2018-01-19 10:05:00

''ഐക്യം ഐകരൂപ്യമല്ല'': പാപ്പായുടെ വചനസന്ദേശം


പാപ്പായുടെ 22-ാമത് അപ്പസ്തോലിക സന്ദര്‍ശനവേളയില്‍, ജനുവരി 17-ാംതീയതി, ചിലിയിലെ തെമൂക്കോയില്‍ ഏതാണ്ടു നാലു ലക്ഷം പേരെ ഉള്‍ക്കൊള്ളുന്ന മാക്ക്വെവേ ദേശീയവിമാനത്താവളത്തോടു ചേര്‍ന്നുള്ള മൈതാനത്തിലായിരുന്നു രാവിലെ 10.30-നുള്ള ബലിയര്‍പ്പണവേദി. അരവ്സനീയന്‍ തദ്ദേശീയജനതകള്‍ പങ്കെടുത്ത ദിവ്യബലി അവരുടെ പരമ്പരാഗത ഗാനങ്ങളാലും കലകളാലും സജീവമായിരുന്നു.  യോഹന്നാന്‍റെ സുവിശേഷം പതിനേഴാമധ്യായത്തിലെ ഐക്യപ്രാര്‍ഥനയെ ആസ്പദമാക്കി പാപ്പാ വചനസന്ദേശം നല്‍കി. 

തദ്ദേശീയഭാഷയില്‍ പ്രഭാതവന്ദനവും, തുടര്‍ന്നു സമാധാനാശംസയും (“Mari, Mari” [Good morning!] “Küme tünngün ta niemün” [“Peace be with you!”)  നേര്‍ന്നശേഷം, രാജ്യത്തിന്‍റെ മനോഹാരിതയെക്കുറിച്ചും, ജനങ്ങളെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ട് പാപ്പാ വചനഭാഗങ്ങളുടെ വ്യാഖ്യാനത്തിലേക്കു കടന്നു.  ഐക്യം എന്നത് തനിമ നഷ്ടപ്പെടുത്തലല്ല എന്നും, ഐക്യത്തിനായി നമ്മുടെ പണിയായുധങ്ങള്‍ എന്തെന്നും വിശദീകരിച്ചുകൊണ്ട്, തദ്ദേശീയജനതകളെയും അവരുടെ പാരമ്പര്യങ്ങളെയും ഐക്യത്തില്‍ കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പ പ്രബോധിപ്പിച്ചു. സന്ദേശസംഗ്രഹം താഴെക്കൊടുക്കുന്നു..

...നമ്മുടെ ഭൂഖണ്ഡത്തിലെ ഈ മനോഹരഭാഗം സന്ദര്‍ശിക്കാനനുവദിച്ചതില്‍ ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. പച്ചവിരിച്ച ഫലഭൂയിഷ്ഠമായ വയലുകളാലും വനങ്ങളാലും സ്രഷ്ടാവിനാല്‍, അനുഗൃഹീ തമായ നാട്... മഞ്ഞുതൊപ്പിയണിഞ്ഞു നില്‍ക്കുന്ന അഗ്നിപര്‍വതങ്ങള്‍, ജീവന്‍ തുടിക്കുന്ന നദികളും തടാകങ്ങളും... നമുക്കുവേണ്ടി ദൈവം ഉയര്‍ത്തിയ പ്രദേശം... അവിടുത്തെ കരവിരുത് ഓരോ സൃഷ്ടിയിലും തെളിഞ്ഞു കാണാം... അനേകതലമുറകളായി സ്ത്രീപുരുഷന്മാര്‍ കൃതജ്ഞതാപൂര്‍വം, തീ ക്ഷ്ണതയോടെ സ്നേഹിച്ച നാട്... സന്ദര്‍ശകരുടെ കണ്ണിലൂടെ നോക്കുമ്പോള്‍, ഈ നാട് നമ്മെ ആവേശം കൊള്ളിക്കുന്നു. എങ്കിലും ഇതിന്‍റെ മണ്ണിലേക്കു നമ്മുടെ കാതു ചേര്‍ത്തുവച്ചാല്‍, ഒരിക്കലും നിശ്ശബ്ദമാക്കാന്‍ കഴിയാത്ത, നൂറ്റാണ്ടുകളിലൂടെയുള്ള അനീതികളുടെ ഫലമായുണ്ടായ സങ്കടങ്ങളുണ്ട് ഈ ദേശത്തിന് എന്ന് അതു കേഴുന്നതു കേള്‍ക്കാന്‍ കഴിയും.  ഈ ദേശത്തെപ്രതിയും ഇവിടുത്തെ ജനങ്ങളെപ്രതിയും ദൈവത്തോടുള്ള നന്ദിയുടെയും അതുപോലെതന്നെ, ഈ ദേശത്തിന്‍റെ സങ്കടങ്ങളുടെയും വേദനകളുടെയും പശ്ചാത്തലത്തിലാണ് ഈ ദിവ്യബലി അര്‍പ്പിക്കപ്പെടുന്നത്... 

സുവിശേഷവായനയില്‍, 'അവരെല്ലാവരും ഒന്നായിരിക്കേണ്ട'തിന്, എന്ന യേശുവിന്‍റെ പിതാവിനോടുള്ള പ്രാര്‍ഥന നാം ശ്രവിച്ചു. അവിടുത്തെ ജീവിതത്തിലെ നിര്‍ണായകമായ നിമിഷത്തില്‍, ഐക്യത്തിനായുള്ള യാചന നാം കേള്‍ക്കുകയാണ്. തന്‍റെ ശിഷ്യന്മാര്‍ക്കും മാനവവംശത്തിനു മുഴുവനും ഉണ്ടാകാനിരിക്കുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്ന്, വിഭാഗീയതയും, മത്സരവും, അടിച്ചമര്‍ത്തലുമായിരിക്കുമെന്ന് അവിടുന്ന് ഹൃദയത്തില്‍ അറിഞ്ഞു.  എന്തുമാത്രം കണ്ണീര്‍ ചിന്തപ്പെട്ടിരിക്കുന്നു! ഇന്ന് നാം യേശുവിന്‍റെ ഈ പ്രാര്‍ഥനയോടു ചേര്‍ന്നു നില്‍ക്കാന്‍, അവിടുത്തോടൊപ്പം, സങ്കടങ്ങളുടെ ഈ പൂന്തോപ്പില്‍ നമ്മുടെ സങ്കടങ്ങളോടുകൂടി പ്രവേശിക്കാന്‍, യേശുവിനോടൊത്ത്, പിതാവിനോട് നാമും ഐക്യത്തിലായിരിക്കുന്നതിനുവേണ്ടി നമുക്കു യാചിക്കാം...

ഐക്യവും ഐകരൂപ്യവും തമ്മില്‍ അര്‍ഥശങ്കയുണ്ടാക്കുന്ന പ്രലോഭനങ്ങളെ നാം പ്രതിരോധിക്കുക ആവശ്യമാണ്.  യേശു പിതാവിനോട്, അവരെല്ലാവരും, തുല്യരും , ഒരുപോലെയുള്ളവരും ആയിരിക്കണമെന്നല്ല, പ്രാര്‍ഥിച്ചത്, കാരണം, ഐക്യമെന്നത്, വ്യത്യസ്തതകളെ നിശ്ശബ്ദമാക്കുന്നതോ, നിര്‍വീ ര്യമാക്കുന്നതോ അല്ല... ഐക്യമെന്നത്, ശക്തരായവരുടെ നിര്‍ബന്ധത്താലുണ്ടാകുന്ന ഐകരൂപ്യവുമല്ല... അത് മറ്റുള്ളവരുടെ നന്മയെ വിലമതിക്കാത്ത തരംതിരിക്കലുമല്ല... ഐക്യമുളവാക്കുന്നതിന്, ഒരു ചിത്രത്തില്‍ വ്യത്യസ്തകളെ ഒരുമിച്ചുചേര്‍ക്കാന്‍ കഴിയുന്ന യഥാര്‍ഥ കലോപാസകരുടെ കഴിവ് ആവശ്യമാണ്... അത് ഒരിക്കലും യാന്ത്രികതയുടേതല്ല...

ഐക്യം നിര്‍മിക്കപ്പെടേണ്ടത്, ഐക്യദാര്‍ഢ്യത്തിലും ആദരവിലുമാണ്.  അനുരഞ്ജനത്തിനും ഐക്യത്തിനും എതിരായി വരുന്ന അക്രമങ്ങള്‍ രണ്ടാണ്.  ഒന്ന്, നാം ഒരിക്കലും പ്രയോഗത്തിലാക്കുകയില്ലാത്ത ആഡംബരപൂര്‍ണമായി നടത്തുന്ന ഉടമ്പടികളാണ്. നല്ല വാക്കുകള്‍, വിശദമായ പദ്ധതികള്‍ - ആവശ്യമായ കാര്യങ്ങളാണ് - പക്ഷെ, നടപ്പിലാക്കുന്നില്ലെങ്കില്‍, ഇത് ഒരു തരത്തിലുള്ള അക്രമമാണ്, കാരണം, ഇതു പ്രതീക്ഷയെ നിരാശപ്പെടുത്തുന്നു... മറ്റൊന്ന്, കുറച്ചുപേരുടെ സ്ഥാനം ഉറപ്പിക്കുന്നതിന്, മറ്റുള്ളവരെ നശിപ്പിക്കുന്നതാണ്... അക്രമം അക്രമത്തെ ജനിപ്പിക്കുന്നു.. നശിപ്പിക്കല്‍, വേര്‍തിരിവിനും, ചിതറിക്കലിനും കാരണമാകുന്നു.  ഈ രണ്ടു സമീപനങ്ങളും, അഗ്നിപര്‍വതത്തില്‍ നിന്ന് ഒഴുകുന്ന ലാവ പോലെയാണ്... അതുപോകുന്ന വഴിയിലെ ജീവനെ മുഴുവന്‍ തുടച്ചുമാറ്റി, ആ പ്രദേശത്തെ വന്ധ്യവും നിര്‍ജ്ജന്യവുമാക്കുന്നു...

''അതുകൊണ്ട് പ്രിയ സഹോദരരേ, ഈ ഭൂമിയുടെ സന്തതികള്‍ക്കുവേണ്ടി, അവരുടെ സന്തതികള്‍ക്കുവേണ്ടി, യേശുവിനോടൊത്ത്, പിതാവിനോടു നമുക്കു പ്രാര്‍ഥിക്കാം, നാമൊന്നായിരിക്കുന്നതിന്, നമ്മെ ഐക്യത്തിന്‍റെ സൃഷ്ടാക്കളാക്കണമേ എന്ന്'' .  ഈ പ്രാര്‍ഥനാഹ്വാനത്തോടെയാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.

 








All the contents on this site are copyrighted ©.