സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പ്രത്യേകഇനങ്ങള്‍ \ വചനവീഥി

ഒരു തിരിച്ചു വരവിന്‍റെ ആനന്ദഗീതം

കൊര്‍കൊവാദോ മലയിലെ ക്രിസ്തു രക്ഷകന്‍ - ബ്രസീല്‍ - AFP

06/02/2018 08:58

സങ്കീര്‍ത്തനം 147-ന്‍റെ പഠനം – ആദ്യഭാഗം

സങ്കീര്‍ത്തനം 147-ന്‍റെ പഠനം ആരംഭിക്കുകയാണിന്ന്. സാഹിത്യഘടനയില്‍ ഇതൊരു സമ്പൂര്‍ണ്ണ സ്തുതിപ്പാണ്. ദൈവത്തെ സ്തുതിക്കാനുള്ള മൂന്ന് ആഹ്വാനങ്ങള്‍ ഈ ഗീതത്തിന്‍റെ പദങ്ങളില്‍ വ്യക്തമായി കാണുന്നു. അവ ഈ പ്രസ്താവത്തെ ബലപ്പെടുത്തുന്നുമുണ്ട്.  അവ 1, 7, പിന്നെ 12 എന്നീ പദങ്ങളാണ്. അവ പരിശോധിച്ചുകൊണ്ട് നമുക്കീ ഗീതത്തിന്‍റെ പഠനം ആരംഭിക്കാം. 

കര്‍ത്താവിനെ സ്തുതിക്കുവിന്‍  
നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്ര ഉചിതം!
കാരുണ്യവാനായ അവിടുത്തേയ്ക്കു സ്തുതിപാടുന്നത് ഉചിതമത്രേ!

സങ്കീര്‍ത്തനം 147, ഒരു സ്തുതിപ്പാണ് എന്ന അടിസ്ഥാന സ്വഭാവത്തെ സമാന്യഭാഷയില്‍ ഈ പദം വ്യക്തമാക്കുന്നുണ്ട്. കര്‍ത്താവിനെ സ്തുതിക്കുവിന്‍, നമ്മുടെ ദൈവത്തിന് സ്തുതി പാടുവിന്‍! എന്നു ഗായകന്‍ ആലപിക്കുമ്പോള്‍ സങ്കീര്‍ത്തനത്തിന്‍റെ ഭാവം ആദ്യ പദത്തില്‍തന്നെ വെളിപ്പെട്ടു കിട്ടുന്നു. ഇനി നമുക്ക് എഴാമത്തെ പദം ശ്രദ്ധിക്കാം.

കര്‍ത്താവിനു കൃതജ്ഞതാഗാനം ആലപിക്കുവിന്‍
കിന്നരം മീട്ടി നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍

നാം ശ്രവിച്ച 7-Ɔമത്തെ പദത്തില്‍, ദൈവത്തിന് നന്ദിയുടെ ഗീതം ആലപിക്കാമെന്ന് സങ്കീര്‍ത്തകന്‍ പറയുകയും, അത് കിന്നരം മീട്ടിയാവട്ടെയെന്നു പറയുമ്പോള്‍... ഹൃദ്യമായി ദൈവത്തിന് നന്ദിപറഞ്ഞ്, അവിടുത്തെ സ്തുതിക്കാനാണ് ഗായകന്‍ എല്ലാവരെയും ക്ഷണിക്കുന്നത്. ഇനി,  12-Ɔ൦ മത്തെ വരി പരിശോധിക്കുകയാണെങ്കില്‍...  
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക   
സിയോനേ, നിന്‍റെ ദൈവത്തെ പുകഴ്ത്തുക.

സ്തുതിപ്പിന്‍റെ ഉള്‍ക്കാമ്പു വ്യക്തമാക്കുന്ന പദപ്രയോഗമാണിത്. വെളിപ്പെടുത്തുന്നു. അങ്ങനെ ഈ ഗീതിത്തിനലെ മൂന്നു പദങ്ങള്‍- ദൈവത്തെ സ്തുതിക്കാനുള്ള സങ്കീര്‍ത്തകന്‍റെ മൂന്ന് ആഹ്വാനങ്ങള്‍ വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍, ഈ മൂന്നു പദങ്ങളില്‍നിന്നു തന്നെ ‘സമ്പൂര്‍ണ്ണ സ്തുതിപ്പ്’ എന്ന ഈ ഗീതത്തിന്‍റെ, സങ്കീര്‍ത്തനം 147-ന്‍റെ സാഹിത്യഘടന നമുക്ക്  സ്ഥിരീകരിക്കാവുന്നതാണ്.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത്, ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം രമേഷ് മുരളിയും സംഘവും...

Musical Version of Ps. 147 
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക 
നിന്‍റെ നാഥനെ, എന്നും പുകഴ്ത്തുക!

ഇനി, ഈ ഗീതത്തിന്‍റെ പശ്ചാത്തല പഠനത്തിലേയ്ക്കാണ് നാം കടക്കുന്നത്! ഇസ്രായേലിന്‍റെ ചരിത്രത്തിലെ മൂന്നാം ഘട്ടത്തില്‍, അതായത് ബാബിലോണിയന്‍ വിപ്രവാസത്തിനുശേഷം, ജരൂസലേം ദേവാലയത്തിന്‍റെ പുനര്‍നിര്‍മ്മിതിയോടെ അല്ലെങ്കില്‍, അതിനുശേഷമാണ് ഈ ഗീതം ചിട്ടപ്പെടുത്തപ്പെട്ടതെന്ന് നിരൂപകന്മാര്‍ സ്ഥിപിക്കുന്നു. ആദ്യത്തേത് ദാവീദുരാജാവിന്‍റെ കാലമാണ്. ദേവാലയം തീര്‍ക്കുകയും, ദൈവജനത്തോടൊപ്പം സജീവമായ ആരാധാനജീവിതത്തില്‍ രാജാവ് വ്യാപൃതനാകയും ചെയ്ത കാലഘട്ടം. രണ്ടാമത്തേത്, ഇസ്രായേലിന്‍റെ ക്ലേശപൂര്‍ണ്ണമായ വിപ്രവാസകാലമാണ്. പിന്നെ തിരിച്ചുവരവിന്‍റെയും പുനാരാവിഷ്ക്കരണത്തിന്‍റെയും പ്രത്യാശാപര്‍ണ്ണമായ സമയം. ഈ ഗീതം, ഒരു തിരിച്ചുവരവിന്‍റെ ആനന്ദഗീതവും സ്തുതിപ്പുമാണെന്ന് നമുക്ക് സ്ഥിരീകരിക്കാം.

ഹാഗായ് സക്കറിയ പ്രവാചകന്മാരുടേതാണ് ഈ ഗീതം എന്നാണ് പണ്ഡതന്മാര്‍ പറയുന്നത്. ഇസ്രായേലിന്‍റെ ചരിത്രപശ്ചാത്തലം, കാലഘട്ടം, അവയിലെ വ്യക്തിത്വങ്ങള്‍ എന്നീ ഘടകങ്ങളുടെ ചുവടുപിടിച്ചാണ് നിരൂപകന്മാര്‍  ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ആരു രചിച്ചതായാലും, ഈ ഗീതം മനോഹരവും സമ്പൂര്‍ണ്ണവുമായ സ്തിതിപ്പാണ് എന്ന വ്യക്തമായ ധാരണയോടെ, നമുക്കീ പശ്ചാത്തല പഠനം തുടരാം.

ഇതൊരു തിരിച്ചു വരവിന്‍റെ സ്തുതിപ്പാണെന്ന് നിരൂപകന്മാര്‍ വ്യക്തമാക്കുന്നുണ്ടല്ലോ. വിപ്രവാസത്തില്‍നിന്നും തിരിച്ചെത്തിയ ഇസ്രായേല്‍ ജനം ജരൂസലത്ത് പുനര്‍നിര്‍മ്മിച്ച ദേവാലയത്തില്‍, കൃതജ്ഞതയോടെ ദൈവത്തെ സ്തുതിച്ചു പ്രവേശിക്കുമ്പോള്‍ ആലപിക്കുന്ന സ്തുതിപ്പാണ് സങ്കീര്‍ത്തനം 147- എന്നത്രെ!

പേര്‍ഷ്യന്‍ അധിനിവേശത്തിന്‍റെ നീണ്ട നാളുകള്‍ക്കുശേഷം ഉടമ്പടിയുടെ ജനം, ഇസ്രായേല്‍ ജനം തിരിച്ചെത്തുന്നത് തങ്ങളുടെ രക്ഷകനും നാഥനുമായ യാവേയ്ക്ക് നന്ദിയും സ്തുതിയും അര്‍പ്പിച്ചുകൊണ്ടാണ്.... പുനര്‍പ്രവേശത്തിനുള്ള ആഹ്ലാദം പ്രകടമാക്കിക്കൊണ്ട് ദൈവത്തെ സ്തുതിക്കുന്ന, പ്രകീര്‍ത്തിക്കുന്ന ചിത്രം മനസ്സില്‍ ഊഹിക്കാവുന്നതാണ്. ഇസ്രായേല്‍ സഹിച്ച പീഡനങ്ങളുടെ കാലം കഴിഞ്ഞ് ഇതാ, സമാന്യം സമാധാനപൂര്‍ണ്ണമായൊരു കാലഘട്ടത്തില്‍ ജനത്തിന്‍റെ കൃതജ്ഞതയുടെയും സ്തുതിപ്പിന്‍റെയും വികാരങ്ങള്‍ ഗായകന്‍ പദങ്ങളില്‍ ചുരുളഴിയിക്കുന്നു. വിപ്രാവസത്തിനുശേഷം തിരിച്ചുവന്നവര്‍ക്ക് ധൂര്‍ത്തപുത്രന്‍റെ വികാരമായിരുന്നിരിക്കാം. പുറംതള്ളപ്പെട്ടവരെയും വഴിതെറ്റിപ്പോയവരെയും പിതാവ് കാരുണ്യത്തോടെ സ്വീകിരിക്കുന്നതിലുള്ള ആനന്ദവും, നന്ദിയും സ്തുതിപ്പായി, സമ്പൂര്‍ണ്ണ സ്തുപ്പായി പദങ്ങളില്‍ പ്രതിഫലിക്കുന്നു.
Musical Version Ps. 147
രൂസലേമേ, കര്‍ത്താ വിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക! (2)
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക
സിയോനെ
ദൈവത്തെ എന്നും പുകഴ്ത്തുക
നിന്‍റെ
കവാടങ്ങളുടെ ഓടാമ്പലുകളെ
അവിടുന്നു
ബലപ്പെടുത്തുന്നു.
ജരൂസലേമേ, കര്‍ത്താവിനെ സ്തുതിക്കുക....

കാരുണ്യത്തിന്‍റെ ജൂബിലിവത്സരത്തില്‍ ഈ ഗീതത്തിന്‍റെ പഠനം ഏറെ പ്രസക്തമാകുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ തങ്ങളുടെ ജീവിതപരിസരങ്ങളില്‍നിന്നും പുറംതള്ളപ്പെട്ട്, പരിത്യക്തതയിലും പാര്‍ശ്വവത്ക്കരണത്തിലും കഴിയുന്നവര്‍ക്ക് ദൈവത്തിന്‍റെ കാരുണ്യം എത്തിച്ചുകൊടുക്കുക. ദൈവത്തിന്‍റെ സ്നേഹകാരുണ്യം അനുഭവവേദ്യമാക്കുക. അങ്ങനെ അവരും ദൈവത്തെ സ്തുതിച്ചുകൊണ്ട് ആന്ദന്ദത്തോടെ ജീവിക്കാന്‍ ഇടവരുത്തുക, എന്നത് ജൂബിലിനാളില്‍ സഭയും,  പാപ്പാ ഫ്രാന്‍സിസും ആവര്‍ത്തിച്ച് അനുസ്മരിപ്പിക്കുന്ന ചിന്തയാണ്, ധ്യാനമാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങളില്‍ മാത്രമല്ല, പ്രവര്‍ത്തനങ്ങളിലും, അപ്പസ്തോലിക യാത്രകളിലുമെല്ലാം ദേവക്കരുണയും സ്നേഹവുമായി ജീവിതമേഖലയുടെ അതിരുകളിലേയ്ക്ക് പാപ്പാ ഇറങ്ങിച്ചെല്ലുന്നു. രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും അതിരുകളിലേയ്ക്ക് എത്തിപ്പെടാന്‍ പരിശ്രമിക്കുന്നു ...!

വളരെ ഗഹനായ ദൈവശാസ്ത്ര ചിന്തകളുടെ ഭിത്തി കെട്ടി ക്രിസ്തീയ കൂട്ടായ്മയില്‍നിന്നു ഭിന്നിച്ചുനില്ക്കുന്ന ഇതര ക്രൈസ്തവ സമൂഹങ്ങളിലേയ്ക്കും പാപ്പാ ഫ്രാന്‍സിസ് കടന്നുചെല്ലുന്നുണ്ട്. കടന്നുചെല്ലാന്‍ നമ്മോടും ആവശ്യപ്പെടുന്നുണ്ട്. ചരിത്ര യാഥാര്‍ത്ഥ്യങ്ങളില്‍ വിഭജനത്തിന്‍റെയും ഭിന്നിപ്പിന്‍റെയും വേദനയും ഒറ്റപ്പെടുലും അനുഭവിക്കുന്ന സഹോദരങ്ങളെ സിയോന്‍ മക്കളായി, ദൈവജനവും ദൈവമക്കളുമായി കാണുവാനും, അവരുമായി സാഹോദര്യത്തില്‍ രമ്യതപ്പെടാനും, ഐക്യപ്പെടാനും, ഐക്യദാര്‍ഢ്യം പുലര്‍ത്താനും സമ്പൂര്‍ണ്ണസ്തുതിപ്പിന്‍റെ ഭാവാത്മഗീതം, സങ്കീര്‍ത്തനം 147 നമ്മെ പ്രചോദിപ്പിക്കുന്നു, ക്ഷണിക്കുന്നു. തുടര്‍ന്നുള്ള രണ്ടും മൂന്നും പദങ്ങള്‍ ഈ ആശയങ്ങള്‍ വളരെ വ്യക്തമായി നമുക്കു മനസ്സിലാക്കി തരുന്നു.

Recitation of  Ps. 147 
കര്‍ത്താവു ജരൂസലേമിനെ പണിതുയര്‍ത്തുന്നു,
ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെ
അവിടുന്നു ഒരുമിച്ചുകൂട്ടുന്നു.
അവിടുന്നു ഹൃദയം തകര്‍ന്നവരെ 
സൗഖ്യപ്പെടുത്തുകയും
അവരുടെ മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്ന .

കരുണാര്‍ദ്രനായ പിതാവിന്‍റെ, ഒരു നല്ലിടയന്‍റെ, നല്ല സമറിയക്കാരന്‍റെ രൂപം സങ്കീര്‍ത്തകന്‍ പദങ്ങളില്‍ വരച്ചുകാട്ടുന്നു. എന്നിട്ട് പറയുന്നുണ്ട്, സ്നേഹിക്കാന്‍ കരുത്തുള്ളവനും, സ്നേഹിക്കാന്‍ പഠിപ്പിക്കുന്നവനുമായ യാഹ്വേതന്നെയാണ് നക്ഷത്രങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി, അവയെ സൃഷ്ടിച്ച് നയിക്കുന്നത്. അതിനാല്‍ ആ സ്രഷ്ടാവിനെയും നിയന്താവിനെയും സ്തുതിക്കാന്‍ ഈ പദങ്ങളിലൂടെ നമ്മെ അനുവദിക്കുന്നുണ്ട്. ഒത്തുചേരണമെന്ന്. നക്ഷത്രങ്ങള്‍ മനുഷ്യര്‍ കണ്ടുപിടിക്കുകയും, അവയ്ക്ക് പേരിടുകയും, അവയെ പഠിക്കാന്‍ പരിശ്രമിക്കുകയും, ചിലപ്പോള്‍ അതില്‍നിന്നും ഭാഗ്യഫലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഓര്‍ക്കണം, എണ്ണിതിട്ടപ്പെടുത്താന്‍ സാധിക്കാത്തവിധം അവയെ നമുക്കു സമ്പന്നമായി നല്കിയ ദൈവത്തെ അത്യധികമായ ആനന്ദത്തോടെ സ്തുതിക്കാം... പ്രകീര്‍ത്തിക്കാം!

Musical Version Ps. 147
ജരൂസലമേ, കര്‍ത്താവിനെ സ്തുതിക്കുക
നിന്‍റെ നാഥനെ എന്നും പുകഴ്ത്തുക
അവിടുന്നു നിന്‍റെ അതിര്‍ത്തികളില്‍ സമാധാനം പാലിക്കുന്നു
വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നം തൃപ്തിയാക്കുന്നു
നിന്‍റെ കവാടങ്ങളുടെ ഓടാമ്പലുകളെ അവിടുന്നു ബലപ്പെടുത്തുന്നു
നിന്‍റെ സംരക്ഷയിലുള്ള മക്കളെ അവിടുന്നു അനുഗ്രഹിക്കുന്നു.


(William Nellikkal)

06/02/2018 08:58