2018-01-22 18:17:00

നമ്മെ നയിക്കുന്ന ദൈവമായ ‘സ്രഷ്ടാവ്’


സങ്കീര്‍ത്തനം 24-ന്‍റെ  ഒരു ആത്മീയവിചിന്തനം : 


സങ്കീര്‍ത്തനം 24-ന്‍റെ പദങ്ങളുടെ വ്യാഖ്യാനപഠനം കഴിഞ്ഞ നാലു ആഴ്ചകളില്‍ നാം ശ്രവിച്ചതാണ്. ഇന്ന് നാം അതിന്‍റെ ആത്മീയവിചിന്തനത്തിലേയ്ക്ക് കടക്കുകയാണ്. ദാവീദുരാജാവ് രചിച്ച മനോഹരമയ ആരാധനക്രമ ഗീതമാണിതെന്ന് വ്യാഖ്യാനപഠനത്തിലുടെ നാം കണ്ടതാണ്. സ്രഷ്ടാവായ ദൈവത്തെ ഇസ്രായേല്‍ ജനം സ്തുതിക്കുന്നു. ഭൂമിയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചു നല്കിയവന്‍, നദികളും പുഴകളും ആറുകളും കാട്ടാറുകളും നല്കിയവന്‍, ആകാശവും സൂര്യചന്ദ്രാദികളും നക്ഷത്രങ്ങളും നല്കിയവന്‍! അതാരാണ്? അതാരാണ്? എന്നു ചോദിക്കുന്ന സങ്കീര്‍ത്തകന്‍ തന്നെ ഉത്തരം പറയുന്നു. അത് മഹത്വത്തിന്‍റെ രാജാവാണ്. അത് ദൈവമാണ്! അത് സ്രഷ്ടാവായ ദൈവമാണ്!!

സങ്കീര്‍ത്തനം 24 നമ്മെ രാജാവായ ദൈവത്തിലേയ്ക്കും ദൈവരാജ്യത്തിലേയ്ക്കുമാണ് നയിക്കുന്നതെന്ന് പദങ്ങളില്‍നിന്നും നമുക്കു മനസ്സിലാക്കാം. ഭൂമിയെയും അതിലെ സകലത്തിനെയും മനുഷ്യരെ – നമ്മെ ഓരോരുത്തരെയരും – നിങ്ങളെയും എന്നെയും കാത്തുപരിപാലിക്കുന്ന, ഭരിക്കുന്ന, നയിക്കുന്ന മഹത്വത്തിന്‍റെ രാജാവ്, അത് ദൈവമാണ്. അങ്ങനെ നമ്മെയും സകലത്തിനെയും സൃഷ്ടവസ്തുക്കളുടെ ഭൗമികതലത്തില്‍നിന്നും ഒരു അഭൗമ തലത്തിലേയ്ക്ക്, ആത്മീയതലത്തിലേയ്ക്ക് സങ്കീര്‍ത്തനം 24 പടിപടിയായി കൊണ്ടെത്തിക്കുന്നു.

സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.
ആലാപനം ഗാഗുല്‍ ജോസഫും സംഘവും.

Musical Version of Ps.24
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജവ് 
ദൈവം ‘സ്രഷ്ടാവ്’ എന്ന ചിന്തയാണ് വിശ്വാസത്തിലേയ്ക്ക് നമ്മെ നയിക്കുന്നത്. അത് മതാത്മകതയുടെ, മതാത്മ ജീവിതത്തിന്‍റെ മര്‍മ്മവും സത്യവുമാണ്. പ്രപഞ്ചദാതാവ് ഈശ്വരനാണ്. ദൈവവും, അവിടുത്തെ കൃപയുമാണ് ഈ ബ്രഹ്മാണ്ഡത്തെ നല്കിയതും നയിക്കുന്നതും. അതിനെ ചലിപ്പിക്കുന്നതും അവിടുന്നാണ്. സര്‍വ്വത്തിന്‍റെയും ചാലകശക്തി അവിടുന്നാണ്. സ്വയം ചലിക്കാതെ സകലത്തിനെയും - ഈ പ്രപഞ്ചത്തെയും അതിലെ സകലചരാചരങ്ങളെയും ചലിപ്പിക്കുന്നവന്‍ അവിടുന്നാണ്, ദൈവമാണ്! ഒരു വിശ്വാസി അല്ലെങ്കില്‍ ദൈവഭക്തന്‍, എല്ലാറ്റിനെയും ദൈവത്തിലും, ദൈവത്തെ എല്ലാറ്റിലും കാണുന്നു. കര്‍ത്താവിന്‍റെ പ്രവൃത്തികളെപ്പറ്റി ധ്യാനിക്കുന്നവന്‍ അവിടുത്തെ ആരാധിക്കുന്നു. നീലാംബരത്തിന്‍റെ അനന്തതയും, നക്ഷത്രനിബിഡമായ ആകാശവും, പ്രഭാതസന്ധ്യയുടെ വര്‍ണ്ണഭംഗിയും ഘോരവനങ്ങളും പച്ചപ്പട്ട് ഉടുത്തു നില്ക്കുന്ന മാമലകളും, പുഷ്പങ്ങള്‍ നിറഞ്ഞ താഴാവാരകളുമെല്ലാം നമ്മില്‍ ദൈവികചിന്തകള്‍ ഉണര്‍ത്തുകയില്ലേ...!  ഇത് സങ്കീര്‍ത്തകന്‍റെ ആത്മീയ വിചിന്തനംതന്നെയാണ്.

Recitation:
ധരണിയുമതിലെ ജനാവലിയും അതിന്‍
ഭരണവുമതുപോല്‍ സകലതുമേ,
താവകമല്ലോ സകലേശാ
ഭൂവിന്നധിപതി നീയല്ലോ.

ഗീതത്തിലെ ആദ്യത്തെ രണ്ടു പദങ്ങള്‍ അങ്ങനെ സ്രഷ്ടാവിന്‍റെ മഹിമാവിനെ പാടിസ്തുതിക്കുന്നു, വര്‍ണ്ണിക്കുന്നു. അവ നമ്മില്‍ ആത്മീയത വളര്‍ത്തുന്നു. നമ്മെ സ്രഷ്ടാവയ ദൈവത്തിലേയ്ക്കു നയിക്കുന്നു.

Musical Version Ps. 24
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു, മഹത്വത്തിന്‍റെ രാജാവ്.
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്സ
മുദ്രങ്ങള്‍ക്കു മേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ
.

സങ്കീര്‍ത്തനം 24-ന്‍റെ ആദ്യത്തെ രണ്ടു പദങ്ങളുടെ ആത്മീയ വിചിന്തനം സ്രഷ്ടാവ് എന്ന സംജ്ഞ സ്ഥാപിക്കുന്നതാണെങ്കില്‍, തുടര്‍ന്ന് സങ്കീര്‍ത്തകന്‍ നമ്മെ കര്‍ത്താവിന്‍റെ മലയിലേയ്ക്കാണ് നയിക്കുന്നത്. കര്‍ത്താവിന്‍റെ മലയില്‍ ആരു പ്രവേശിക്കും? വീണ്ടും ഒരു ചോദ്യമാണ്. ഉത്തരത്തിലേയ്ക്ക് കടക്കുന്നതിനു മുന്‍പ്, കര്‍ത്താവിന്‍റെ മല, ഇസ്രായേല്യര്‍ക്ക് ഹൊരേബ്, അല്ലെങ്കില്‍ സീനായ് അല്ലെങ്കില്‍ പിന്നെ ജരൂസലേമായിരുന്നു. ദൈവവും നാഥനും രാജാവുമായ യാഹ്വേയുടെ സന്നിധാനം, ഇരിപ്പിടമാണത്. എന്നാല്‍ പിന്നീട് പഴയനിയമത്തില്‍ മനുഷ്യര്‍ സ്രഷ്ടാവായ ദൈവത്തെ അനുസ്മരിക്കുവാനും ആരാധിക്കുവാനും ദേവാലയത്തില്‍ സംഗമിക്കുന്നു, പ്രവേശിക്കുന്നു. ഇതു ചരിത്രത്തില്‍ നാം കാണുന്നു.

പ്രാപഞ്ചികവും പാരിസ്ഥിതികവുമായ ദൈവിക സാന്നിദ്ധ്യത്തില്‍നിന്നും മെല്ലെ ഇസ്രായേല്‍ കടന്നത് കര്‍ത്താവിന്‍റെ മലയിലേയ്ക്കും വിശുദ്ധ സ്ഥലത്തേയ്ക്കും ദൈവാലയത്തിലേയ്ക്കുമാണ്. ഒരു സ്ഥല-കാലാന്തരമായ രൂപഭേദം transition വ്യക്തമാണ്, പ്രകടമാണ്.  ദൈവിക സാന്നിദ്ധ്യത്തിന്‍റെ സ്ഥലമാണ് ദൈവാലയം. സത്യത്തിലും ആത്മാവിലും മനുഷ്യര്‍ ദൈവത്തെ ആരാധിക്കുന്ന ഗേഹമാണ് പ്രാര്‍ത്ഥനാലയം. അങ്ങനെ കൂടാരത്തില്‍ ആദ്യവും, പിന്നീട് ഇരൂസലേമിലും ദൈവിക സാന്നിദ്ധ്യമായിരുന്നു കല്പനകള്‍, കല്പനയുടെ കല്‍ഫലകങ്ങള്‍. അത് ജനതയ്ക്ക് ദൈവജനത്തിന് ദൈവികശബ്ദവും, ദൈവിക മൂല്യവും, അവിടുത്തെ പ്രകാശപൂര്‍ണ്ണമായ ധാര്‍മ്മിക വഴികളുടെ സാന്നിദ്ധ്യപ്രഭയുമായിരുന്നു. അങ്ങനെ ഇസ്രായേലിന്‍റെ ചരിത്രത്തില്‍നിന്നും, സങ്കീര്‍ത്തനം 24-ന്‍റെ പഠനത്തില്‍നിന്നും ചരിത്രത്തില്‍ എപ്രകാരം ദൈവികസാന്നിദ്ധ്യത്തെക്കുറിച്ചുള്ള സ്ഥല-കാല രൂപാന്തരീകരണം, transformation, transition സംഭവിക്കുന്നുവെന്നത് സ്പഷ്ടമാണ്, വ്യക്തമാണ്.

Musical Version of Ps. 24

കര്‍ത്താവിന്‍റെ മലയില്‍ ആരു പ്രവേശിക്കും
അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ ആരു നിലനില്ക്കും
കളങ്കമറ്റ ഹൃദയവും നിര്‍മ്മല മനസ്സുമുള്ളവര്‍
മിഥ്യയുടെമേല്‍ മനസ്സു പതിക്കാത്തവനും
കള്ളസത്യം പറയാത്തവനും.

അങ്ങനെ, വാഗ്ദത്തപേടകം, കല്പനകള്‍ വഹിക്കുന്ന പേടകം പ്രദക്ഷിണമായി അതിനായി ഒരുക്കിയിരിക്കുന്ന സ്ഥാനത്തേയ്ക്കു കൊണ്ടുവരുമ്പോഴാണ് ഇസ്രായേല്‍ ജനം ഈ ഗീതം, സങ്കീര്‍ത്തനം 24 ആലപിക്കുന്നത്. നമുക്ക് ഊഹിക്കാവുന്നതാണ് – ഗീതത്തിന്‍റെ ആത്മീയോദ്ധ്യേശം മനസ്സിലാക്കാവുന്നതാണ്! ജനങ്ങളെ ബാഹ്യവും പ്രാപഞ്ചികവുമായ ഘടകങ്ങളില്‍നിന്നും മെല്ലെ മെല്ലെ രൂപാന്തരപ്പെടുത്തി ശരിയായവയിലേയ്ക്ക്, ജീവിതവഴികളിലേയ്ക്കും ദൈവിക വഴികളിലേയ്ക്കും നിയിക്കുകയാണ്. അത് വിശുദ്ധമായ ജീവിതത്തിന്‍റെ വഴിയാണ്. ദൈവകല്പനകളുടെ വഴിയാണ്. ദൈവത്തെ സ്രഷ്ടാവായി അംഗീകരിക്കുന്ന വഴിയാണ്. ദൈവികവഴിയാണത്. അത് മനുഷ്യര്‍ക്ക് നിര്‍മ്മലമായ ഹൃദയവും മനസ്സും തരുന്ന ജീവിതവീഥിയാണ്.

Recitation:
ദൈവമേ, കയറുവതാരോ നിന്‍ ഗിരിയില്‍‍
കനകമയം നിന്‍ വസതിയിലും?
പരിപാവനമാം കരമുള്ളോര്‍
പരിപൂതം മനമുള്ലോര്‍, ദൈവമേ,
പരിപാവനമാം മനമുള്ളോര്‍ നിന്‍-
സന്നിധിപൂകന്നൂ.

ദൈവത്തിലും സഹോദരങ്ങളിലും ഒരുപോലെ ശ്രദ്ധിയുള്ളൊരു ജീവിതമാണ് സങ്കീര്‍ത്തകന്‍ പദങ്ങളിലൂടെ ഉദ്ബോധിപ്പിക്കുന്നത്. ദൈവിക കല്പനകളെ ആധാരമാക്കിയുള്ള ജീവിതമാണത്, മൂല്യാധിഷ്ഠിത ജീവിതമാണത്, ദൈവിക ജീവനിലുള്ള പങ്കുചേരലാണത്. അതിനാല്‍ നമുക്കിവിടെ സ്ഥാപിക്കാവുന്നത് - വിശ്വാസവും ധാര്‍മ്മികതയും വേര്‍തിരിക്കാന്‍ പാടില്ലാത്തവണ്ണം ബന്ധപ്പെട്ടിരിക്കന്നുവെന്ന സത്യമാണ്. മതം വിശ്വാസസ്ഥാപനമാണ്. മതം മനുഷ്യനിര്‍മ്മിതവുമാണ്. അതിനാല്‍ അതിന് പ്രസക്തിയില്ലെന്നു ചിന്തിക്കുമ്പോഴും, നന്മയുടെ നിര്‍മ്മല മനസ്സുള്ളൊരു ജീവിതത്തിന് മതമെന്ന വിശ്വാസസ്ഥാപനം സഹായകമായിരിക്കും. അത് തീര്‍ച്ചയായും, അങ്ങനെയുള്ള ഒരു ധര്‍മ്മസ്ഥാപനമാണ്, ശ്രേഷ്ഠസ്ഥാപനമാണ്. അത് ദൈവികമാണ്, ദൈവസ്ഥാപനമാണ്. ദൈവസ്ഥാപിതമാണ്.

Recitation:
മുഴുകുകയില്ലവര്‍ മിഥ്യയില്‍
മൊഴിയുകയില്ലവര്‍ വ്യാജങ്ങള്‍
മുകരും ദൈവിക കൃപയെന്നും
മനമോ നീതി പുണര്‍ന്നീടും..
.

ഇത് മഹാകവി, ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്തിന്‍റെ വരികളാണ്.

ദൈവികവഴികള്‍ തേടുന്നവര്‍ മിഥയില്‍ മുഴുകുകയില്ല. അവര്‍ വ്യാജം പറയുന്നില്ല, സത്യസന്ധരാണ് ജീവിക്കുന്നൂ അവര്‍! അവരില്‍ ദൈവകൃപയുണ്ട്, അതിനാല്‍ അവര്‍ നീതിനിഷ്ഠരായിരിക്കും... എന്ന് കവി ആവര്‍ത്തിക്കുന്ന ഈരടികള്‍ സങ്കീര്‍ത്തകന്‍റെ തന്നെ ആത്മീയ വിചിന്തനമാണ്.

Musical Version Ps. 4
കര്‍ത്താവാഗതനാകുന്ന മഹത്വത്തിന്‍റെ രാജാവ്,
ആഗതനാകുന്നു മഹത്വത്തിന്‍റെ രാജാവ്.
ഭൂമിയും അതിലെ നിവാസികളും
ഭൂതലം അതിലെ സമസ്ഥവസ്തുക്കളും കര്‍ത്താവിന്‍റേത്
സമുദ്രങ്ങള്‍ക്കു മേലെ അതിനടിസ്ഥാനമുറപ്പിച്ചതും
നദികള്‍ക്കു മേലെ അതിന്‍റെ സ്ഥാനമുറപ്പിച്ചതും കര്‍ത്താവല്ലോ.








All the contents on this site are copyrighted ©.