2018-01-22 13:05:00

കാബൂളിലുണ്ടായ ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു


അഫിഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ ആഢംബര ഹോട്ടലായ ഇന്‍റര്‍കോണ്ടിനെന്‍റലില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചു.

ശനിയാഴ്ച (20/01/18) രാത്രിയുണ്ടായ ആക്രമണത്തില്‍ വിദേശികളുള്‍പ്പടെ കൊല്ലപ്പെട്ടവരുടെ സംഖ്യ കൃത്യമായി ലഭിച്ചിട്ടില്ലെങ്കിലും 40 ഓളം പേര്‍ വരെ വധിക്കപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താമാധ്യമങ്ങളുടെ നിഗമനം. അനേകര്‍ക്ക്   പരിക്കേല്‍ക്കുകയും ചെയ്തു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ ഐക്യരാഷ്ട്രസഭയുടെ മേധാവി, സെക്രട്ടറി ജനറല്‍ ​അന്തോണിയൊ ഗുട്ടേരെസ് പങ്കുചേരുന്നതായി അദ്ദേഹത്തിന്‍റെ  വക്താവ് അറിയിച്ചു.

മുറിവേറ്റവര്‍ക്ക് ക്ഷിപ്ര സുഖപ്രാപ്തി അദ്ദേഹം ആശംസിക്കുകയും ചെയ്തു.

അഫ്ഖാനിസ്ഥാന്‍റെ വിവരവിനിമയസാങ്കേതികവിദ്യാ മന്ത്രാലയം ഞായറാഴ്ച (21/01/18) നടത്താനിരുന്ന സാങ്കേതികവിദ്യാസമ്മേളനത്തിന്‍റെ വേദിയായിരുന്ന കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ ഒരു വിവാഹവിരുന്നിനെത്തിയ അതിഥികളും താമസിക്കുന്നുണ്ടായിരുന്നു.

ശനിയാഴ്ച രാത്രി ഹോട്ടലില്‍ 4 താലിബാന്‍ ഭീകരര്‍ കടന്നുകൂടുകയും അത്താഴവിരുന്നില്‍ പങ്കെടുക്കുന്നവര്‍ക്കു നേരെ നിറയൊഴിക്കുകയുമായിരുന്നു. തുടര്‍ന്ന്  അവര്‍ മുറികളിലുണ്ടായിരുന്നവരെ ബന്ദികളാക്കുകയും ചെയ്തു.

സുരക്ഷാസേന ഭീകരര്‍ക്കെതിരെ ന‌ടത്തിയ 13 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ അക്രമികള്‍ നാലു പേരും വധിക്കപ്പെട്ടു.

 








All the contents on this site are copyrighted ©.