2018-01-23 16:35:00

'മാനവാന്തസ്സ് മാനിക്കുന്ന സാമ്പത്തികവളര്‍ച്ച ആവശ്യം': പാപ്പാ


ജനുവരി 23-26 തീയതികളിലായി സ്വിറ്റ്സര്‍ലണ്ടിലെ ദാവോസ്-ക്ലോസ്റ്റേഴ്സില്‍ (Davos-Klosters) നടക്കുന്ന ആഗോള സാമ്പത്തികഫോറത്തിന്‍റെ വാര്‍ഷികസമ്മേളനത്തിന് പാപ്പാ നല്‍കിയ സന്ദേശത്തിലാണ് ഇപ്രകാരം നിര്‍ദ്ദേശിക്കുന്നത്.  വിഭജിതലോകത്തില്‍ പങ്കാളിത്തമുള്ള ഭാവിയുടെ നിര്‍മ്മിതി (CREATING A SHARED FUTRE IN A FRACTURED WORLD) എന്ന പ്രമേയവുമായി സമ്മേളിക്കുന്ന ഈ ഫോറത്തിന്‍റെ എക്സിക്യുട്ടീവ് ചെയര്‍മാന്‍ പ്രൊഫ. ക്ലാവുസ് ഷ്വാബിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ സന്ദേശത്തില്‍ പാപ്പാ ഇങ്ങനെ എഴുതി:

''2018-ലെ ഈ ആഗോള സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനായി താങ്കള്‍ നല്കിയ ക്ഷണത്തിനും, പരിശുദ്ധ സിംഹാസനത്തിന്‍റെ വീക്ഷണങ്ങളെ ദാവോസിലെ ഈ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള താങ്കളുടെ താല്പര്യത്തിനും ഞാന്‍ കൃതജ്ഞതയുള്ളവനാണ്...  ഈ വര്‍ഷത്തെ സമ്മേളനത്തിന്‍റെ, വിഭജിതലോകത്തില്‍ പങ്കാളിത്തമുള്ള ഭാവിയുടെ നിര്‍മ്മിതി ​എന്ന പ്രമേയം തന്നെ സമയോചിതമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുകയും, പരസ്പരം പിന്താങ്ങുകയും ചെയ്യുന്ന സമൂഹങ്ങളുടെ നിര്‍മിതിക്കുള്ള അടിസ്ഥാനം തേടുന്നതിന് ഈ പ്രമേയം നിങ്ങളെ സഹായിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു...''

രാഷ്ട്രങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള വിഭജനങ്ങള്‍, സാമ്പത്തിക രംഗത്തും, വ്യാപാര ഉടമ്പടികളിലും ഉള്ള സ്വകാര്യതാല്‍പ്പര്യങ്ങളും, അമിതലാഭേച്ഛകളും ആഗോള സാമ്പത്തികമേഖലയില്‍ ഉളവാക്കുന്ന ദുരന്തങ്ങളെക്കുറിച്ചു സൂചിപ്പിക്കുന്ന പാപ്പാ, വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ യെയും ദാരിദ്ര്യത്തിന്‍റെ വിവിധരീതിയിലുള്ള യാഥാര്‍ഥ്യങ്ങളെയും സാമ്പത്തികാസമത്വത്തെയും കു റിച്ച് വ്യക്തതയോടെ സംസാരിക്കുന്നുണ്ട് ഈ സന്ദേശത്തില്‍.  ഈ ഒരു പശ്ചാത്തലത്തില്‍, മനുഷ്യരെ യന്ത്രത്തിന്‍റെ ഭാഗങ്ങളായി കാണുന്ന സാഹചര്യങ്ങളുളവാകാനിടയാകാതെ, അവരുടെ മനുഷ്യ മഹത്വത്തെ മാനിക്കുന്ന അവസരങ്ങളും സമഗ്രവളര്‍ച്ചയെ ലക്ഷ്യം വയ്ക്കുന്ന പദ്ധതികളും മുന്നോട്ടു വയ്ക്കാന്‍ കഴിയുന്ന സാമ്പത്തികനയങ്ങള്‍ക്കായി പാപ്പാ വാദിക്കുന്നു. മനുഷ്യാന്തസ്സു മുറിപ്പെടുന്ന ദശലക്ഷക്കണക്കിനു ജനങ്ങളുടെ സഹനത്തിനുമുമ്പില്‍ നിശ്ശബ്ദരായിരിക്കാന്‍ നമുക്കു കഴിയില്ല എന്നോര്‍മിപ്പിക്കുന്ന പാപ്പാ, പൊതു, സ്വകാര്യതലങ്ങളിലുള്ള അഴിമതിയ്ക്കെതിരെ പോരാടാനും സാമൂഹിക നീതി ഉറപ്പാക്കാനും ലോകരാഷ്ട്രങ്ങളെ ഉപദേശിക്കുന്നു.

സമ്മേളനത്തിന് എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട്, പാപ്പാ നല്‍കുന്ന ഈ സന്ദേശം, ജനുവരി 23-ാംതീയതി ചൊവ്വാഴ്ചയില്‍ ഫോറത്തിന്‍റെ പ്രാരംഭസമ്മേളനത്തില്‍, സമഗ്രമാനവവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്സണ്‍ അവതരിപ്പിച്ചു.








All the contents on this site are copyrighted ©.