2018-02-10 08:38:00

ഇസ്ലാം അക്രമത്തിന്‍റെ പര്യായമല്ല-കര്‍ദ്ദിനാള്‍ തൊറാ


ക്രൈസ്തവരും മുസ്ലീംങ്ങളും പരസ്പരാദരവ് പരിപോഷിപ്പിക്കാന്‍ പരിശ്രമിക്കണമെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷാന്‍ ലൂയി തൊറാ.

അല്‍ബേനിയയിലെ സ്കൂത്തരിയില്‍ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച (07-09/02/18) വരെ സംഘടിപ്പിക്കപ്പെട്ട ക്രൈസ്തവ ഇസ്ലാം സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് അദ്ദേഹം ആ ആവശ്യകത ഊന്നിപ്പറഞ്ഞിരിക്കുന്നത്.

വിശ്വാസവും ആദ്ധ്യാത്മികതയും ക്രൈസ്തവ-ഇസ്ലാം ബന്ധങ്ങളില്‍ എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.

ഇസ്ലാമിനെ അക്രമത്തിന്‍റെ പര്യായമായി അവതരിപ്പിക്കുന്ന പ്രവണതയെ ചെറുക്കേണ്ടതിന്‍റെ ആവശ്യകതയും കര്‍ദ്ദിനാള്‍ തൊറാ ചൂണ്ടിക്കാട്ടി.

“ക്രൈസ്തവരും മുസ്ലീങ്ങളും ദൈവികകാരുണ്യത്തിന്‍റെ ഗുണഭോക്താക്കളും ഉപകരണങ്ങളും” എന്ന ശീര്‍ഷകത്തില്‍ ഒരു സന്ദേശം മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി കരുണയുടെ ജൂബിലിവത്സരത്തില്‍ പുറപ്പെടുവിച്ചതും അദ്ദേഹം സന്ദേശത്തില്‍ അനുസ്മരിക്കുന്നു.

പരസ്പരം സംശയിക്കുന്നതിനും വിവേചേനം കാണിക്കുന്നതിനും ഒഴിവാക്കി നിറുത്തുന്നതിനും പ്രാന്തവല്‍ക്കരിക്കുന്നതിനും പ്രതികാരബുദ്ധിക്കും കാരണമാകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകതയും കര്‍ദ്ദിനാള്‍ തൊറാ എടുത്തുകാട്ടുന്നു.








All the contents on this site are copyrighted ©.