2018-02-07 09:59:00

''വ്യാജപ്രവാചകര്‍ക്കെതിരേ ജാഗ്രതയോടെ ഈ നോമ്പുകാലം'': പാപ്പാ


താല്ക്കാലിക സന്തോഷങ്ങളുടെയും ബന്ധങ്ങളുടെയും, ധനത്തിന്‍റെയും മയക്കുമരുന്നുകളുടെയും, വ്യാജപ്രബോധനങ്ങളാല്‍ നമ്മുടെ ഹൃദയം വശീകരിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതാനിര്‍ദേശവുമായി, 2018-ലെ നോമ്പുകാലത്തിന് ഒരുക്കമായി പരിശുദ്ധ പിതാവു ഫ്രാന്‍സീസ് പാപ്പാ നല്കിയ സന്ദേശം പ്രസിദ്ധപ്പെടുത്തി.

''അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും'' എന്ന വി. മത്തായിയുടെ സുവിശേഷത്തിലെ 24-ാമധ്യായം 12-ാം വാക്യം പ്രമേയമായി സ്വീകരിച്ചുകൊണ്ടുള്ള സന്ദേശത്തില്‍ നോമ്പുകാലം, വ്യാജപ്രവാചകരെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയമാണെന്നും, അവര്‍ നമ്മുടെ ഹൃദയങ്ങളിലെ യഥാര്‍ഥസ്നേഹത്തെ അണച്ചുകളയുന്നുവെന്നതിനാല്‍ അവര്‍ക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണമെന്നും പാപ്പാ ഉപദേശിക്കുന്നു.

ഇന്നത്തെ ലോകത്തിലെ വ്യാജപ്രവചാകരില്‍ ചിലര്‍, സര്‍പ്പങ്ങളെപ്പോലെ ആകര്‍ഷിക്കുന്നവരാണെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.  ''...മാനുഷികവികാരങ്ങളെ ചൂഷണം ചെയ്തുകൊണ്ട്, അവര്‍ക്കാവശ്യമായുള്ളവ, നൈമിഷികസന്തോഷം, യഥാര്‍ഥസന്തോഷത്തിനു പകരമായി സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. അധമതാല്പര്യങ്ങളെയും, ധനമോഹത്തെയും തൃപ്തിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നവരാണവര്‍''.  മറ്റു ചില വ്യാജപ്രവാചകര്‍, ''യാഥാര്‍ഥ്യത്തെ മറക്കാനും, സഹനങ്ങള്‍ക്ക് താല്‍ക്കാലിക ശമനം നല്‍കാനും, മദ്യത്തെയും മയക്കുമരുന്നിനെയും വലിച്ചെറിയാന്‍ കഴിയുന്ന ബന്ധങ്ങളെയും കൂട്ടുപിടിക്കാന്‍ പ്രേരിപ്പിക്കുന്നു... ഒരിക്കലും ഫലപ്രദമല്ലാത്ത ഇവയാല്‍ യുവജനങ്ങള്‍ വശീകരിക്കപ്പെടുന്നു... ഇതു തികച്ചും പരാജയമാണ്, അര്‍ഥരഹിതമായ പ്രവൃത്തികളാണ്...''  പാപ്പാ ഓര്‍മിപ്പിക്കുന്നു.

അധര്‍മം വര്‍ധിക്കുന്നതിനാല്‍ തണുത്തുപോകുന്ന ഹൃദയങ്ങളെ തിരിച്ചറിയാനുതകുന്ന കാലമായ നോമ്പുകാലം അതിനു പരിഹാരം ചെയ്യുന്നതിനും ഉപയോഗപ്പെടുത്താന്‍ പാപ്പാ നിര്‍ദ്ദേശിക്കുന്നു.  പ്രാര്‍ഥനയും ദാനധര്‍മവും, ഉപവാസവുമാണ് പരിഹാരപ്രവൃത്തികള്‍. 

ഫെബ്രുവരി ആറാംതീയതി പ്രസിദ്ധപ്പെടുത്തിയ ഈ സന്ദേശം 2017 നവംബര്‍ ഒന്നാംതീയതി സകലവിശുദ്ധരുടെയും തിരുനാളില്‍ പാപ്പാ ഒപ്പുവച്ചിട്ടുള്ളതാണ്.  








All the contents on this site are copyrighted ©.