2018-01-19 09:23:00

പാപ്പായുടെ പ്രബോധനങ്ങള്‍ ജീവല്‍ബന്ധിയെന്ന് ഇറ്റാലിയുടെ പ്രസിഡന്‍റ്


"പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനങ്ങള്‍ ജീവല്‍ബന്ധിയാണ്!" 
ഇറ്റാലിയന്‍ പ്രസിഡന്‍റ്, സേര്‍ജൊ മത്തരേലാ പ്രസ്താവിച്ചു.

ജനുവരി 17-Ɔ൦ തിയതി ബുധനാഴ്ച മിലാനില്‍വച്ച് “ക്രൈസ്തവ കുടുംബം” (Famiglia Christiana) എന്ന  വിഖ്യാതമായ ഇറ്റാലിയന്‍ വാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇപ്പോള്‍ ചിലി-പെറു രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ജനാഭിമുഖ്യമുള്ള പ്രബോധനങ്ങളെക്കുറിച്ച് വാഗ്മിയും ചിന്തകനുമായ പ്രസിഡന്‍റ് മത്തരേലാ ഇങ്ങനെ വിശേഷിപ്പിച്ചത്.  വാരികയുടെ മിലാന്‍ ഓഫീസില്‍വച്ചാണ് പ്രസിഡന്‍റ് മത്തരേലാ അഭിമുഖം നല്കിയത്.

പാപ്പായുടെ ജനകീയ സ്വഭാവമുള്ള പ്രബോധനങ്ങള്‍ പാവങ്ങളോടു പ്രതിബദ്ധതയുള്ളതും, മതസൗഹാര്‍ദ്ദവും ജീവല്‍ബന്ധിയും കരുണാര്‍ദ്രവുമാണ്. താന്‍ എന്നും സൂക്ഷ്മമായി നിരീക്ഷിക്കാറുള്ള പാപ്പായുടെ പ്രസംഗങ്ങളും പ്രബോധനങ്ങളും അപ്പസ്തോലിക യാത്രകളുമെല്ലാം ക്രിസ്തുവിന്‍റെ അജപാലന സ്നേഹവും പാപികളെയും പാവങ്ങളെയും തേടിയിറങ്ങുന്ന കാരുണ്യവും വെളിപ്പെടുത്തുന്നുണ്ട്.

സഭയുടെ ആസ്ഥാനം വത്തിക്കാന്‍ ആയിരിക്കുരിക്കുമ്പോഴും, ദാരിദ്ര്യത്തിലും രാഷ്ട്രീയകലാപത്തിലും അമര്‍ന്ന തെക്കെ അഫ്രിക്കന്‍ റിപ്പബ്ളിക്കിന്‍റെ തലസ്ഥാനമായ ബാംക്വിയില്‍ ജൂബിലി കവാടം പാപ്പാ ഫ്രാന്‍സിസ് ആദ്യം തുറന്നു കൊടുത്തു. ഇതാ, ഇവിടത്തെ പാവപ്പെട്ടവരുടെ മദ്ധ്യേയാണ് ദൈവികകാരുണ്യത്തിന്‍റെ ആത്മീയകവാടവും ജൂബിലിയാഘോഷവുമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിക്കുകയായിരുന്നു ഇതുവഴി. അങ്ങനെ പാപ്പാ പതിവുകള്‍ തെറ്റിക്കുക മാത്രമല്ല, ക്രിസ്തു പ്രബോധിപ്പിച്ച സുവിശേഷമൂല്യങ്ങള്‍ മൗലികമായി ജീവിച്ചു കാണിക്കുകയുമാണ് പാപ്പാ ചെയ്യുന്നത്. പാപ്പാ ഫ്രാന്‍സിസുമായി താന്‍ നടത്തിയിട്ടുള്ള രണ്ടു നേര്‍ക്കാഴ്ചകളിലും – ഒന്ന് വത്തിക്കാനിലും രണ്ടാമത്തേത് കൂരിനാലെ പ്രസിഡന്‍ഷ്യല്‍ മന്ദിരത്തിലും, പിന്നെ അദ്ദേഹത്തിന്‍റെ മൗലികമായ വീക്ഷണമുള്ള ധാരാളം സംഭവങ്ങളിലും ലാറ്റിനമേരിക്കന്‍ പാപ്പാ തന്നെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്നുവെന്ന് പ്രസിഡന്‍റ് മത്തരേലാ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇറ്റിലി മൂല്യങ്ങളുടെയും സാംസ്ക്കാരിക സമ്പത്തിന്‍റെയും 'യൂറോപ്പിന്‍റെ തുറമുഖ'മാകുന്നത് ഇവിടത്തെ ജനങ്ങള്‍ ആത്മീയവും മാനുഷികവുമായ നന്മയുടെ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും, ആ മൂല്യങ്ങള്‍ ജീവിക്കുകയും ചെയ്യുമ്പോഴാണെന്നും പ്രസിഡന്‍റ് മത്തരേലാ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. 








All the contents on this site are copyrighted ©.