സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

ഒരു രോഗവും അശുദ്ധിക്കു കാരണമാകുന്നില്ല- ത്രികാലജപ സന്ദേശം

ഫ്രാന്‍സീസ് പാപ്പാ ത്രികാലപ്രാര്‍ത്ഥനാവേളയില്‍ ഒരു ടാബ്ലെറ്റില്‍ വിരലമര്‍ത്തി പാനമ യുവജനസംഗമത്തിന് പേരു നല്കുന്നു 11/02/18

12/02/2018 12:35

ശൈത്യം അനുഭവപ്പെട്ടെങ്കിലും വസന്തകാല സമാനസൂര്യകിരണങ്ങളാല്‍ കുളിച്ചുനിന്ന ഒരു ദിനമായിരുന്നു ലൂര്‍ദ്ദ് നാഥയുടെ തിരുന്നാളും ലോകരോഗീദിനവും ആചരിക്കപ്പെട്ട ഈ ഞായറാഴ്ച (11/02/18) റോമില്‍. അന്ന്, ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന മുപ്പതിനായിരത്തോളം വിശ്വാസികള്‍ പങ്കുകൊണ്ടു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായ പാപ്പായെ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  അഭിവാദ്യം ചെയ്തു. വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലജപം നയിക്കുന്നതിനുമുമ്പ് വിശ്വാസികളെ സംബോധനചെയ്തു. ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, യേശു കുഷ്ഠരോഗിയെ സൗഖ്യമാക്കുന്ന സംഭവം, മര്‍ക്കോസിന്‍റെ സുവിശേഷം, ഒന്നാം അദ്ധ്യായം 40 മുതല്‍ 45 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനവലംബം. 

പാപ്പായുടെ പരിചിന്തനം:                      

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

ഈ ഞായറാഴ്ചകളിലെയെല്ലാം സുവിശേഷഭാഗം, അതായത്, മര്‍ക്കോസിന്‍റെ   സുവിശേഷം, നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത് എല്ലാത്തരത്തിലുമുള്ള രോഗികളെ സുഖമാക്കുന്ന യേശുവിനെയാണ്. ഈയൊരു പശ്ചാത്തലത്തില്‍, ഇന്ന്, അതായത്, ലൂര്‍ദ്ദ്നാഥയുടെ തിരുന്നാള്‍ദിനമായ ഫെബ്രുവരി 11ന് ലോകരോഗീദിനാചരണവും സമുചിതം തന്നെ. പാപത്താലും പാപത്തിന്‍റെ ഫലങ്ങളാലും മുദ്രിതമായ നരകുലത്തെ സൗഖ്യമാക്കാന്‍ ദൈവപിതാവ് അയച്ച ആത്മശരീരങ്ങളുടെ യഥാര്‍ത്ഥ വൈദ്യനായ യേശുവിനെ നമുക്ക് മസബിയേലിലെ കല്‍ഗുഹയിലേക്ക്, ഗ്രോട്ടോയിലേക്കു, ഹൃദയ നയനങ്ങള്‍കൊണ്ടു നോക്കി ധ്യാനിക്കാം.

കുഷ്ഠരോഗിയായ ഒരുവന്‍ സൗഖ്യമാക്കപ്പെടുന്ന സംഭവമാണ് ഇന്നത്തെ സുവിശേഷം അവതരിപ്പിക്കന്നത്. കുഷ്ഠരോഗം അശുദ്ധിയുടെ അടയാളമായിട്ടാണ് പഴയനിയമത്തില്‍ കരുതപ്പെട്ടിരുന്നത്. ആകയാല്‍ കുഷ്ഠരോഗി സമൂഹത്തില്‍ നിന്നു അകന്നു കഴിയാന്‍ ബാദ്ധ്യസ്ഥനായിരുന്നു. കുഷ്ഠരോഗികള്‍ ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു. വളരെ പരിതാപകരമായിരുന്നു ആ അവസ്ഥ. കാരണം, അക്കാലഘട്ടത്തിന്‍റെ വീക്ഷണത്തില്‍ കുഷ്ഠരോഗി മനുഷ്യരുടെ മുന്നില്‍ മാത്രമല്ല ദൈവത്തിന്‍റെ മുന്നിലും അശുദ്ധിയുള്ളവനായിരുന്നു. ദൈവതിരുമുമ്പിലും അശുദ്ധിയുള്ളവനായി കണക്കാക്കപ്പെട്ടിരുന്നതിനാലാണ് കുഷ്ഠരോഗി യേശുവിനോട് ഇപ്രകാരം യാചിക്കുന്നത്: “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും” (മര്‍ക്കോസ്, 1:40).

അതു കേട്ട യേശുവിന് കരുണതോന്നി. നാം കരുണയുടെ ജൂബിലിവത്സരത്തിലുടനീളം ചെയ്തതുപോലെ, യേശുവിന്‍റെ ഈ ആന്തരിക അനുരണനത്തില്‍ ശ്രദ്ധയൂന്നുക സുപ്രധാനമാണ്. യേശുവിന്‍റെ അനുകമ്പാഭരിതമായ, കരുണയാല്‍ നിറഞ്ഞ ഹൃദയത്തിലേക്ക് കടക്കാനായില്ലെങ്കില്‍ നമുക്ക് ക്രിസ്തുവിന്‍റെ പ്രവര്‍ത്തനവും ക്രിസ്തുവിനെ തന്നെയും മനസ്സിലാക്കാന്‍ കഴിയില്ല. ഈ കരുണയാണ് കുഷ്ഠരോഗിയുടെ നേര്‍ക്കു   കൈനീട്ടാനും അവനെ തൊട്ടുകൊണ്ട് “എനിക്കു മനസ്സുണ്ട്, നിനക്ക് ശുദ്ധിയുണ്ടാകട്ടെ” (വാക്യം 40) എന്ന് പറയാനും യേശുവിനെ പ്രേരിപ്പിച്ചത്. യേശു കുഷ്ഠരോഗിയെ  സ്പര്‍ശിച്ചു എന്നതാണ് ഏറ്റം ഹൃദയസ്പര്‍ശിയായ സംഭവം. കാരണം കുഷ്ഠരോഗിയെ തൊടുകയെന്നത് മോശയുടെ നിയമം പൂര്‍ണ്ണമായി വിലക്കിയിരുന്നു. ഒരു കുഷ്ഠരോഗിയെ സ്പര്‍ശിക്കുകയെന്നാല്‍ മലീമസമാക്കപ്പെടുക, ആന്തരികമായും, അതായത്, ആത്മാവിലും അശുദ്ധിയുള്ളവനായിത്തീരുക എന്നാണ് അര്‍ത്ഥം. എന്നാല്‍ ഇവിടെ അശുദ്ധിയുടെ ശക്തി കുഷ്ഠരോഗിയില്‍ നിന്ന് യേശുവിലേക്ക് ഒഴുകുന്നില്ല, മറിച്ച് ശുദ്ധീകരിക്കുന്ന ശക്തി യേശുവില്‍ നിന്ന് കുഷ്ഠരോഗിയിലേക്ക് പ്രവഹിക്കുന്നു. ഈ സൗഖ്യദായക സംഭവത്തില്‍ നാം യേശുവിന്‍റെ അനുകമ്പയെ, കാരുണ്യത്തെ മാത്രമല്ല അവിടത്തെ ധീരതയെയും ആദരിക്കുന്നു. അശുദ്ധിയുടെ സംക്രമണത്തെയും നിയമങ്ങളെയും കുറിച്ച് അവിടന്ന് ഉല്‍ക്കണ്ഠപ്പെടുകയല്ല, പിന്നെയൊ, ആ മനഷ്യനെ അടിമയാക്കിയിരിക്കുന്ന ശാപത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനത്താല്‍ പ്രവര്‍ത്തിക്കുകയാണ്.

പ്രിയ സഹോദരീസഹോദരന്മാരേ, ഒരു രോഗവും അശുദ്ധിക്കു കാരണമാകുന്നില്ല; രോഗം, തീര്‍ച്ചയായും, ഒരു മനുഷ്യനെ മൊത്തത്തില്‍ ബാധിക്കുന്നു. എന്നാലത് ദൈവവുമായുള്ള അവന്‍റെ ബന്ധം വേര്‍പെടുത്തുകയൊ, ആ ബന്ധത്തിന് പ്രതിബന്ധമാകുകയൊ ചെയ്യുന്നില്ല. മറിച്ച്, ഒരു രോഗി ദൈവത്തോടു കൂടുതല്‍ ഐക്യം പുലര്‍ത്തുന്നവനാകാം. പാപമാണ് നമ്മെ അശുദ്ധരാക്കുന്നത്. സ്വാര്‍ത്ഥത, ഔദ്ധത്യം, അഴിമതിയുടെ ലോകത്തിലേക്കു കടക്കല്‍ എന്നിവയാണ് ഹൃദയത്തിന്‍റെ  രോഗങ്ങള്‍. “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും” എന്ന് യേശുവിനോ‌ട് കുഷ്ഠരോഗിയെപ്പോലെ അപേക്ഷിച്ചുകൊണ്ട് ആ രോഗങ്ങളില്‍ നിന്ന് പവിത്രീകരിക്കപ്പെടേണ്ടിയിരിക്കുന്നു.

നമുക്ക് ഒരു നിമിഷം മൗനമാചരിക്കാം. നിങ്ങളെല്ലാവരും ഒരോരുത്തരും സ്വന്തം ഹൃദയത്തെക്കുറിച്ച് ചിന്തിക്കൂ, അവനവന്‍റെ ഉള്ളിലേക്കു കടക്കൂ, സ്വന്തം അശുദ്ധി, പാപങ്ങള്‍ കണ്ടെത്തൂ. എന്നിട്ട് നിശബ്ദമായി, എന്നാല്‍, ഹൃദയംകൊണ്ട് യേശുവിനോടു പറയുക: “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും”. നമുക്കേവര്‍ക്കും മൗനമായി അപ്രകാരം പറയാം “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും”

നാം അനുതാപഹൃദയവുമായി പാപസങ്കീര്‍ത്തനകൂദാശയ്ക്ക് അണയുമ്പോഴെല്ലാം കര്‍ത്താവ് നമ്മോടും ആവര്‍ത്തിക്കുന്നു: “എനിക്കു മനസ്സുണ്ട്, നിനക്ക് ശുദ്ധിയുണ്ടാകട്ടെ” എന്ന്. ഇത് എത്രമാത്രം ആനന്ദദായകമാണ്!. അങ്ങനെ പാപമാകുന്ന കുഷ്ഠം അപ്രത്യക്ഷമാകുകയും നമുക്കു ദൈവവുമായുള്ള മക്കള്‍ക്കടുത്ത ബന്ധം സന്തോഷത്തോടെ വീണ്ടും ജീവിക്കാന്‍ നാം തുടങ്ങുകയും സമൂഹത്തില്‍ പൂര്‍ണ്ണമായും പുനരധിവസിപ്പിക്കപ്പെടുകയും ചെയ്യുന്നു.

രോഗികള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്ത കര്‍ത്താവിനോടു നമുക്ക്, നമ്മുടെ ആന്തരിക മുറിവുകളെയും അവിടത്തെ അനന്തമായ കാരുണ്യത്താല്‍ സൗഖ്യമാക്കുകയും അങ്ങനെ നമുക്ക് പ്രത്യാശയും ഹൃദയസമാധാനവും വീണ്ടും നല്കുകയും ചെയ്യുന്നതിനുവേണ്ടി, നമ്മുടെ അമലോത്ഭവാംബയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥ്യം വഴി, പ്രാര്‍ത്ഥിക്കാം. 

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     “കര്‍ത്താവിന്‍റെ മാലാഖ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു.

2019 ല്‍ മദ്ധ്യഅമേരിക്കന്‍ നാടായ പാനമയില്‍ ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന ലോകയുവജനദിനത്തില്‍ പങ്കെടുക്കുന്നതിന് പേരു നല്കുന്ന പരിപാടിക്ക് ഈ ഞായറാഴ്ച തുടക്കംകുറിക്കപ്പെടുന്നത് പാപ്പാ ആശീര്‍വ്വാദാനന്തരം അനുസ്മരിച്ചു. താന്‍ രണ്ടു യുവജനപ്രതിനിനിധികളുടെ ,ഒരു യുവതിയുടെയും ഒരു യുവാവിന്‍റെയും, സാന്നിധ്യത്തില്‍ ഇന്‍റര്‍നെറ്റു വഴി പേരു നല്കുകയാണ് എന്നു പറഞ്ഞുകൊണ്ട് പാപ്പാ ടാബ്ലെറ്റില്‍ വിരലമര്‍ത്തി. ലോകയുവജനദിനത്തില്‍ പങ്കുചേരുന്നതിന് താനും ഒരു തീര്‍ത്ഥാടകനായി പേരുനല്കിയെന്ന് പാപ്പാ തുടര്‍ന്നു  പറഞ്ഞു. ആ യുവജനദിനത്തിനായി നാം ഒരുങ്ങേണ്ടയിരിക്കുന്നു. അനുഗ്രഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയുമായ ഈ സംഭവം പാനമയിലെത്തിയൊ, സ്വന്തം സമൂഹങ്ങളി‍ല്‍ത്തന്നെയൊ വിശ്വാസത്തോടും സന്തോഷത്തോടുംകൂടെ ജീവിക്കാന്‍ പാപ്പാ ലോകയുവതയെ ക്ഷണിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ചാന്ദ്രവര്‍ഷാരംഭം പതിനഞ്ചാം തിയതി വ്യാഴാഴ്ച ആഘോഷിക്കുന്നതു അനുസ്മരിച്ച പാപ്പാ ആ കുടുംബങ്ങള്‍ക്ക് തന്‍റെ   ആശംസകള്‍ നേര്‍ന്നു.

വ്യക്തികള്‍ സ്വീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ഉള്‍ച്ചേര്‍ക്കപ്പെടുകയും ഒരു സമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി സംഭാവനചെയ്തുകൊണ്ട്  ആ കുടുംബങ്ങള്‍ ഉപരി ഐക്യദാര്‍ഢ്യത്തിലും സാഹോദര്യത്തിലും നന്മയ്ക്കായുള്ള അഭിവാഞ്ഛയിലും അത് ആഘോഷിക്കുമെന്ന് പാപ്പാ പ്രത്യാശപ്രകടിപ്പിക്കുകയും ചെയ്തു. അനുകമ്പയോടും ദീര്‍ഘവീക്ഷണത്തോടും ധീരതയോടുംകൂടെ നേടിയെടുക്കേണ്ട അനര്‍ഘനിധിയായ സമാധാനമെന്ന ദാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരില്‍, റോമില്‍ വസിക്കുന്നവരായ, ആഫ്രിക്കന്‍ നാടായ കോംഗൊയില്‍ നിന്നുള്ളവരുടെ സംഘത്തെ പ്രത്യേകം അഭിവാദ്യം ചെയ്ത  പാപ്പാ സമാധാനത്തിനായുള്ള അവരുടെ പ്രാര്‍ത്ഥനയില്‍ താനും ഒന്നുചേരുന്നുവെന്ന് അറിയിക്കുകയും ഈ മാസം 23 ന് ആചരിക്കപ്പെടുന്ന ലോക പ്രാര്‍ത്ഥനാഉപവാസദിനത്തില്‍ കോംഗൊ റിപ്പബ്ലിക്കിന്‍റെ   സമാധനം പ്രത്യേക നിയോഗമായിരിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.

ലോകമാസകലമുള്ള രോഗികളെ, അനാരോഗ്യത്തിനു പുറമെ, ഏകാന്തതയും പ്രാന്തവത്ക്കരണവും മൂലം വേദനയനുഭവിക്കുന്നവരെ, പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അവരെ രോഗികളുടെ രക്ഷയായ പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിക്കുകയും ശാരീരികവും മാനസികവുമായ സമാശ്വാസം കണ്ടെത്താന്‍ ആ അമ്മ സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.  

പതിവുപോലെ പാപ്പാ   എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിക്കുയും  തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

12/02/2018 12:35