സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ വചനസമീക്ഷ

''യേശുവചനത്തിന്‍റെ അധികാരം'': പാപ്പായുടെ ത്രികാലജപസന്ദേശം

ത്രികാലജപം നയിച്ച് സന്ദേശം നല്‍കുന്ന മാര്‍പ്പാപ്പാ, 28-01-2018

29/01/2018 14:18

2018, ജനുവരി 28-ാം തീയതി, കാത്തലിക് ആക്ഷന്‍ എന്ന ഇറ്റാലിയന്‍ സംഘടനയിലെ കുട്ടികളുള്‍പ്പെടെ ആയിരക്കണക്കിനു തീര്‍ഥാടകര്‍ വത്തിക്കാനിലെ വി. പത്രോസിന്‍റെ ബസ്ലിക്കയുടെ അങ്കണത്തില്‍ പാപ്പാ നയിക്കുന്ന ത്രികാലജപത്തില്‍ പങ്കുചേരുന്നതിനും സന്ദേശം ശ്രവിക്കുന്നതിനുമായി സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിനെത്തുന്ന പതിവു ജാലകത്തിങ്കലണഞ്ഞപ്പോള്‍ ജനസഹസ്രങ്ങള്‍ കൈകളുയര്‍ത്തി വീശി, ആഹ്ലാദാരവം മുഴക്കി, തങ്ങളുടെ സ്നേഹവും ആദരവും പ്രകടമാക്കി.

ത്രികാലജപത്തിനു മുമ്പ് നല്കിയ സന്ദേശം ലത്തീന്‍ ആരാധനക്രമമനുസരിച്ച് വി. കുര്‍ബാനയിലെ വായനയെ (മര്‍ക്കോ 1:21-28) അടിസ്ഥാനമാക്കിയായിരുന്നു. വി. മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ ഒന്നാമധ്യായത്തില്‍ നിന്നും യേശു പിശാചുബാധിതനെ സൗഖ്യമാക്കുന്ന വിവരണം വ്യാഖ്യാനിച്ചുകൊണ്ട്, യേശുവിന്‍റെ വാക്കുകളുടെ ശക്തിയെയും അവിടുത്തെ ദൈവികാധികാരത്തെയും വിശദീകരിച്ചുകൊണ്ട്  ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പാ നല്‍കിയ ത്രികാലജപസന്ദേശത്തിന്‍റെ പരിഭാഷ വായിക്കാം.

പ്രിയസഹോദരീസഹോദരന്മാരെ, സുപ്രഭാതം!

     ഈ ഞായറാഴ്ചയിലെ സുവിശേഷം (മര്‍ക്കോ 1:21-28) യേശുവിന്‍റെ ‘കഫര്‍ണാമിലെ ദിവസം’ എന്നു പരാമര്‍ശിക്കപ്പെടുന്ന സുദീര്‍ഘമായ ഒരു വിവരണത്തിന്‍റെ ഭാഗമാണ്. വാക്കുകളിലും പ്രവൃത്തികളിലും ശക്തിയുള്ള പ്രവാചകനായ യേശു പിശാചുബാധയില്‍ നിന്ന് ഒരുവനെ മോചിപ്പിക്കുന്ന പ്രവൃത്തിയിലൂടെ തന്നെത്തന്നെ വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷവായനയിലെ വിവരണത്തിന്‍റെ കേന്ദ്രമായി വരിക.

     യേശു സാബത്തുദിവസം കഫര്‍ണാമിലെ സിനഗോഗില്‍ പ്രവേശിച്ച് പഠിപ്പിക്കാനാരംഭിക്കുന്നു.  ജനം അവന്‍റെ വാക്കുകളില്‍ അതിശയിച്ചു.  കാരണം, അവ  സാധാരണ വചനങ്ങളായിരുന്നില്ല. അവര്‍ പതിവായി കേള്‍ക്കാറുള്ളവയുമായി സാമ്യമില്ലാത്ത പ്രബോധനമായിരുന്നു അത്. എന്നു പറഞ്ഞാല്‍, യേശു പഠിപ്പിച്ചത് അധികാരത്തോടെയാണ്.  മുന്‍പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി  പഠിപ്പിക്കുന്ന വെറും മനുഷ്യനല്ല, മറിച്ച്, ദൈവത്തില്‍ നിന്നു വരുന്നവനാണ് താനെന്ന് തന്നെത്തന്നെ വെളിപ്പെടുത്തുകയാണ് ഇതിലൂടെ .  യേശുവിന്‍റെ പ്രബോധനം സമ്പൂര്‍ണ ആധികാരികതയുടേതായിരുന്നു.  അവിടുത്തെ പ്രബോധനം പുതിയതായിരുന്നു, ജനം അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടതുപോലെ, ''അധികാരത്തോടെയുള്ള പുതിയ പ്രബോധനമായിരുന്നു'' (വാ 27).

     അതേസമയം തന്നെ, അവിടുന്നു പ്രവൃത്തിയിലും ശക്തനായിരുന്നു.  കഫര്‍ണാമിലെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധിച്ച ഒരു മനുഷ്യന്‍ തന്നെത്തന്നെ ഇങ്ങനെ വെളിപ്പെടുത്തുകയാണ്: ''നസ്രായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്‍റെ പരിശുദ്ധന്‍'' (വാ. 24). പിശാച് സത്യം പറയുന്നു: യേശു വന്നിരിക്കുന്നത് പിശാചിനെ നശിപ്പിക്കാനാണ്, അതെ പിശാചിനെ നശിപ്പിക്കാന്‍, അവനെ വിജയിക്കാന്‍.  ഈ അശുദ്ധാത്മാവ് യേശുവിന്‍റെ ശക്തി അറിയുകയും അവിടുത്തെ പരിശുദ്ധിയെ പ്രഘോഷിക്കുകയും ചെയ്യുന്നു.  യേശു ഇങ്ങനെ പറഞ്ഞ് അവനെ ശാസിക്കുന്നു: ''നിശ്ശബ്ദനായിരിക്കുക, അവനെ വിട്ടു പുറത്തുവരിക'' (വാ. 25).  ഇത്ര കുറച്ചു വാക്കുകള്‍ മതിയായിരുന്നു യേശുവിനെ പിശാചിന്‍റെ മേല്‍ വിജയം വരിക്കാന്‍. അവന്‍ ആ മനുഷ്യനെ തള്ളിവീഴ്ത്തി, ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു എന്ന് സുവിശേഷം പറയുന്നു (വാ 26).

     അവിടെ കൂടിയിരുന്നവരെ ഈ വസ്തുത അത്ഭുതപ്പെടുത്തി, എല്ലാവരും ഭയപ്പെട്ട് പരസ്പരം പറഞ്ഞു: ''ഇതാര്? അശുദ്ധാത്മാക്കളോടു പോലും അവന്‍ ആജ്ഞാപിക്കുന്നു, അവ അനുസരിക്കുകയും ചെയ്യുന്നു'' (വാ. 27). യേശുവിന്‍റെ പ്രബോധനത്തിന്‍റെ ആധികാരികത തന്‍റെ പ്രവൃത്തിയുടെ ശക്തികൊണ്ടും സ്ഥിരീകരിക്കുന്നു. അങ്ങനെ, ദൈവത്തിന്‍റെ പദ്ധതി, യേശു തന്‍റെ വാക്കുകളും പ്രവൃത്തികളും വഴി പ്രത്യക്ഷമാക്കുന്നു.  വാസ്തവത്തില്‍, സുവിശേഷത്തില്‍ നാം യേശുവിനെ കാണുന്നത്, അവിടുത്തെ ഭൗമികദൗത്യത്തില്‍, ദൈവസ്നേഹം തന്‍റെ പ്രഘോഷണത്തിലൂടെയും ആവശ്യത്തിലിരിക്കുന്നവരും രോഗികളും കുഞ്ഞുങ്ങളും പാപികളും ആയവരുടെ കാര്യങ്ങളില്‍ ശ്രദ്ധയോടെ അവരെ സഹായിച്ചുകൊണ്ടും ഉള്ള എണ്ണമറ്റ പ്രവര്‍ത്തനങ്ങളിലൂടെയും ആയിരുന്നു.

     യേശു, വാക്കിലും പ്രവൃത്തിയിലും ശക്തനായ നമ്മുടെ ഗുരുവാണ്. യേശു നമ്മുടെ വഴികളെ പ്രകാശിപ്പിച്ചുകൊണ്ട്,  നമ്മുടെ അസ്തിത്വത്തിന്‍റെ തന്നെ ഇരുളടഞ്ഞ വഴികളെയും പ്രകാശിപ്പിച്ചുകൊണ്ട് നമ്മോടു സമ്പര്‍ക്കം പുലര്‍ത്തു ന്നു.  അതുപോലെതന്നെ, നമ്മുടെ പ്രയാസങ്ങളെ, പരീക്ഷണങ്ങളെ, പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനാവശ്യമായ ശക്തിയായും അവിടുന്നു നമ്മോടു സമ്പര്‍ക്കം പുലര്‍ത്തുന്നു. ഈ ദൈവം എത്ര നല്ലവനും ശക്തനുമാണെന്ന് അറിയുന്നതുതന്നെ എത്രവലിയ കൃപയാണെന്നു ചിന്തിക്കാം!  നമ്മുടെ കാര്യത്തില്‍ ശ്രദ്ധയുള്ള, നാം ആവശ്യത്തിലായിരിക്കുന്ന നേരത്ത് വഴി കാണിച്ചുതരുന്ന ഒരു ഗുരുവും സുഹൃത്തുമാണവിടുന്ന്!

     കന്യകാമറിയം, ശ്രവണത്തിന്‍റെ സ്ത്രീ, നമ്മുടെ പരിസരവും നമ്മുടെ ഉള്ളും നിശ്ശബ്ദതയിലാക്കുന്നതിനും, ഈലോകത്തിന്‍റെ കോലാഹലങ്ങള്‍ക്കിടയില്‍, ഏറ്റവും ആധികാരികമായ വാക്കുകള്‍, അതായത്, നമ്മുടെ അസ്തിത്വത്തിന്‍റെ അര്‍ഥമേകി, എല്ലാ അടിമത്തത്തില്‍ നിന്നും, തിന്മയില്‍ നിന്നും നമ്മെ മോചിപ്പിച്ചുകൊണ്ട് ഉദ്ഘോഷിക്കുന്ന അവളുടെ പുത്രന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ നമ്മെ സഹായിക്കട്ടെ.

     ഈ ആശംസയോടെ, പാപ്പാ സന്ദേശമവസാനിപ്പിച്ച് ത്രികാലജപം ചൊല്ലി.  തുടര്‍ന്ന് അപ്പ സ്തോ ലികാശീര്‍വാദം നല്കുകയും ചെയ്തു.

29/01/2018 14:18