സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ സഭാദര്‍ശനം

DOCAT ​LIV​: ''വേതനവും സ്വകാര്യസ്വത്തും''

08/02/2018 10:42

ഡുക്യാറ്റിന്‍റെ ''തൊഴിലും ദൈവനിയോഗവും'' എന്ന ആറാമധ്യായത്തിലെ ചോദ്യോത്തരങ്ങളായിരുന്നു ഈ ദിനങ്ങളില്‍ നമ്മുടെ പരിചിന്തനവിഷയമായിരുന്നത്.  ഈ അധ്യായത്തിന്‍റെ അവസാനത്തില്‍ തൊഴില്‍ എന്ന വിഷയത്തെക്കുറിച്ച് പാപ്പാമാരുടെ സുപ്രധാന മായ 14 പ്രബോധനഭാഗങ്ങളാണ് നല്‍കിയിരിക്കുന്നത്.  സഭയുടെ ആദ്യസാമൂഹിക പ്രബോധനമായ ലെയോ പതിമൂന്നാമന്‍ പാപ്പായുടെ റേരും നൊവാരുമില്‍ നിന്നു തുടങ്ങി, ഫ്രാന്‍സീസ് പാപ്പായുടെ എവാഞ്ചെലീ ഗാവുദിയും വരെയുള്ള  നിന്നുള്ള ഈ പ്രബോധനഭാഗങ്ങളാണവ. ഇതില്‍ നല്‍കിയിരിക്കുന്ന ആദ്യ അഞ്ചു ഭാഗങ്ങളും റേരും നൊവാരും എന്ന രേഖയില്‍ നിന്നുള്ളതു തന്നെയാണ്.  അവയില്‍ ആദ്യ നാലുഭാഗങ്ങള്‍ ഇവിടെ ചര്‍ച്ചാവിഷയമാകുന്നത്. 

ലെയോ പതിമൂന്നാമന്‍ പാപ്പാ, റേരും നൊവാരും എന്ന 1891-ലെ രേഖയുടെ നാലാം ഖണ്ഡികയില്‍ വേതനത്തെക്കുറിച്ചും സ്വത്തിനെക്കുറിച്ചും പഠിപ്പിക്കുന്നു.  ജോലി ചെയ്യുന്ന വ്യക്തിക്കു ലഭിക്കുന്ന വേതനവും, അത് തന്‍റെ സ്വത്തായി സൂക്ഷിക്കാന്‍ കഴിയുന്നു എന്ന കാര്യവും ജോലിയിലേര്‍പ്പെടാന്‍ ആ വ്യക്തിക്ക് സ്വാഭാവികപ്രേരണയായിത്തീരുന്നു.  ഈ അടിസ്ഥാനപരമായ കാര്യത്തിലൂന്നിനിന്നു കൊണ്ട്, വേതനത്തെക്കുറിച്ചും, സ്വകാര്യസ്വത്തിനെക്കുറിച്ചും പാപ്പാ പഠിപ്പിക്കുകയാണ്, റേരും നൊവാരും എന്ന രേഖയുടെ 4-ാം ഖണ്ഡികയിലൂടെ.

1. റേരും നൊവാരും 4 (ലെയോ 13-ാമന്‍ പാപ്പാ, 1891): വേതനവും സ്വത്തും

സ്വത്തു സമ്പാദിക്കാനും പിന്നീട് അതു സ്വകാര്യസ്വത്തായി സൂക്ഷിക്കാനും കഴിയുക എന്നതാണ് പ്രതിഫലം കിട്ടുന്ന ജോലിയിലേര്‍പ്പെടാന്‍ ഒരുവനു പ്രചോദനവും ലക്ഷ്യവുമായി നില്‍ക്കുന്നത് എന്നതിനു സംശയമില്ല.  ഒരുവന്‍ തന്‍റെ ശക്തിയും സാമര്‍ഥ്യവും, മറ്റൊരാള്‍ക്കായി വേലചെയ്യാന്‍ വിനിയോഗിക്കുന്നത് തന്‍റെ ഭക്ഷണത്തിനും ജീവസന്ധാരണത്തിനുംവേണ്ട പ്രതിഫലമായി ലഭിക്കണം എന്ന ലക്ഷ്യത്തോടെയാണല്ലോ.  ആകയാല്‍, പ്രതിഫലം മാത്രമല്ല, ആ പ്രതിഫലം യഥേഷ്ടം വിനിയോ ഗിക്കാന്‍ പൂര്‍ണവും യഥാര്‍ഥവുമായ അവകാശവും ലഭിക്കണമെന്നതാണ് അവന്‍റെ പ്രകടമായ ലക്ഷ്യം.  അവന്‍ മിതവ്യയംകൊണ്ടു പണം സമ്പാദിക്കുകയും ആ സമ്പാദ്യം കൂടുതല്‍ ഭദ്രമാക്കാന്‍ അതു ഭൂസ്വത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നുവെങ്കില്‍ ആ ഭൂസ്വത്ത് മറ്റൊരു രൂപത്തിലുള്ള അവന്‍റെ വേലക്കൂലിപോലെതന്നെ യഥേഷ്ടം വിനിയോഗിക്കാന്‍ അവന് അവകാശമുണ്ടായിരിക്കണം.  സമ്പത്ത് സ്ഥാവരമായാലും ജംഗമമായാലും അത് ഇഷ്ടാനുസരണം വിനിയോഗിക്കാനുള്ള അവകാശത്തിലാണ് യഥാര്‍ഥത്തില്‍ ഉടമസ്ഥത അടങ്ങിയിരിക്കുന്നത്. അതിനാല്‍, വ്യക്തികളുടെ സമ്പത്തെടുത്തു സമൂഹത്തിനു കൊടുക്കാന്‍ ശ്രമിക്കുന്ന സോഷ്യലിസ്റ്റുകള്‍ തൊഴിലാളികളുടെ താല്‍പ്പര്യങ്ങളെ നിഹനിക്കുകയാണ്; വേലക്കൂലി സ്വന്തം താല്‍പ്പര്യമനുസരിച്ച് കൈകാര്യം ചെയ്യാനുള്ള അവന്‍റെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുകയാണ്.  അങ്ങനെ, ധനാഗമ മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ജീവിതം മെച്ചപ്പെടുത്തുന്നതിനുമുള്ള അവന്‍റെ പ്രത്യാശയും സാധ്യതയും നഷ്ടപ്പെടുന്നു.

സ്വത്തവകാശം പ്രകൃതിദത്തം: സോഷ്യലിസ്റ്റുകള്‍ നിര്‍ദേശിക്കുന്ന പ്രതിവിധി പ്രകടമായും നീതിക്കു വിരുദ്ധമാണ്, അത് ഗുരു തരമായ വസ്തുതയാണ്.  സ്വത്തു കൈവശം വയ്ക്കാന്‍ ഓരോ മനുഷ്യനുമുള്ള അവകാശം പ്രകൃതിദത്തമാണ്.

വര്‍ഗസമരം പ്രകൃതിനിയമമാണെന്നുള്ള കമ്യൂണിസ്റ്റ് സിദ്ധാന്തം വിലയിരുത്തുന്നതിനും ലെയോ പതിമൂന്നാമന്‍ പാപ്പാ ഈ രേഖയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. മുതലാളിയും തൊഴിലാളിയും ഒരേ ശരീരത്തിന്‍റെ ഭാഗമെന്നോണം, പ്രതിസമത (symmetry) ഉള്ളതും യോജിപ്പില്‍ വര്‍ത്തിക്കേണ്ടതുമാണ് എന്ന സത്യം പാപ്പാ 15-ാം ഖണ്ഡികയില്‍ ഊന്നിപ്പറയുന്നു. 

2. റേരും നൊവാരും 15 (ലെയോ 13-ാമന്‍ പാപ്പാ, 1891): തൊഴിലാളികള്‍ക്കും സമ്പന്നര്‍ക്കും പൊതുതാല്‍പ്പര്യങ്ങള്‍ ഇല്ലേ?

നാമിവിടെ പരിഗണിക്കുന്ന ഈ വിഷയത്തില്‍ വന്നുപോയിട്ടുള്ള ഒരു വലിയ തെറ്റ്, ജനവിഭാഗ ങ്ങള്‍ പരസ്പരം ശത്രുതയിലാണ് വര്‍ത്തിക്കുന്നതെന്നും, ധനികരും തൊഴിലാളികളും പരസ്പര കലഹത്തില്‍ കഴിയണമെന്നാണ് പ്രകൃതിയുടെ നിയമമെന്നുമുളള ധാരണ വച്ചു പുലര്‍ത്തുന്നതാണ്.  ഈ ധാരണ യുക്തിഹീനവും അബദ്ധജടിലവുമാണ്.  നേരെ മറിച്ചുള്ളതാണ് സത്യം.  മനുഷ്യശരീരത്തിന്‍റെ പ്രതിസമത (symmetry) വിവിധ അവയവങ്ങളുടെ ശരിയായ സംവിധാനത്തിന്‍റെ ഫലമാണല്ലോ. അവയെപ്പോലെ തൊഴിലാളികളും മുതലാളികളും ഐക്യത്തിലും രമ്യതയിലും ഒന്നു മറ്റൊന്നിനു അനുപൂരകം എന്ന പോലെ പുലരണമെന്നതാണ് പ്രകൃതിയുടെ നിശ്ചയം.  രാഷ്ട്രശരീരത്തിന്‍റെ സന്തുലി താവസ്ഥ പരിപാലിക്കാന്‍ അത് അത്യാവശ്യമാണ്.  തൊഴില്‍ കൂടാതെ മൂലധനത്തിനോ, മൂലധനം കൂടാതെ തൊഴിലിനോ നിലനില്‍പ്പില്ല.  ഒന്നിനു മറ്റൊന്നിനെ ആവശ്യമുണ്ട്.

ഈ ഐക്യത്തിനു വിപരീതമായ സംഭവവികാസങ്ങള്‍ തീവ്രതരമായിരുന്ന ഒരു കാലത്താണ് പാപ്പായുടെ ഈ രേഖ ജന്മം കൊണ്ടത് എന്നതിനാല്‍, ആ സാഹചര്യത്തെ പാപ്പാ പരിഗണിക്കുകയും തൊഴിലാളികളെ അടിമകളായി കണ്ടിരുന്ന മുതലാളിത്തത്തിന്‍റെ പൊതു സ്വഭാവത്തെ അപലപിക്കുകയും ചെയ്തു. മാത്രമല്ല, തൊഴിലാളികളുടെ പ്രായവും സ്ത്രീപുരുഷവ്യത്യാസവും ഇവിടെ നീതി പൂര്‍വം പരിഗണിക്കപ്പെടേണ്ടതാണെന്നും ശക്തിയുക്തം പ്രഖ്യാപിക്കുന്നുണ്ട് മുന്‍ഖണ്ഡികയുടെ തുടര്‍ച്ചയായി 16-ാംഖണ്ഡികയില്‍ നല്‍കുന്ന പ്രബോധനം.

3. റേരും നൊവാരും 16  (ലെയോ 13-ാമന്‍ പാപ്പാ, 1891): തൊഴിലാളികള്‍ അടിമകളല്ല

സമ്പന്നനായ ഉടമസ്ഥനും തൊഴിലുടമയ്ക്കും താഴെപ്പറയുന്ന കടമകളുണ്ട്: തങ്ങളുടെ തൊഴിലാളികളെ അടിമകളായി കരുതാതിരിക്കുക.  പകരം ഓരോ മനുഷ്യനെയും ക്രൈസ്തവസ്വഭാവത്താല്‍ ശ്രേഷ്ഠനാക്കപ്പെട്ട വ്യക്തിയെന്നനിലയില്‍ ബഹുമാനിക്കുക. സ്വാഭാവികയുക്തിയും ക്രൈസ്തവ തത്വശാസ്ത്രവുമനുസരിച്ച് മനുഷ്യനെ സംബന്ധിച്ചിടത്തോളം ലാഭത്തിനുവേണ്ടി അധ്വാനിക്കുന്നത് ശ്ലാഘനീയമാണെന്ന് അവരെ ഓര്‍മിപ്പിക്കുന്നു. എന്തെന്നാല്‍, തൊഴില്‍ മാന്യമായ ഉപജീവനമാര്‍ഗമാകയാല്‍ മനുഷ്യന് അതു ലജ്ജാകരമല്ല.  എന്നാല്‍, ലാഭത്തിനുവേണ്ടിയുള്ള പരിശ്രമത്തില്‍ മനുഷ്യരെ വസ്തു ക്കളെപ്പോലെ കരുതി ദുരുപയോഗിക്കുകയോ അവരുടെ ശാരീരിക ശക്തികള്‍ മാത്രം പരിഗണിച്ച് അവരെ വിലമതിക്കുന്നതോ യഥാര്‍ഥത്തില്‍ ലജ്ജാകരവും മനുഷ്യത്വരഹിതവുമാണ്.  കൂടാതെ തൊഴിലാളിയോടു പെരുമാറുമ്പോള്‍ മതത്തെയും അയാളുടെ ആത്മാവിന്‍റെ നന്മയെയും കുറിച്ച് ഓര്‍മി ക്കണമെന്ന് നീതി ആവശ്യപ്പെടുന്നു.  അങ്ങനെ, തൊഴിലാളിക്ക് അവന്‍റെ മതാത്മക കടമകള്‍ നിര്‍വഹിക്കാന്‍ സമയം ലഭിക്കുന്നുണ്ടെന്നും ദുഷിപ്പിക്കുന്ന സ്വാധീനശക്തികള്‍ക്കും അപകടകരമായ സാഹചര്യങ്ങള്‍ക്കും അവന്‍ വിധേയനായിരിക്കുന്നില്ലെന്നും, വീടിനെയും കുടുംബത്തെയും അവഗണിക്കാനോ സമ്പാദ്യം ധൂര്‍ത്തടിക്കാനോ വഴി തെറ്റിക്കപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താന്‍ തൊഴില്‍ ദായകനു കടമയുണ്ട്.  കൂടാതെ, തൊഴില്‍ദായകന്‍ തൊഴിലാളികളെ അവരുടെ കഴിവിന് അതീതമായ ജോലി ചെയ്യിപ്പിക്കരുത്.  അവരുടെ ലൈംഗികവ്യത്യാസത്തിനും പ്രായത്തിനും ചേരാത്ത ജോലികള്‍ ചെയ്യാന്‍ നിയോഗിച്ച് ഭാരപ്പെടുത്തുകയുമരുത്.

നാം നേരത്തെ നമ്മുടെ ചിന്തയ്ക്കു വിഷയീഭവിപ്പിച്ചതുപോലെ, തൊഴിലാളികളെ അടിമകളായി കരുതിയിരുന്ന മനോഭാവം ശക്തമായിരുന്ന അക്കാലത്ത്, സ്വര്‍ഗത്തെ വിളിച്ചുകരയുന്ന അനീതിയായി അതിനെ കാണുകയും, മാനുഷികവും ദൈവികവുമായ എല്ലാ നിയമങ്ങളാലും ഇതു വിലക്കിയിട്ടുള്ളതാണെന്ന് ലോകത്തോടെ ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നതിനു പാപ്പാ മടിച്ചില്ല.   അതിപ്രകാരമാണ് തുടര്‍ന്നുള്ള ഖണ്‍ഡികയില്‍ നാം വായിക്കുന്നത്.

4. റേരും നൊവാരും 17 (ലെയോ 13-ാമന്‍ പാപ്പാ, 1891): സ്വര്‍ഗത്തെ വിളിച്ചുകരയുന്ന അനീതി

ധനവാന്മാരും തൊഴിലുടമകളും ഒരു കാര്യം ഓര്‍മിക്കണം.  അതായത്, സ്വന്തം ലാഭത്തിനു വേണ്ടി നിര്‍ധനരുടെയും നിരാലംബരുടെയുംമേല്‍ സമ്മര്‍ദം ചെലുത്തുന്നതും, അന്യന്‍റെ അത്യാവശ്യങ്ങള്‍ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്നതും മാനുഷികവും ദൈവികവുമായ എല്ലാ നിയമങ്ങളും വിലക്കിയിട്ടുള്ളതാണ്.  ആര്‍ക്കാണെങ്കിലും ന്യായമായ കൂലി നിഷേധിക്കുകയെന്നത് സ്വര്‍ഗത്തോടു പ്രതികാരത്തിനായി കേഴുന്ന ഒരു പാതകമാണ്.

വേതനത്തിന്‍റെ കാര്യത്തിലും ജോലിചെയ്യുന്ന മണിക്കൂറുകളുടെ കാര്യത്തിലും ജോലിസംബന്ധമായ സൗകര്യങ്ങളുടെ കാര്യത്തിലും ഉടമസ്ഥരും തൊഴിലാളികളും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടെങ്കില്‍, അതു തുറന്നു പറയാന്‍ കഴിയുന്ന അവസ്ഥപോലും ഈ രേഖ പുറപ്പെടുവിച്ച പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനകാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല എന്നത് ഓര്‍മിക്കുമ്പോഴാണ്, പാപ്പായുടെ പ്രബോധനത്തിന്‍റെ ശക്തി നാം മനസ്സിലാക്കുക.  ആ ഒരവസ്ഥയാണ്, തൊഴിലാളികള്‍ സംഘടിക്കുന്നതിനു കാരണമായിത്തീര്‍ന്നത്.  സംഘടിതസമരങ്ങളിലൂടെ തൊഴലാളികള്‍ നേടിയെടുത്ത അവകാശ ങ്ങളാണ് ഇന്നു നാം കാണുന്നത്.  എന്നിരുന്നാലും, ഇന്നത്തെ ചില പണിമുടക്കുകളും സമരങ്ങളും അനീതിപരമമല്ലേ, എന്നു ചോദിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തില്‍ ആ അവസ്ഥ മാറിയിട്ടുണ്ടെന്നും, നാടിന്‍റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഉള്ള നിരീക്ഷണങ്ങളും അസ്ഥാനത്തല്ല.   നീതിബോധം, വ്യക്തികളുടെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും അവകാശങ്ങള്‍ ഇവയൊക്കെ പരിഗണിച്ചുകൊണ്ട്, യാഥാര്‍ഥ്യബോധത്തോടെ സംവദിക്കുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളാണ് പാപ്പായുടെ മേല്‍പ്പറഞ്ഞ പ്രബോധനങ്ങളുടെ ലക്ഷ്യം.  ഇരുകൂട്ടരുടെയും നിത്യരക്ഷയെ ഉറപ്പാക്കുന്നതും അതുതന്നെയെന്ന് പഠിപ്പിച്ചുകൊണ്ട്, തന്‍റെ ആത്മീയാധികാരം പാപ്പാ ഇവിടെ വ്യക്തമാക്കുന്നു.  


(Sr. Theresa Sebastian)

08/02/2018 10:42