വേണ്ടി ഒരുങ്ങുന്നതിനാണ് യേശു മരുഭൂമിയിലേക്കു പോകുന്നത്. അവിടത്തേക്കു മാനസ്സാന്തരപ്പെടേണ്ട ആവശ്യമില്ല. എന്നാല്‍, മനുഷ്യനെന്നനിലയില്‍, അവിടത്തേക്കുവേണ്ടിത്തന്നെയും, പിതാവിന്‍റെ ഹിതം അനുസരിക്കുന്നതിനും, നമുക്കുവേണ്ടിയും, പ്രലോഭനങ്ങളെ ജയിക്കുന്നതിനുള്ള കൃപ നമുക്കു പ്രദാനം ചെയ്യുന്നതിനും അവിടന്ന് ഈ പരീക്ഷണത്തിലൂടെ കടന്നു പോകേണ്ടത് ആവശ്യമായിരുന്നു. ഈ ഒരുക്കം അടങ്ങിയിരിക്കുന്നത് ദുഷ്ടാരൂപിക്ക്, അതായത്, സാത്താന്, എതിരായ പോരാട്ടാത്തിലാണ്. നമുക്കും തപസ്സുകാലം ആദ്ധ്യാത്മികമായ വെല്ലുവിളിയുടെ, ആത്മീയ പോരാട്ടത്തിന്‍റെ, സമയമാണ്. നമ്മുടെ അനുദിനജീവിതത്തില്‍, ദൈവകൃപയാല്‍, തിന്മയുടെ ശക്തിയെ ജയിക്കാന്‍ പ്രാപ്തരാകുന്നതിന് പ്രാര്‍ത്ഥനയാല്‍ ദുഷ്ടാരൂപിയെ നേരിടാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ അസ്തിത്വത്തിലും, അതിക്രമങ്ങളും അപരനെ തിരസ്ക്കരിക്കലും, അടച്ചുപൂട്ടലുകളും, യുദ്ധങ്ങളും അനീതികളും   പ്രകടമായിരിക്കുന്ന നമ്മുടെ ചുറ്റിലും തിന്മയുടെ ശക്തി പ്രവര്‍ത്തനനിരതമാണെന്ന് നമുക്കറിയാം. ഇവയെല്ലാം ദുഷ്ടശക്തിയുടെ, തിന്മയുടെ ശക്തിയുടെ പ്രവര്‍ത്തനങ്ങളാണ്. മരുഭൂമിയിലെ പരീക്ഷണാനന്തരം ഉടന്‍ യേശു സുവിശേഷം, സദ്വാര്‍ത്ത, പ്രസംഗിക്കാന്‍ തുടങ്ങുന്നു. ആദ്യത്തെ വാക്ക് പരീക്ഷണവും രണ്ടാമത്തേത് സദ്വാര്‍ത്തയും ആണ്. ഈ സദ്വാര്‍ത്ത മനുഷ്യന്‍റെ മാനസ്സാന്തരവും വിശ്വാസവും ആവശ്യപ്പെടുന്നു. ഇവിടെ മൂന്നാമത്തെ പദമാണ് മാനസ്സാന്തരം. യേശു പ്രഘോഷിക്കുന്നു: ”സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു”.തുടര്‍ന്ന് അവിടന്നു ഉപദേശിക്കുന്നു: “അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍” അതായത്, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന സദ്വാര്‍ത്തയില്‍ വിശ്വസിക്കുക. നമ്മുടെ ജീവിതത്തില്‍ നമുക്ക് എന്നും, എല്ലാദിവസവും, മാനസ്സാന്തരം ആവശ്യംതന്നെ. അതിനായി പ്രാര്‍ത്ഥിക്കാന്‍ സഭ നമുക്കു പ്രചോദനമേകുന്നു. വാസ്തവത്തില്‍ നാം മതിയായത്ര ദൈവോന്മുഖരല്ല. ആകയാല്‍ നാം നിരന്തരം നമ്മുടെ മനസ്സും ഹൃദയവും ദൈവത്തിന്‍റെ നേര്‍ക്കു   തിരിക്കേണ്ടിയിരിക്കുന്നു. ഇതു ചെയ്യണമെങ്കില്‍ നാം, നമ്മെ വഴിതെറ്റിക്കുന്ന സകലത്തെയും, നമ്മുടെ സ്വാര്‍ത്ഥതയിലേക്ക് തന്ത്രപരമായി നമ്മെ ആകര്‍ഷിച്ചുകൊണ്ട് നമ്മെ വഞ്ചിക്കുന്ന തെറ്റായ മൂല്യങ്ങളെ, തള്ളിക്കളയാനുള്ള ധൈര്യം ഉള്ളവരായിത്തീരണം. നാം കര്‍ത്താവില്‍, അവിടത്തെ നന്മയില്‍, നമ്മെ ഒരോരുത്തരെയും സംബന്ധിച്ച് അവിടത്തേക്കുള്ള സ്നേഹപദ്ധതിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യണം. തപസ്സുകാലം പ്രായശ്ചിത്ത പ്രവൃത്തികളുടെ സമയമാണ്, അത് ദുഃഖത്തിന്‍റെയൊ വിലാപത്തിന്‍റെയൊ സമയമല്ല. നമ്മുടെ സ്വാര്‍ത്ഥയെ, പഴയമനുഷ്യനെ ഉരിഞ്ഞുമാറ്റുന്നതിനും  നമ്മുടെ ജ്ഞാനസ്നാനത്തിന്‍റെ  വരപ്രസാദത്തിനനുസൃതം നമ്മെത്തന്നെ നവീകരിക്കുന്നതിനുമുള്ള ആനന്ദകരവും ഗൗരവതരവുമായ പ്രവര്‍ത്തസമയമാണിത്.

ദൈവത്തിനു മാത്രമെ നമുക്ക് യഥാര്‍ത്ഥ ആനന്ദം പ്രദാനം ചെയ്യാന്‍ കഴിയുകയുള്ളു. മറ്റെവിടെയെങ്കിലും, സമ്പത്തുകളിലും, സുഖങ്ങളിലും, അധികാരങ്ങളിലും, ഉന്നത പദവികളിലും മറ്റും, ആ ആനന്ദം അന്വേഷിച്ച് സമയം കളയുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. നമ്മുടെ സകലവിധ ഉന്നതാഭിലാഷങ്ങളുടെയും സാക്ഷാത്ക്കാരമാണ് ദൈവരാജ്യം. കാരണം അത് ഒരേസമയം മനഷ്യന്‍റെ രക്ഷയും ദൈവത്തിന്‍റെ മഹത്വവും ആണ്. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുക എന്ന യേശുവിന്‍റെ ആഹ്വാനം ശ്രദ്ധാപൂര്‍വ്വം ശ്രവിക്കാനും സ്വീകരിക്കാനും നോമ്പുകാലത്തിലെ ഈ ആദ്യ ഞായറാഴ്ച നാം വിളിക്കപ്പെട്ടിരിക്കുന്നു. നീതിയും സമാധാനവും സാഹോദര്യവും വാഴുന്ന ഒരിടമാക്കി ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ അഭിലഷിക്കുന്ന ദൈവത്തിന്‍റെ കൃപ സ്വീകരിക്കുന്നതിന് പെസഹായിലേക്കുള്ള പ്രയാണം പ്രതിജ്ഞാബദ്ധതയോടെ ആരംഭിക്കാന്‍ നാം ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.

ദൈവവചനത്തോടുള്ള വിശ്വസ്തതയോടും മരുഭൂമിയില്‍ യേശു ചെയ്തതുപോലെയുള്ള നിരന്തര പ്രാര്‍ത്ഥനയോടും കൂടെ ഈ തപസ്സുകാലം ജീവിക്കാന്‍  ഏറ്റം പരിശുദ്ധയായ കന്യകാമറിയം നമ്മെ സഹായിക്ക‌ട്ടെ. ആ ജീവിതം സാധ്യമാണ്. ദൈവത്തില്‍ നിന്നു പുറപ്പെടുന്നതും നമ്മുടെ ജീവിതത്തെയും ലോകം മുഴുവനെയും പരിവര്‍ത്തനം ചെയ്യാനഭിലഷിക്കുന്നതുമായ സ്നേഹം ഉള്‍ക്കൊള്ളാനുള്ള അഭിവാഞ്ഛയോടെ ജീവിച്ചാല്‍ മാത്രം മതി.    

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     “കര്‍ത്താവിന്‍റെ മാലാഖ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

 മെത്രാന്മാരുടെ സിനഡിന്‍റെ ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന സമ്മേളനത്തിനൊരുക്കമായി മാര്‍ച്ച് 19 മുതല്‍ 24 വരെ റോമില്‍ സംഘടിപ്പിക്കപ്പെടുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം യുവതീയുവാക്കള്‍ എത്തിച്ചേരുമെന്ന് പാപ്പാ ആശീര്‍വ്വാദനന്തരം സൂചിപ്പിച്ചു.

ഈ ഒരുക്കത്തില്‍ സകലയുവജനങ്ങളും നായകരാകണമെന്ന് താന്‍ തീവ്രമായി അഭിലഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ആകയാല്‍ ഭാഷാടിസ്ഥാനത്തില്‍ തിരിക്കപ്പെട്ടിട്ടുള്ള വജനസംഘങ്ങള്‍ക്ക് വിനിമയസംവിധാനോപാധികളിലൂടെ ഇതില്‍ പങ്കുചേരാന്‍ കഴിയുമെന്നും പാപ്പാ വെളിപ്പെടുത്തി. അങ്ങനെ ആ “യുവജന സംഘങ്ങള്‍ക്ക്” റോമില്‍ സമ്മേളിച്ചിരിക്കുന്നവരോടൊന്നുചേരാന്‍ സാധിക്കുമെന്നും പാപ്പാ പറഞ്ഞു. ഇതിന്‍റെ വിശദവിവര‍ങ്ങള്‍ മെത്രാന്മാരുടെ സിനഡുകാര്യാലയത്തിന്‍റെ  ഇന്‍റര്‍നെറ്റു താളില്‍ ലഭ്യമാണെന്നും പാപ്പാ വെളിപ്പെടുത്തുകയും ഒത്തൊരുമിച്ചുള്ള പ്രയാണത്തിനേകുന്ന സംഭാവനകള്‍ക്ക് യുവജനത്തിന് നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു.

ത്രികാലപ്രാര്‍ത്ഥനാവേളയില്‍ പാപ്പാ കാരാഗൃഹവാസികളെയും  പ്രത്യേകം അനുസ്മരിക്കുകയും അനുരഞ്ജനത്തിനും കര്‍ത്താവിന്‍റെ കരുണാകടാക്ഷത്തിന്‍കീഴില്‍ സ്വന്തം ജീവിത നവീകരണത്തിനുമുള്ള അവസരമായി നോമ്പുകാലം ജീവിക്കാന്‍ അവര്‍ക്ക് പ്രചോദനം പകരുകയും ചെയ്തു. മാപ്പു നല്കുന്നതില്‍ കര്‍ത്താവ് ഒരിക്കലും തളരുന്നില്ലയെന്ന് പാപ്പാ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.

താനും റോമന്‍ കൂരിയായിലെ തന്‍റെ സഹപ്രവര്‍ത്തകരും ഒരാഴ്ചത്തെ നോമ്പുകാല ധ്യാനം ഞായറാഴ്ച(18/02/18) ആരംഭിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു.

പതിവുപോലെ പാപ്പാ   എല്ലാവര്‍ക്കും ശുഭ ഞായറും നല്ല ഉച്ചവിരുന്നും നേരുകയും ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു.

19/02/2018 11:50