2018-01-31 16:05:00

വത്തിക്കാന്‍റെയും പാപ്പാ ഫ്രാന്‍സിസിന്‍റെയും നിലപാടുകളില്‍ വൈരുധ്യമില്ല


വത്തിക്കാന്‍റെയും പാപ്പാ ഫ്രാന്‍സിസിന്‍റെയും നിലപാടുകളില്‍ വൈരുധ്യമില്ല. 
പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് അറിയിച്ചു.

ചൈനയിലെ സഭയ്ക്ക് അവിടത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള ബന്ധത്തില്‍ വത്തിക്കാന്‍റെ ഉദ്യോഗസ്ഥരുടെയും പാപ്പാ ഫ്രാന്‍സിസിന്‍റെയും നിലപാടുകളില്‍ വ്യത്യാസമില്ലെന്ന് പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബേര്‍ക്ക് ജനുവരി 30-Ɔ൦ തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ചൈനയില്‍ സര്‍ക്കാര്‍ നിയന്ത്രിത സഭയും വത്തിക്കാനോടു കൂറുപുലര്‍ത്തുന്ന വലിയൊരു വിശ്വാസസമൂഹം അധോലോകത്തും രഹസ്യമായും ജീവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഇങ്ങിനെയൊരു വിഭാഗീയതയുടെ ചിന്ത ഉയര്‍ന്നിരിക്കുന്നത്.

ചൈനയിലെ സഭയുടെ കാര്യത്തില്‍ വത്തിക്കാന്‍റെ ഭരണാധികാരികളും വ്യക്തിപരമായി പാപ്പാ ഫ്രാന്‍സിസും തമ്മില്‍ വിഘടിച്ചു നില്ക്കുകയാണെന്ന വാര്‍ത്ത ജനുവരി 30-Ɔ൦ തിയതി ചൊവ്വാഴ്ച രാജ്യാന്തര തലത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഗ്രെഗ് ബേര്‍ക്ക് അവയെ നിഷേധിച്ചുകൊണ്ട് ചൊവ്വാഴ്ച തന്നെ (300118) പ്രസ്താവന പുറത്തുവിട്ടത്. വത്തിക്കാനും ചൈന റിപ്പബ്ലിക്കുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ പാപ്പാ ഫ്രാന്‍സിസും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരും തമ്മില്‍ കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനു വിരുദ്ധമായ വാര്‍ത്തകള്‍ വ്യാജവും കെട്ടിച്ചമയ്ക്കപ്പെട്ടതുമാണെന്ന് ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ വ്യക്തിമാക്കി.

ചൈനയിലെ ഹോങ് കോംങ് അതിരൂപതാദ്ധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഏതാനും മാധ്യമസുഹൃത്തുക്കള്‍ക്ക് വ്യക്തിപരമായി എഴുതിയ കുറിപ്പാണ്, പാപ്പാ ഫ്രാന്‍സിസും വത്തിക്കാന്‍റെ മറ്റു ഓഫിസും തമ്മില്‍ ചൈനയിലെ സഭയോടുള്ള സമീപനത്തില്‍   വൈരുദ്ധ്യമുണ്ടെന്ന തെറ്റിദ്ധാരണ പരത്തിയിരിക്കുന്നത്. പാപ്പാ ഫ്രാന്‍സിസിനെ കമ്യൂണിസ്റ്റ് അനുഭവിയായും, ചൈനയിലെ സഭയെ കമ്യൂണിസ്റ്റ് സര്‍ക്കാരിനു വില്ക്കുന്ന ദല്ലാളായും ചിത്രീകരിക്കുന്നതാണ് ‘to my media friends,’ എന്‍റെ മാധ്യമ സുഹൃത്തുക്കള്‍ക്ക് എന്ന കര്‍ദ്ദിനാള്‍ സെന്നിന്‍റെ പരസ്യപ്രസ്താവന.  

86 വയസ്സുകാരന്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ സലീഷ്യന്‍ സഭാംഗമാണ്. ചൈനയില്‍ വിശ്രമജീവിതം നയിക്കവെയാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ചൈന വാര്‍ത്തകളുമായി കര്‍ദ്ദിനാള്‍ സെന്‍ വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തിയിരുന്നു. 








All the contents on this site are copyrighted ©.