സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

പാപ്പായുടെ ത്രികാലപ്രാര്‍ത്ഥനാസന്ദേശവും അഭ്യര്‍ത്ഥനകളും

ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച നയിച്ച ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരില്‍ ജീവനുവേണ്ടിയുള്ള പ്രവര്‍ത്തകര്‍ ബലൂണുകളുമായി 04/02/18 - ANSA

05/02/2018 13:02

ശൈത്യം അനുഭവപ്പെട്ടെങ്കിലും മന്ദോഷ്ണ അര്‍ക്കാംശുക്കളാല്‍ കുളിച്ചുനിന്ന ഒരു ദിനമായിരുന്നു ഈ ഞായറാഴ്ച (05/02/18) റോമില്‍. ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നവരില്‍, ഇറ്റലിയിലെ ജീവനുവേണ്ടിയുള്ള പ്രസ്ഥാനത്തിലെ അംഗങ്ങളുമുണ്ടായിരുന്നു. ജീവനുവേണ്ടിയുള്ള പ്രസ്ഥാനം എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ എഴുതിയ വലിയൊരു തുണിശീലയും (ബാനര്‍) അവര്‍ പിടിച്ചിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം അറിയിച്ചു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍ അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമന കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ, ഈ ഞായറാഴ്ച ലത്തീന്‍ റീത്തിന്‍റെ   ആരാധനക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷ ഭാഗം, ശിമയോന്‍റെ  ഭവനത്തിലെത്തിയ യേശു ശിമയോന്‍റെ അമ്മായിയമ്മയെ സൗഖ്യമാക്കുകയും പിന്നീട് പിശചുബാധിതരെ ദുഷ്ടാരൂപിയുടെ പിടിയില്‍നിന്നു മോചിപ്പിക്കുകയും സിനഗോഗുകളില്‍ പ്രസംഗിക്കുകയും ചെയ്തുകൊണ്ട് കടന്നുപോകുന്നതിനെക്കുറിച്ച് പറയുന്ന, മര്‍ക്കോസിന്‍റെ സുവിശേഷം ഒന്നാം അദ്ധ്യായം 29 മുതല്‍ 39 വരെയുള്ള വാക്യങ്ങള്‍ വിശകലനം ചെയ്തു. 

പാപ്പായുടെ പരിചിന്തനം:                         

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

യഹൂദര്‍ക്ക് ആഴ്ചയിലെ വിശ്രമദിവസമായിരുന്ന സാബത്താചരണദിനത്തില്‍ കഫര്‍ണാമില്‍ യേശുചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള വിവവരണം തുടരുകയാണ് ഈ ഞായാറാഴ്ചത്തെ സുവിശേഷഭാഗം. യേശുവിന്‍റെ അത്ഭുതചെയ്തികളും  അവി‌ടന്നുമായി കണ്ടുമുട്ടുന്നവരില്‍ വിശ്വാസം നവജീവനാര്‍ജ്ജിക്കുന്നതും തമ്മിലുള്ള ബന്ധമാണ് മര്‍ക്കോസ് സുവിശേഷകന്‍ ഇത്തവണ എടുത്തുകാട്ടുന്നത്. വാസ്തവത്തില്‍ സകലവിധരോഗികള്‍ക്കും അത്ഭുതസൗഖ്യമേകുകവഴി കര്‍ത്താവ് അവരില്‍ ഉളവാക്കാനഭിലഷിക്കുന്നത് വിശ്വാസത്തിന്‍റെ ഒരു പ്രത്യുത്തരമാണ്.

പത്രോസിന്‍റെ അമ്മായിയമ്മയെ സുഖപ്പെടുത്തിക്കൊണ്ടാണ് കഫര്‍ണാമില്‍ യേശു തന്‍റെ   ദിനം ആരംഭിക്കുന്നത്. ആ ദിനം അവസാനിക്കുന്നതാകട്ടെ നഗരവാസികളെല്ലാവരും രോഗികളുമായി അവിടത്തെ വാസയിടത്തിലെത്തുന്ന രംഗത്തോടെയാണ്. സൗഖ്യമേകുകയും സാന്ത്വനം പ്രദാനംചെയ്യുകയും ചെയ്യുന്ന വചനപ്രവൃത്തികളടങ്ങിയ യേശുവിന്‍റെ ദൗത്യം നിവര്‍ത്തിയാക്കപ്പെടുന്ന “ജീവിത ചുറ്റുപാടാണ്”, ശാരീരികമായ സഹനങ്ങളാലും ആദ്ധ്യാത്മികമായ ശോചനീയാവസ്ഥകളാലും മുദ്രിതമായ ജനസഞ്ചയം എന്നു പറയാം. ഒരു പരീക്ഷണശാലയില്‍ രക്ഷകൊണ്ടുവരാനല്ല യേശു ആഗതനായത്; ജനങ്ങളില്‍ നിന്നകന്ന് ഒരു പരീക്ഷണശാലയിലല്ല അവിടന്ന് പ്രഭാഷണം നടത്തുന്നത്. മറിച്ച് ജനക്കൂട്ടത്തിലാണ്. നിങ്ങള്‍ ഒന്നു ചിന്തിച്ചു നോക്കൂ, യേശുവിന്‍റെ   പരസ്യജീവിത്തിന്‍റെ സിംഹഭാഗവും സുവിശേഷം പ്രസംഗിക്കുന്നതിനും ശാരീരികവും മാനസികവുമായ മുറിവുകള്‍ സൗഖ്യമാക്കുന്നതിനും വേണ്ടി തെരുവീഥിയിലും ജനങ്ങള്‍ക്കിടയിലും ആയിരുന്നു. സുവിശേഷം പലവുരു പരാമര്‍ശിക്കുന്ന ഈ ജനസഞ്ചയം സഹനങ്ങളാല്‍, കഷ്ടപ്പാടുകളാല്‍, പ്രശ്നങ്ങളാല്‍ ഉഴുതുമറിക്കപ്പെട്ട ഒരു നരകുലമാണ്. യേശുവിന്‍റെ ശക്തവും വിമോചനദായകവും നവീകരണദായകവുമായ പ്രവര്‍ത്തനം ദുര്‍ബലാവസ്ഥയിലായ ആ നരകുലത്തെ ഉദ്ദേശിച്ചുള്ളതാണ്. അങ്ങനെ, യേശും നേരം ഇരുളുന്നതുവരെ ജനക്കൂട്ടത്തോടുകൂടെ ആയിരുന്നുകൊണ്ട് സാബത്ത് ദിനം അവസാനിപ്പിക്കുന്നു. യേശു അതിനു ശേഷം എന്തു ചെയ്യുന്നു?

അടുത്ത ദിവസം നേരം പലുരുന്നതിനുമുമ്പേ, യേശു, നഗരത്തിനു പുറത്ത് വിജനസ്ഥലത്തേക്കു പ്രാര്‍ത്ഥിക്കാന്‍ പോയി. യേശു പ്രാര്‍ത്ഥിക്കുകയാണ്. അപ്രകാരം അവിടന്ന് അത്ഭുതങ്ങളുടെയും അവിടത്തെ സിദ്ധികളുടെയും പൊരുളിനെ തെറ്റായി അവതരിപ്പിക്കുന്ന ജയോത്സവത്തിന്‍റെതായ ഒരു വീക്ഷണത്തില്‍ നിന്ന് തന്‍റെ   വ്യക്തിത്വത്തെയും ദൗത്യത്തെയും മാറ്റി നിറുത്തുകയാണ്. വാസ്തവത്തില്‍ അത്ഭുതങ്ങള്‍ വിശ്വാസത്തിന്‍റെ പ്രത്യുത്തരം നല്കാന്‍ ക്ഷണിക്കുന്ന അടയാളങ്ങളാണ്; ഈ അടയാളങ്ങള്‍ സദാ, അവയ്ക്ക് വെളിച്ചം പകരുന്ന വചനങ്ങളാല്‍ അനുഗതമാണ്; അടയാളങ്ങളും വാക്കുകളും ഒത്തൊരുമിച്ച് ക്രിസ്തുവിന്‍റെ വരപ്രസാദ ശക്തിയാല്‍ വിശ്വാസത്തിനും മാനസാന്തരത്തിനും കാരണമാകുന്നു.

ഇന്നത്തെ സുവിശേഷത്തിലെ അവസാന വാക്യം യേശുവിന്‍റെ ദൈവരാജ്യപ്രഘോഷണം അതിന്‍റെ വേദി കണ്ടെത്തുന്നത് വീഥിയിലാണെന്ന് സൂചിപ്പിക്കുന്നു. യേശുവിനെ അന്വേഷിച്ച് അവിടന്ന് പ്രാര്‍ത്ഥിക്കുന്നവിടെയെത്തുകയും അവിടത്തെ നഗരത്തിലേക്കു തിരികെകൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശിഷ്യന്മാരോട് അവിടന്ന് പറയുന്നത് എന്താണ്? “നമുക്കു അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു.” വാക്യം 38. ഇതായിരുന്നു ദൈവപുത്രന്‍റെ സഞ്ചാരപഥം, അതു തന്നെയായിരിക്കും അവിടത്തെ ശിഷ്യരുടെയും സരണി. ഒരോ ക്രൈസ്തവനും യാത്രയിലായിരിക്കണം. സുവിശേഷത്തിന്‍റെ ആനന്ദകരമായ പ്രഘോഷണത്തിന്‍റെ ഇടം എന്ന നിലയില്‍, പാത സഭയുടെ ദൗത്യത്തെ “പോകലിന്‍റെ”, യാത്രയുടെ, സഞ്ചാരത്തിന്‍റെ   അടയാളത്തിന്‍റെ കീഴിലാക്കുന്നു. ഒരിക്കലും നിശ്ചലാവസ്ഥയുടെ അടയാളത്തിന്‍റെ  കീഴിലല്ല.

ശരീരത്തിന്‍റെയും ആത്മാവിന്‍റെയും വൈദ്യനായ യേശുവിന്‍റെ സൗഖ്യദായക വചനം സകലര്‍ക്കും എത്തിച്ചുകൊടുക്കുന്നതിന് ജനത്തിനിടയില്‍ എന്നും കൂടുതലായി സ്വന്തം കൂടാരം തീര്‍ക്കാന്‍ സഭയ്ക്ക് പ്രചോദനമേകുന്ന പരിശുദ്ധാരൂപിയുടെ സ്വരത്തോടു തുറവുള്ളവരായിരിക്കാന്‍ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.     

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     “കര്‍ത്താവിന്‍റെ മാലാഖ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദം നല്കുകയും ചെയ്തു. ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരെപ്രത്യേകം അഭിവാദ്യം ചെയ്തു.

ശനിയാഴ്ച (03/02/18) ഉത്തര ഇറ്റലിയിലെ പവിയ പ്രവിശ്യയില്‍പ്പെട്ട വിജേവനൊ യില്‍ വച്ച് രക്തസാക്ഷി തെരേസിയൊ ഒലിവേല്ലി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. 1945 ല്‍ ഹെഴ്സ്ബ്രക്കിലെ നാസിതടവറയില്‍ വച്ച് ക്രിസ്തീയ വിശ്വാസത്തെപ്രതി വധിക്കപ്പെട്ട നവവാഴ്ത്തപ്പെട്ട ഒലിവേല്ലി എറ്റം ബലഹീനരോടുള്ള സ്നേത്താല്‍ ക്രിസ്തുവിന് സാക്ഷ്യമേകുകയും കഴിഞ്ഞ നൂറ്റാണ്ടിലെ നിണസാക്ഷികളുടെ നീണ്ട അണിയില്‍ ചേര്‍ക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹത്തിന്‍റെ വിരോചിത ജീവത്യാഗം, പ്രത്യേകിച്ച്, യുവജനത്തിന് പ്രത്യാശയുടെയും സാഹോദര്യത്തിന്‍റെയും വിത്താണെന്നും പാപ്പാ പറഞ്ഞു.

ഇറ്റലിയില്‍ ഈ ‍ഞായറാഴ്ച (04/02/18) ജീവനുവേണ്ടിയുള്ള ദിനം ആചരിക്കപ്പെട്ടതിനെക്കുറിച്ചും പാപ്പാ ത്രികാലപ്രാര്‍ത്ഥനാന്തരം സൂചിപ്പിച്ചു. “ജീവന്‍റെ  സുവിശേഷം ലോകത്തിനാനന്ദം” എന്ന ആദര്‍ശപ്രമേയം ഈ ദിനാചരണത്തിന് സ്വീകരിക്കപ്പെട്ടത് അനുസ്മരിച്ചുകൊണ്ട് പാപ്പാ ജീവനുവേണ്ടി സഭാതലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തന്‍റെ സന്തുഷ്ടി രേഖപ്പെടുത്തുകയും ഒപ്പം ജീവനെതിരായി അരങ്ങേറുന്ന സംഭവങ്ങളിലും ജീവനുവേണ്ടി പോരാടുന്നവരുടെ എണ്ണത്തിലുള്ള കുറവിലും ആശങ്ക അറിയിക്കുകയും ചെയ്തു.

അനുദിനം ആയുധനിര്‍മ്മാണം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുകയും ജീവനെതിരായ നിയമനിര്‍മ്മാണം കൂടുതല്‍ നടക്കുകയും വലിച്ചെറിയല്‍ സംസ്കൃതി, ഉപയോഗമില്ലെന്നും തോന്നുകയും അസ്വസ്ഥതയേകുകയും ചെയ്യുന്നവ വലിച്ചെറിയന്ന സംസ്കാരം മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ലോകത്തില്‍ ജീവനുവേണ്ടി പോരാടുന്നവര്‍ കുറവാണെന്നത് ആശങ്കാജനകമാണെന്ന് പാപ്പാ പറഞ്ഞു. നരകുലത്തെ നശിപ്പിക്കുകയും പാഴ്വസ്തുകണക്കെ വലിച്ചെറിയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ ജീവനെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ഒരവബോധം ജനങ്ങളില്‍ ഉണ്ടാകുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുനാടായ മഡഗാസ്കറില്‍ അനേകരുടെ ജീവനപഹരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും അനേകരെ പാര്‍പ്പിടരഹിതരാക്കുകയും ചെയ്ത ചുഴലിക്കാറ്റു ദുരന്തം മൂലം യാതനകളനുഭവിക്കുന്നവര്‍ക്ക് പാപ്പാ തന്‍റെ സാമീപ്യം ഉറപ്പുനല്കുകയും ആ ജനതയ്ക്ക് സാന്ത്വനവും താങ്ങുമാകാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ലോകത്തിന്‍റെ വിവിധഭാഗങ്ങളി‍ല്‍ തുടരുന്ന ദുരന്തപൂര്‍ണ്ണമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വലിയനോമ്പുകാലത്തിലെ ആദ്യവാരത്തിലെ വെള്ളിയാഴ്ച, ഈ മാസം 23 ന് (23/2/18) പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്‍റെയും പ്രത്യേക ദിനമായി ആചരിക്കാന്‍ പാപ്പാ സകലവിശ്വാസികളെയും ക്ഷണിച്ചു. കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിനും സുഡാനും സവിശേഷമാംവിധം സമര്‍പ്പിതമാണ് ഈ ദിനാചരണമെന്നും പാപ്പാ വെളിപ്പെടുത്തി. മറ്റവസരങ്ങളിലേതുപോലെതന്നെ ഇത്തവണയും ഈ സംരംഭത്തില്‍ അനുയോജ്യമായ രീതികളില്‍ പങ്കുചേരാന്‍ എല്ലാ ക്രൈസ്തവരോടും അക്രൈസ്തവരോടും പാപ്പാ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വേദനയിലും ഉല്‍ക്കണ്ഠയിലും കേഴുന്നവരുടെ രോദനം സ്വര്‍ഗ്ഗീയ പിതാവ് സദാ ശ്രവിക്കുകയും തകര്‍ന്ന ഹൃദയങ്ങളെ സൗഖ്യമാക്കുകയും മുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നുവെന്നനുസ്മരിച്ച പാപ്പാ അവരുടെ രോദനം ശ്രവിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും സമാധാനത്തിനായി എന്തുചെയ്യാന്‍ സാധിക്കുമെന്ന് സ്വയം ചോദിക്കാന്‍ ഒരോ വ്യക്തിയെയും ആഹ്വാനം ചെയ്യുകയും ചെയ്തു. അക്രമത്തോടു സമൂര്‍ത്തമായി “അരുതു” പറയാന്‍ ഒരോവ്യക്തിക്കും കഴിയണമെന്നു പറഞ്ഞ പാപ്പാ അക്രമം കൊണ്ടുള്ള വിജയങ്ങള്‍ വ്യാജങ്ങളാണെന്നും സമാധാനത്തിനായുള്ള പരിശ്രമം ഏവര്‍ക്കും നന്മ പ്രദാനം ചെയ്യുമെന്നും ഉദ്ബോധിപ്പിച്ചു.

കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നതിനും സമൂഹജീവിത്തില്‍ ഉള്‍ച്ചേര്‍ക്കുന്നതിനും പരിശ്രമിക്കുന്ന “ഫ്രത്തേര്‍ണ ദോമൂസ്” എന്ന സംഘടനയിലെ അംഗങ്ങളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ അവരു‌ടെ പ്രവര്‍ത്തനം 50 വര്‍ഷം പിന്നിടുന്നത് കൃതജ്ഞാതാപൂര്‍വ്വം അനുസ്മരിച്ചു.

പതിവുപോലെ പാപ്പാ   എല്ലാവര്‍ക്കും ശുഭ ഞായര്‍ ആശംസിക്കുയും  തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ചെയ്തു. ഇറ്റാലിയന്‍ ഭാഷയില്‍ അരിവെദേര്‍ചി അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

05/02/2018 13:02