സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സുവിശേഷപരിചിന്തനം

ദൈവിക സൗഖ്യദാനത്തിന്‍റെ ഒറ്റമൂലിയാണു യേശുക്രിസ്തു!

ക്രിസ്തു - സൗഖ്യദാതാവ് - RV

10/02/2018 18:26

ഫാദര്‍ സനു ഔസേപ്പിന്‍റെ ചിന്തകള്‍... റോമിലെ ലത്തീന്‍ സമൂഹത്തിന്‍റെ ചാപ്ലിന്‍

വിശുദ്ധ മര്‍ക്കോസ് 1, 40-45. ആണ്ടുവട്ടം ആറാംവാരം ഞായര്‍ 

1. ലൂര്‍ദ്ദുനാഥയുടെ തിരുനാളും ലോകരോഗീദിനവും  
ഫെബ്രുവരി 11. ആരാധനക്രമമനുസരിച്ച് ആണ്ടുവട്ടം 6-Ɔ൦ വാരം ഞായറാഴ്ചയാണ്. ഇന്നേദിവസം തന്നെയാണ് 1858-Ɔമാണ്ട് വിശുദ്ധ ബര്‍ണ്ണദീത്തായിലൂടെ ലോകത്തിന് പ്രകാശപൂര്‍ണ്ണയായ പരിശുദ്ധ ലൂര്‍ദ്ദ്നാഥയുടെ തിരുനാള്‍ സഭ ആഘോഷിക്കുന്നത്. സഭയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഏറ്റവും പ്രമാണവും പ്രശസ്തവുമാണിവിടം. അതിനുള്ള ഏകകാരണം ഇവിടെ ഇന്നും സംഭവിക്കുന്ന അത്ഭുത രോഗശാന്തികളാണ്.

ആയതിനാല്‍ ഇന്നേദിവസം ആഗോളസഭ ലോക രോഗീദിനമായും ആചരിക്കുന്നു. രോഗികളും പ്രായമായവരും അംഗവിഹീനരും, സേവനത്തിനായി നമുക്ക് ദൈവം നല്കിയ വലിയ ദാനങ്ങളെന്നാണ് പാപ്പാ ഫ്രാന്‍സിസ് നമ്മെ പഠിപ്പിക്കുന്നത്. ലോക രോഗീദിനത്തില്‍ സഭ നമ്മോട് പങ്കുവയ്ക്കുന്ന ചിന്ത, യോഹന്നാന്‍റെ സുവിശേഷം 19, 26, 27 വചനങ്ങളാണ്. “സ്ത്രീയേ, ഇതാ, നിന്‍റെ മകന്‍... യോഹന്നാനോട് ഇതാ, നിന്‍റെ അമ്മ! അപ്പോള്‍ മുതല്‍ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.” രോഗികളെ സ്വഭവനത്തില്‍ സസന്തോഷം സ്വീകരിക്കാനും സംരക്ഷണം നല്‍കാനും സഭ നമ്മോട് ഇന്നാളില്‍ പ്രത്യേകമായി ആഹ്വാനംചെയ്യുന്നു. യേശുവിന്‍റെ പരസ്യജീവിതകാലത്തു ചെയ്ത ഏറ്റവും വിലയ അത്ഭുതവും ശുശ്രൂഷയും രോഗികളെ സുഖപ്പെടുത്തുക എന്നതായിരുന്നു. അവിടുന്നു രോഗികളുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ഒരുപോലെ സുഖപ്പെടുത്തി.
എല്ലാ രോഗങ്ങള്‍ക്കുമുള്ള ദൈവത്തിന്‍റെ ഒറ്റമൂലിയായിരുന്നു യേശു ക്രിസ്തു!

2.  രോഗശാന്തിയുടെ മഹാത്ഭുതം  
ഇന്നത്തെ സുവിശേഷത്തിലൂടെ കടന്നുവരുമ്പോള്‍ പരിധിയില്ലാത്ത വിശ്വാസത്തിന് പരമാവധി പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു യേശുവിന്‍റെ പ്രബോധനങ്ങളും പഠനങ്ങളും. വിശ്വാസരാഹിത്യത്തെ യേശു കഠിനമായി അപലപിക്കുകയും വിശ്വാസതീക്ഷ്ണതയെ മുക്തകണ്ഠം ശ്ലാഘിക്കുകയും ചെയ്യുന്നത് സുവിശേഷങ്ങള്‍ എടുത്തു കാണിക്കുന്നുണ്ട്. കുഷ്ഠരോഗികളുടെ ചീഞ്ഞളിഞ്ഞ വ്രണങ്ങളും മുറിഞ്ഞുപോയ വിരലുകളും ഒട്ടുംതന്നെ ശാരീരിക വേദന ഉളവാക്കുന്നയല്ലെങ്കിലും ഈ രോഗം വരുത്തിവയ്ക്കുന്ന മാനസികപീഡ വളരെയാണ്.  ബൈബിളിലേയ്ക്കു കടന്നുവരുമ്പോള്‍ പഴയ നിയമത്തില്‍ ഏകദേശം 14 പ്രാവശ്യവും പുതിയ നിയമത്തില്‍ 9 പ്രാവശ്യവും കുഷ്ഠരോഗികളെക്കുറിച്ച് സൂചനയുണ്ട്. ക്രിസ്തുവിന് വളരെമുന്‍പുതന്നെ ഇസ്രായേലിലും പരിസരപ്രദേശങ്ങളിലും ധാരാളം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു (ലേവ്യ. 13, 45-46).

കുഷ്ഠരോഗം ബാധിച്ച ഒരുവന്‍ സുഖംപ്രാപിക്കുക എന്നതു ക്ഷിപ്രസാദ്ധ്യമായിരുന്നില്ല. ഒരുപക്ഷേ ജന്മനാ അന്ധനായ ഒരുവനു കാഴ്ച ലഭിക്കുന്നതുപോലെയോ, മരിച്ചവന്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നതുപോലെയോ ഉള്ള ഒരു മഹാത്ഭുതമായിരുന്നു കുഷ്ഠരോഗിയുടെ സൗഖ്യം. എന്നാല്‍ മിശിഹാവരുമ്പോള്‍ ഇത്തരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കമെന്ന് ഉറച്ചു വിശ്വസിച്ചവരായിരുന്നു ഇസ്രായേല്‍ ജനം (ഏശ 35, 5-6, 42, 18).

യേശുനാഥന്‍ തന്‍റെ പരസ്യജീവിതകാലത്ത് കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന വിവിധ സംഭവങ്ങള്‍ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ ഏറ്റവും ശ്രദ്ധേയമായത് ഇന്നു നാം വായിച്ചു കേട്ട മര്‍ക്കോസ് സുവിശേഷകന്‍ വിവരിക്ക്ുന്ന കുഷ്ഠരോഗിയുടെ സൗഖ്യമാണ് (1, 40-45). സമാന്തര സുവിശേഷകന്മാരെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു എന്നതുതന്നെ ഇതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.

3. മനസ്സാകുമെങ്കില്‍ സുഖപ്പെടുത്തണേ!  
യേശുനാഥന്‍ തന്‍റെ പരസ്യജീവിതം ആരംഭിച്ചതിനുശേഷം നടത്തുന്ന മൂന്നാമത്തെ അത്ഭുതമായിട്ടാണ് ഒന്നാം അദ്ധ്യായത്തിന്‍റെ അവസാന വാക്യങ്ങളില്‍ മാര്‍ക്കോസ് സുവിശേഷകന്‍ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇതിനുകാരണം, പലസ്തീനാക്കാരല്ലാത്ത വിജീതീയ ക്രിസ്ത്യാനികള്‍ക്കു വേണ്ടി എഴുതപ്പെട്ട വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ആദ്യഭാഗത്തെ മുഖ്യപ്രമേയം - യേശു മനുഷ്യപുത്രനും ദൈവപുത്രനും രക്ഷകനുമാണ് എന്നു ആദിമ സഭാവിശ്വാസത്തിന്‍റെ ക്രമേണയുള്ള ആവിഷ്ക്കരണമാണ്. സുവിശേഷത്തിലെ കുഷ്ഠരോഗി, “അവന്‍ യേശുവിന്‍റെ അടുത്തെത്തി മുട്ടുകുത്തി.” ഒരാളോടുള്ള വിധേയത്വത്തെയും അയാളിലുള്ള വിശ്വാസത്തെയും സൂചിപ്പിക്കുന്ന പ്രവൃത്തിയാണ് മുട്ടുകുത്തുക എന്നത്. മുട്ടുകുത്തുന്നവന്‍ അപേക്ഷയുമായി വരുന്നവനായിരിക്കും.

അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും..! ഇതായിരുന്നു അവന്‍റെ അപേക്ഷ. ഇതു വളരെ വിചിത്രമായ ഒരു അപേക്ഷയായി നമുക്കു തോന്നാം. അത് അല്പം ധിക്കാരമായിപ്പോയില്ലേ! എന്നും സംശയിക്കാം. എന്നാല്‍ അല്പംകൂടി ആഴത്തിലേയ്ക്കു കടക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കും. കുഷ്ഠരോഗിക്ക് യേശുവിലുള്ള അടിയുറച്ച വിശ്വാസത്തില്‍നിന്നും ഉരുത്തിരിഞ്ഞ സുന്ദരമായ ഒരു പ്രാര്‍ത്ഥനയായിരുന്നു ഇത്.  മറ്റു രൂപത്തില്‍ മാറ്റിക്കുറിച്ചാല്‍, യേശുവേ, അങ്ങയുടെ ശക്തിയില്‍ ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങു തിരുമനസ്സാകുന്നുവെങ്കില്‍ എന്നെ ശുദ്ധനാക്കണമേ! എന്ന മനോഹരമായ പ്രാര്‍ത്ഥനയായിരുന്നു അതെന്നു കാണാന്‍ കഴിയും. തന്‍റെ രോഗാവസ്ഥയെക്കുറിച്ചോ, താന്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡകളെക്കുറിച്ചോ അയാള്‍ യാതൊരു പരാതിയും യേശുവിന്‍റെ മുമ്പില്‍ നിരത്തുന്നില്ല. ഇവയെല്ലാം മുന്‍കൂട്ടി അറിയാവുന്ന ഒരു വ്യക്തിയോട് എന്നതുപോലെയാണ് അയാള്‍ ക്രിസ്തുവിനോട് അപേക്ഷിക്കുന്നത്.

4. സൗഖ്യദാനത്തിന്‍റെ  കൃപാസ്പര്‍ശം  
യേശു ദൈവപുത്രനാണ്. അവിടുത്തേയ്ക്ക് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വിശ്വാസിയായിട്ടാണ് മര്‍ക്കോസ് സുവിശേഷകന്‍ ഈ കുഷ്ഠരോഗിയെ ചിത്രീകരിക്കുന്നത്. ഇന്നത്തെ സുവിശേഷഭാഗത്തെ 40-Ɔമത്തെ വചനം വളരെ പ്രധാനപ്പെട്ടതാണ്.  അവനു കരുണതോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു, എനിക്ക്  മനസ്സുണ്ട്. നിനക്ക് ശുദ്ധിയുണ്ടാകട്ടെ! തല്‍ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധി വന്നു.

ഈശോയുടെ സ്പര്‍ശംകൊണ്ട് അവന്‍റെ രോഗം മാറി, അവന്‍ സൗഖ്യം പ്രാപിച്ചു. നമുക്കും  ഇന്ന് കൂടുതലായി ഈശോയുടെ സ്പര്‍ശം, സൗഖ്യസ്പര്‍ശം അനിവാര്യമാണ്. നമ്മുടെ മദ്ധ്യേ ക്രിസ്തുവിന്‍റെ സ്പര്‍ശത്തിന്‍റെ കുറവുണ്ട്. അവിടുത്തെ സ്പര്‍ശം സൗഖ്യദായകമാണ്.  സുവിശേഷം പറയുന്ന, ക്രിസ്തുവിന്‍റെ കൃപാസ്പര്‍ശം കരുണയുള്ളതാണ്. കരുണയും സ്നേഹവുമുള്ള ഏതു സ്പര്‍ശവും സൗഖ്യദായകമായിരിക്കും. തമ്പുരാന്‍ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. നമ്മുടെ പരസ്പര ബന്ധങ്ങളിലെ സ്പര്‍ശങ്ങള്‍ എല്ലാംതന്നെ കരുണയും സ്നേഹവും നിറഞ്ഞതാകട്ടെ! അവിടെല്ലാം അപ്പോള്‍ ആത്മീയവും ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യവും ശാന്തിയും ഉണ്ടാകും. സ്പര്‍ശത്തിന്‍റെ രണ്ടാമത്തെ വലിയ ഗുണമാണ് അത് പരിശുദ്ധി പകരുന്നു.

5. കരുണയുള്ള ശുശ്രൂഷയും ക്രിസ്ത്വാനുകരണവും  
കസന്‍സാക്കീസാണ് അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ ജീവിതത്തില്‍ കുഷ്ഠരോഗിയുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറയുന്നത്. ഫ്രാന്‍സിസും ലിയോയുംകൂടെ ഒരു ദിവസം വൈകുന്നേരം നടക്കാന്‍ ഇറങ്ങുന്നു. അങ്ങകലെ ഒരു മണിയൊച്ച കേട്ടു. ലിയോ, എന്താണ് മണിയൊച്ച കേട്ടത്. അത് ഒരു കുഷ്ഠരോഗി അകലെ മരങ്ങള്‍ക്കിടയിലൂടെ കടന്നുപോവുകയാണ്.  ഉടനെ ഫ്രാന്‍സിസ് കുഷ്ഠരോഗിയെ സ്വീകരിക്കാന്‍ രണ്ടു കരങ്ങളും തുറന്നു പിടിച്ച് രോഗിയെ സ്വീകരിക്കാനായി ഓടുകയാണ്. അപ്പോള്‍ കുഷ്ഠരോഗിയും തനിക്കു എതിരെ ഓടിയെത്തുന്ന ഫ്രാന്‍സിസിനെ ആശ്ചര്യത്തോടെ നോക്കിനിന്നു. രോഗിയെ കണ്ടപാടെ ഫ്രാന്‍സിസ് അയാളുടെ ചീഞ്ഞളിഞ്ഞ ശരീരത്തില്‍, ചിലഭാഗങ്ങള്‍ അറ്റുപോയ ശരീരത്തില്‍ മാറി മാറി ചുംബിച്ചു. വൈകല്യങ്ങളുള്ള അയാളുടെ ശരീരഭാഗങ്ങളില്‍ ഫ്രാന്‍സിസ് മുഖമമര്‍ത്തി ചുംബിക്കുകയാണ്.

വീണ്ടും ചേര്‍ത്തു പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുമ്പോള്‍. അതാ, ഫ്രാന്‍സിസ് ഒരു അത്ഭുതം കാണുന്നു! താന്‍ ചുംബിച്ച കുഷ്ഠരോഗിയെയോ, അയാളുടെ ജീര്‍ണ്ണിച്ച വസ്ത്രമോ കാണാനില്ല. ഫ്രാന്‍സിസ് ഉടനെ പ്രണമിച്ച് നിലം ചുംബിക്കുന്നു. എഴുന്നേറ്റിട്ട്, ലിയോയോടു ചേദിച്ചു. നിനക്ക് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ? ലോയോ പറഞ്ഞു ദൈവം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്!

ഫ്രാന്‍സിസ് പറഞ്ഞു, നാം എപ്പോഴാണോ ഒരാളുടെ വേദനയും വ്രണവും അസ്വസ്തതകളും, ക്ലേശവും പ്രായസവും ആകുലതകളും സ്നേഹത്തോടെ കരുണയോടെ ചുംബിക്കുന്നത് അപ്പോഴൊക്കെ അവര്‍ ക്രിസ്തുവായി മാറുമെന്ന്! നമ്മുടെ ഓരോരുത്തരുടെയും വിളി ഇതുതന്നെയാണ് - അസ്സീസിയിലെ ഫ്രാന്‍സിസിനെപ്പോലെ, സുവിശേഷത്തില്‍ നാം കണ്ട ക്രിസ്തുവിനെപ്പോലെ ആയിത്തീരുവാനായുള്ള വിളിയാണത്.

6. ഉപസംഹാരപ്രാര്‍ത്ഥന  
അപേക്ഷയുമായി വരുന്നവനെ ഉപേക്ഷിക്കാത്ത ക്രിസ്തു, രക്ഷയ്ക്ക് കാരണമായി ഭവിക്കുന്ന വിശ്വാസം,  യേശുവിന്‍റെ സൗഖ്യദായകമായ വചനം.  യേശു നല്കുന്ന സൗഖ്യം സമ്പൂര്‍ണ്ണമാണ്. അനുഗ്രഹം ലഭിക്കുന്നവന്‍ മറ്റുള്ളവരുമായി അത് പങ്കുവയ്ക്കണം. സ്നേഹമുള്ള ഈശോയേ, ഞാനും ഒരുവിധത്തില്‍ കുഷ്ഠരോഗിയുടെ അവസ്ഥയിലാണ്. എന്നെ അങ്ങ് സ്പര്‍ശിക്കണമേ!  അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ ഞാന്‍ സുഖംപ്രാപിക്കും. അങ്ങയുടെ കരുണാസ്പര്‍ശത്താല്‍ ഞാന്‍ മറ്റുള്ളവരെ സ്പര്‍ശിക്കുമ്പോള്‍ അവിടെയൊക്കെ ക്രിസ്തു സാക്ഷിയായി, ക്രിസ്തു ചൈതന്യം പകരുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേന്‍!


(William Nellikkal)

10/02/2018 18:26