സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ദൈവത്തിന്‍റെ സമ്പന്നമായ സ്നേഹം വിളിച്ചോതുന്ന സങ്കീര്‍ത്തനം

യാത്രികര്‍ക്കുമുകളില്‍ ഒരു അസ്തമയ പ്രഭ - ചൈനയിലെ സിഞ്ചിയാങ്... - REUTERS

12/02/2018 19:08

സാഹിത്യഘടനയില്‍ സമ്പൂര്‍ണ്ണ സ്തുതിപ്പായ 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ പഠനമാണ് കഴിഞ്ഞ പ്രക്ഷേപണത്തില്‍ നാം തുടങ്ങിവച്ചത്. ദൈവത്തെ സ്തുതിക്കാനുള്ള മൂന്ന് ആഹ്വാനങ്ങള്‍ ഈ ഗീതത്തിന്‍റെ പദങ്ങളില്‍ വ്യക്തമായി കാണുന്നു. അവ 1, 7, പിന്നെ 12 എന്നീ പദങ്ങളാണ്. ആദ്യം.!

കര്‍ത്താവിനെ സ്തുതിക്കുവിന്‍
നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തേയ്ക്കു സ്തുതിപാടുന്നത് ഉചിതമത്രേ!

ഇനി എഴാമത്തെ പദം ശ്രദ്ധിക്കാം:
കര്‍ത്താവിനു കൃതജ്ഞതാഗാനം ആലപിക്കുവിന്‍
കിന്നരം മീട്ടി ദൈവത്തെ സ്തുതിക്കുവിന്‍

12-Ɔമത്തെ വരി പരിശോധിക്കുകയാണെങ്കില്‍...
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
സിയോനേ, നിന്‍റെ ദൈവത്തെ പുകഴ്ത്തുക.

ഈ പദങ്ങള്‍  ദൈവത്തെ സ്തുതിക്കാനുള്ള സങ്കീര്‍ത്തകന്‍റെ മൂന്ന് ആഹ്വാനങ്ങളാണ്. അവയില്‍നിന്നു തന്നെ ‘സമ്പൂര്‍ണ്ണ സ്തുതിപ്പ്’ എന്ന ഈ ഗീതത്തിന്‍റെ സാഹിത്യഘടന സ്ഥിരീകരിക്കപ്പെടുകയാണ്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്. ആലാപനം രമേഷ് മുരളിയും സംഘവും...

Musical Version of Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ, എന്നും പുകഴ്ത്തുക!

ഗീതത്തിന്‍റെ തുടര്‍ന്നുള്ള പശ്ചാത്തലപഠനത്തിന് സഹായകമാകുന്നത് ഇസ്രായിലിന്‍റെ മൂന്നു ചരിത്രഘട്ടങ്ങളാണ്. ഇസ്രായേലിന്‍റെ ചരിത്രത്തിലെ മൂന്നു ഘട്ടങ്ങളില്‍ ആദ്യത്തേത്, ദാവീദുരാജാവിന്‍റെ കാലമാണ്. ദേവാലയം തീര്‍ക്കുകയും, ദൈവജനത്തോടൊപ്പം സജീവമായ ആരാധാനജീവിതത്തില്‍ രാജാവ് വ്യാപൃതനായും ജനങ്ങളെ പിന്‍തുണച്ച ആദ്യകാലഘട്ടമാണ്. ഈസ്രായിലേന്‍റെ ഒരു സുവര്‍ണ്ണകാലമായിരുന്നു അത്... സംശയമില്ല!  ഇനി, രണ്ടാം ഘട്ടം.. ഇസ്രായേലിന്‍റെ ക്ലേശപൂര്‍ണ്ണമായ വിപ്രവാസകാലമാണ്! തുടര്‍ന്ന് മൂന്നാമത്തേത്, ഇസ്രായേലിന്‍റെ തിരിച്ചുവരവന്‍റെയും, ജീവിത പുനാരാവിഷ്ക്കരണത്തിന്‍റെയും, പ്രത്യേകിച്ച് മതാത്മകജീവിതത്തിന്‍റെ പുനര്‍ജനകമായ കാലഘട്ടമാണെന്നു പറയാം.  പ്രത്യാശാപൂര്‍ണ്ണമായ സമയമെന്നാണ് നിരൂപകന്മാര്‍ അതിനെ വിശേഷിപ്പിക്കുന്നത്. അങ്ങനെയാണ് ഗീതം, ഒരു തിരിച്ചുവരവിന്‍റെ ആനന്ദഗീതവും സ്തുതിപ്പുമായി രൂപപ്പെടുന്നത്. അതുകൊണ്ടാണ് 147-Ɔ൦ സങ്കീര്‍ത്തനത്തെ നിരൂപകന്മാര്‍ സമ്പര്‍ണ്ണസ്തുതിപ്പെന്ന് വിശേഷിപ്പിക്കുന്നത്.

ഹാഗായ് സക്കറിയ പ്രവാചകന്മാരാണ് അത് രചിച്ചതെന്ന് പറയപ്പെടുന്നു. വിപ്രവാസത്തില്‍നിന്നും തിരിച്ചെത്തിയ ഇസ്രായേല്‍ ജനം ജരൂസലത്ത് പുനര്‍നിര്‍മ്മിച്ച ദേവാലയത്തില്‍, കൃതജ്ഞതയോടെ ദൈവത്തെ സ്തുതിച്ചു പ്രവേശിക്കുന്നത് നമുക്ക് ഊഹിക്കാവുന്നതാണ്. പേര്‍ഷ്യന്‍ അധിനിവേശത്തിന്‍റെ നാളുകള്‍ക്കുശേഷം ഇസ്രായേല്‍ ജനം തിരിച്ചെത്തുന്നത് തങ്ങളുടെ രക്ഷകനും നാഥനുമായ യാവേയ്ക്ക് നന്ദിയും സ്തുതിയും അര്‍പ്പിച്ചുകൊണ്ടാണ്.... പുനര്‍പ്രവേശത്തിനുള്ള ആഹ്ലാദം ഗീതത്തില്‍ പ്രകടമാക്കിക്കൊണ്ട് ഇസ്രായേല്‍ ജനം ദൈവത്തെ സ്തുതിക്കുന്നു, പ്രകീര്‍ത്തിക്കുന്നു. ആരാധിക്കുന്നു.

Musical Version Ps. 147
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക! (2)
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക
സിയോനെ ദൈവത്തെ എന്നും പുകഴ്ത്തുക
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ
അവിടുന്നു ബലപ്പെടുത്തുന്നു.
          -ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക....

ഇനിയും നാം തുടര്‍ന്നുള്ള രണ്ടും മൂന്നും പദങ്ങളില്‍ ചിതറിപ്പോയ ജനത്തെ പരിലാളിക്കുന്ന ഇടയനായ കര്‍ത്താവിന്‍റെ രൂപം വരച്ചു കാട്ടുകയും, പ്രകീര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്.

 Recitation of  Ps. 147
കര്‍ത്താവു ജരൂസലേമിനെ പണിതുയര്‍ത്തുന്നു, 
ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ
അവിടുന്നു ഒരുമിച്ചുകൂട്ടുന്നു
അവിടുന്നു ഹൃദയം തകര്‍ന്നവരെ
സൗഖ്യപ്പെടുത്തുകയും  അവരുടെ മുറിവുകള്‍
വച്ചുകെട്ടുകയും ചെയ്യുന്നു.

ദൈവത്തിന്‍റെ സമ്പന്നവും, കലവറയില്ലാത്തതുമായ സ്നേഹമാണ് ഹ്രസ്വമായ ഈ രണ്ടു പദാവലികള്‍ വ്യക്തമാക്കുന്നത് അവിടുത്തെ അപരിമേയമായ സ്നേഹമാണ്. “കരുണയോടെ ചിതറിപ്പോയതിനെ ശേഖരിക്കുന്നവനും, ഹൃദയം തകര്‍ന്നവരെ സൗഖ്യപ്പെടുത്തുന്നവനും, മുറിപ്പെട്ടവരെ വച്ചുകെട്ടുന്നവനും...” എന്ന് സങ്കീര്‍ത്തകന്‍ ദൈവത്തെ വിശേഷിപ്പിക്കുമ്പോള്‍, പുതിയ നിയമത്തിലേയ്ക്കും, ക്രിസ്തുവിലേയ്ക്കും അത് വിരല്‍ചൂണ്ടുന്നുവെന്ന് ഈ ആമുഖ പഠനത്തില്‍ത്തന്നെ നമുക്ക് മനസ്സിലാക്കാം, സാധാരണഭാഷയില്‍ ഇത് ആര്‍ക്കും ഓടിത്തിരിയും. ആകാശങ്ങളിലെ നക്ഷത്രങ്ങളെപ്പോലെ തന്‍റെ ജനത്തെ ദൈവം വര്‍ദ്ധിപ്പിക്കുമെന്നാണ് പിതാവായ അബ്രാഹത്തോട് ചെയ്ത വാഗ്ദാനം.  അനന്തമാണ് കര്‍ത്താവിന്‍റെ സൃഷ്ടിയും, അവിടുന്നു നല്കുന്ന നന്മകളുമെന്നാണ് ഈ പദം വ്യംഗ്യമായി പ്രസ്താവിക്കുന്നത്. കാരണം നമുക്ക് നക്ഷത്രങ്ങളെ എണ്ണുവാന്‍ സാധിക്കുമോ?

കാലാനുകാലങ്ങളില്‍ നടത്തിയിട്ടുള്ള കണ്ടുപിടുത്തങ്ങളിലും സൗരയൂഥത്തിന്‍റെ നിരീക്ഷണങ്ങളിലും മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളതും, പഠിക്കാനായിട്ടുള്ളതും കയ്യില്‍ എണ്ണാവുന്നത്ര നക്ഷത്രങ്ങള്‍ മാത്രമാണ്. അവയ്ക്കു നാം പേരിട്ടിട്ടുമുണ്ട്, അവയുടെ സ്ഥാനവും നീക്കങ്ങളും ഗണിച്ചു നാം - ജ്യോതിശാസ്ത്രവും, ആസ്ട്രോഫിസിക്സുമെല്ലാം വികസിപ്പിക്കുന്നുമുണ്ട്. അങ്ങനെ പ്രപഞ്ചരഹസ്യങ്ങള്‍ വീണ്ടും ദൈവികരഹസ്യങ്ങളായിത്തന്നെ തുടരുമ്പോള്‍... മനുഷ അവിടുത്തെ ജ്ഞാനം അളവറ്റതാണ്.

ലോകത്ത് പ്രോട്ടസ്റ്റന്‍റ് പ്രസ്ഥാനത്തിനും, തുടര്‍ന്ന് ലൂതറന്‍ ക്രിസ്ത്യന്‍ സഭയ്ക്കും മാര്‍ട്ടിന്‍ ലൂതര്‍ തുടക്കം കുറിച്ചതിന്‍റെ 5-ാം ശതാബ്ദി ആഘോഷങ്ങള്‍ക്ക് ലൂതറന്‍ വേള്‍ഡ് ഫെഡറേഷന്‍റെ ആസ്ഥാനത്ത്, സ്വീഡനില്‍ ഒരു സഭൈക്യ സംഭവവമായി കത്തോലിക്കരും ലൂതറന്‍കാരും ഒത്തുചേര്‍ന്ന്, അത് ചരിത്രപരമായ വലിയ അനുസ്മരണമാക്കി. ഈ കഴിഞ്ഞ ഒക്ടോബര്‍ 31-നായിരുന്നല്ലോ! ഈ ചരിത്രസംഭവത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സവിശേഷമായ സാന്നിദ്ധ്യം ക്രിസ്തീയ കൂട്ടായ്മയുടെ ശ്രദ്ധേയമായ സാക്ഷ്യവുയി ലോകത്തിന്!. ദൈവശാസ്ത്ര പണ്ഡിതനും, ഒരു ആഗസ്തീനിയില്‍ സന്ന്യാസിയുമായിരുന്നു ജര്‍മ്മന്‍കാരനായ ലൂതര്‍! അദ്ദേഹത്തിന്‍റെ ജീവിതസായാഹ്നത്തില്‍ ക്ഷീണിതനും രോഗഗ്രസ്ഥനുമായിരുന്ന ലൂതറിനെ ജര്‍മ്മനിയിലെ (Eisleben) ഐലെബെന്നിലെ അക്കാലത്തെ പ്രഭു വിശ്രമത്തിനായി വനാന്തരത്തിലെ വേനല്‍ക്കാല വസതിയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയ സംഭവം ലൂതറിന്‍റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വനാന്തരത്തിലെ പ്രകൃതിയില്‍നിന്നും ശുദ്ധവായു നല്കി, ആരോഗ്യം വീണ്ടെടുക്കാനായിരുന്നു... നായാട്ടിനുപോയ പ്രഭു ലൂതറിനെ കൂടെകൊണ്ടുപോയത്. ഐസല്‍ബെന്നിലെ വനാന്തരത്തില്‍ എത്തിയപ്പോള്‍, താന്‍ ജര്‍മ്മനില്‍ പരിഭാഷപ്പെടുത്തിയ വിശുദ്ധഗ്രന്ഥം തുറന്ന് ലൂതര്‍, ഉരുവിട്ടത്, പ്രപഞ്ചവും പ്രകൃതിയും തന്ന ദൈവത്തെ സ്തുതിക്കുന്ന 147-Ɔ൦ സങ്കീര്‍ത്തനം ലൂതര്‍ ഉരുവിട്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നു, ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് പ്രഭുവിനോടൊപ്പം ഐലെബെന്നില്‍ താമസിച്ച ലൂതര്‍ 147-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ദൈവശാസ്ത്ര വ്യാഖ്യാനം അവിടെവച്ച് രചിച്ച് പൂര്‍ത്തിയാക്കിയതും, ഗീതത്തെ ‘ദൈവസ്നേഹത്തിന്‍റെ വെളിപാടായി’  ലൂതര്‍ അതില്‍ വിശേഷിപ്പിക്കുന്നതും ചരിത്രമാണിന്ന്.

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക!
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നൂ
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു


(William Nellikkal)

12/02/2018 19:08