സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT ​LV​: ''തൊഴിലാളിയായ യേശു''

15/02/2018 10:28

ഡുക്യാറ്റിന്‍റെ ''തൊഴിലും ദൈവനിയോഗവും'' എന്ന ആറാധ്യായത്തിന്‍റെ അവസാനത്തില്‍, ഈ വിഷയത്തെക്കുറിച്ച് സഭയുടെ സുപ്രധാന രേഖകളില്‍ നിന്നുള്ള ഉദ്ധരണികളാണു നമ്മുടെ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഇവിടെ നല്‍കിയിരിക്കുന്ന സഭയുടെ ഈ  14 പ്രബോധനഭാഗങ്ങളില്‍, ആദ്യസാമൂഹിക പ്രബോധനമായ, ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരും എന്ന ചാക്രികലേഖനത്തില്‍ നിന്നുള്ള നാലു പ്രസക്തഭാഗങ്ങള്‍ നാം കണ്ടു. തുടര്‍ന്നുവരുന്ന അഞ്ചുഭാഗങ്ങളില്‍ ആദ്യമായി നല്‍കിയിരിക്കുന്ന ഉദ്ധരണിയും റേരും നൊവാരും എന്ന രേഖയിലേതു തന്നെയാണ് (ഖണ്ഡിക 20).  മാത്തെര്‍ എത് മജിസ്ത്ര എന്ന വി. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ ചാക്രികലേഖനത്തില്‍ നിന്നുള്ള 18-ാം ഖണ്ഡിക, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനരേഖയായ ഗാവുദിയും എത് സ്പെസില്‍ നിന്നുള്ള 67-ാം ഖണ്ഡിക, വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ലബോറെം എക്സേര്‍ച്ചെന്‍സ് എന്ന ചാക്രികലേഖനത്തില്‍ നിന്നുള്ള നാലും ആറും ഖണ്ഡികകള്‍ എന്നിവയും കൂടി ഇന്നു നാം ചര്‍ച്ചയ്ക്കെടുക്കുകയാണ്.

ഇവയില്‍ ആദ്യത്തെ പ്രബോധനഭാഗമായ, ലെയോ 13-ാമന്‍ പാപ്പായുടെ  റേരും നൊവാരും എന്ന 1891-ലെ രേഖയിലെ ഇരുപതാം ഖണ്ഡിക തൊഴിലാളിയായ യേശുവിനെക്കുറിച്ചുദ്ബോധിപ്പിക്കുന്നു.  മനുഷ്യനായിത്തീര്‍ന്ന ദൈവം തൊഴിലാളിയായിരുന്നുവെന്നും, ദരിദ്രനും തൊഴിലാളിയുമായി അവിടുന്ന് ഈ ഭൂമിയില്‍ ജീവിക്കുകയും സാധാരണ മനുഷ്യന്‍റെ കഷ്ടപ്പാടുകളില്‍ പങ്കാളിയായിത്തീര്‍ന്നു എന്നും പാപ്പാ പഠിപ്പിക്കുന്നു.  മരപ്പണിക്കാരന്‍റെ മകനായിരിക്കാന്‍ അവിടുന്നു ലജ്ജിച്ചില്ല. തൊഴില്‍ ചെയ്ത് ഉപജീവനം നേടുന്നതിനു നമുക്കു മാതൃകയും തൊഴിലാളികളായ നമുക്കു സംരക്ഷകനുമാണ് മനുഷ്യനായിത്തീര്‍ന്ന ദൈവം, യേശു. 

5. റേരും നൊവാരും 20 (ലെയോ 13-ാമന്‍ പാപ്പാ, 1891): തൊഴിലാളിയായ യേശു

ദാരിദ്ര്യം ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അപമാനകരമല്ലെന്നും തൊഴില്‍ ചെയ്ത് ഉപജീവനം നേടുന്നതില്‍ ഒട്ടും ലജ്ജിക്കേണ്ടതില്ലെന്നും സമ്പല്‍ സമൃദ്ധിയില്ലാത്തവരെ സഭ ഉദ്ബോധിപ്പിക്കുന്നു. ക്രിസ്തു വില്‍ത്തന്നെ ഇതിന് ഉപോദ്ബലകമായ ദൃഷ്ടാന്തം നാം കാണുന്നു: ''അവിടുന്നു സമ്പന്നനായിരുന്നിട്ടും നമ്മെപ്രതി ദരിദ്രനായി.  ദൈവപു്രനും ദൈവവുമായിരിക്കെ അവിടുന്ന് ഒരു മരപ്പണിക്കാരന്‍റെ മകനായി കാണപ്പെടാനും അപ്രകാരം പരിഗണിക്കപ്പെടാനും തിരുമനസ്സായി. മാത്രമല്ല, തന്‍റെ ഈ ലോക ജീവിതത്തിന്‍റെ വലിയൊരു ഭാഗം ഒരു മരപ്പണിക്കാരനെന്ന നിലയില്‍ ചെലവഴിക്കുന്നതു നിന്ദ്യമായി അവിടുന്നു കരുതിയുമില്ല; ''ഇവന്‍ മറിയത്തിന്‍റെ മകനായ മരപ്പണിക്കാരനല്ലേ?''

വിശുദ്ധനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായും തൊഴിലിനെക്കുറിച്ച്, മാതാവും ഗുരുനാഥയും എന്ന 1961-ലെ ചാക്രികലേഖനത്തില്‍ വിശദമാക്കുന്നു. അതിന്‍റെ 18-ാംഖണ്ഡികയില്‍ തൊഴില്‍ ഒരു വില്‍പ്പനച്ചരക്കല്ല എന്നും, നീതിപൂര്‍വം അതിനെ വീക്ഷിക്കേണ്ടതുണ്ടെന്നും ശക്തിയുക്തം ഉപദേശിക്കുന്നുണ്ട്. 

6. മാത്തെര്‍ എത്ത് മജിസ്ത്ര 18 (ജോണ്‍ -23ാമന്‍ പാപ്പാ, ചാക്രികലേഖനം 1961): തൊഴിലും മനുഷ്യവ്യക്തിയും

തൊഴില്‍, അതു മനുഷ്യവ്യക്തിയുടെ ഒരു പ്രകാശനമാകകൊണ്ട്, യാതൊരു കാരണവശാലും വെറും വില്‍പ്പനച്ചരക്കായി അതിനെ പരിഗണിക്കാന്‍ പാടില്ല.  മനുഷ്യവംശത്തിന്‍റെ വന്‍ഭൂരിപക്ഷത്തിന്, ജീവസന്ധാരണത്തിനാവശ്യമായ വക കണ്ടെത്തുന്ന മാര്‍ഗം തൊഴിലാണ്.  അതുകൊണ്ട് തൊഴിലിനുള്ള പ്രതി ഫലം ഒരു വ്യാപാരവസ്തുവായി കാണാന്‍ പാടില്ല.  നീതിയുടെയും ന്യായത്തിന്‍റെയും നിയമങ്ങള നുസരിച്ചാണ് അതിനെ വീക്ഷിക്കേണ്ടത്.

തൊഴില്‍ എന്തുതന്നെയായാലും അതിനു പ്രതിഫലം ലഭിക്കേണ്ടതാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും പഠിപ്പിക്കുന്നു.  സഭയുടെ പരമാധികാരം തൊഴിലിന്‍റെ മഹത്വത്തെക്കുറിച്ചു പഠിപ്പി ക്കുമ്പോള്‍, അതിന്‍റെ പ്രതിഫലത്തെക്കുറിച്ചും വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്.

7. ഗാവുദിയും എത് സ്പെസ് 67  (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, 1965): തൊഴിലും മനുഷ്യവികസനവും

മനുഷ്യനു തനിക്കും തനിക്കുള്ളവര്‍ക്കും ഭൗതികവും സാമൂഹികവും സാംസ്ക്കാരികവും ആധ്യാത്മികവുമായ ജീവിതം മാന്യമായി നയിക്കാന്‍ കഴിവു നല്‍കത്തക്കവിധം, ഓരോ ജോലിയ്ക്കും അതില്‍നിന്നുള്ള ഉത്പാദനക്ഷമത, തൊഴില്‍ശാലയുടെ പരിതഃസ്ഥിതി, പൊതുനന്മ എന്നിവയെല്ലാം കണക്കിലെടുത്ത്, പ്രതിഫലം നല്‍കണം.

വിശുദ്ധനായ ജോണ്‍ പോള്‍ പാപ്പാ 1981-ല്‍, റേരും നൊവാരുമിന്‍റെ 90-ാം വര്‍ഷത്തില്‍ നല്‍കിയ രേഖയാണ് ലബോറെം എക്സെര്‍ച്ചേന്‍സ് എന്ന പ്രസിദ്ധമായ ചാക്രികലേഖനം.  ഇതില്‍ തൊഴിലിനെ സവിസ്തരം പ്രതിപാദിച്ച് അതിനെ മനുഷ്യാസ്തിത്വത്തിന്‍റെ ഭാഗമായി ദര്‍ശിക്കുകയും, വെളിപ്പെടുത്തപ്പെട്ട ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ അതിന്‍റെ മഹത്വത്തെ വ്യക്തമാക്കുകയും ചെയ്യുന്നത് നമുക്കു കേള്‍ക്കാം. ഈ രേഖയുടെ 4-ാമത്തെ ഖണ്ഡിക ഇപ്രകാരം പറയുന്നു.

8. ലബോറെം എക്സെര്‍ച്ചേന്‍സ്  4  (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1981): തൊഴില്‍ - അ‌ടിസ്ഥാനമനുഷ്യപ്രവര്‍ത്തനം

ലോകത്തില്‍ മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ അടിസ്ഥാനമാനമാണു തൊഴില്‍ എന്ന ഉത്തമബോധ്യം സഭയ്ക്കുണ്ട്. നരവംശശാസ്ത്രം, പുരാവസ്തുഗവേഷണശാസ്ത്രം, ചരിത്രം, സാമൂഹികശാസ്ത്രം, മനഃശാസ്ത്രം മുതലായി മനുഷ്യനെപ്പറ്റി പഠിക്കുന്ന വിവിധ ശാസ്ത്രങ്ങളുടെ പൈതൃകം മുഴുവനും പരിശോധിക്കുമ്പോള്‍ സഭയുടെ ഈ ബോധ്യം ദൃഢതരമാവുകയാണ്.  ഈ ശാസ്ത്രങ്ങളെല്ലാം, ഈ യാഥാര്‍ഥ്യത്തിനു ഖണ്ഡനാതീതമായ രീതിയില്‍ സാക്ഷ്യം നല്‍കുന്നുണ്ട്. എന്നാല്‍, ഇവയ്ക്കെല്ലാം ഉപരിയായി സയുടെ അവബോധത്തിന് ഉറവിടമായിരിക്കുന്നത് വെളിപ്പെടുത്തപ്പെട്ട ദൈവവചനമാണ്.  ആകയാല്‍, ബുദ്ധിയുടെ അവബോധം, വിശ്വാസത്തിന്‍റെയും അവബോധമാണ്. സഭ മനുഷ്യനില്‍ വിശ്വസിക്കുന്നു - ഈയവസരത്തില്‍ ഇക്കാര്യം സൂചിപ്പിക്കുക ഉചിതമാണ് എന്നതാണ് ഇതിന്‍റെ കാരണം.  സഭ മനുഷ്യനെപ്പറ്റി ചിന്തിക്കുന്നു.  അവള്‍ അവനോടു സംസാരിക്കുന്നത്, ചരിത്രാനുഭവത്തിന്‍റെ വെളിച്ചത്തില്‍ മാത്രമല്ല, ശാസ്ത്രീയജ്ഞാനത്തിന്‍റെ വിവിധ രീതികളുടെ സഹായത്തോടെ മാത്രവുമല്ല.  പിന്നെയോ, പ്രധാനമായും, ജീവിക്കുന്ന ദൈവം വെളിപ്പെടുത്തിയ വചനത്തിന്‍റെ വെളിച്ചത്തിലാണ്.

ഇതേ രേഖയുടെ ആറാമത്തെ ഖണ്ഡിക തൊഴിലിന്‍റെ പൊതുവായ മാനം മാത്രമല്ല, വ്യക്തിനിഷ്ഠമായ മാനവും വിശദമാക്കേണ്ടത് ആവശ്യമാണെന്നു പറയുക മാത്രമല്ല, ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍റെ ആത്മ സാക്ഷാത്ക്കാരത്തിന്‍റെ ഭാഗമാണ് തൊഴിലെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്.  അനേക സഹനങ്ങളിലൂടെയും തൊഴിലിന്‍റെ ക്ലേശങ്ങളിലൂടെയും കടന്നുപോയ വ്യക്തി എന്ന നിലയില്‍ വിശുദ്ധനായ പാപ്പാ, തൊഴിലിനെക്കുറിച്ച്, അതിന്‍റെ മഹത്വത്തെക്കുറിച്ച് വളരെ മനോഹരമായി പ്രതിപാദിക്കുന്നുണ്ടിവിടെ.

9. ലബോറെം എക്സെര്‍ച്ചേന്‍സ്  6  (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ചാക്രികലേഖനം 1981): മനുഷ്യന്‍ തൊഴിലിന്‍റെ കര്‍ത്താവ് എന്ന നിലയില്‍

തൊഴിലിന്‍റെ അപഗ്രഥനം - മനുഷ്യന്‍ ഭൂമിയെ കീഴടക്കണമെന്ന വേദവാക്യത്തോടു ബന്ധപ്പെട്ട ഈ അപഗ്രഥനം - നാം തുടരുമ്പോള്‍ നാം നമ്മുടെ ശ്രദ്ധ വ്യക്തിനിഷ്ഠമായ അര്‍ഥത്തിലുള്ള തൊഴിലില്‍ കേന്ദ്രീകരിക്കണം.  വ്യത്യസ്ത മണ്ഡലങ്ങളിലുള്ള പണ്ഡിതന്മാര്‍ക്കു നേരിട്ടും വിശദമായിട്ടും അറിയാവുന്നതുമായ പ്രശ്ന്ങളുടെ വിപുലമായ മണ്ഡലത്തെ, കഷ്ടിച്ചു സ്പര്‍ശിച്ചു കൊണ്ട്, തൊഴിലിന്‍റെ വസ്തുനിഷ്ഠമായ അര്‍ഥത്തില്‍ പരോക്ഷമായിട്ടേ സംസാരിക്കുന്നുള്ളു.  തൊഴിലിന്‍റെ കര്‍ത്താവായ മനുഷ്യനെപ്പറ്റിയും, പരോക്ഷമായിട്ടേ അവ സംസാരിക്കുന്നുള്ളു.  പക്ഷേ, ആ വാക്കുകള്‍ വളരെ വാചാലമാണ്; പ്രാധാന്യമുള്ളവയുമാണ്.

മനുഷ്യന്‍, ''ദൈവത്തിന്‍റെ പ്രതിച്ഛായ'' എന്ന നിലയില്‍ ഒരു വ്യക്തിയാണ്.  അതായത്, ആസൂത്രി തവും യുക്തിപൂര്‍വകവുമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കര്‍ത്താവായ ജീവിയാണ്.  തന്നെപ്പറ്റിത്തന്നെ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളവനാണ്, ആത്മസാക്ഷാത്ക്കാരത്തിനായി യത്നിക്കുവാനുള്ള പ്രവണതയോടുകൂടിയവനുമാണ്.  അതുകൊണ്ട്, അവന്‍ ഭൂമിയെ കീഴടക്കുകയും അതിന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

‘‘ആയുഷ്ക്കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് നീ അതില്‍ നിന്നു കാലയാപനം ചെയ്യും’’ (ഉല്‍പ്പ 3:17) എന്നു മനുഷ്യനോടു ദൈവം അരുളിച്ചെയ്ത വാക്കുകള്‍ ശിക്ഷാവിധിയുടെ പശ്ചാത്തലത്തി ലാണു കേള്‍ക്കപ്പെടുന്നതെങ്കിലും അത് മനുഷ്യന്‍റെ ഈ ഭൂമിയിലെ ദൗത്യമാണെന്നു വെളിപ്പെടുത്തുന്ന വാക്കുകളാണെന്നു മാത്രമല്ല, മനുഷ്യരക്ഷയുടെ ഉപാധിയുമാണത് എന്ന പ്രബോധനവും കൂടിയാണ് എന്നു നമുക്കു മനസ്സിലാക്കാം.  അതുകൊണ്ടാണ് മനുഷ്യരക്ഷയ്ക്കായി വന്ന ദൈവപുത്രന്‍ തൊഴില്‍ ചെയ്തും സൃഷ്ടികളായ നമ്മോടു തുല്യനായിത്തീര്‍ന്നത്. ഏതൊരു തൊഴിലിലും ഈ ദൈവികദൗത്യം കണ്ടെത്തുകയും അഭിമാനത്തോടും ദൈവത്തിലുള്ള ശരണത്തോടുംകൂടി നമുക്കു തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യാം. 


(Sr. Theresa Sebastian)

15/02/2018 10:28