2018-01-25 12:14:00

DOCAT LII: ''തൊഴില്‍മേഖലയിലെ സമകാലികപ്രശ്നങ്ങള്‍''


ഡുക്യാറ്റ്, അതിന്‍റെ  ''തൊഴിലും ദൈവനിയോഗവും'' എന്ന ആറാമധ്യായത്തില്‍ 150 മുതല്‍ 153 വരെയുള്ള നാലു ചോദ്യോത്തരങ്ങളിലൂടെ  തൊഴില്‍ മേഖലയിലെ ചില സമകാലീന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്   . ആദ്യ മൂന്നുചോദ്യങ്ങള്‍ക്കുത്തരമായി, തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം, ബാലവേല, പ്രവാസികളും തൊഴിലും എന്നീ കാര്യങ്ങളെക്കുറിച്ചും, അവസാനത്തെ ചോദ്യത്തിനുത്തരമായി ഏതൊരു സാമ്പത്തികവ്യവസ്ഥയിലും തള്ളിക്കളയാനാവാത്ത കാര്‍ഷികരംഗത്തെ തൊഴിലിനെക്കുറിച്ചും അനുബന്ധപ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുന്നു.. 

പൊതു തൊഴില്‍ മേഖലയില്‍ ഇന്നു സ്ത്രീകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുന്നുവെന്നു നമുക്കറിയാം.  കുടുംബിനി, അമ്മ എന്നീ നിലകളിലൊക്കെ കുടുംബത്തില്‍ അവളുടെ പ്രത്യേക സാന്നിധ്യം അവശ്യമായിരിക്കുന്ന അവസ്ഥയിലും, തൊഴിലിടങ്ങളില്‍ പലവിധത്തില്‍ ചൂഷണം ചെയ്യപ്പെടാവുന്ന സാഹചര്യത്തിലും തൊഴില്‍മേഖലയില്‍ സ്ത്രീയുടെ സുരക്ഷയെ കരുതുന്ന പ്രത്യേക നിയമത്തിന്‍റെ ആവശ്യം സഭ ഊന്നിപ്പറയുന്നു അതിന്‍റെ 150-ാമത്തെ ചോദ്യത്തില്‍.

ചോദ്യം 150.  തൊഴില്‍ മേഖലയിലെ സ്ത്രീകളെക്കുറിച്ച് കത്തോലിക്കാ സാമൂഹികപ്രബോധനങ്ങളുടെ അഭിപ്രായമെന്ത്?

ഉത്തരം: ഏറെ വികസിച്ച പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം വളരെയേറെ വര്‍ധിച്ചിട്ടുണ്ട്.  സഭ ഇതു സ്വീകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു.  സമൂഹത്തിന്‍റെ എല്ല മേഖലകളിലും സമത്വത്തോടെ വര്‍ത്തിക്കുവാന്‍ സ്ത്രീകള്‍ക്ക് അവകാശം ലഭിക്കണം. ഇതിനു മുന്നോടിയായി സ്ത്രീകളുടെ പ്രത്യേക സാഹചര്യം കണക്കിലെടുക്കേണ്ടതാണ്. ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും, പ്രത്യേകിച്ച് തൊഴില്‍ മേഖലയെ സംബന്ധിച്ച്, നിയമവും സമൂഹവും പ്രത്യേക സുരക്ഷ നല്‍കേണ്ടതാണ്. ലോകത്തിന്‍റെ പലഭാഗങ്ങളിലും ഇതല്ല സംഭവിക്കുന്നത്. പല ഇടങ്ങളിലും സ്ത്രീകള്‍ വിവേചനത്തിനും ചൂഷണത്തിനും വിധേയരാകുന്നുണ്ട്.  രാജ്യവും സമൂഹവും സഭയും ഈ അനീതിയെ നേരിടുവാന്‍ പ്രതിജ്ഞാബദ്ധരായിരിക്കണം.

തൊഴില്‍രംഗത്ത് എല്ലാക്കാലത്തും തന്നെ ചൂഷണവിധേയരായിട്ടുള്ളവരാണ് കുട്ടികള്‍.  കുടുംബങ്ങളി ലെ സാമ്പത്തിക പ്രതിസന്ധി, കുട്ടികളെ തൊഴില്‍ രംഗത്തേയ്ക്ക് എത്തിക്കുന്നു എന്നതും, ഒപ്പം തൊഴില്‍ ദാതാവിനു അവരെ ന്യായമായതൊന്നും നല്‍കാതെ ചൂഷണം ചെയ്യാമെന്നതും നിര്‍ബന്ധിത ബാലവേലയ്ക്കു പ്രോത്സാഹനമായിത്തീരുന്നു.  ഇതു കുട്ടികള്‍ അനുഭവിക്കുന്ന അടിമത്തവും അനീതിയുമാണ് എന്ന സഭയുടെ ശബ്ദം യുക്തിസഹവും ശക്തവുമാണ്.

ചോദ്യം 151.  ബാലവേലയെക്കുറിച്ച് സഭയുടെ സാമൂഹികപ്രബോധനം എന്താണു പറയുന്നത്?

ഉത്തരം: യന്ത്രവത്ക്കരണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ബാലവേലയിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നത് അമേരിക്കയിലും യൂറോപ്പിലും വളരെ വലിയ ഒരു ഉതപ്പായിരുന്നു.  യൂറോപ്പിന്‍റെ വികസ്വരരാജ്യങ്ങളില്‍ ബാലവേല ഇന്നും വ്യാപകമാണ്.  സാമ്പത്തിക പ്രതിസന്ധിയാണ് പല കുടുംബങ്ങളി ലെയും കുട്ടികളെ കൂലിവേലയ്ക്ക് അയയ്ക്കുന്നതിനുള്ള പ്രധാന കാരണം.  കുടുംബവരുമാനത്തിലേയ്ക്ക് കുട്ടികളുടെ സംഭാവന ഇല്ലാതെ തന്നെ ലോകത്ത് എവിടെയും എല്ലാ കുടുംബത്തിനും സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുകയെന്നതായിരിക്കണം ലക്ഷ്യം.  കുട്ടികളുടെ ബൗദ്ധികവും ശാരീരികവുമായ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യത്തിലും ബാലവേല അനുവദനീയമാകരുത്.  കുട്ടികള്‍ അനുഭവിക്കുന്ന അടിമത്തവും ചൂഷണവും അനീതിയാണ് - അത് സ്വര്‍ഗത്തിലേയ്ക്കുയരുന്ന വിലാപമാണ്.

ഇക്കാര്യത്തെക്കുറിച്ചുള്ള ചിന്ത, തൊഴിലാളിപ്രശ്നത്തെക്കുറിച്ചുള്ള പൊതുവായ ചിന്തയ്ക്കു മുമ്പു തന്നെ ഉണ്ടായിരുന്നു എന്നതിനു തെളിവാണ്, ഫ്രാന്‍സ് ജോസഫ് വോണ്‍ ബുസ് എന്ന ചിന്തകന്‍റെ പ്രസംഗം. കാള്‍ മാര്‍ക്സിന്‍റെ ദസ് കാപ്പിറ്റല്‍ എന്ന ഗ്രന്ഥം ഇറക്കുന്നതിനുമുമ്പുതന്നെ, 1837-ല്‍ നടത്തിയ ഈപ്രസംഗത്തില്‍ പറയുന്നു: ''സ്കൂളുകളില്‍ വിദ്യാഭ്യാസം ലഭിക്കാതെ ഫാക്ടറി കളില്‍ ജോലിചെയ്യുന്ന കുട്ടികള്‍ക്ക് ഭാവിയിലേക്കുള്ള സാമ്പത്തികജീവിതമാര്‍ഗം മാത്രമല്ല നഷ്ടപ്പെടുന്നത്. ചില വ്യവസായങ്ങളില്‍ അധ്വാനിക്കുന്ന പരിത്യജിക്കപ്പെട്ട ഈ ചെറു അടിമകളുടെ മനുഷ്യത്വംതന്നെ കുറഞ്ഞുപോകുന്നുണ്ട്. കാരണം, സ്വതന്ത്രമായ ബൗദ്ധികവികസനത്തിന്‍റെ മണ്ഡലത്തിലേയ്ക്കു സ്വയം ഉയരുവാന്‍ അവര്‍ക്കു കഴിയുന്നില്ല''.

കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള അവബോധത്തോടു ചേര്‍ന്നുപോകണം ഭൂമിയെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചുള്ള അവബോധവും.  കാരണം, ഭൂമിയെ ചൂഷണം ചെയ്യുന്നത് കുട്ടികളെ ചൂഷണം ചെയ്യുന്നതാണ്, അവരുടെ ഭാവിയെ ചൂഷണം ചെയ്യുന്നതാണ്. കാരണം, ഇന്നു നമ്മുടെ കൈകളിലെ ഭൂമി, നാളെ അവര്‍ക്കുള്ളതാണ്. അതുകൊണ്ട് അവരെയും അവരുടെ ഭൂമിയെയും നാം സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതുണ്ട്. ആസ്ത്രേലിയന്‍ രാഷ്ട്രതന്ത്രജ്ഞനായ മോസസ് ഹെന്‍ട്രിയുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.

''നമുക്കിഷ്ടമുള്ളതുപോലെ പ്രവര്‍ത്തിക്കാന്‍ നമ്മുടെ മാതാപിതാക്കളില്‍ നിന്നും നമുക്ക് അവകാശമായി കിട്ടിയതല്ല ഈ ഭൂമി. നമ്മുടെ കുട്ടികളില്‍നിന്നും നാം കടംവാങ്ങിയതാണത്. അതിനാല്‍ നമ്മുടെ സ്വന്തമെന്നു കരുതി, കുട്ടികളുടെ താല്‍പ്പര്യമനുസരിച്ച് സൂക്ഷ്മതയോടെ വേണം നാമത് ഉപയോഗിക്കുവാന്‍'' (മോസസ് ഹെന്‍ട്രി കാസ്സ, 1927, ആസ്ത്രേലിയന്‍ രാഷ്ട്രതന്ത്രജ്ഞന്‍)

''എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നവന്‍ ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലു കെട്ടി കടലിന്‍റെ ആഴത്തില്‍ താഴ്ത്തപ്പെടുക യായിരിക്കും'' (മത്താ 18,6) എന്ന സുവിശേഷവചനവും ഇവിടെ ഏറെ പ്രസക്തമാണ്. 

ഇന്നത്തെ പ്രത്യേക സാഹചര്യം, ലോകത്തെ ഒരു ചെറിയ ഗ്രാമമെന്നപോലെ, ഏവര്‍ക്കും പ്രാപ്യമാക്കിയിരിക്കുന്നുവെന്നത് നമുക്കെല്ലാവര്‍ക്കും അനുഭവസ്ഥമാണ്.  അതിനാല്‍ത്തന്നെ പ്രവാസികളായ തൊഴിലാളികളുടെ സാന്നിധ്യം ലോകത്തെവിടെയും നമുക്കു കാണാന്‍ കഴിയും. നമ്മില്‍ പലരും ആ വിഭാഗത്തില്‍ പെടുന്നവരുമാണ്.  അതുകൊണ്ട് പ്രവാസിത്തൊഴിലാളികളോടുള്ള മനോഭാവവും, തൊഴില്‍ രംഗത്ത് അവരോടു കാണിക്കുന്ന നീതിയും നമുക്കു വളരെ പ്രധാനമാണ്.  തുടര്‍ന്നുള്ള ചോദ്യം അതിനെ സംബന്ധിച്ചുള്ളതാണ്.

ചോദ്യം 152.  പ്രവാസികളായ തൊഴിലാളികളോട് നീതിയില്‍ വര്‍ത്തിക്കുന്നതെങ്ങനെ?

ഉത്തരം: ദരിദ്രരാജ്യങ്ങളും വികസിതരാജ്യങ്ങളും പ്രദേശങ്ങളും തമ്മില്‍ വളരെ വലിയ വ്യത്യാസം ഇന്നു ലോകത്തില്‍ നിലനില്‍ക്കുന്നുണ്ട്.  അതിനാല്‍ അനേകം ജനങ്ങള്‍ തൊഴിലിനും വേതനത്തി നുമായി തങ്ങളുടെ വീടുപേക്ഷിച്ച് ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലോ മറ്റു രാജ്യങ്ങളിലോ അഭയം തേടുന്നു. ഇവരെയാണ് പ്രവാസിത്തൊഴിലാളികള്‍ എന്നുപറയുന്നത്.  ഒരു രാജ്യം പ്രവാസിത്തൊഴിലാളികളെ സ്വാഗതംചെയ്യുമ്പോള്‍, ഒരിക്കലും അവരെ രണ്ടാംകിട തൊഴിലാളികളായി കണക്കാക്ക രുത്.  ഒരു വിധത്തിലും പ്രവാസിത്തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല. തദ്ദേശീയരായ തൊഴിലാളികളുടേതുപോലുള്ള അതേ വേതനവും അവകാശങ്ങളും അവര്‍ക്കുണ്ടായിരിക്കണം.  വെറും തൊഴിലാളികളായി കരുതാതെ, മനുഷ്യനെന്ന നിലയിലുള്ള ബഹുമാനം അവര്‍ക്കു നല്‍കേണ്ടതാണ്.  പ്രവാസിത്തൊഴിലാളികള്‍ തങ്ങളുടെ കുടുംബത്തെയും കൂടെ കൊണ്ടുവരുന്നത് അംഗീകരിക്കണം.  സമൂഹത്തിലേയ്ക്കു പ്രവാസിത്തൊഴിലാളികളെ മുഴുവനായി ഉള്‍ച്ചേര്‍ക്കുവാന്‍ സര്‍ക്കാരും വ്യവസായ മേഖലയും സമൂഹവും കടപ്പെട്ടിരിക്കുന്നു.

''പലപ്പോഴും നിയമങ്ങള്‍ പ്രവാസികളെ തകര്‍ക്കുന്നത്ര തവണ പ്രവാസികള്‍ നിയമങ്ങള്‍ തെറ്റിക്കാറില്ല'' (ഹെര്‍ണാര്‍ദോ ദി സോത്തോ, 1941... പെറുവിയന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍)

ചോദ്യം 153.  ലോകത്താകമാനമുളള പെട്ടെന്നുള്ള കാര്‍ഷിക വളര്‍ച്ചയോടു സാമൂഹിക പ്രബോധനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?

ഉത്തരം: ഒരു സമൂഹത്തിന്‍റെ പ്രാദേശികതയെയും സംസ്ക്കാരത്തെയും കൃത്യമായി അടയാളപ്പെടുത്തുന്നതിനു മറ്റേതൊരു സാമ്പത്തിക മേഖലയെക്കാളും കാര്‍ഷികരംഗത്തിനു സാധിച്ചിട്ടുണ്ട്.  അതിനാല്‍ വികസിത രാജ്യങ്ങളില്‍പ്പോലും സുസ്ഥിരമായ രീതിയില്‍ കാര്‍ഷിക രംഗത്തെ സംരക്ഷിക്കേണ്ടത് പ്രാധാന്യമുള്ള കാര്യമാണ്.  ലോകത്തിലെ പല രാജ്യങ്ങളിലും മറ്റേത് സാമ്പത്തികരംഗം പോലെയും കാര്‍ഷികരംഗത്തിനും പ്രത്യേക പ്രാധാന്യം ലഭിച്ചുപോന്നിട്ടുണ്ട്.  പലരും കാര്‍ഷികമേഖലയില്‍ ജോലിചെയ്യുന്നവരുമാണ്.  ലോകത്തിലെ ദരിദ്രരാജ്യങ്ങളിലും പ്രദേശങ്ങളിലും ഇതു സാര്‍ഥകവുമാണ്.  പലപ്പോഴും കൃഷിയിടങ്ങള്‍ ചുരുക്കം ചില ജന്മിമാരുടെ കൈകളിലായിരിക്കും എന്നതാണ് പ്രധാന പ്രശ്നം.  ഭൂസ്വത്തവകാശം ദരിദ്രരെ ചൂഷണം ചെയ്യുന്നിടത്ത്, അതു സമൂഹനന്മയുടെ തകര്‍ച്ചയ്ക്കു കാരണമാകും.  ദേശീയസമ്പദ്വ്യവസ്ഥയുടെ ത്വരിതവികസനപാതയില്‍ അതു തടസ്സം നില്‍ക്കും. കാര്‍ഷികരംഗത്തിന്‍റെ നവീകരണത്തിനും പുതിയ രീതിയിലുള്ള ഭൂവിതരണത്തിനും സഭയുടെ സാമൂഹിക പ്രബോധനം ആഹ്വാനം ചെയ്യുന്നു.  ഇതിനായി നിയമപരമായും ക്രമപരമായും നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.  എന്നുപറഞ്ഞാല്‍, പഴയ അനീതിയെ തകര്‍ക്കുന്നത് പുതിയ അനീതികൊണ്ടാകരുത് എന്നര്‍ഥം.

''കൃഷിപ്പണിക്കു നിരവധിയായ പ്രശ്നങ്ങളുണ്ട്. നിരന്തരമായി ക്ഷീണിപ്പിക്കുന്ന ശാരീരീകാധ്വാനം, സമൂഹം വിലമതിക്കാതിരിക്കല്‍ എന്നിവ അതിലുള്‍പ്പെടുന്നു. ഇതുമൂലം അവര്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്തപ്പെടുന്നു എന്ന തോന്നലുണ്ടാകുകയും അത് അവരെ ഗ്രാമങ്ങളില്‍ നിന്നു പുറത്തുവന്ന് പട്ടണത്തിലേക്കു വരാന്‍ നിര്‍ബന്ധിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇതവരെ കൂടുതല്‍ മനുഷ്യത്വരഹിതമായ അവസ്ഥയിലേക്കു തള്ളിവിടുകയാണു ചെയ്യുന്നത്'' എന്നു വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ലബോറെം എക്സെര്‍ച്ചെന്‍സ് എന്ന രേഖയുടെ 21-ാം നമ്പറില്‍ പറയുന്നുണ്ട്.  മറ്റു വ്യാവസായിക രംഗങ്ങളെ കാര്‍ഷികരംഗത്തെക്കാള്‍, ലാഭകരവും ആകര്‍ഷകവുമെന്നു കരുതു ന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതും, കാര്‍ഷികരംഗത്തെ ജോലിയെ വിലകുറഞ്ഞതും വരുമാനം കുറഞ്ഞതുമായി കണക്കാക്കുന്നതും മാനവകുലത്തിന് നന്മ കൈവരുത്തുകയില്ല.

ജോലിക്കാരുടെ അവകാശത്തെയും അവസ്ഥയെയും പരിഗണിക്കാത്ത, അവര്‍ക്കുള്ള ന്യായവും നീതി യും അംഗീകരിക്കാത്ത തൊഴില്‍ ദാതാക്കളും ദൈവത്തിന്‍റെ നീതിവിധിയില്‍ ഉത്തരം പറയേണ്ടി വരും.  എന്തെന്നാല്‍ കര്‍ത്താവ് ''പക്ഷപാതമില്ലാത്ത ന്യായാധിപനാണ്'' (പ്രഭാ 35,12). സത്യത്തിന്‍റെയും നീതിയുടെയും മാര്‍ഗത്തില്‍ നമ്മെ നയിക്കുന്നതിന് അത്യുന്നതനോടു നമുക്കു പ്രാര്‍ഥിക്കാം.








All the contents on this site are copyrighted ©.