2018-01-30 08:55:00

ക്രൈസ്തവ ജയം കുരിശടയാളത്തില്‍-പാപ്പാ


യഥാര്‍ത്ഥ ക്രിസ്തീയ വിജയം നമ്മുടെ പ്രത്യാശയുടെ മാനദണ്ഡമായ കുരിശിന്‍റെ  അടയാളത്തിലാണെന്ന് മാര്‍പ്പാപ്പാ.

റോമിലെ ഉക്രയിന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ, വിശുദ്ധ സോഫിയുടെ നാമത്തിലുള്ള, ചെറുബസിലിക്ക (മൈനര്‍ ബസിലിക്ക) ഞായാറാഴ്ച(28/01/17) ഉച്ചയ്ക്കു ശേഷം സന്ദര്‍ശിച്ച ഫ്രാന്‍സീസ് പാപ്പാ ഉക്രയിന്‍ ഗ്രീക്ക് കത്തോലിക്കാസമൂഹത്തെ സംബോധനചെയ്യുകയായിരുന്നു.

ഉക്രയിനിലെ ഗ്രീക്ക് കത്തോലിക്കാസമൂഹം നാസ്തിക്യഭരണാധിപത്യകാലത്ത് അഭിമുഖീകരിക്കേ​ണ്ടിവന്ന പരീക്ഷണങ്ങളെയും പീഢനങ്ങളെയും ആ സഭയെ പടുത്തുയര്‍ത്താന്‍ ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ച കര്‍ദ്ദിനാള്‍ സ്ലിപ്പിയ്, ബിഷപ്പ് ചിമില്‍, കര്‍ദ്ദിനാള്‍ ഹുസാര്‍ എന്നീ സഭാതനയരെയും കുറിച്ച് പാപ്പാ പരാമര്‍ശിച്ചു.

ഉക്രയിനിന്‍റെ ചിലഭാഗങ്ങള്‍ ഇന്നും യുദ്ധത്തിന്‍റെ പിടിയിലും സാമ്പത്തിക ‍ഞെരുക്കത്തിലുമാണെന്ന വസ്തുത അനുസ്മരിച്ച പാപ്പാ ആയുധങ്ങള്‍ നിശബ്ദമാക്കപ്പെടുന്നതിനുവേണ്ടി സമാധാനരാജനോട് പ്രാര്‍ത്ഥിക്കുകയും ഹൃദയംകൊണ്ടും പ്രാര്‍ത്ഥനയും ദിവ്യബലിയും വഴിയും താന്‍ ആ ജനതയുടെ ചാരെയുണ്ടെന്ന് ഉറപ്പുനല്കുകയും ചെയ്തു.

ഇറ്റലിയില്‍ ഉക്രയിന്‍കാര്‍ കഠിനാദ്ധ്വാനം ചെയ്യുന്നതിനെക്കുറിച്ചും പരാമര്‍ശിച്ച പാപ്പാ   പ്രായംചെന്നവരെ പരിചരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പ്രത്യേകം അനുസ്മരിക്കുകയും വൃദ്ധജനത്തിന്‍റെ ഏകാന്തതയില്‍ അവരുടെ സമീപത്തായരിക്കുന്നതും ദൈവത്തിന്‍റെ തലോടല്‍ അവര്‍ക്ക്  അനുഭവവേദ്യമാക്കിത്തീര്‍ക്കുന്നതും ഒരു തൊഴില്‍ എന്നതിലുപരി ഒരു പ്രേഷിതദൗത്യമായി കാണാന്‍ പ്രചോദനം പകര്‍ന്നു.

വിശുദ്ധ സോഫിയുടെ മൈനര്‍ ബസിലിക്ക സന്ദര്‍ശിച്ച പാപ്പാ ബിഷപ്പ് സ്റ്റീഫന്‍ ചിമിലന്‍റെ കബറടത്തിങ്കല്‍ അല്പസമയം മൗനപ്രാര്‍ത്ഥനയില്‍ ചിലവഴിക്കുകയും ചെയ്തു.

 

 








All the contents on this site are copyrighted ©.