സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

തപസ്സിലെ ആദ്യവാരം ഞായര്‍ : ഫാദര്‍ സനു ഔസേപ്പിന്‍റെ ചിന്തകള്‍

നവീകരണത്തിന്‍റെ വിഭൂതി

17/02/2018 17:30

വിശുദ്ധ മര്‍ക്കോസ് 1, 12-15 തപസ്സുകാലം ഒന്നാംവാരം ഞായര്‍

1.  ഉപവാസവും നോമ്പും 
പ്രിയ സഹോദരരേ, കത്തോലിക്കാ നിയമസംഹിത, കാനോന നിയമപ്രകാരം പ്രായശ്ചിത്ത പ്രവൃത്തികളെക്കുറിച്ച് സഭ എന്ത് അനുശാസിക്കുന്നുവെന്ന് ചിന്തിക്കുന്നതു നല്ലതാണ്. ലത്തീന്‍ കാനന്‍ പ്രകാരം (1983 നവംബര്‍ 27) പ്രായശ്ചിത്ത ദിനങ്ങളെയും പ്രവൃത്തികളെയുംകുറിച്ച് നമുക്ക് പ്രധാനമായും 5 നിയമങ്ങളാണുള്ളത് (കാനന്‍ 1249മുതല്‍ 1253-വരെ). ആദ്യമേ തന്നെ ഉപവാസവും നോമ്പും തമ്മിലുള്ള വ്യത്യാസം നമുക്ക് മനസ്സിലാക്കാം. ഒരു നേരമോ, ഒരു ദിവസം മുഴുവനുമോ ആഹാരം പൂര്‍ണ്ണമായും വേണ്ടെന്നുവയ്ക്കുന്നതാണ് ഉപവാസം അല്ലെങ്കില്‍ ഉപേക്ഷിക്കുന്നതാണ് ഉപവാസം. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് നോമ്പ്. ഉദാഹരണത്തിന് 40 ദിവസവും മത്സ്യമാംസാദികള്‍ വേണ്ടെന്നു വെയ്ക്കുന്നത് നോമ്പാണ്!

സഭ ഉപവാസം ആവശ്യപ്പെടുന്ന ദിവസങ്ങളുണ്ട് (കാനോന. 1250). വിഭൂതിത്തിരുനാളിലും, ദുഃഖവെള്ളിയാഴ്ചയും, എല്ലാ വെള്ളിയാഴ്ചകളിലും... ഇനി ആരൊക്കെയാണ് നിയമം പാലിക്കാന്‍, ഉപവാസം അനുഷ്ഠിക്കാന്‍ കടപ്പെട്ടിരിക്കുന്നത്? ഉപവാസം 18 വയസ്സുമുതല്‍ 59 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ്, അഥവാ 60 തികഞ്ഞതുവരെയാണ് (കോനോന.1252). ഇനി നോമ്പ് 14 വയസ്സുമുതല്‍ മുകളിലേയ്ക്ക് എല്ലാപ്രായത്തില്‍പ്പെട്ടവര്‍ക്കും അനുഷ്ഠിക്കാവുന്നതാണ് (കോനോന 1252).  എന്നാല്‍ രോഗികള്‍ ഗര്‍ഭിണികള്‍, മാനസിക വളര്‍ച്ച എത്താത്തവര്‍, ചില ചികിത്സാക്രമങ്ങള്‍ക്കും ഔഷധങ്ങളുടെ ഉപയോഗത്തിനും വിധേയരായിരിക്കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് തപസ്സനുഷ്ഠാനങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്.

2. വിശുദ്ധഗ്രന്ഥവും 40 നാളുകളും 
തപസ്സുകാലം അനുതാപത്തിന്‍റെയും അനുരജ്ഞനത്തിന്‍റെയും പെരുന്നാളാണ്. മിശിഹായില്‍ പ്രിയ സ്നേഹിതരേ, ഇന്ന് തപസ്സുകാലത്തിലെ അഥവാ നോമ്പുകാലത്തിലെ ഒന്നാം ഞായറാഴ്ചയാണ്. വിഭൂതിത്തിരുന്നാളോടുകൂടി ആരാധനക്രമത്തിലെ പുതിയൊരു കാലത്തിലേയ്ക്ക് നാം പ്രവേശിച്ചു. റോമന്‍ കത്തോലിക്കാ സഭയിലെ ആരാധനക്രമവത്സരം പ്രധാനമായും മൂന്നു ഭാഗങ്ങളായിട്ടാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. 1. ആഗമനകാലം 2. ആണ്ടുവട്ടം 3. തപസ്സുകാലം. 40 ദിവസം നീളുന്നതാണ് തപസ്സുകാലത്തിന്‍റെ ദൈര്‍ഘ്യം. തീര്‍ത്തും വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ക്രമീകരണം.

പഴയ നിയമത്തില്‍ വിവിധ സ്ഥലങ്ങളില്‍ 40 ദിവസത്തെ പ്രാശ്ചിത്ത പ്രവൃത്തികളെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് നമുക്ക് കാണാം. ഉല്‍പത്തിപ്പുസ്തകം 7-Ɔ൦ അദ്ധ്യായം നോഹയും കുടുംബവും 40 ദിനരാത്രങ്ങള്‍ പേടകത്തില്‍ ചെലവഴിച്ച് രക്ഷയുടെ തീരം പ്രാപിക്കുന്നതു നാം കാണുന്നു. പുറപ്പാടു ഗ്രന്ഥത്തില്‍ 34-Ɔമത്തെ അദ്ധ്യായത്തില്‍ മോശ നാല്പതു ദിവസം മലമുകളില്‍ ഉപവാസമനുഷ്ഠിച്ച് ചെലവഴിച്ചതായി നാം വായിക്കുന്നു. പുറപ്പാടു ഗ്രന്ഥം വീണ്ടും പറയുന്നു, വാഗ്ദത്ത ദേശത്തേയ്ക്കുള്ള യാത്രയില്‍ 40 വര്‍ഷം ഇസ്രായേല്‍ ജനം മരുഭൂമിയില്‍ മന്ന ഭക്ഷിച്ചുകൊണ്ട് യാത്രചെയ്തുവെന്ന് (പുറപ്പാട് 18, 35). ദൈവത്തെ ധിക്കരിച്ചതുകൊണ്ട് ജനം നാല്പതുവര്‍ഷം സീനായ് മരുഭൂമിയില്‍ അലഞ്ഞു തിരിയേണ്ടിവന്നുവെന്നും പുറപ്പാടു ഗ്രന്ഥംതന്നെ വിവിരിക്കുന്നു.

പുതിയ നിയമത്തില്‍ ക്രിസ്തു തന്‍റെ ജ്ഞാനസ്നാനത്തിനുശേഷം ആത്മാവിനാല്‍ പ്രചോദിതനായി മരുഭൂമിയിലേയ്ക്ക് ആനയിക്കപ്പെടുന്നു. അവിടെ 40 രാവും 40 പകലും ഉപവാസത്തിലും പ്രാര്‍ത്ഥനയിലും അവിടുന്ന് മുഴുകി ജീവിച്ചു.  40 ദിവസം ഒരു മരുപ്രദേശത്ത്  ജീവിച്ച ക്രിസ്തുവിനോട് ഐക്യപ്പെടുവാന്‍ സഭാമാതാവ് നമ്മെയും ക്ഷണിക്കുകയാണ് ഈ തപസ്സിലൂടെ....!

3. ചാരം സൂചിപ്പിക്കുന്ന ജീവിതനൈമിഷികത  
പ്രിയ സ്നേഹിതരേ, വിഭൂതി എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ചാരം’ എന്നാണ്. വിഭൂതി നമ്മെ അനുസ്മരിപ്പിക്കുന്ന സത്യം മനുഷ്യജീവിതത്തിന്‍റെ ഹ്രസ്വ സ്വഭാവമാണ്, അല്ലെങ്കില്‍ നൈമിഷികതയാണ്. ജീവിതം ഹ്രസ്വമാണെങ്കിലും മനുഷ്യന്‍ ഈശ്വരനില്‍നിന്നു വന്നു അവിടുന്നിലേയ്ക്കുതന്നെ തിരികെ പോകേണ്ടവനാണ് എന്ന് അനുസ്മരിപ്പിക്കുകയാണ് (നടപടി 17, 28). പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും ദാനധര്‍മ്മത്തിന്‍റെയും കാലമാണ് നോമ്പ്. യേശുവിനെ അനുകരിച്ച് നാം നടത്തുന്ന ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദാനധര്‍മ്മത്തിലൂടെയും വേണം നമ്മുടെ ജീവിത ലക്ഷ്യത്തില്‍നിന്ന് പിന്തിരിപ്പിക്കുന്ന പരീക്ഷണങ്ങളെ അതിജീവിക്കുവാനുള്ള കൃപയും കരുത്തും സംഭരിക്കാന്‍. ഇക്കാര്യത്തില്‍ യേശുവിന്‍റെ മാതൃക നമുക്ക് പ്രചോദനവും ശക്തിയുമാണ്.

4. തപസ്സിലെ മൂന്നു പുണ്യങ്ങള്‍  
തപസ്സുകാലത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു പുണ്യങ്ങളാണ് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം.  ഈ മൂന്നു സുകൃതങ്ങളെയുംകുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷം 6-Ɔ൦ അദ്ധ്യായം നമ്മെ പഠിപ്പിക്കുന്നുണ്ട്. 
പ്രാര്‍ത്ഥന എന്നത് ഞാനും എന്‍റെ ദൈവവുമായുള്ള സ്നേഹസംഭാഷണമാണ്. ഞാന്‍ സ്നേഹിക്കുന്ന വ്യക്തിയുടെ കൂടെ ആയിരിക്കുവാനും സംഭാഷിക്കുവാനും ആഗ്രഹിക്കുന്നു. അപ്രകാരം ചെയ്യുന്നു. അപ്രകാരം ദൈവവുമായുള്ള സ്നേഹത്തിലുള്ള വാസമാണ് പ്രാര്‍ത്ഥന. നാം എപ്രകാരം പ്രാര്‍ത്ഥിക്കണമെന്ന് വിശുദ്ധ മത്തായി വിശദമാക്കുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്‍റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക.

ഞാന്‍ ഈ വചനത്തെ മനസ്സിലാക്കുന്നത് നിന്‍റെ ഇന്ദ്രിയങ്ങളെ – കണ്ണ് നാക്ക് മൂക്ക് ചെവി തൊക്ക് എന്നിവയെ എല്ലാം അടയ്ക്കുക. നിന്‍റെ ഉള്ളിലിരിക്കുന്ന ദൈവത്തെ നീ കാണുക, ധ്യാനിക്കുക, അവിടുന്നുമായി സംഭാഷിക്കുക, എന്നാണ്.  യഥാ൪ത്ഥത്തില്‍ പ്രാ൪ത്ഥനയെന്നത് ദൈവവുമായുളള എന്‍റെ ബന്ധത്തെ അടിസ്ഥാനമാക്കിയുളളതാണ്. ദൈവത്തെ വഹിച്ചുകൊണ്ടുളള എന്‍റെ സഞ്ചാരംപോലും പ്രാ൪ത്ഥനയാ​ണ്. ദൈവത്തെ മൗനത്തില്‍ ദ൪ശിക്കുന്ന എന്‍റെ മൗനംപോലും പ്രാ൪ത്ഥനയാണ്. പ്രാ൪ത്ഥന ഒരു അവസ്ഥയാണ്. എന്നെ അറിയുന്ന, പൂ൪ണ്ണമായി മനസ്സിലാക്കുന്ന മുഴുവനായി സ്വീകരിക്കുന്ന എന്‍റെ ദൈവത്തിന്‍റെ മുന്നില്‍ അവന്‍റെയുള്ളില്‍‍ ആയിരിക്കുന്ന അവസ്ഥയാണ് പ്രാ൪ത്ഥന.

ഉപവാസം - എന്താണ് ഉപവാസം? എന്തിനാണ് നാം ഉപവസിക്കുന്നത്? ഉപവസിക്കുക എന്നതിന്‍റെ അ൪ത്ഥം - കൂടെ വസിക്കുക എന്നാണ്. പഞ്ചേന്ദ്രിയങ്ങളോടും, ആന്തരികവാസനകളോടും എന്നല്ല ദൈവമല്ലാത്ത എല്ലാറ്റിനോടും അകന്ന് നില്ക്കുവാ൯ ഉപവാസം നമ്മെ സഹായിക്കുന്നു. ഭക്ഷണം മാത്രം വ൪ജ്ജിക്കുക എന്നതില്‍ ഒതുങ്ങിപ്പോയ നമ്മുടെ ഉപവാസത്തിന് ആത്മീയ മാനങ്ങളുണ്ട്. നമ്മുടെ ആത്മാവിന്‍റെ ആരോഗ്യത്തിന് ഹാനികരമായി തീരുന്നവയോടു നാം പുല൪ത്തുന്ന നിസംഗതയാവണം ഉപവാസം.

ധനം കൊണ്ടോ, ക൪മ്മം കൊണ്ടോ മുക്തി നേടാനാവില്ല, ത്യാഗംമാത്രമാണ് മുക്തിക്ക് നിദാനം. ഉപവാസത്തില്‍ ത്യാഗമുണ്ട്. ആഗ്രഹിക്കുന്നതും അഭിലഷിക്കുന്നതും ആത്മാവിന്‍റെ വിശുദ്ധിയെപ്രതി വേ​ണ്ടെന്ന് വയ്ക്കുന്നു. ദൈവത്തോട്കൂടെ വസിക്കുന്നതിന് തടസ്സമായതിനോടോക്കെ ‍‍ഞാ൯ ഉപവാസമെന്ന സാധനകൊണ്ട് തമസ്കരിക്കുന്നു. ദൈവത്തിന് ഇഷ്ടപ്പെടാത്ത എന്‍റെ ഇഷ്ടങ്ങളെ മനഃപൂ൪വ്വം എന്നില്‍നിന്നും വിച്ചേദിക്കുന്നതാ​ണ് ഉപവാസം. ലോകത്തോടും ലോകവാസനയോടുമുള്ള ഉപവാസം സാവൂളിനെ പൗലോസാക്കി മാറ്റി. താനല്ല, തന്നില്‍ ജീവിക്കുന്നത് ക്രിസ്തുവാണെന്ന ആത്മീയാവസ്ഥയിലേയ്ക്ക് എത്തിച്ചേരാന്‍ മാത്രം ശക്തിയുള്ള ഉപവാസമായിരുന്നു പൗലോസ് അനുഷ്ഠിച്ചത്. ഇന്നലെവരെ മാംസത്തോടും ഭക്ഷണത്തോടുമുള്ള നമ്മുടെ സമീപനത്തിന്‍റെ ഉപവാസം ആയിരുന്നെങ്കില്‍, ഇന്നുമുതല്‍ നാം ചിന്തിക്കേണ്ടതും പ്രവൃത്തിയില്‍ കൊണ്ടുവരേണ്ടതുമായ ഉപവാസം എന്നത്, ദൈവത്തെ പ്രാപിക്കാന്‍ നമ്മില്‍ തടസ്സമായിരിക്കുന്ന നമ്മുടെയുള്ളിലെ ലോക, മോഹ, മത, മാത്സര്യങ്ങളുടെ നേരെ നാം പുലര്‍ത്തേണ്ട ഉപവാസമാണ്.

ദാനധര്‍മ്മം – നാം ദാനംചെയ്യുമ്പോള്‍ ആ കര്‍മ്മത്തില്‍ ധര്‍മ്മമുണ്ടായിരിക്കണം. ക്രിസ്തു പറയുന്നത് നിന്‍റെ വലതുകൈ ചെയ്യുന്നതെന്തെന്ന് ഇടുകരം അറിയരുതെന്നാണ് (മത്തായി 6, 4).  നമ്മുടെ ജീവിതംതന്നെ ദൈവികദാനമാണ്. അതുകൊണ്ട് നാം മറ്റുള്ളവര്‍ക്ക് നല്കുന്ന ദാനധര്‍മ്മം ദൈവത്തില്‍നിന്ന് നമുക്ക് ലഭിച്ച ദാനങ്ങളായ കരുണ, ക്ഷമ, സ്നേഹം, വിശ്വാസം, വിശ്വസ്ഥത എന്നിങ്ങനെയുള്ള പുണ്യങ്ങളായിരിക്കണം. ദൈവത്തിന്‍റെ ഹൃദയഭണ്ഡാരത്തില്‍ ചൊരിയപ്പെട്ട വിധവയുടെ ചെറിയ ചെമ്പ്തുട്ടിനെ ക്രിസ്തു സുവിശേഷമാക്കി മാറ്റി. മറ്റുള്ളവരോട് നാം കാണിക്കുന്ന കരുണ ദൈവിക ദാനമാണ്. അത് ആദരവോടും ആനന്ദത്തോടുംകൂടെ നാം കാണണം. മറ്റുള്ളവര്‍ക്ക് നല്കുന്ന അപ്പം, നാണയം എന്നിവയില്‍ ദൈവദാനമായ കരുണ ചേര്‍ത്ത് നല്കുമ്പോഴാണ് നാം നല്കുന്ന ദാനം ധര്‍മ്മമാക്കപ്പെടുന്നത്.

5.  പരീക്ഷണങ്ങളിലെ ദൈവാത്മ സാന്നിദ്ധ്യം  
ഇന്നത്തെ സുവിശേഷം (മത്തായി 1, 12-15) യേശുവിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട ഒരനുഭവമാണ്. ആത്മാവ് അവിടുത്തെ മരുഭൂമിയിലേയ്ക്ക് ആനയിച്ചു (മര്‍ക്കോസ് 1, 12).  ഈ ആത്മാവ് ദൈവാത്മാവാണെന്ന് മര്‍ക്കോസ് 1, 10 പറയുന്നു. ദൈവാത്മാവാണ് യേശുവിനെ പരീക്ഷയിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും നയിക്കുന്നത്. ഇത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. നാം തിരിച്ചറിയേണ്ടത് നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളിലും, തകര്‍ച്ചകളിലും രോഗങ്ങളിലും ഒരു ദൈവിക പദ്ധതിയുണ്ട് എന്ന വസ്തുതയാണ്. എന്‍റെയും നിങ്ങളുടെയും ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുന്നു. നമുക്ക് പരിഹരിക്കന്‍ സാധിക്കാത്ത രീതിയില്‍ പരീക്ഷിക്കപ്പെടുന്നു. അവിടെയൊക്കെ ദൈവികദാനം നാം മനസ്സിലാക്കണം, ദൈവിക സാന്നിദ്ധ്യം നാം തിരിച്ചറിയണം.

ഇവിടെ യേശു പരീക്ഷിക്കപ്പെടുന്നത് അവിടുത്തെ ദൈവിക സത്തയെ ചോദ്യംചെയ്തുകൊണ്ടാണ് സമാന്തര സുവിശേഷങ്ങളിലെ മറ്റു രണ്ടുപേരും - മത്തായിയും ലൂക്കായും ഇത് വളരെ വിശദമായി വിവരിക്കുന്നു. യേശുവിനുണ്ടാകുന്ന മൂന്ന് പ്രധാന പരീക്ഷണങ്ങളിലും പ്രലോഭകന്‍ ചോദിക്കുന്നു. നീ ദൈവപുത്രനാണോ? യേശുവിന്‍റെ മരുഭൂമിയിലെ പരീക്ഷ ദൈവത്തിന്‍റെ സ്വരം, അവിടുന്നു ദൈവപുത്രനാണെന്ന് തെളിയിക്കുന്ന നന്മയുടെ പ്രലോഭനങ്ങളിലും പ്രതിസന്ധികളിലും നാം ദൈവമക്കളാണെന്ന് തെളിയിക്കാം.

6. ജീവിതയാത്രയിലെ തപസ്സനുഭവങ്ങള്‍ 
സഹോദരരേ, 40 ദിവസങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കേണ്ടതല്ല നമ്മുടെ തപസ്സനുഭവങ്ങള്‍.  40 ദിവസങ്ങളില്‍നിന്നും ലഭിക്കുന്ന ധ്യാനാനുഭവങ്ങളെ ജീവിതത്തിലുടനീളം ധ്യാനമാക്കി നല്ല ദാനങ്ങളായും ധ്യാന്യങ്ങളുമാക്കിത്തീര്‍ക്കുന്നതിന് നാം നമ്മോട്തന്നെ പാലിക്കേണ്ട മൗനമുണ്ട്.  40 ദിവസത്തെ ആന്തരികമൗനം നമ്മുടെ അനുദിന ജീവിത സഞ്ചാരങ്ങളില്‍ പ്രകാശമായിത്തീരും. ഹൃദയത്തില്‍ ലഭിക്കുന്ന പ്രകാശത്തിന്‍റെ പ്രകരണങ്ങള്‍ ജീവിതത്തില്‍ - ശരീരത്തില്‍, എന്തിന് നമ്മുടെ മൗനസാന്നിദ്ധ്യത്തില്‍പ്പോലും മറ്റുള്ളവരെ പ്രകാശപൂര്‍ണ്ണമാക്കും. അതിനായി ഈ തപസ്സുകാലം നമ്മെ സഹായിക്കട്ടെ!  


(William Nellikkal)

17/02/2018 17:30