സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''വ്യാജപ്രബോധകരാല്‍ വഞ്ചിതരാകരുത്'': പാപ്പായുടെ നോമ്പുകാലസന്ദേശം

12/02/2018 08:24

2018-ലെ നോമ്പുകാലത്തിന് ഒരുക്കമായി പരിശുദ്ധ പിതാവു ഫ്രാന്‍സീസ് പാപ്പാ നല്കിയ സന്ദേശം ഫെബ്രുവരി ആറാം തീയതി പ്രസിദ്ധപ്പെടുത്തി. ''അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും'' എന്ന വി. മത്തായിയുടെ സുവിശേഷത്തില്‍ നിന്ന്  (24:12) പ്രമേയസൂക്തം സ്വീകരിച്ചുകൊണ്ടുള്ള ഈ പ്രബോധനത്തിന്‍റെ പരിഭാഷ ചേര്‍ക്കുന്നു.

പ്രിയ സഹോദരീസഹോദരന്മാരേ,

ഒരിക്കല്‍ക്കൂടി കര്‍ത്താവിന്‍റെ പെസഹാ അടുത്തെത്തിയിരിക്കുന്നു!  നമ്മുടെ ഈസ്റ്റര്‍ ഒരുക്കങ്ങളില്‍, ദൈവം തന്‍റെ പരിപാലനയാല്‍ ഓരോ വര്‍ഷവും നോമ്പിന്‍റെ ഒരു കാലഘട്ടം നമ്മുടെ മാനസാന്തരത്തിന്‍റെ കൗദാശികമായ അടയാളമായി നമുക്കു നല്‍കുകയാണ്.  ഈ നോമ്പുകാലം, പൂര്‍ണ ഹൃദയത്തോടെ നമ്മുടെ ജീവിതത്തിന്‍റെ സര്‍വമാനങ്ങളോടും കൂടിയ തിരിച്ചുവരവിനായി നമ്മെ ക്ഷണിക്കുകയും, നമ്മെ അതിനു പ്രാപ്തരാക്കുകയും ചെയ്യുകയാണ്.

ഈ സന്ദേശത്തിലൂടെ, ഞാനാഗ്രഹിക്കുന്നത്,  നമ്മുടെ ഈ രക്ഷാകരകാലം  സന്തോഷത്തിലും യഥാര്‍ഥത്തിലും നവമായും അനുഭവിക്കുന്നതിന് സഭമുഴുവനെയും സഹായിക്കുക എന്നതാണ്. മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്‍റെ വാക്കുകളില്‍ നിന്ന് ഒരു സൂചകം ഇതിനായി ഞാന്‍ എടുക്കുകയാണ്: ''അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും'' (24:12).

ഈ വാക്കുകള്‍, യുഗാന്ത്യത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രഭാഷണത്തില്‍ കാണപ്പെടുന്നതാണ്.  ജറുസലെമില്‍, അവിടുത്തെ പീഡാനുഭവം ആരംഭിക്കുന്ന ഒലിവുമലയില്‍ വച്ചാണ് കര്‍ത്താവ് ഈ വാക്കുകള്‍ പറയുന്നത്.  ശിഷ്യന്മാരുടെ ഒരു ചോദ്യത്തിനുത്തരമായി, വരാനിരിക്കുന്ന, മഹാദുരിതങ്ങളെക്കുറിച്ചു യേശു മുന്നറിയിപ്പു നല്‍കുകയും, വിശ്വാസികളുടെ സമൂഹം നേരിടാനിരിക്കുന്ന, വലിയ പരീക്ഷണങ്ങളെക്കുറിച്ച്, അവരെ വഴിതെറ്റിക്കാനിരിക്കുന്ന വ്യാജപ്രബോധകരെക്കുറിച്ച്, അനേകരുടെ ഹൃദയത്തിലെ സുവിശേഷത്തിന്‍റെ സത്താകേന്ദ്രമായ സ്നേഹം തണുത്തുപോകും എന്നതിനെക്കുറിച്ച് അവിടുന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

വ്യാജപ്രവാചകര്‍

വ്യാജപ്രവാചകന്മാര്‍ ഏതൊക്കെ കപടവേഷങ്ങളിലായിരിക്കും എത്തുക എന്ന് സുവിശേഷഭാഗങ്ങളില്‍ നിന്നു നമുക്ക് വ്യക്തമാണ്.  അവര്‍ സര്‍പ്പത്തിന്‍റെ വശീകരണവുമായി എത്താന്‍ കഴിയുന്നവരാണ്.  മറ്റുള്ളവരെ അധീനപ്പെടുത്താനും, അവരുടെ ഇഷ്ടമനുസരിച്ച് അവരെ നയിക്കാനുമായി മാനുഷികവികാരങ്ങളെ അവര്‍ ചൂഷണം ചെയ്യുന്നു.  എത്രയോ ദൈവമക്കള്‍ നൈമിഷികസുഖങ്ങള്‍, യഥാര്‍ഥ സന്തോഷങ്ങളെന്നു തെറ്റിദ്ധരിപ്പിക്കുന്ന മാസ്മരികതയില്‍  പെട്ടുപോകുന്നു!  എത്രയോ സ്ത്രീപുരുഷന്മാര്‍, സാമ്പത്തികമായ സ്വപ്നകവാടത്തിലൂടെ കടന്ന്, തങ്ങളെത്തന്നെ ലാഭത്തിന്‍റെയും അധമതാല്പര്യങ്ങളുടെയും അടിമകളാക്കുന്നു!  എത്രയോപേര്‍ തങ്ങള്‍ത്തന്നെ തങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ മതിയായവരാണെന്നു വിശ്വസിച്ചുകൊണ്ട് ജീവിക്കുകയും, അവസാനം ഏകാന്തതയുടെ കെണിയിലകപ്പെടുകയും ചെയ്യുന്നു!

അറിവും സാമര്‍ഥ്യവും നടിച്ച്, എളുപ്പത്തിലും ഉടനടിയും സഹനത്തിനു പരിഹാരം നിര്‍ദേശിക്കാന്‍ കഴിയുന്നവരാണ് വ്യാജപ്രബോധകരെങ്കിലും അത് ഒട്ടും ഉപകരിക്കുന്നതല്ലെന്നു വളരെവേഗം തെളിയും.  എത്രയോ യുവജനങ്ങള്‍ എന്തിനും പ്രതിവിധിയായി മയക്കുമരുന്നുകളുടെയും, വലിച്ചെറിയുന്ന ബന്ധങ്ങളുടെയും, എളുപ്പത്തിലും കാപട്യത്തിലൂടെയുമുള്ള നേട്ടങ്ങളുടെയും വശീകരണത്തിലകപ്പെടുന്നു!  അതിലുമെത്രയോ അധികം അര്‍ഥരഹിതമായ ബന്ധങ്ങളുടെ കെണിയിലകപ്പെടുന്നു! ഈ വഞ്ചകര്‍, യഥാര്‍ഥ്യമൂല്യമില്ലാത്ത കാര്യങ്ങള്‍ നല്‍കി, ജനങ്ങളില്‍ നിന്ന് അവരുടെ വിലപ്പെട്ടതെല്ലാം, അവരിലെ മാനവമഹത്വവും, സ്വാതന്ത്ര്യവും, സ്നേഹിക്കാനുള്ള കഴിവും കവര്‍ന്നെടുക്കുന്നു!  മായികമായതിനായി വാദിക്കാനും ബാഹ്യമോടികളില്‍ ശരണം വയ്ക്കാനും പഠിപ്പിച്ച് അവസാനം നമ്മെ വിഡ്ഢികളാക്കുന്നു!  ''നുണയനും നുണയുടെ പിതാവുമായ പിശാച്'' (യോഹ 8:44)  തിന്മയെ നന്മയാക്കിയും നുണയെ സത്യമാക്കിയും മനുഷ്യഹൃദയത്തെ സന്നിഗ്ധാവസ്ഥയിലാക്കുന്നു. അതുകൊണ്ട്, വ്യാജപ്രവാചകരുടെ നുണകള്‍ക്കിരയായിട്ടുണ്ടോ എന്ന് നമ്മുടെ ഹൃദയങ്ങളിലേക്കു ചുഴിഞ്ഞുനോക്കുവാന്‍ നാമോരോരുത്തരും വിളിക്കപ്പെടുകയാണ്.   ഉപരിപ്ലവമായതിന്‍റെ അടിത്തട്ടിലേക്ക്, സൂക്ഷിച്ചുനോക്കുവാന്‍ നാം പഠിക്കണം. അതുപോലെ, നമ്മുടെ നന്മയ്ക്കായി, ദൈവത്തില്‍ നിന്നു നമ്മുടെ ഹൃദയങ്ങളിലേയ്ക്കു വരുന്ന നന്മയുടെ മായാത്ത മുദ്ര തിരിച്ചറിയുന്നതിനും നാം പഠിക്കേണ്ടതുണ്ട്.

തണുത്ത ഹൃദയങ്ങള്‍

ദാന്തെ അലിഗിയേരി നരകത്തെക്കുറിച്ചു വര്‍ണിക്കുമ്പോള്‍, സാത്താനെ, മഞ്ഞുസിംഹാസനത്തില്‍, തണുത്തുറഞ്ഞ് ഏകാന്തതയില്‍ ഇരിക്കുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.  നമ്മുടെ സ്നേഹം നമ്മുടെയുള്ളില്‍ തണുക്കാന്‍ തുടങ്ങുമ്പോള്‍ നാം ഇതെങ്ങനെ സംഭവിക്കുന്നുവെന്നു നമ്മോടു ചോദിക്കണം.  നമ്മുടെ സ്നേഹം തണുക്കാനാരംഭിക്കുന്നതിന്‍റെ അടയാളങ്ങളെന്തൊക്കെയാണ്?

മറ്റെന്തിനെക്കാളും, സ്നേഹത്തെ നശിപ്പിക്കുന്നത് ധനത്തോടുള്ള അത്യാഗ്രഹമാണ്, അത് എല്ലാ തിന്മകളുടെയും വേരാണ് (1 തിമോ 6:10). ദൈവത്തെ ഉപേക്ഷിക്കുമ്പോള്‍, അവിടുന്നു നല്‍കുന്ന സമാധാനവും പൊയ്പ്പോകും. അപ്പോള്‍ അവിടുത്തെ വാക്കുകളിലും കൂദാശകളിലും നാം കണ്ടിരുന്ന സംതൃപ്തിയെക്കാള്‍ അതില്‍നിന്നുള്ള നമ്മുടെ അകല്‍ച്ച നമുക്ക് അഭിലഷണീയമാകും.  ഇവയെല്ലാം, മറ്റുളളവര്‍ നമ്മുടെ നിശ്ചയങ്ങള്‍ക്ക് ഭീഷണിയാണെന്നു തോന്നിപ്പിക്കുകയും  അവരോടുള്ള അക്രമത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യും.  അപ്പോള്‍ നമ്മുടെയിടയിലുള്ള ജനിക്കാത്ത കുഞ്ഞും, വൃദ്ധരും, രോഗികളും, പരദേശിയും, പ്രവാസിയും, നമ്മുടെ പ്രതീക്ഷകള്‍ക്കൊത്തു ജീവിക്കുന്നില്ലെന്നു നാം കരുതുന്ന നമ്മുടെ അയല്‍ക്കാരുമെല്ലാം നമുക്കു ഭീഷണിയായിത്തീരുന്നുവെന്നു തോന്നും.

സൃഷ്ടികുലം തന്നെ സ്നേഹം തണുത്തുറയുന്നതിന്‍റെ ഒരു നിശ്ശബ്ദസാക്ഷ്യം ആയിത്തീരുന്നുണ്ട്.  ഭൂമി ഉപേക്ഷയാല്‍ വിഷലിപ്തമാകുന്നു! നമ്മുടെ, അശ്രദ്ധയാല്‍ അല്ലെങ്കില്‍ സ്വകാര്യതാല്‍പ്പര്യങ്ങളാല്‍ ഭൂമി അവഗണിക്കപ്പെടുന്നു! ബോട്ടുകള്‍ തകര്‍ന്നു വിഴുങ്ങപ്പെടുന്ന എണ്ണമറ്റ നിര്‍ബന്ധിത കുടിയേറ്റക്കാരാല്‍ സമുദ്രങ്ങളും മലിനമാക്കപ്പെടുന്നു!  ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച്, സ്തുതികളാലപിക്കാന്‍ സൃഷ്ടിക്കപ്പെട്ട ആകാശങ്ങള്‍, മരണത്തിന്‍റെ  മഴവര്‍ഷിക്കുന്ന യന്ത്രങ്ങളാല്‍ വാടകയ്ക്കെടുക്കപ്പെട്ടിരിക്കുന്നു!

സ്നേഹം നമ്മുടെ സമൂഹങ്ങളിലും തണുത്തുപോകുന്നു. എവാഞ്ചെലീ ഗാവുദിയും എന്ന അപ്പസ്തോലിക പ്രബോധനത്തില്‍, സ്നേഹത്തിന്‍റെ അഭാവം പ്രകടമാക്കുന്ന അടയാളങ്ങളെ വിവരിക്കുന്നതിനു ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അവ സ്വാര്‍ഥത, ആത്മീയമന്ദത, വന്ധ്യമായ അശുഭചിന്തകള്‍, തന്നിലേക്കു ഉള്‍വലിയാനുള്ള പ്രലോഭനം, നമ്മുടെയിടയിലുള്ള നിരന്തരയുദ്ധങ്ങള്‍, ബാഹ്യമായവയില്‍ മാത്രം ശ്രദ്ധിക്കുന്ന ലൗകികമനോഭാവം,  കുറഞ്ഞുപോകുന്ന പ്രേഷിതതീക്ഷ്ണത എന്നിവയാണവ (EG 76-109).

നാമെന്താണു ചെയ്യേണ്ടത്?

ഒരുപക്ഷേ, നമുക്കുള്ളില്‍ നമ്മുടെ ഞാനിപ്പോള്‍ പറഞ്ഞ ഈ അടയാളങ്ങളെല്ലാം കാണാന്‍ കഴിയും. എന്നാല്‍ സഭ, നമ്മുടെ മാതാവും ഗുരുനാഥയുമായവള്‍, സത്യത്തിന്‍റെ   മിക്കവാറും കയ്പുള്ള മരുന്നുമായി, ഈ നോമ്പുകാലത്തില്‍, പ്രാര്‍ഥനയുടെയും, ദാനധര്‍മത്തിന്‍റെയും ഉപവാസത്തിന്‍റെയും സമാശ്വാസപരിഹാരവുമായി നമ്മോടുകൂടിയുണ്ട്.

പ്രാര്‍ഥനയ്ക്കായി കൂടുതല്‍ സമയം ചെലവഴിച്ചുകൊണ്ട്, നമ്മുടെ ഹൃദയങ്ങളിലെ രഹസ്യമായി ഒളിഞ്ഞിരിക്കുന്ന നുണകളെയും അവയുടെ ആത്മവഞ്ചനയുടെ രൂപങ്ങളെയും നമുക്കു പിഴുതെറിയുവാന്‍ സാധിക്കും.  അപ്പോള്‍ നമുക്ക് ദൈവംതരുന്ന സമാശ്വാസം കണ്ടെത്താന്‍ കഴിയും.  അവിടുന്നു നമ്മുടെ പിതാവാണ്, നാമെല്ലാവരും ക്ഷേമമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പിതാവ്.

ദാനധര്‍മം, നമ്മെ, അത്യാഗ്രഹത്തില്‍ നിന്നു മോചിപ്പിക്കുകയും, നമ്മുടെ അയല്‍ക്കാരെ സഹോദരീ സഹോദരന്മാരായി നോക്കുന്നതിനു സഹായിക്കുകയുംചെയ്യുന്നു. ഞാന്‍ സ്വന്തമാക്കിയതൊന്നും ഇനിയൊരിക്കലും എന്‍റേതുമാത്രമായിരിക്കുകയില്ല.  നാമോരോരുത്തരും, ദാനധര്‍മത്തെ ഒരു യഥാര്‍ഥ ജീവിതശൈലിയാക്കി മാറ്റുന്നതിന് ഞാനെത്രമാത്രം ആഗ്രഹിക്കുന്നു! അപ്പസ്തോലന്മാരുടെ മാതൃക അനുകരിക്കുന്നവരായി, നമ്മുടെ സമ്പത്ത് പങ്കുവച്ചുകൊണ്ട്, നമ്മുടെ സഭയിലെ ഐക്യത്തിന്‍റെ തീര്‍ച്ച യുള്ള സാക്ഷ്യമായിരിക്കുന്നതു കാണാനായി ഞാനെത്രമാത്രം ആഗ്രഹിക്കുന്നുവെന്നോ!... ഇന്ന് എന്നി ലൂടെ ദൈവം ആരെയെങ്കിലും സഹായിക്കുന്നുവെങ്കില്‍, നാളെ, എന്‍റെ ആവശ്യങ്ങളില്‍ അയാളിലൂടെ ദൈവം എനിക്കു സഹായകനായിക്കൂടേ?  എന്തെന്നാല്‍, ദൈവത്തെക്കാള്‍, ഔദാര്യവാനായി ആരുമില്ല.

ഉപവാസം, നമ്മുടെ അക്രമവാസനയെ ബലഹീനമാക്കുന്നു... ഒരുതരത്തില്‍, അഗതിത്വവും പട്ടിണിയും സഹിക്കേണ്ടതെങ്ങനെയെന്ന് അനുഭവമാകാന്‍ അതു നമ്മെ പഠിപ്പിക്കുന്നു.  മറ്റൊരുതരത്തില്‍, നമ്മുടെ ആത്മീയ വിശപ്പിനെയും ദാഹത്തെയും, ദൈവത്തിനു വേണ്ടിയുള്ള ജീവിതത്തെയും പ്രകടമാക്കുന്നു.  ഉപവാസം നമ്മെ ഉണര്‍ത്തുന്നു.  അത് ദൈവത്തോടും നമ്മുടെ അയല്‍ക്കാരോടും കൂടുതല്‍ സമീപസ്ഥരായിരിക്കാന്‍ കഴിവുള്ളവരാക്കുന്നു... അത്,  നമ്മുടെ വിശപ്പിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നത് ആര്‍ക്കു മാത്രമാണോ ആ ദൈവത്തെ അനുസരിക്കാനുള്ള ആഗ്രഹത്തെ ജ്വലിപ്പിക്കുന്നു...

ഉത്ഥാനത്തിന്‍റെ അഗ്നി

എല്ലാറ്റിനുമുപരി, സഭാംഗങ്ങളെ ഈ നോമ്പുകാലയാത്ര ആവശേത്തോടും, ദാനധര്‍മത്തിന്‍റെയും ഉപവാസത്തിന്‍റെയും പ്രാര്‍ഥനയുടെയും പരിപോഷണത്തോടുംകൂടി നടത്തുന്നതിനു ഞാന്‍ ശക്തമായി ഉപദേശിക്കുന്നു.  ചില സമയങ്ങളില്‍, നമ്മുടെ ഹൃദയങ്ങളിലെ സ്നേഹാഗ്നി അണഞ്ഞുപോകുന്നുവെന്നു തോന്നുമ്പോള്‍, ഇതൊരിക്കലും ദൈവികഹൃദയത്തില്‍ സംഭവിക്കുകയില്ലെന്നു അറിയുക.  ദൈവം നിരന്തരമായി, വീണ്ടും പുതുതായി സ്നേഹം ആരംഭിക്കാനുള്ള അവസരം തരുന്നുണ്ട്...

ഈസ്റ്ററിന്‍റെ ജാഗരണപ്രാര്‍ഥനയില്‍, നാം ഈസ്റ്റര്‍ തിരി തെളിക്കുന്ന ഹൃദയസ്പര്‍ശിയായ കര്‍മം ആചരിക്കുന്നുണ്ട്. പുതിയ തീയില്‍ നിന്നു കൊളുത്തുന്ന ഈ തിരി, അന്ധകാരത്തെ അകറ്റുകയും, ദൈവാരാധനയ്ക്കായി ഒരുമിച്ചുകൂടിയിരിക്കുന്ന സമൂഹത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു... അത് നമ്മെ, എമ്മാവൂസിലേക്കുള്ള വഴിയിലായിരുന്ന ശിഷ്യന്മാരുടെ അനുഭവത്തെ നവമായി ജീവിക്കാന്‍  സഹായിക്കുകയും ചെയ്യുന്നു. ദൈവവചനം ശ്രവിച്ചും ദിവ്യകാരുണ്യമേശയില്‍നിന്ന് പോഷണം സ്വീകരിച്ചും, നമ്മുടെ ഹൃദയങ്ങള്‍  വിശ്വാസത്തിലും, പ്രത്യാശയിലും സ്നേഹത്തിലും കൂടുതല്‍ കൂടുതല്‍ തീക്ഷ്ണമായിത്തീരട്ടെ!

ഏറെ വാത്സല്യത്തോടും, നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ പ്രാര്‍ഥന വാഗ്ദാനം ചെയ്തുകൊണ്ടും, നിങ്ങള്‍ക്കെന്‍റെ ആശീര്‍വാദം നേരുന്നു.  എനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനു മറക്കരുതേ!


(Sr. Theresa Sebastian)

12/02/2018 08:24