2018-02-08 09:38:00

കായികവിനോദം സമാധാനത്തിന്‍റെ വഴികളില്‍...!


ശീതകാല ഒളിംപിക്സിന്‍റെ പശ്ചാത്തലത്തില്‍ പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്യുന്ന സമാധാനാഭ്യര്‍ത്ഥന...

കളികള്‍ സമാധാന വഴികളിലാവണമെന്ന് പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ രണ്ടാമത്തെ അഭ്യര്‍ത്ഥനയായിരുന്നു.  പിയോങ്ചാങ് 23-Ɔമത് ശരത്ക്കാല ഒളിംപിക്സിനോടു അനുബന്ധിച്ചു പാപ്പാ ഫ്രാന്‍സിസ് നടത്തിയ സമാധാനാഭ്യാര്‍ത്ഥനയാണിത്.   ഫെബ്രുവരി 9-Ɔ൦ തിയതി വെള്ളിയാഴ്ച തെക്കന്‍ കൊറിയയിലെ പിയോങ്ചാങില്‍ ആരംഭിക്കുന്ന ശീതകാല ഒളിംപിക് കളികളുടെ പശ്ചാത്തലത്തിലാണ് കളികള്‍ സമാധാനവഴികളില്‍ ആകണമെന്ന് പാപ്പ ഫ്രാന്‍സിസ് ആഹ്വാനംചെയ്തത്.

വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സമ്മേളിച്ച ആയിരക്കണക്കിന് തീര്‍ത്ഥാടകരോടും സന്ദര്‍ശകരോടും, ലോകത്തോടുമായിട്ടാണ് പാപ്പാ സമാധാനാഭ്യര്‍ത്ഥന നടത്തിയത്. പതിറ്റാണ്ടുകളായി ഭിന്നിച്ചുനിന്നിരുന്ന തെക്കന്‍ വടക്കന്‍ കൊറിയ രാജ്യങ്ങള്‍ ഇത്തവണത്തെ ശീത ഒളിംപിക്സിന് ഒരു രാഷ്ട്രമായി, ഒരു കൊടിക്കീഴില്‍ പങ്കെടുക്കുന്നത് പാപ്പാ അഭ്യര്‍ത്ഥനയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തെക്കന്‍ കൊറിയയില്‍ അരങ്ങേറുന്ന ഈ വര്‍ഷത്തെ ശീതകാല ഒളിംപിക്സ് മാമാങ്കം സമാധാനത്തിന്‍റെ പ്രതീകമാണെന്നും പാപ്പാ പ്രസ്താവിച്ചു.   

പ്യോങ്ചാങ് നഗരത്തില്‍ ഒളിംപിക്സിനെത്തുന്നവരെ പ്രാര്‍ത്ഥനയോടെ പാപ്പാ വത്തിക്കാനിലെ വേദിയില്‍നിന്നും അഭിവാദ്യംചെയ്തു. രാഷ്ട്രങ്ങള്‍ കായികവിനോദങ്ങളുടെ പേരില്‍ ഒരുമിക്കുന്നത് സമാധാനത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമാണ്. സമാധാനവഴികളിലെ ജനതകളുടെ ഓരോ കാല്‍വയ്പും സന്തോഷത്തോടും കൃതജഞതയോടുംകൂടെ ശ്ലാഘിക്കുന്നതായി തന്‍റെ അഭ്യര്‍ത്ഥനയില്‍ പാപ്പാ വ്യക്തമാക്കി. സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും വലിയ ആഘോഷത്തിന് പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പാപ്പാ വാക്കുകള്‍ ഉപസംഹരിച്ചത്. 








All the contents on this site are copyrighted ©.