2018-02-01 10:35:00

DOCAT ​LIII​: ''നീതിയായ വേതനവും ട്രേഡ് യൂണിയനുകളും''


ഡുക്യാറ്റിന്‍റെ ''തൊഴിലും ദൈവനിയോഗവും'' എന്ന ആറാമധ്യായത്തിലെ ചോദ്യോത്തരങ്ങളിലൂടെ കടന്നുപോവുകയാണു നാം. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം, നിര്‍ബന്ധിത ബാലവേല, പ്രവാസികളും തൊഴില്‍മേഖലയും എന്നീ കാര്യങ്ങളോ‌ടൊപ്പം ഏതൊരു സാമ്പത്തികവ്യവസ്ഥയിലും തള്ളിക്കളയാനാവാത്ത കാര്‍ഷികമേഖലയെക്കുറിച്ചും അനുബന്ധപ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്ന 150 മുതല്‍ 153 വരെയുള്ള ചോദ്യോത്തരങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയ നാം, ഇന്ന് തുടര്‍ന്നുവരുന്ന നാലു ചോദ്യങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ തിരിക്കുകയാണ്. ഈ ഭാഗം തൊഴില്‍ നിയമങ്ങളുടെ സാംഗത്യം, തൊഴിലാളി പ്രസ്ഥാനത്തിന്‍റെ പ്രാധാന്യം, തൊഴിലാളികള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നടത്തുന്ന സമരങ്ങള്‍ ഇവയൊക്കെ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. 

ഇവിടെ ആദ്യചോദ്യമായി വരുന്നത്, തൊഴിലാളിയെയും തൊഴിലിനെയും സംബന്ധിക്കുന്ന പ്രത്യേക നിയമങ്ങളെക്കുറിച്ചാണ്  സംക്ഷിപ്തവും, വ്യക്തവുമായ ഉത്തരം ഡുക്യാറ്റ് നല്‍കുന്നു.

ചോദ്യം 154.  തൊഴിലാളിയെയും തൊഴിലിനെയും സംബന്ധിക്കുന്ന പ്രത്യേക നിയമങ്ങള്‍ ഉണ്ടായിരിക്കണമെന്നു പറയുന്നത് എന്തുകൊണ്ട്?

ഉത്തരം: ഒരു കമ്പോളവ്യവസ്ഥിതിയില്‍ ഉടമ്പടിയിലെ രണ്ടുഭാഗക്കാര്‍ക്കും ഒരേ രീതിയിലുള്ള സാമ്പത്തിക ഭദ്രതയും അറിവും ഉണ്ടെങ്കില്‍ മാത്രമേ അവിടെ സമത്വം നിലനില്‍ക്കുകയുള്ളു (കരാറിനെക്കുറിച്ച് കൂടിയാലോചിക്കാന്‍ അവസരമുണ്ടാകൂ). പക്ഷേ, തൊഴില്‍മേഖലയിലെ കരാറില്‍ ഇങ്ങനെയല്ല.  ഉടമസ്ഥനായിരിക്കും മാര്‍ക്കറ്റിനെക്കുറിച്ച് കൂടുതല്‍ അറിവും സാമ്പത്തികമായി കൂടുതല്‍ ഔചിത്യവുമുള്ള വ്യക്തി.  അതിനാലാണ് തൊഴിലാളിനിയമം എന്ന പേരില്‍, ജോലിയില്‍ നിയമിതരാകുന്നവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍, നിയമം വേണമെന്ന് ആവശ്യപ്പെടുന്നത്. വേതനവിവേചനം ഒഴിവാക്കുക, പൊതു അവധി ദിനങ്ങളിലും, ഞായറാഴ്ചകളിലും അവധിയെടുക്കുവാനുള്ള അവകാശവും, രോഗസമയത്തും തൊഴില്‍രഹിത സമയങ്ങളിലും ആവശ്യകമായ അവകാശവും സഹായവും നല്‍കുക എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു.  അമ്മമാരുടെ സംരക്ഷണം ഇതിനുമുമ്പേ സൂചിപ്പിച്ചിട്ടുണ്ട്.

സ്വന്തനേട്ടങ്ങളും സൗകര്യങ്ങളും നോക്കുമ്പോള്‍ മറുഭാഗത്തെ വാദങ്ങള്‍ അസ്വീകാര്യമാകുമെന്നത് സാധാരണ മനുഷ്യര്‍ക്കുള്ള പ്രത്യേകതയാണ്.  അപ്പോള്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനു നിയമം ആവശ്യമായി വരുന്നു. ഇത് പുരാതന ഏതന്‍സിലെ ഒരു ജഡ്ജിയുടെ ശപഥത്തില്‍ വ്യക്തമാണ്: ''വാദിയെയും പ്രതിയെയും ഞാന്‍ ഒന്നുപോലെ ശ്രവിക്കും''.

യുക്തിപൂര്‍വകമല്ലാത്തതും നാട്ടുനടപ്പിലും താഴ്ന്നതുമായ കൂലിനിശ്ചയം കൂലിസംബന്ധമായ ചൂഷണമാണ്. അതു തൊഴിലാളികളുടെ ജീവിതസാഹചര്യത്തിന് അപകടകരമായ ദോഷംചെയ്യും. അതെ, അരിസ്റ്റോട്ടിലിന്‍റെ വീക്ഷണം സത്യമാണ്. ''ബലഹീനര്‍ എന്നും നീതിയെയും സമത്വത്തെയും സംബന്ധിച്ച് ഉത്ക്കണ്ഠയുള്ളവരാണ്.  ബലവാന്മാര്‍ അവയെ ശ്രദ്ധിക്കുന്നില്ല'' .

അതുപോലെ, വ്യാവസായികാവശ്യങ്ങള്‍ ഏറെ പ്രധാനമായി കാണുന്നിടത്ത്, കാര്‍ഷികമേഖല അവഗണിക്കപ്പെടുന്ന പ്രവണതയും കാണാം.  അവിടെയും നിയമങ്ങള്‍ പരിരക്ഷണത്തിനുണ്ടാകേണ്ടിയിരി ക്കുന്നു. കാര്‍ഷികമേഖലയുടെ പ്രാധാന്യത്തെ ഓര്‍മിപ്പിക്കുന്നതാണ്, സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ വിഭാഗത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ടര്‍ക്സന്‍റെ ഈ പ്രസ്താവന.  അദ്ദേഹം പറയുന്നു: ''നമുക്കു പിന്നാലെ വരുന്നവര്‍ക്കും ജീവിക്കുവാന്‍ ഉതകുന്ന ഒരു ഭൂമി നാം അവശേഷിപ്പിക്കേണ്ടതായുണ്ട്. റെയില്‍വേ ട്രാക്കുകളും റോഡുകളുംമാത്രം ഉള്‍പ്പെടു ന്നതല്ല, മറിച്ച് കൃഷിയിടങ്ങള്‍ മുതലായവ കൂടിയുള്ളതാണ് ഭൂമി.  റോഡു നിര്‍മിക്കുന്നവരുടെയും, കൃഷിക്കാരുടെയും ആവശ്യങ്ങള്‍ തമ്മില്‍ ഒരു സന്തുലിതത്വമുണ്ടാകണം.  ഭൂമി ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഒരു നീതിബോധം ഉണ്ടാകണം'' (കര്‍ദി. ടര്‍ക്സണ്‍, 1948, ജനുവരി 24, 2013).

വേതനത്തെക്കുറിച്ചുള്ളതാണ് തൊഴില്‍ മേഖലയിലെ മുഖ്യപ്രശ്നമായി വരുന്നതെന്നു നമുക്കറിയാം. ഇക്കാര്യം ചര്‍ച്ചചെയ്യുന്നതാണ് അടുത്ത ചോദ്യം. 

ചോദ്യം 155.  വേതനം നീതിപൂര്‍വകമായിരിക്കുന്നത് എപ്പോള്‍?

ഉത്തരം: ആദികാലം മുതല്‍ ഒരു വ്യക്തിയുടെയും അവന്‍റെ കുടുംബത്തിന്‍റെയും സുരക്ഷിതമായ ജീവിതസാഹചര്യം ഉറപ്പുവരുത്തുന്ന ഒരു വേതനരീതിക്ക് സഭയുടെ സാമൂഹികപ്രബോധനം ഊന്നല്‍ നല്‍കിയിട്ടുണ്ട്.  ഇന്ന് ഈ പ്രസ്താവന അല്‍പ്പം വ്യത്യസ്തമായിട്ടുണ്ട്.  സമൂഹത്തിന്‍റെ മാനദണ്ഡമനുസരിച്ച് ജീവിക്കുവാനുതകുന്ന രീതിയിലുള്ള ഒരു വേതനനിരക്ക് തൊഴിലാളിക്കു നല്‍കേണ്ടതാണ്. യഥാര്‍ഥ വേതനനിരക്ക് എത്രയായിരിക്കണമെന്നു കൃത്യമായി നിര്‍വചിക്കുവാന്‍ സാധ്യമല്ല. ഒരു വ്യക്തിയുടെ മാത്രമല്ല, ഉടമസ്ഥന്‍റെകൂടി പ്രവര്‍ത്തനവും ഉത്പാദനക്ഷമതയും കണക്കിലെടുക്കേണ്ടതു ണ്ട്.  സാമൂഹിക സാമ്പത്തികസ്ഥിതിയും പരിഗണിക്കണം.  പരിധിയില്‍ കവിഞ്ഞ വേതനവിതരണം സാമ്പത്തിക ഉത്പാദനക്ഷമതയെ മുഴുവന്‍ ദോഷകരമായി ബാധിക്കുകയും സാമൂഹികനന്മയ്ക്ക് ഭംഗംവരുത്തുകയും ചെയ്യും.  ഏതുവിധേനയും പര്യാപ്തമായ വേതനം ഉറപ്പുവരുത്തുന്ന സംവിധാനം ഉണ്ടായിരിക്കണം.  തൊഴിലാളി സംഘടനകള്‍ ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.  മറ്റൊരുവിധത്തില്‍ സര്‍ക്കാര്‍ ഒരു മിനിമംവേതനം ഉറപ്പുനല്‍കണം.  വേതനപദ്ധതികള്‍ നീതിപരമായിരിക്കണം.  സാധാരണ തൊഴിലാളികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും വേതന അനുപാതത്തി ലുള്ള വ്യത്യാസംമൂലം സമൂഹത്തിന്‍റെ പ്രശാന്തമായ അന്തരീക്ഷം നഷ്ടമാകാത്ത വിധത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

വേതനത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സുകളിലേയ്ക്ക് ഓടിയെത്തുന്ന ഒരു ബൈബിള്‍വാക്യമാണ് ''മെതിക്കുന്ന കാളയുടെ വായ് കെട്ടരുത്'' (നിയമാ 25:4). ക്രിസ്തുവിനുമുമ്പു, ശതാബ്ദങ്ങള്‍ക്കപ്പുറം ബൈബിള്‍ ഇപ്രകാരം പറഞ്ഞുവച്ചത്, വേതനത്തെ സംബന്ധിച്ച് വളരെ യുക്തിസഹമായാണ്.  തൊഴില്‍ ചെയ്യുന്ന വ്യക്തിക്ക് ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുതകുന്ന വേതനം ലഭിക്കണമെന്നത് ദൈവിക നിയമമാണ്.

ശരിയായ വേതനം കൊടുക്കുന്നതുകൊണ്ട് ഉടമസ്ഥനു കുറവുണ്ടാകുന്നില്ലെന്ന് അംഗീകരിക്കുന്ന റോബര്‍ട്ട് ബോഷ് (1861-1942) എന്ന ജര്‍മന്‍ വ്യവസായി പറയുന്നു: ''ധാരാളം പണമുള്ളതുകൊണ്ട് ഞാന്‍ ഉയര്‍ന്ന വേതനം നല്‍കുകയല്ല, മറിച്ച് ഞാന്‍ ഉയര്‍ന്ന വേതനം നല്‍കുന്നതുകൊണ്ട് എനിക്കു ധാരാളം പണമുണ്ടാകുക യാണ്''.

ഒരു നൂറ്റാണ്ടുമുമ്പുതന്നെ സഭയുടെ പരമാചാര്യനിലൂടെ, തൊഴിലിനുതകുന്ന വേതനം നല്‍കാത്തതിനെ സഭ ശക്തമായി അപലപിക്കുന്നത് നാം കേള്‍ക്കുന്നുണ്ട്: ''നേട്ടത്തിനുവേണ്ടി അഗതികളുടെയും ദരിദ്രരുടെയും മേല്‍ സമ്മര്‍ദം ചെലുത്തുകയും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മുതലെടുത്ത് സ്വന്തമായി ലാഭം ഉണ്ടാക്കുകയും ചെയ്യുന്നത് മാനുഷികവും ദൈവികവുമായ എല്ലാ നിയമങ്ങളാലും നിരോധിക്കപ്പെടുന്നതാണ്. ഒരുവന് അര്‍ഹമായ വേതനം നിരാകരിക്കുന്നത് പ്രതികാരത്തിനായി സ്വര്‍ഗത്തെ നോക്കി വിലപിക്കുന്ന വലിയ കുറ്റമാണ്'' (ലെയോ പതിമൂന്നാമന്‍ പാപ്പാ, RN 20)

''ഉടമസ്ഥന്‍റെ മാനുഷികവും പ്രകൃത്യാലുള്ളതുമായ ശത്രുവാണ് തൊഴിലാളി എന്ന് അമേരിക്കയിലെ സാധാരണക്കാരായ സി.ഇ.ഒ. മാര്‍ ഇന്നും വിശ്വസിക്കുന്നു.  അതൊരു കാലഹരണപ്പെട്ട ചിന്താഗതിയാണ്.  കമ്പനിയുടെ ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓരോ തൊഴിലാളിയും അറിഞ്ഞിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' (ലീ അയ്കോക്, അമേരിക്കന്‍ വ്യവസായി എക്സിക്യുട്ടീവ്) എന്ന അഭിപ്രായം പറഞ്ഞിരിക്കുന്നത് അമേരിക്കക്കാരനായ ഒരു വ്യവസായിതന്നെയാണ്. എന്നുപറഞ്ഞാല്‍, ഇന്നും മുതലാളി, തൊഴിലാളി ബന്ധത്തില്‍ ശത്രുതാമനോഭാവം നിലനില്‍ക്കുന്നുവെന്നും, അതു മുഖ്യമായും വേതനകാര്യത്തിലാണ് എന്നും മനസ്സിലാക്കാം.  തൊഴിലാളികളുടെ കൂട്ടായ്മയില്ലാതെ വ്യവസായസംരംഭങ്ങളൊന്നും മുന്നോട്ടു പോവുകയില്ല. കാരണം''ഒരു വ്യക്തിക്ക് ഒറ്റയ്ക്കു ചെയ്യുവാന്‍ സാധിക്കാത്തത് ഒരുകൂട്ടം ആളുകള്‍ക്കു ചെയ്യുവാന്‍ സാധിക്കും'' (ഫ്രെഡറിക് വില്‍ഹം റൈഫന്‍, 1818-1888 ജര്‍മന്‍ മേയര്‍, കാര്‍ഷികനയങ്ങളെ വികസിപ്പിച്ച വ്യക്തി, റൈഫന്‍ കോ-ഓപ്പറേറ്റീവുകളുടെ സ്ഥാപകന്‍).

വേതനത്തിനായി തൊഴില്‍ദാതാവിന്‍റെ കാരുണ്യം കാത്തിരിക്കേണ്ട അവസ്ഥയില്‍, തൊഴിലാളികള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി ഒറ്റപ്പെട്ട ശബ്ദം മതിയാവുകയില്ല. അതുകൊണ്ട്, അവരുടെ താല്പര്യസംരക്ഷണാര്‍ഥം സ്ഥാപിക്കപ്പെട്ടിരിക്കുന്ന തൊഴിലാളിപ്രസ്ഥാനങ്ങള്‍ തികച്ചും ന്യായവും യുക്തവുമാണെന്ന് സഭ അംഗീകരിക്കുന്നുണ്ട്.  അടുത്ത ചോദ്യത്തിന്‍റെ ഉത്തരം ഇതാണു വിശദീകരിക്കുന്നത്.

ചോദ്യം 156.  തൊഴിലാളി പ്രസ്ഥാനത്തിന്‍റെ പ്രാധാന്യമെന്ത്?

ഉത്തരം:  തൊഴില്‍ദാതാവിന്‍റെയും തൊഴിലാളിയുടെയും ജോലി നല്‍കുന്ന വ്യക്തിയുടെയും ജോലി സ്വീകരിക്കുന്നവരുടെയും ശക്തി സാധാരണമായി തുല്യമായിരിക്കുകയില്ല.  വ്യത്യാസം ഉണ്ടായിരിക്കും. അതിനാല്‍ത്തന്നെ, തൊഴിലാളികള്‍ തങ്ങളുടെ ശക്തി തൊഴിലാളിപ്രസ്ഥാനങ്ങളിലൂടെ സുസ്ഥിരമാക്കുന്നു.  അങ്ങനെ തങ്ങളുടെ പൊതു താല്‍പ്പര്യങ്ങള്‍ ഐക്യദാര്‍ഢ്യം വഴി അവര്‍ സംരക്ഷി ക്കുന്നു.  തൊഴിലാളിപ്രസ്ഥാനം രൂപീകരിക്കുക എന്നത് ഒരു മാനുഷികാവകാശമാണ്.  സംഘടനയില്‍ അംഗമായതിന്‍റെ പേരിലോ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ പേരിലോ ആരും ഒരിക്കലും തിക്തഫലം അനുഭവിക്കാന്‍ പാടില്ല.

സമരം ഒരു യാചനയല്ല, അത് കടമ നിര്‍വഹിക്കാന്‍ തൊഴില്‍ദാതാവിന്‍റെമേല്‍ ചെലുത്തുന്ന സമ്മര്‍ദമാണ്. ''സാമ്പത്തിക സമ്മര്‍ദം ചെലുത്താത്ത സമരം ഒരു സമരമല്ല.  പിന്നെയോ തികച്ചും സംഘടിതമായ യാചിക്കലാണ്'' എന്ന്, ജര്‍മനിയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍റെ ചെയര്‍മാന്‍ ജൂഗന്‍ പീറ്റേഴ്സ് അഭിപ്രായപ്പെടുന്നുണ്ട്.   സമരംചെയ്യുവാനുള്ള തൊഴിലാളികളുടെ അവകാശത്തെക്കുറിച്ചു വ്യക്തമാക്കുന്ന അടുത്ത ചോദ്യത്തിനുത്തരം സമൂഹനന്മയെ പ്രതികൂലമാകാതെ അതു നിര്‍വഹിക്കുക ആവശ്യമാണെന്നുകൂടി ഉദ്ബോധിപ്പിക്കുന്നു.

ചോദ്യം 157.  തൊഴിലാളികള്‍ക്കു സമരം ചെയ്യുവാന്‍ അവകാശമുണ്ടോ?

ഉത്തരം: ഒരു പരിധിവരെ വേതനത്തിന്‍റെ കാര്യത്തിലും ജോലിചെയ്യുന്ന മണിക്കൂറുകളുടെ കാര്യത്തിലും ഉടമസ്ഥരും തൊഴിലാളികളും തമ്മില്‍ അഭിപ്രായഭിന്നത തുടരുന്നു. ഇതിനു പരസ്പരം തൃപ്തികരമായ പരിഹാരം കണ്ടെത്തുവാന്‍ രണ്ടുഭാഗക്കാരും തമ്മില്‍ ഒരു കൂടിയാലോചന നടത്തുക അത്യാവശ്യമാണ്.  ഇതിനായി തൊഴിലാളികള്‍ സംഘടനകളിലൂടെ തങ്ങളെ പ്രതിനിധീകരിക്കുന്നു.  ഈ കൂടിയാലോചനയില്‍ ഉടമസ്ഥനെ സമ്മര്‍ദത്തിലാക്കുന്നതിന് തൊഴിലാളി സംഘടനകള്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗം സമരമാണ്. വേതനവും തൊഴില്‍സാഹചര്യങ്ങളും ഭേദപ്പെടുത്തുവാന്‍വേണ്ടി മാത്രം നടത്തുന്ന സമാധാനപരമായ സമരരീതി  പോലീസ്, അഗ്നിശമനസേന, രോഗീപരിചരണം എന്നീ പ്രധാനപ്പെട്ട സാമൂഹികസേവനങ്ങള്‍ക്ക് സമരങ്ങള്‍ ഒരിക്കലും തടസ്സമാകരുത്.

സമരമെന്ന ആയുധം ഫലപ്രദമായി ഉപയോഗിച്ച വ്യക്തിയാണ് നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി.  മഹാത്മാവിന്‍റെ പ്രബോധനങ്ങളും ശൈലികളും പിന്‍തുടര്‍ന്ന നെല്‍സണ്‍ മണ്ഡേലയും സമരത്തിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്.  മാഹാത്മാവിന്‍റെ വാക്കുകളിതാണ്: ''സര്‍ക്കാര്‍ നീതിരഹിതവും, അഴിമതിയുമുള്ളതുമാകുമ്പോള്‍ സിവില്‍ നിസ്സഹകരണം പവിത്രമായ ഉത്തരവാദിത്വമായി മാറുന്നു'' (മഹാത്മഗാന്ധി).  നെല്‍സണ്‍ മണ്‍ഡേലയുടെ അഭിപ്രായവും ഇതോടു ചേര്‍ത്തു വായിക്കാം.  അദ്ദേഹം പറയുന്നു: ''നിലവിലുള്ള സമയവും സാഹചര്യവും കണക്കിലെടുക്കുമ്പോള്‍ ഒരു പ്രകടനവും പ്ര തിഷേധറാലിയും, സമരവും, സിവില്‍ നിസ്സഹകരണവുമൊക്കെ ആവശ്യമായി മാറുന്നു'' (നെല്‍സണ്‍ മണ്ഡേല, ഫെബ്രുവരി 1958).

''തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ നീതിപൂര്‍വകമായ ആഗ്രഹസാക്ഷാത്ക്കാരത്തിനും കാരണമാകുന്നുവെങ്കില്‍ സമരരീതികള്‍ ഇന്നത്തെക്കാലത്ത് അത്യന്താപേക്ഷിതമായി മാറുന്നു'' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ (GS 68) പ്രബോധനം നമുക്ക് അവഗണിക്കാനാവുകയില്ല.  നമ്മുടെ നാട്ടിലെ നേഴ്സസ് സമരത്തെ ഈ പ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ നാം വിലയിരുത്തേണ്ടതാണ്. ഈ ഭാഗത്ത് വ്യക്തമായി പറയുന്നതുപോലെ, ''സാധാരണ തൊഴിലാളികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും വേതന അനുപാതത്തിലുള്ള വ്യത്യാസംമൂലം സമൂഹത്തിന്‍റെ പ്രശാന്തമായ അന്തരീക്ഷം നഷ്ടമാകാത്ത വിധത്തിലുള്ള ഒരു സാഹചര്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്'' (നമ്പര്‍ 155). അമിതവേതനം ചിലര്‍ക്കു നല്‍കാനും, അല്പവേതനം അനേകര്‍ക്കു നല്‍കാനും മടിക്കാത്ത അനീതിയോടു പൊരുത്തപ്പെട്ടുപോകുവാന്‍ ദൈവനിയമങ്ങളോ, സഭാപ്രബോധനങ്ങളോ നമ്മെ അനുകൂലിക്കുന്നില്ല എന്നു മനസ്സിലാക്കുക ദൈവരാജ്യത്തിന്‍റെ വക്താക്കളായ നമുക്ക് തികച്ചും അവശ്യമാണ്.  നമ്മുടെയും അനേകരുടെയും നിത്യരക്ഷയ്ക്കത് ഒഴിച്ചുകൂടാനാവാത്തതുമാണ്.








All the contents on this site are copyrighted ©.