2018-02-13 09:35:00

''ക്ഷമയെന്ന മനോഹരപുണ്യം'': പാപ്പായുടെ വചനസന്ദേശം


മധ്യപൂര്‍വദേശങ്ങളിലെ ക്രൈസ്തവസഹോദരങ്ങളെയും അവരെപ്പോലെ, ദുരിതങ്ങളും ദുരന്തങ്ങളും ചുമലില്‍ വഹിക്കുന്നവരെയും അനുസ്മരിച്ചുകൊണ്ട്, 'ക്ഷമയെന്ന പുണ്യത്തിനായി പ്രാര്‍ഥിക്കാം' എന്ന ആഹ്വാനമേകിയാണ് പാപ്പാ ഫെബ്രുവരി 12-ാംതീയതി സാന്താ മാര്‍ത്താ കപ്പേളയിലര്‍പ്പിച്ച ദിവ്യബലിയില്‍ വചനസന്ദേശം നല്‍കിയത്.

വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ അതു ക്ഷമ പ്രദാനം ചെയ്യുന്നു എന്നു വിശദമാക്കുന്ന വി. യാക്കോബിന്‍റെ ലേഖനത്തില്‍ നിന്നുള്ള ആദ്യവായനയെ (1:1-11) ആസ്പദമാക്കി, പാപ്പാ പറഞ്ഞു:  ''രോഗിയോ വൈകല്യമുള്ളതോ ആയ ഒരു കുഞ്ഞു ജനിക്കുമ്പോള്‍, അനു ജീവനുള്ളതിനെക്കുറിച്ച് മാതപിതാക്കള്‍ ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക... ക്രിസ്തീയക്ഷമ ഒരിക്കലും പരാജയത്തിന്‍റെ പാതയില്‍ സഞ്ചരിക്കുകയില്ല.  അതൊരിക്കലും സഹനത്തില്‍ പരാജയപ്പെടുകയില്ല.  അത് പരിപൂര്‍ണസന്തോഷത്തി ലേയ്ക്കു നയിക്കുന്നതാണ്.  പരിമിതികളുമായി സംവദിക്കുന്നതിനുള്ള വിജ്ഞാനമാണ് ക്ഷമ...

വി. ഗ്രന്ഥത്തിലെ രക്ഷാകരചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്കു ദര്‍ശിക്കാനാകും, ദൈവത്തിന്‍റെ അപാരക്ഷമയുടെ ചരിത്രം.  അതുകൊണ്ട്, എല്ലാ പരീക്ഷണങ്ങളിലും ദുരിതങ്ങളിലും നമുക്ക് ദൈവത്തോടു പ്രാര്‍ഥിക്കാം, കര്‍ത്താവേ, അങ്ങയുടെ ക്ഷമ, അങ്ങയുടെ ജനത്തിനും നല്‍കണമേ. ക്ഷമ അതൊരു മനോഹര പുണ്യമാണ്.  അതിനായി നമുക്കു കര്‍ത്താവിനോടു പ്രാര്‍ഥിക്കാം''.  ഈ പ്രാര്‍ഥനാഹ്വാനത്തോടെയാണ് പാപ്പാ വചനസന്ദേശം ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.