2018-02-05 09:40:00

''യേശുവിനെ കരങ്ങളിലും ഹൃദയത്തിലും വഹിക്കുക'': സമര്‍പ്പിതരോട് പാപ്പാ


ക്രിസ്തുമസ്സ് കഴിഞ്ഞ് നാല്പതാം ദിനം, അതായത് ഫെബ്രുവരി 2, യേശുവിനെ ദേവാലയത്തില്‍ കാഴ്ചയര്‍പ്പിച്ചതിന്‍റെ അനുസ്മരണ ആചരിക്കുന്ന തിരുനാളാണ്.  ആണ്‍കുഞ്ഞു ജനിച്ച്, എട്ടാം ദിവസം അവനെ പരിച്ഛേദനം ചെയ്യണമെന്നും, പിന്നീട്, കുട്ടിയുടെ അമ്മയുടെ ശുദ്ധീകരണത്തിന്‍റെ 33 ദിനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അവനെ കാഴ്ചവസ്തുക്കളോടൊപ്പം ദേവാലയത്തില്‍ സമര്‍പ്പിക്കണമെന്നും മോശയുടെ നിയമത്തില്‍ (cf. ലേവ്യ 12:2-8) പറഞ്ഞിരിക്കുന്നതാണ് യൗസേപ്പും മറിയവും തങ്ങളുടെ കടിഞ്ഞൂല്‍പ്പുത്രനെ ദേവാലയത്തില്‍ കാഴ്ചസമര്‍പ്പണത്തിനായി കൊണ്ടുവരുന്നത്.  ഈ തിരുനാളാണ് തിരുസ്സഭ സമര്‍പ്പിതരെ അനുസ്മരിക്കുന്ന ആഗോള ദിനമായി ആചരിക്കുന്നതും. അന്നേദിവസം വത്തിക്കാനില്‍ വി. പത്രോസിന്‍റെ ബസ്ലിക്കയില്‍ പരിശുദ്ധ പിതാവ് സമര്‍പ്പിതരോടൊന്നിച്ച് ദിവ്യബലിയര്‍പ്പിക്കുകയും വചനസന്ദേശം നല്‍കുകയും ചെയ്തു.  സമര്‍പ്പിതജീവിതത്തെ അനുസ്മരിക്കുന്ന ഈ ഇരുപത്തിരണ്ടാമത് ആഗോളദിനത്തില്‍  (2018 ഫെബ്രുവരി 2 ) പാപ്പാ നല്‍കിയ വചനസന്ദേശത്തിന്‍റെ പരിഭാഷ വായിക്കാം.  

കാഴ്ചസമര്‍പ്പണം - സമാഗമത്തിരുനാള്‍
''ക്രിസ്തുമസ്സ് കഴിഞ്ഞ് നാല്പതുദിവസമാകുമ്പോള്‍, കര്‍ത്താവ് ദേവാലയത്തില്‍ പ്രവേശിച്ച് തന്‍റെ ജനത്തെ കണ്ടുമുട്ടുന്ന നാള്‍ നാം ആചരിക്കുകയാണ്.  പൗരസ്ത്യസഭകള്‍ ഈ തിരുനാളിനെ, സമാഗമത്തിരുനാള്‍ എന്നാണു വിളിക്കുന്നത്. ലോകത്തിനു നവീനത്വം കൊണ്ടുവന്ന ശിശുവായിത്തീര്‍ന്ന ദൈവവും, പ്രതീക്ഷയോടെയിരുന്ന ജനത്തിന്‍റെ പ്രതിനിധികളായ വയോധികരായ ഒരു മനുഷ്യനും സ്ത്രീയുമായി ദേവാലയത്തില്‍ കണ്ടുമുട്ടുന്നതിന്‍റെ തിരുനാളാണിത്.
വേരും തളിരും സംവദിക്കുന്നതാണ് ചരിത്രം
        ദൈവാലയത്തില്‍, രണ്ടു ജോടി വ്യക്തികള്‍ കണ്ടുമുട്ടുന്നതിന്‍റെ ഒരു സന്ദര്‍ഭവും നാം കാണുന്നുണ്ട്.  ചെറുപ്പക്കാരായ മറിയവും യൗസേപ്പും, വയോധികരായ ശിമയോനും അന്നയും.  വയോധികര്‍ യുവപ്രായക്കാരില്‍ നിന്നും സ്വീകരിക്കുന്നു.  യുവപ്രായക്കാര്‍ പ്രായമായവരുടെ അടുത്തെത്തുന്നു.  ദേവാലയത്തില്‍, മറിയവും യൗസേപ്പും അവരുടെ ജനത്തിന്‍റെ വേരുകള്‍ കണ്ടെത്തുകയാണ്.  അതു പ്രധാനമാണ്. എന്തെന്നാല്‍, ദൈവത്തിന്‍റെ വാഗ്ദാനം ഒരിക്കല്‍ എന്നേയ്ക്കുമായി  അതിന്‍റെ പൂര്‍ത്തിയിലെത്തുന്നത്, ഓരോ വ്യക്തിയില്‍ക്കൂടി മാത്രമല്ല, മറിച്ച്, സമൂഹത്തിലൂടെയും, ചരിത്രം മുഴുവനിലൂടെയുമാണ്.  ഈ സമാഗമത്തില്‍, മറിയവും യൗസേപ്പും അവരുടെ വിശ്വാസത്തിന്‍റെ വേരുകളും കണ്ടെത്തുകയാണ്.  എന്തെന്നാല്‍, വിശ്വാസം, ഒരു പുസ്തകത്തില്‍ നിന്നു പഠിച്ചെടുക്കുന്ന എന്തെങ്കിലുമല്ല, മറിച്ച്, ദൈവത്തോടുകൂടി ജീവിക്കാന്‍ പരിശീലിക്കുന്ന ഒരു കലയാണ്.  അത് അനുഭവങ്ങളില്‍ നിന്നും, നമ്മുടെ മുമ്പേ പോയവരില്‍ നിന്നും നാം പഠിച്ചെടുക്കുന്നതാണ്.  ആ വയോധികരായ, ഏതാണ്ട് ദിവസങ്ങള്‍ എത്തിയിരിക്കുന്ന അവര്‍ യേശുവിനെ, അവരുടെ ജീവിതത്തിന്‍റെ അര്‍ഥമായ യേശുവിനെ സ്വീകരിക്കുന്നു. ആ സംഭവം, ജോയേല്‍ പ്രവാചകന്‍റെ പ്രവചനം പൂര്‍ത്തീകരിക്കുന്നു: ''നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും. യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാകും'' (2:8).  ഈ കണ്ടുമുട്ടലില്‍, ചെറുപ്പക്കാര്‍ അവരുടെ ദൗത്യം കാണുന്നു, വയോധികര്‍ അവരുടെ സ്വപ്നങ്ങള്‍ തിരിച്ചറിയുന്നു.
സഭയില്‍ കര്‍ത്താവിനെ കണ്ടുമുട്ടുന്ന സമര്‍പ്പിതര്‍
           പ്രിയ സമര്‍പ്പിത സഹോദരീസഹോദരന്മാരെ, നമുക്കു നമ്മുടെതന്നെ ജീവിതങ്ങളിലേക്കു നോക്കാം. എല്ലാക്കാര്യങ്ങളും ആരംഭിച്ചത് കര്‍ത്താവുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നാണ്.  നമ്മുടെ സമര്‍പ്പിതയാത്ര ജനിച്ചത്, ഒരു കൂടിക്കാഴ്ചയില്‍ നിന്നും വിളിയില്‍ നിന്നുമാണ്.  ഇക്കാര്യം നമ്മുടെ മനസ്സില്‍ സൂക്ഷിക്കുക ആവശ്യമാണ്.  ഇക്കാര്യം ശരിയായി നമ്മുടെ ഓര്‍മയിലുണ്ടെങ്കില്‍, ആ കണ്ടുമുട്ടലിന്‍റെ നേരത്ത് നാം യേശുവോടൊത്ത് തനിച്ചായിരുന്നില്ല എന്നു നമുക്ക് തിരിച്ചറിയാന്‍ കഴിയും.  നമ്മോടൊത്ത്, ദൈവജനമുണ്ട്, അതായത്, ഇന്ന് നാം സുവിശേഷത്തില്‍ കണ്ടതുപോലെ, വൃദ്ധരും, യുവജനങ്ങളും, ചേര്‍ന്ന സഭയുണ്ട് എന്ന തിരിച്ചറിവാണത്. ഇത് ഹൃദയസ്പര്‍ശിയാണ്, ചെറുപ്പക്കാരായ മറിയവും യൗസേപ്പും നിയമങ്ങള്‍ വിശ്വസ്തതയോടെ ആചരിക്കുമ്പോള്‍ - അത് സുവിശേഷം നാലുതവണ രേഖപ്പെടുത്തുന്നുണ്ട് - വയോധികരായ ശിമയോനും അന്നയും, ഓടിയെത്തി, പ്രവചിക്കുകയാണ്.  ഇത് മറിച്ചാകുകയായിരുന്നു വേണ്ടതെന്നു നമുക്കു തോന്നിയേക്കാം.  സാധാരണയായി, ചെറുപ്പക്കാരാണ്, ഭാവിയെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുക. പ്രായമായവര്‍ അവരുടെ കഴിഞ്ഞകാലം സുരക്ഷിതമായിരുന്നു എന്നു കരുതുന്നവരാണ്.  എന്നാല്‍ സുവിശേഷത്തില്‍, അതിനു വിപരീതമായതാണു സംഭവിച്ചിരിക്കുന്നത്, രണ്ടുകൂട്ടരും, കര്‍ത്താവില്‍ പരസ്പരം കൂടിക്കാണുമ്പോള്‍, ദൈവത്തിന്‍റെ വിസ്മയങ്ങളുടെ തുടര്‍ച്ച കാണുകയാണ്.
സമര്‍പ്പിതജീവിതനവീകരണം അപരരുമായുള്ള കണ്ടുമുട്ടലിലൂടെ
          അതിനാല്‍, സമര്‍പ്പിതജീവിതത്തില്‍,  നമുക്കൊരിക്കലും ദൈവവുമായുള്ള കണ്ടുമുട്ടല്‍ നവീകരിക്കുന്നതിന് അപരരെക്കൂടാതെ കഴിയുകയില്ല എന്നു നാം ഓര്‍മിക്കേണ്ടതാണ്.  മറ്റുള്ളവരെ നമുക്കു പിറകിലേയ്ക്കു മാറ്റി നിര്‍ത്താനാവില്ല.  തലമുറകളെ മറികടന്നുപോകാന്‍ ആവില്ല.  മറിച്ച്, കര്‍ത്താവിനെ ജീവിതകേന്ദ്രമായി  സൂക്ഷിച്ചുകൊണ്ട് അപരരെ നാം അനുദിനം സഹഗമിക്കുകയാണു വേണ്ടത്. എന്തെന്നാല്‍, ചെറുപ്പക്കാര്‍ പുതിയ വാതായനങ്ങള്‍ തുറക്കുന്നതിനു വിളിക്കപ്പെടുന്നു, പ്രായമായവര്‍, അതിന്‍റെ താക്കോല്‍ പിടിച്ചിരിക്കുന്നു.  ഒരു സ്ഥാപനം, അതിന്‍റെ യുവത്വം കാത്തുസൂക്ഷിക്കുന്നത് അതിന്‍റെ വേരുകളിലേയ്ക്കു തിരിച്ചുപോകുന്നതുവഴിയും, അതിന്‍റെ പ്രായമായ അംഗങ്ങളെ ശ്രവിച്ചുകൊണ്ടുമാണ്.  ചെറുപ്പക്കാരും പ്രായമായവരും തമ്മിലുള്ള ഈ കണ്ടുമുട്ടലില്ലാതെ നമുക്കു ഭാവിയില്ല.  വേരുകളും പൂക്കളും പുതുമുകുളങ്ങളുമില്ലാതെ, വളര്‍ച്ചയുമില്ല. ഓര്‍മിക്കാനൊന്നുമില്ലെങ്കില്‍ പ്രവചനമില്ല, പ്രവചിക്കാനൊന്നുമില്ലെങ്കില്‍ ഓര്‍മിക്കാനുമില്ല.  ഇതു നൈരന്തര്യവും, സ്ഥൈര്യവുമുള്ള കണ്ടുമുട്ടലാണ്.
           ഇന്നത്തെ ഭ്രാന്തമായ തിരക്കുപിടിച്ച നീക്കം, ഈ കണ്ടുമുട്ടലിനായുള്ള വാതിലുകള്‍ അടയ്ക്കുന്നതിലേയ്ക്ക്, മറ്റുള്ളവരോടുള്ള ഭയത്താല്‍ അവ അടയക്കുന്നതിലേയ്ക്ക് നമ്മെ നയിക്കുന്നു.  ഷോപ്പിംഗ് മാളുകളും ഇന്‍റര്‍നെറ്റ് ബന്ധങ്ങളും മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.  എന്നാലും, ഇങ്ങനെയായിരിക്കരുത് സമര്‍പ്പിതജീവിതങ്ങള്‍.  എനിക്കു ദൈവം തന്നിരിക്കുന്ന സഹോദരനും സഹോദരിയും എന്‍റെ ജീവചരിത്രത്തിന്‍റെ ഭാഗമാണ്, പരിലാളിക്കപ്പെടേണ്ട ഉപഹാരങ്ങളാണവര്‍.  നമ്മുടെ സഹോദരീ സഹോദരന്മാരുടെ കണ്ണുകളില്‍ നോക്കുന്നതിനെക്കാളുപരിയായി, സെല്‍ഫോണുകളുടെ സ്ക്രീനുകളിലേക്ക് നോക്കാന്‍ നമുക്കൊരിക്കലും ഇടയാകാതിരിക്കട്ടെ! അതല്ലെങ്കില്‍, കര്‍ത്താവിനെക്കാളുപരിയായി, സോഫ്റ്റുവെയറുകള്‍ നമ്മുടെ ശ്രദ്ധാകേന്ദ്രമാകാതിരിക്കട്ടെ!  നാം നമ്മുടെ പദ്ധതികള്‍ക്കും രീതികള്‍ക്കും ക്രമീകരണങ്ങള്‍ക്കും കേന്ദ്രസ്ഥാനം നല്‍കുമ്പോള്‍, സമര്‍പ്പിതജീവിതം ആകര്‍ഷകമാകാതെ വരും.  അത് മറ്റുള്ളവരുമായി സംവാദത്തിന് അവസരമില്ലാത്തതാകും,  അതിന്‍റെ അടിസ്ഥാനവും വേരുകളും മറക്കുന്നതിനാല്‍ അതൊരിക്കലും പുഷ്പിക്കാതെയാകും.
സമര്‍പ്പിതജീവിതത്തിന്‍റെ ജനനവും നവജനനവും
             സമര്‍പ്പിതജീവിതം ജനിക്കുന്നതും വീണ്ടും ജനിക്കുന്നതും ദരിദ്രനും, കളങ്കമില്ലാത്തവനും അനുസരണയുള്ളവനുമായ യേശുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്.  നാം യാത്ര ചെയ്യുന്നത്, ഇരുഭാഗങ്ങളുള്ള ഏകവഴിയിലൂടെയാണ്.  ഒരുവശത്ത്, എവിടെനിന്നാണോ എല്ലാക്കാര്യവും ആരംഭിക്കുകയും എപ്പോഴും നാം തിരിയെ എത്തുകയും ചെയ്യേണ്ടത്, ആ ദൈവം സ്നേഹപൂര്‍ണമായി കുറിച്ച ആരംഭം.  മറുവശത്ത്, ''പക്ഷേ'', ''എങ്കില്‍'' എന്ന പദങ്ങളൊന്നുമില്ലാതെ സത്യമായും സ്നേഹം പൂര്‍ണതയുള്ളതാകുന്നത്, എപ്പോഴാണോ, യേശുവിനെ, ദരിദ്രനും കളങ്കമില്ലാത്തവനും, അനുസരണമുള്ളവനുമായ യേശുവിനെ അനുകരിക്കുന്നത്, അപ്പോള്‍ നല്‍കുന്ന പ്രത്യുത്തരവും.  എന്നിരുന്നാലും, ഈലോകജീവിതം, നമ്മുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനു ശ്രമിക്കുന്നു. സമര്‍പ്പിതജീവിതം, നൈമിഷികമായ ഈലോക സമ്പത്തില്‍ നിന്നു തിരിഞ്ഞ്, ആരാണോ എന്നേയ്ക്കും നിലനില്‍ക്കുന്നത് ആ വ്യക്തിയെ പുണരുന്നു.  ഈലോക ജീവിതം, സ്വാര്‍ഥപൂര്‍ണമായ സന്തോഷങ്ങളുടെയും തൃഷ്ണകളുടെയും പിന്നാലെ പായുന്നു. എന്നാല്‍, സമര്‍പ്പിതജീവിതം പൂര്‍ണമായി ദൈവത്തോടും മറ്റു മനുഷ്യരോടുമുള്ള സ്നേഹത്തിനായി, സ്വന്തബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് നമ്മെ മോചിക്കുന്നു. ഈലോകജീവിതം നമ്മുടെ ആഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കുന്നു.  സമര്‍പ്പിതജീവിതം, വിനയമാര്‍ന്ന അനുസരണത്തിന്‍റെ, ഉപരിയായ സ്വാതന്ത്ര്യം തെരഞ്ഞെടുക്കുന്നു.  ഈലോകജീവിതം, വളരെവേഗം നമ്മുടെ കരങ്ങളെയും ഹൃദയങ്ങളെയും ശൂന്യമാക്കുമ്പോള്‍, യേശുവിലുള്ള ജീവിതം, അവസാനം നമ്മെ സമാധാനത്താല്‍ നിറയ്ക്കുന്നു.  സുവിശേഷത്തില്‍ നാം കണ്ടതുപോലെ, ശിമയോനും അന്നയും അവരുടെ ജീവിതാസ്തമയ സമയത്ത്, അവരുടെ കരങ്ങളില്‍ യേശുവിനെ വഹിക്കുകയം അവരുടെ ഹൃദയങ്ങളില്‍ ആനന്ദം നിറയ്ക്കുകയും ചെയ്തതുപോലെ. 
              എത്ര മനോഹരമാണ്, ശിമയോനെപ്പോലെ, നമ്മുടെ കരങ്ങളില്‍ കര്‍ത്താവിനെ സംവഹിക്കുകയെന്നത് (ലൂക്കാ 2:28).  നമ്മുടെ ബുദ്ധിയിലും മനസ്സിലും മാത്രമല്ല, നമ്മുടെ കരങ്ങളിലും.  നാം ചെയ്യുന്ന എല്ലാക്കാര്യത്തിലും: പ്രാര്‍ഥനയില്‍, ജോലികളില്‍, ഭക്ഷണവേളകളില്‍, ഫോണ്‍സംഭാഷണങ്ങളില്‍, സ്കൂളുകളില്‍, ദരിദ്രരോടൊത്ത്, എല്ലായിടത്തും. ഒറ്റപ്പെട്ട മിസ്റ്റിസിസത്തിനും തിരക്കുപിടിച്ച പ്രവര്‍ത്തനപരതയ്ക്കും മറുമരുന്നായി നമ്മുടെ കരങ്ങളില്‍ കര്‍ത്താവുണ്ടായിരിക്കട്ടെ.  യേശുവുമായുള്ള യഥാര്‍ഥ കണ്ടുമുട്ടല്‍, അതിവിനയത്തിന്‍റെ മൂടുപടമുള്ള ഭക്തിക്കും, അതിപ്രവര്‍ത്തനത്തിന്‍റെ ആവേശത്തിനും വേണ്ട തിരുത്തലാകും.  യേശുവുമായുള്ള ഈ സമാഗമം രുചിക്കുക എന്നത്, യാന്ത്രികാചരണങ്ങളുടെ തളര്‍വാതത്തിനു പരിഹാരമാണ്.  എന്തെന്നാല്‍, അത്,  ജീവനില്ലാത്ത അനുദിനചര്യകള്‍ക്കുമുന്നില്‍, കൃപാവരത്തിന്‍റെ വാതില്‍ തുറക്കുന്നു.  നമ്മുടെ ആത്മീയജീവിതത്തിന്‍റെ ഉലയൂതിക്കത്തിക്കുന്ന രഹസ്യം യേശുവിനെ കണ്ടുമുട്ടുകയെന്നതും അവിടുന്നു നമ്മെ കണ്ടുമുട്ടാനനുവദിക്കുക എന്നതുമാണ്.  അല്ലെങ്കില്‍, വഴക്കമില്ലാത്ത ഒരു ജീവിതത്തിലേയ്ക്ക് നാം വീണുപോകും.  അവിടെ അതൃപ്തിയുടെ ശബ്ദങ്ങളും, കയ്പേറിയതും ഒഴിവാക്കാനാവാത്തതുമായ നിരാശകളും നമ്മെ കീഴടക്കും. യേശുവില്‍ നാം മറ്റുള്ളവരെ സഹോദരീസഹോദരന്മാരായി, പ്രായമായവരെയും ചെറുപ്പക്കാരെയും കണ്ടുമുട്ടുകയും അങ്ങനെ, പ്രായാധിക്യത്തിന്‍റെ വന്ധ്യമായ, ''കഴിഞ്ഞുപോയ നല്ലകാലം'' എന്ന ആത്മാവിനെ കൊല്ലുന്ന കഴിഞ്ഞകാലസ്മരണയിലേക്ക് ഊളിയിട്ടിറങ്ങുന്ന, എല്ലാം കൈവിട്ടുപോയെന്ന ആത്മഗതം ചെയ്യുന്ന ആ അനുഭവത്തെ ഉപേക്ഷിക്കാന്‍ കഴിയും.  യേശുവിനെ, നമ്മുടെ സഹോദരരിലും അനുദിനജീവിതസംഭവങ്ങളിലും നാം കണ്ടുമുട്ടുകയാണെങ്കില്‍, നമ്മുടെ ഹൃദയങ്ങള്‍ ഒരിക്കലും, ഭൂതകാലത്തിലോ, ഭാവിയിലോ ഉറപ്പിക്കപ്പെടുകയില്ല, മറിച്ച്, ദൈവം നല്‍കിയ ഇന്നേദിവസത്തില്‍ നമുക്കു എല്ലാവരോടുമൊത്ത് സമാധാനത്തില്‍ കഴിയാനാവും. 
ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവുമായുള്ള കണ്ടുമുട്ടല്‍
        സുവിശേഷങ്ങളുടെ അവസാനഭാഗം, സമര്‍പ്പിതജീവിതത്തെ പ്രചോദിപ്പിക്കുന്ന യേശുവുമായുള്ള മറ്റൊരു കണ്ടുമുട്ടലിനുകൂടെ വേദിയാകുന്നുണ്ട്.  അത് കല്ലറയ്ക്കുമുമ്പില്‍ നില്‍ക്കുന്ന സ്ത്രീകളാണ്.  അവര്‍ മരിച്ചവനെ കണ്ടെത്തുന്നതിനാണു പോയത്.  ലക്ഷ്യമില്ലാത്ത ഒരു യാത്രപോലെ ആയിരുന്നത്.  നിങ്ങളും ഒഴുക്കിനെതിരെ നീങ്ങുകയാണ്.  ഈ ലോകജീവിതം വളരെ വേഗം ദാരിദ്ര്യത്തെ, ബ്രഹ്മചര്യത്തെ, അനുസരണത്തെ ഉപേക്ഷിക്കുന്നു.  എന്നാല്‍, ആ സ്ത്രീകളെപ്പോലെ, മുന്നിലെ ഭാരമേറിയ കല്ലുകള്‍ നീക്കം ചെയ്യേണ്ടതിനെക്കുറിച്ച് ആകുലപ്പെടാതെ (മര്‍ക്കോ 16:3), മുന്നോട്ടുപോകുക.  ആ സ്ത്രീകളെപ്പോലെ, ഉയിര്‍ത്തെഴുന്നേറ്റവനും ജീവിക്കുന്നവനുമായ കര്‍ത്താവിനെ ഏറ്റവുമാദ്യം കണ്ടുമുട്ടുന്നവരാകുക.  അവനോടു ചേര്‍ന്നു നില്‍ക്കുകയും (cf. മത്താ 28:9) സഹോദരീസഹോദരന്മാരോട് അതു പറയുന്നതിന്, ആനന്ദത്തിന്‍റെ നിറകണ്ണുകളോടെ (cf. വാ.8) ഉടന്‍തന്നെ പോവുക. അപ്രകാരം, നിങ്ങള്‍ സഭയ്ക്ക് ഉഷഃകാല നൈരന്തര്യം തീര്‍ക്കുക.   പ്രിയ സമര്‍പ്പിത സഹോദരീസഹോദരന്മാരേ, ഈ ദിനത്തില്‍ നിങ്ങളുടെ യേശുവുമായുള്ള കണ്ടുമുട്ടല്‍ നവീകരിക്കാന്‍ നിങ്ങളോടു ഞാനാവശ്യപ്പെടുകയാണ്.  അവനോടൊത്ത്, അവനിലേയ്ക്ക് നിങ്ങള്‍ നടക്കുക. അത് നിങ്ങളുടെ കണ്ണുകള്‍ക്ക് പ്രകാശമേകും, നിങ്ങളുടെ പാദങ്ങള്‍ക്ക് ശക്തിയേകും.


 








All the contents on this site are copyrighted ©.