2018-02-06 11:16:00

പാപ്പാ, പ്രസിഡന്‍റ് എര്‍ദോഗാനെ വത്തിക്കാനില്‍ സ്വീകരിച്ചു


2018 ഫെബ്രുവരി അഞ്ചാംതീയതി ഫ്രാന്‍സീസ് പാപ്പാ തുര്‍ക്കിയുടെ പ്രസിഡന്‍റ് റെസെപ് തായ്യിപ് എര്‍ദോഗാനെ (President Recep Tayyip Erdoğan) വത്തിക്കാനില്‍ സ്വീകരിക്കുകയും സംഭാഷണം നടത്തുകയും ചെയ്തു. 
സൗഹൃദസംഭാഷണത്തില്‍, പരിശുദ്ധ സിംഹാസനവും തുര്‍ക്കിയുമായുള്ള പരസ്പരബന്ധത്തെ സംബന്ധിച്ച കാര്യങ്ങള്‍ പങ്കുവച്ചു.  കൂടാതെ, ഇന്ന് രാജ്യം നേരിടുന്ന പ്രത്യേകസാഹചര്യങ്ങള്‍, അവിടുത്തെ കത്തോലിക്കാവിശ്വാസിസമൂഹം, അഭയാര്‍ഥികളുടെ സ്വീകരണം, അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എന്നിവ പരാമര്‍ശനവിധേയമായി.  മധ്യപൂര്‍വദേശത്തെ സംബന്ധിച്ച പ്രശ്നം കേന്ദ്രവിഷയമായപ്പോള്‍, ജറുസലെം പ്രതിസന്ധി പ്രത്യേകമായി ചര്‍ച്ച ചെയ്യപ്പെട്ടു.  മനുഷ്യാവകാശങ്ങളും അന്താരാഷ്ട്രനിയമങ്ങളും ആദരിച്ചുകൊണ്ടുള്ള സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും സമാധാനവും സുസ്ഥിരതയും കൈവരുത്തുന്നതിനാവശ്യമായ പരിശ്രമങ്ങള്‍ തുടരണമെന്ന് പാപ്പാ പ്രത്യേകം ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. 
പാപ്പായുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം, പ്രസിഡന്‍റ് എര്‍ദോഗാന്‍ വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി, കര്‍ദിനാള്‍, പിയെത്രോ പരോളിന്‍, വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാള്ളഗര്‍ എന്നിവരുമായും സൗഹൃദസംഭാഷണം നടത്തി. 

 








All the contents on this site are copyrighted ©.