സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

പൊതുദര്‍ശനപ്രഭാഷണം: വിശ്വാസ പ്രഖ്യാപനവും സമൂഹപ്രാര്‍ത്ഥനയും

ഫ്രാന്‍സീസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍, കുട്ടികളെ തന്‍റെ വാഹനത്തില്‍ കൈപിടിച്ചു കയറ്റുന്നു, വത്തിക്കാന്‍ 14/02/18 - AP

14/02/2018 12:40

ശൈത്യത്തിന്‍റെ പിടിയിലമര്‍ന്ന ഒരു ദിനമായിരുന്നു  ഈ ബുധനാഴ്ച (14/02/18) റോമില്‍. കാര്‍മേഘാവൃതമായിരുന്ന അന്തരീക്ഷവും ചാറ്റല്‍ മഴയും കൂടിയായപ്പോള്‍ തീര്‍ത്തും പ്രതികൂലമായ ഒരവസ്ഥയായിരുന്നു. എങ്കിലും ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാരപൊതുകൂടിക്കാഴ്ചയില്‍ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യാക്കാരായ ആയിരക്കണക്കിനാളുകള്‍ എത്തിയിരുന്നു. വേദി, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അതിവിശാലമായ അങ്കണമായിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാല്‍ പാപ്പാ രോഗികള്‍ക്ക് പൊതുദര്‍ശനം അനുവദിച്ചത് ബസിലിക്കയ്ക്കടുത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ചായിരുന്നു. അവരുമായി അല്പസമയം ചിലവഴിക്കുകയും നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന അവരുമൊത്തു ചൊല്ലുകയും അവര്‍ക്ക് അപ്പസ്തോലികാശീര്‍വ്വാദം നല്കുകയും ചെയ്തതിനുശേഷമാണ് പാപ്പാ ചത്വരത്തിലെത്തിയത്.   പാപ്പാ വെളുത്ത തുറന്ന വാഹാനത്തില്‍ ചത്വരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ജനങ്ങളുടെ കരഘോഷവും ആരവവും ഉയര്‍ന്നു. പുഞ്ചിരിതൂകി ഏവര്‍ക്കും  അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് വാഹനത്തില്‍ ജനങ്ങളുടെ ഇടയിലൂടെ നീങ്ങിത്തുടങ്ങിയ പാപ്പാ ഇടയ്ക്ക് വച്ച് ഏതാനും ബാലികാബാലന്മാരെ വാഹനത്തിനലേറ്റി. അവരുമൊത്തു നീങ്ങിയ പാപ്പാ   ഇടയ്ക്കിടെ അംഗരക്ഷകര്‍ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്നുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വേദിക്കടുത്തു നിറുത്തിയ വാഹനത്തില്‍ നിന്ന് കുട്ടികള്‍ ആദ്യമിറങ്ങി, തുടര്‍ന്ന് പാപ്പായും. തദ്ദനന്തരം പാപ്പാ സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 10 മണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30 ഓടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും.8 നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്‍റെ ശിഷ്യന്മാരായിരിക്കുകയും ചെയ്യും” (യോഹന്നാന്‍ 15:7-8)

ഈ സുവിശേഷഭാഗം പാരായണംചെയ്യപ്പെട്ടതിനു ശേഷം, പാപ്പാ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ താന്‍ വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചു നടത്തിപ്പോരുന്ന പ്രബോധനപരമ്പര തുടര്‍ന്നു. ലത്തീന്‍ റീത്തിന്‍റെ  ആരാധനാക്രമമനുസരിച്ചുള്ള വിശുദ്ധകുര്‍ബ്ബാനയില്‍ വചനശുശ്രൂഷ കഴിഞ്ഞു വരുന്ന വിശ്വാസ പ്രഖ്യാപനവും വിശ്വാസികളുടെ പ്രാര്‍ത്ഥനയും ആയിരുന്നു പാപ്പായുടെ വിചിന്തനം വിഷയം.

എല്ലാവര്‍ക്കും നല്ലൊരു ദിനം നേര്‍ന്നുകൊണ്ട് തന്‍റെ വിചിന്തനം ആരംഭിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു.

ഈ ദിവസം അല്പം മോശമാണ് അല്ലേ? എങ്കിലും എല്ലാവര്‍ക്കും നല്ലദിവസം നേരുന്നു. ആത്മാവില്‍ സദാ സന്തോഷമുണ്ടെങ്കില്‍ ദിവസം നല്ലതായി ഭവിക്കും. ഇന്ന് പൊതുദര്‍ശനപരിപാടി രണ്ടിടത്തായിട്ടാണ് നടക്കുന്നത്. രോഗികളുടെ ഒരു ചെറിയ സമൂഹം പ്രതികൂല കാലാവസ്ഥമൂലം പോള്‍ ആറാമന്‍ ശാലയിലും നമ്മള്‍ ഇവിടെയും. ഭീമന്‍ ടെലെവിഷന്‍ സ്ക്രീനുകളില്‍ നമ്മള്‍ അവരെയും അവര്‍ നമ്മെയും കാണുന്നു. ഒരു കൈയ്യടിയോടെ അവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാം.

നമുക്ക് വിശുദ്ധ കുര്‍ബ്ബാനയെ അധികരിച്ചുള്ള പ്രബോധനപരമ്പര തുടരാം. സുവിശേഷ പരിചിന്തനം വരെ നീണ്ടുപോകുന്ന വിശുദ്ധഗ്രന്ഥഭാഗശ്രവണം എന്തിനോടു പ്രത്യുത്തരിക്കുന്നതാണ്? ഒരവകാശത്തോടു പ്രത്യുത്തരിക്കുന്നു; ദൈവവചനനിധി സമൃദ്ധമായി സ്വീകരിക്കാന്‍ ദൈവജനത്തിനുള്ള ആദ്ധ്യാത്മികാവകാശത്തോടു. വിശുദ്ധ കുര്‍ബ്ബാനയ്ക്കു പോകുന്ന നമുക്കെല്ലാവര്‍ക്കും ദൈവവചനം സമൃദധമായി ലഭിക്കാനുള്ള അവകാശമുണ്ട്... ദൈവവചനം ശ്രവിക്കാനുള്ള അവകാശമുണ്ട്.  സകലര്‍ക്കും വേണ്ടി, ഇടയന്മാര്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി, കര്‍ത്താവ് സംസാരിക്കുന്നു. വിശുദ്ധകുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്ന സകലരുടെയും ഹൃദയങ്ങളില്‍, അവരുടെ ജീവിതത്തിന്‍റെയും പ്രായത്തിന്‍റെയും സാചര്യത്തിന്‍റെയും അവസ്ഥയില്‍, അവിടന്ന് മുട്ടുന്നു. കര്‍ത്താവ് സാന്ത്വനം പകരുകയും വിളിക്കുകയും നൂതനവും അനുരഞ്ജിതവുമായ ഒരു ജീവിതം കിളിര്‍പ്പിക്കുകയും ചെയ്യുന്നു. അവിടത്തെ വചനം ഹൃദയത്തില്‍ മുട്ടുകയും ഹൃദയത്തെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു.

ആകയാല്‍ സുവിശേഷപ്രഭാഷണാനന്തരം മൗനത്തിന്‍റെതായ ഒരു വേളയുണ്ട്. സ്വീകരിച്ച വിത്ത് ആത്മാവിന്‍റെ അടിത്തട്ടില്‍ എത്തുന്നതിനും അങ്ങനെ പരിശുദ്ധാരൂപി ഓരോരുത്തരോടും നിര്‍ദ്ദേശിച്ചിട്ടുള്ളവയ്ക്കനുസൃതമായ പുതിയ തീരുമാനങ്ങള്‍ ഉരുവാകുന്നതിനും വേണ്ടിയാണത്. അഗാധമായ മൗനം പാലിക്കുകയും ശ്രവിച്ചവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യണം.‍

ഈ നിശബ്ദതയ്ക്കു ശേഷം വിശുദ്ധകുര്‍ബ്ബാന തുടരുന്നത് എപ്രകാരമാണ്?. വിശ്വാസത്തോടുള്ള വൈക്തികമായ ഉത്തരം സഭയുടെ വിശ്വാസ പ്രഖ്യാപനത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നു. വിശ്വാസപ്രമാണത്തില്‍ അത് ആവിഷ്കൃതമാകുന്നു. നാം വിശ്വാസപ്രമാണം ചൊല്ലുന്നു. വിശ്വാസികളുടെ സമൂഹം ഒന്നായി ചോല്ലുന്ന വിശ്വാസപ്രമാണം ദൈവവചനത്താല്‍ തങ്ങള്‍ ശ്രവിച്ചവയോടുള്ള പൊതുവായ പ്രത്യുത്തരത്തെ പ്രകാശിപ്പിക്കുന്ന പ്രതീകമാണ്.

ഈ വിശ്വാസ പ്രഖ്യാപനം വിശുദ്ധകുര്‍ബ്ബാനയെ, പിതാവിന്‍റെയും പുത്രാന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്വീകരിച്ച മാമ്മോദിസായുമായി ബന്ധപ്പെടുത്തുകയും സഭയുടെ വിശ്വാസത്തിന്‍റ വെളിച്ചത്തില്‍ മാത്രമാണ് കൂദാശകളെ ഗ്രഹിക്കാന്‍ കഴിയുകയെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

വിശ്വാസത്തോടുകൂടി സ്വീകരിച്ച ദൈവവചനത്തോടുള്ള പ്രത്യുത്തരം പിന്നീട് പൊതുവായ പ്രാര്‍ത്ഥനയില്‍, സാര്‍വ്വത്രികപ്രാര്‍ത്ഥന എന്നറിയപ്പെടുന്ന വിശ്വാസികളുടെ പ്രാര്‍ത്ഥനയില്‍, ആവഷ്കൃതമാകുന്നു. സഭയുടെയും ലോകത്തിന്‍റെയും ആവശ്യങ്ങളെ ആശ്ലേഷിക്കുന്നതാകയാലാണ് സാര്‍വ്വത്രിക പ്രാര്‍ത്ഥന എന്ന് ഇതറിയപ്പെടുന്നത്.

സുവിശേഷവായനയും പ്രസംഗവും കഴിഞ്ഞ്, വിശിഷ്യ, ഞായറാഴ്ചകളിലും കടമുള്ള തിരുന്നാളുകളിലും സമൂഹ പ്രാര്‍ത്ഥന, അല്ലെങ്കില്‍, വിശ്വാസികളുടെ പ്രാര്‍ത്ഥന വീണ്ടും ഏര്‍പ്പെടുത്താന്‍ രണ്ടാം വത്തിക്കാന്‍ സൂനഹോദോസ് പിതാക്കന്മാര്‍ തീരുമാനിച്ചു. “ജനങ്ങളുംകൂടി പങ്കെടുക്കുന്ന ഈ പ്രാര്‍ത്ഥന തിരുസഭയുടെയും രാഷ്ട്രീയാധികാരികളുടെയും വിവിധ ആവശ്യങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെയും ദുരിതമനുഭവിക്കുന്നവരുടെയും നന്മയ്ക്കും മനുഷ്യരാശിയുടെയും ലോകം മുഴുവന്‍റെയും രക്ഷയ്ക്കും വേണ്ടിയുള്ളതാണ്”.

യേശുക്രിസ്തു നമ്മോടു പറഞ്ഞത് ഓര്‍ക്കുക: നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്‍റെ  വാക്കുകള്‍ നിങ്ങളില്‍ നിലനില്ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളത് ചേദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. (യോഹന്നാന്‍,15,7)

കര്‍ത്താവേ., ഞാന്‍ വിശ്വസിക്കുന്നു, എന്‍റെ അല്പവിശ്വാസത്തെ സഹായിക്കേണമേ... വിശ്വാസത്തിന്‍റെ ഈ ഒരു ചൈതന്യത്തോടുകൂടി ആയിരിക്കണം നാം പ്രാര്‍ത്ഥിക്കേണ്ടത്.

ലൗകികയുക്തികളുടെ അവകാശവാദങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുയരുകയില്ല. യാക്കോബ് ശ്ലീഹായുടെ ലേഖനം അദ്ധ്യായം 4,2-3 വാക്യങ്ങള്‍ സൂചിപ്പിക്കുന്നതു പോലെ തന്‍കാര്യത്തിനുവേണ്ടിമാത്രമായി ചോദിക്കപ്പെടുന്നവ ശ്രവിക്കപ്പെടുകയില്ല. വചനശുശ്രൂഷ്യക്ക് സമാപനംകുറിക്കുന്ന സമൂഹപ്രാര്‍ത്ഥന നമ്മെ ഉപദേശിക്കുന്നത് സ്വന്തം മക്കളെ പരിപാലിക്കുന്ന ദൈവത്തിന്‍റെ ആ നോട്ടം നമ്മു‌ടേതാക്കിത്തീര്‍ക്കാനാണ്. നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ ലത്തീന്‍ സഭയില്‍ ഈ ബുധനാഴ്ച, വിഭൂതിത്തിരുന്നാളോടെ വലിയനോമ്പ് ആരംഭിക്കുന്നത് അനുസ്മരിച്ചു.

കരങ്ങള്‍ വിരിച്ച് സകലരേയും കാത്തിരിക്കുന്ന പിതാവിന്‍റെ സ്നേഹത്തിലേക്കു മടങ്ങാനുള്ള ഈ കൃപയുടെ സമയമായി നോമ്പുകാലം ജീവിക്കാന്‍ യുവജനത്തിന് കഴിയട്ടെയെന്ന് പാപ്പാ ആശംസിച്ചു.  വിശ്വാസത്തില്‍ നിന്ന് അകന്നു ജീവിക്കുന്നവരുടെ മാനസ്സാന്തരത്തിനായി സഹനങ്ങള്‍ കാഴ്ചവയ്ക്കാന്‍ രോഗികളെയും ദൈവസ്നേഹത്തിന്‍റെ പാറമേല്‍ പുതിയകുടുംബം പടുത്തുയര്‍ത്താന്‍ നവദമ്പതികളെയും പാപ്പാ ക്ഷണിച്ചു.

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.

14/02/2018 12:40