2018-02-15 19:55:00

സേവനത്തില്‍ അനിവാര്യതയില്ല സമയമെത്തുമ്പോള്‍ വിരമിക്കണം


സ്ഥാനത്യാഗംചെയ്യാനും പഠിക്കണം – പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വാധികാര പ്രബോധനം :

സഭാ സേവനത്തില്‍നിന്നും വിരമിക്കുന്നതിനെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് സ്വാധികാര പ്രബോധനം (Motu Proprio) പ്രസിദ്ധപ്പെടുത്തി. ഫെബ്രുവരി 15-‍Ɔ൦ തിയതി വ്യാഴാഴ്ചയാണ് Imparare a Congendarsi, Learning to take leave, സ്ഥാനത്യാഗംചെയ്യാന്‍ പഠിക്കണം... എന്ന പ്രബോധനം പുറത്തുവിട്ടത്.

ഒരു സഭാശുശ്രൂഷയുടെ അല്ലെങ്കില്‍ സഭയിലെ ഉദ്യോഗത്തിന്‍റെ അന്ത്യം അതില്‍ത്തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഔദ്യോഗിക പദവിയില്‍നിന്നും വിരമിക്കേണ്ടത് അനിവാര്യവും, അതേസമയം വ്യക്തിയുടെ നവമായ സഭാശുശ്രൂഷയ്ക്കുള്ള ലഭ്യതയും തുടക്കവുമായിരിക്കും.  പ്രായപരിധി (75 വയസ്സ്) എത്തുമ്പോള്‍ വിരമിക്കുന്നതിനും, ചിലപ്പോള്‍ പ്രായപരിധിയെത്തിയിട്ടും ശുശ്രൂഷാകാലം നീട്ടിക്കിട്ടുമ്പോള്‍ അത് ഏറ്റെടുത്ത് സേവനം തുടരുന്നതിലും അതിനോട് ശരിയായ മനോഭാവം പുലര്‍ത്തേണ്ടതാണ്.

ദൈവത്തിന്‍റെ മുന്‍പിലും സഭയിലും ആരും സേവനത്തില്‍ അനിവാര്യരല്ല, എന്ന എളിയ മനോഭാവത്തോടെ ഉദ്യോഗത്തില്‍നിന്നും വിരമിക്കാന്‍ സന്നദ്ധരാകേണ്ടതാണ്. അങ്ങനെ ഈ മാറ്റം തുറവോടും സമാധാനപൂര്‍ണ്ണമായും ആത്മവിശ്വാസത്തോടുംകൂടെ ഉള്‍ക്കൊള്ളാന്‍ വ്യക്തിക്കു സാധിക്കും. മറിച്ചാണെങ്കില്‍ മാറ്റം വേദനാജനകവും സംഘര്‍ഷപൂര്‍ണ്ണവുമാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ വിരമിക്കേണ്ടവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം തങ്ങളുടെ പുതിയ ജീവിതാവസ്ഥയ്ക്കായി ഒരുങ്ങണമെന്ന് ഓര്‍പ്പിക്കുന്നു. പ്രാര്‍ത്ഥനയിലും പഠനത്തിലും ചെറിയ അജപാലനശുശ്രൂഷയിലും ശിഷ്ടകാലം അവര്‍ക്ക് ചെലവഴിക്കാന്‍ സാധിക്കണം.

ഇനി, പ്രായപരിധിയെത്തിയിട്ടും സേവനകാലം നീട്ടിക്കിട്ടുന്നവര്‍ വ്യക്തിഗത പദ്ധതികള്‍ ഔദാര്യത്തോടെ മാറ്റിവച്ച് ശുശ്രൂഷ തുടരാനുള്ള സന്നദ്ധത പ്രകടമാക്കേണ്ടതാണ്. എന്നാല്‍ നീട്ടിക്കിട്ടിയാല്‍ വലിയ അവകാശമായിട്ടോ വിശേഷാധികാരമായിട്ടോ കാണരുത്. അത് മുന്‍സേവനത്തിനുള്ള വര്‍ദ്ധിച്ച അംഗീകാരമോ, പാരിതോഷികമായോ ഒരിക്കലും കാണരുത്. സഭയുടെ പൊതുനന്മയും പ്രത്യേക സാഹചര്യവും ആവശ്യങ്ങളുമാണ് പ്രായപരിധിക്കപ്പുറവുമുള്ള സേവനം ആവശ്യപ്പെടുന്നതിന് കാരണമാകുന്നത്. ഈ തീരുമാനം സ്വയംപ്രേരിതമല്ല, സഭാഭരണം അല്ലെങ്കില്‍ സഭാശുശ്രൂഷയുടെ കാര്യക്ഷമത ആവശ്യപ്പെടുന്നതാണ്. അതിനാല്‍ സഭയുടെയും സ്ഥാപനത്തിന്‍റെയും നന്മ കണക്കിലെടുത്ത് കരുതലുള്ള വിവേകത്തോടെയും, ഉചിതമായ വിവേചനത്തോടെയും ബന്ധപ്പെട്ടവര്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്. ഈ അഭ്യര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് സഭാശുശ്രൂഷയെ സംബന്ധിച്ച നവമായ പ്രബോധനം ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.