സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സ്വീകാര്യമായ സമയമിത് : ജീവിതത്തിന്‍റെ താളപ്പിഴകള്‍ തീര്‍ക്കാം

വിഭൂതിത്തിരുനാളില്‍... വിശുദ്ധ സബീനയുടെ ബസിലിക്കയില്‍ - ANSA

15/02/2018 18:15

ജീവിതത്തിന്‍റെ താളപ്പിഴകള്‍ തീര്‍ക്കാനുതകുന്ന സ്വീകാര്യമായ സമയമാണ് തപസ്സുകാലം. നമ്മുടെ ഹൃദയങ്ങള്‍ അതിനാല്‍ ക്രിസ്തുവിന്‍റെ സ്നേഹമുള്ള ഹൃദയത്തോട് ചേര്‍ത്ത് സ്പന്ദിപ്പിക്കാവുന്ന സമയവുമാണിത്. ഫെബ്രുവരി 14-Ɔ൦ തിയതി ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് വിശുദ്ധ സബീനയുടെ നാമത്തില്‍ റോമിലെ അവന്‍റൈന്‍ കുന്നിലുള്ള ബസിലിക്കയില്‍ വിഭൂതിത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചുകൊണ്ടു നടത്തിയ വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സഭാമാതാവ് തന്‍റെ മാതൃസ്നേഹത്തില്‍ മനുഷ്യഹൃദയങ്ങളെ ഹൃദയങ്ങളെ ഭ്രമിപ്പിക്കുകയോ മലീമസമാക്കുകയോ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് തന്‍റെ മക്കളെ ഈ തപസ്സിലൂടെ ഓര്‍മ്മപ്പെടുത്തുകയാണ്. നാം നിരവധി പ്രലോഭനങ്ങള്‍ക്ക് വിധേയരാണ്. അനുദിനം നാം നേരിടുന്ന പ്രലോഭനങ്ങളും ക്ലേശങ്ങളും നമുക്ക് അറിയാം. അനുദിന ജീവിതത്തിന്‍റെ മാറിമറിയുന്ന സാഹചര്യങ്ങളുമായി നാം ഇടപഴകുമ്പോള്‍, ജീവിതവ്യഥകളെയും അനിശ്ചിതത്ത്വങ്ങളെയും ഭയക്കുകയും ജീവിതത്തെ ഓര്‍ത്ത് നൊമ്പരപ്പെടുകയും ചെയ്യുന്നു. നമ്മില്‍ത്തന്നെ അത് ആത്മവിശ്വാസക്കുറവ് വളര്‍ത്തുന്നു. മദര്‍ തെരേസ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ വിശ്വാസത്തിന്‍റെ ഫലം ഉപവിയാണെങ്കില്‍ അവിശ്വാസത്തിന്‍റെ ഫലം വെറുപ്പും നിസംഗതയും അലസതയുമായിരിക്കും. വിശ്വാസരാഹിത്യം, നിസംഗത, അലസത എന്നിവ വിശ്വാസിയുടെ ഹൃദയത്തെ മന്ദീഭവിപ്പിക്കുക മാത്രമല്ല, മരവിപ്പിച്ച് നിര്‍ജ്ജീവിമാക്കുന്ന പൈശാചിക ഘടകങ്ങളാണ്. ഈ പ്രലോഭനങ്ങളെ ഉപേക്ഷിക്കാനും ഇല്ലാതാകാകാനുമുള്ള സമയവും, അങ്ങനെ ഹൃദയങ്ങളെ ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തോട് നമ്മുടെ എളിയ ഹൃദയങ്ങളെ സാരൂപ്യപ്പെടുത്താനുള്ള സമയമാണ് പുണ്യമായ തപസ്സുകാലം.

നവീകരണത്തിനുള്ള ആഗ്രഹത്താലും ബോധ്യത്താലും നമ്മുടെ ഹൃദയങ്ങളില്‍ മൂന്നു കാര്യങ്ങള്‍ സ്പന്ദിക്കട്ടെ! അല്പം നില്ക്കാം ചിന്തിക്കാം,  മനസ്സിലാക്കാം,  പിതാവിങ്കലേയ്ക്കു പിന്‍തിരിയാം... എന്നിങ്ങനെ മൂവ്വിധ ചിന്തകളാണ് പാപ്പാ പ്രഭാഷണത്തില്‍ തുടര്‍ന്നു പങ്കുവച്ചത്.

1.  ഒന്നു നില്ക്കാം ചിന്തിക്കാം! 
ഹൃദയത്തെ അസ്വസ്ഥമാക്കുന്ന വിഭ്രാന്തിയുടെയും ആലസ്യങ്ങളുടെയും വെറുപ്പിന്‍റെയും വികാരങ്ങളെ ഒന്നു നിര്‍ത്തി തിരിച്ചറിയാന്‍ ശ്രമിക്കണം. അവ നമുക്ക് ഒരു നന്മയും പകര്‍ന്നു തരാത്ത ഗുണഗണങ്ങളാണ്. അവ നമ്മെ ഒരിടത്തും എത്തിക്കുകയില്ല. നമ്മെ തത്രപ്പെടുത്തുകയും, കുടുംബങ്ങളില്‍നിന്നും, സുഹൃത്തുക്കളില്‍നിന്നും സ്നേഹിതരില്‍നിന്നും അകറ്റുകയും ചെയ്യുന്നു.

സമയം ദൈവത്തിന്‍റെ ദാനമാണ്. ആ സമയപരിണാമത്തിലാണ് നമുക്ക് ദൈവത്തിന്‍റെ സാന്നിദ്ധ്യാനുഭവമുണ്ടാകേണ്ടത്. പ്രകടനപരതയില്‍നിന്നും, പേരും പെരുമയ്ക്കുമായുള്ള വ്യാമോഹങ്ങളില്‍നിന്നും നമുക്ക് ഒഴിഞ്ഞു നില്ക്കാം. എന്നിട്ട് സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും സല്‍പ്രവൃത്തികളില്‍ വ്യാപൃതരാകാം!

2. നാം കണ്ടു മനസ്സിലാക്കേണ്ടത്  
ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹവും നന്മയുമാണ് നാം ദൈവിക കാരുണ്യവും സ്നേഹവും നമ്മുടെ ജീവിതപരിസരങ്ങളില്‍ കുടുംബത്തിലും സമൂഹത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ ഈ തപസ്സുകാലത്തു സാധിക്കട്ടെ! നമ്മുടെ കുടുംബങ്ങളെ ദൈവസ്നേഹത്തിന്‍റെ പാഠശാലയാക്കാം. നമ്മുടെ മക്കള്‍, യുവജനങ്ങള്‍ വൃദ്ധജനങ്ങള്‍ രോഗികള്‍ ഇവരിലെല്ലാം ക്രൂശിതന്‍റെ മുഖം ധ്യാനിക്കാന്‍ ഈ തപസ്സ് സഹായമാകട്ടെ, പാപ്പാ ഉദ്ബോധിപ്പിച്ചു.

3. പിതൃസ്നേഹത്തിലേയ്ക്ക് പിന്‍തിരിയാം
കരങ്ങള്‍ നീട്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന നല്ല പിതാവിന്‍റെ ഓര്‍മ്മയും, കരുണയില്‍ സമ്പന്നനായി സദാ നമുക്കായി കാത്തിരിക്കുന്ന പിതാവിന്‍റെ ഓര്‍മ്മയും വിരിയേണ്ട കാലമാണിത് (എഫേ. 2, 4). ഭീതിയില്ലാതെ മടങ്ങിപ്പോകാം. ഇത് സ്വീകാര്യമായ സമയമാണ് (യോഹ. 10, 17). നിരാശയും ദുഃഖവും മനോവ്യഥയും ഉണര്‍ത്തുന്ന ജീവിതബന്ധങ്ങളും സാഹചര്യങ്ങളും പാടെ വിട്ടുപോകാം. പിതാവിങ്കലേയ്ക്കു തിരിയാം, മടങ്ങിപ്പോകാം. ദൈവത്തിന്‍റെ കരുണാര്‍ദ്രമായ അനുരഞ്ജനത്തിന്‍റെ സൗഖ്യവും ആനന്ദവും അനുഭവിക്കാം.

“ഞാന്‍ നിനക്ക് നവമായൊരു ഹൃദയം നല്കും, നവമായ ചൈതന്യം ഞാന്‍ നിന്നില്‍ നിക്ഷേപിക്കും.
നിന്‍റെ കല്ലുപോലെ കഠിനമായ ഹൃദയം മാറ്റി മാംസളമായ ഒരു ഹൃദയം നിനക്കു ഞാന്‍ തരും”
  (എസേക്കിയേല്‍ 36, 26).
അതിനാല്‍ ഒന്നു നില്ക്കാം, ചിന്തിക്കാം, പിതാവിങ്കലേയ്ക്കു മടങ്ങാം!


(William Nellikkal)

15/02/2018 18:15