2018-01-18 08:32:00

പാപ്പായുടെ ചിലി സന്ദര്‍ശനം-രണ്ടാം ദിനം


പതിനഞ്ചാം തിയതി തിങ്കളാഴ്ച തെക്കെ അമേരിക്കയിലെ പടിഞ്ഞാറെതീര രാഷ്ട്രമായ ചിലിയില്‍ എത്തിയ ഫ്രാന്‍സീസ് പാപ്പായുടെ ചൊവ്വാഴ്ചത്തെ ഇടയസന്ദര്‍ശനപരിപാടികളിലൂടെ.

ചിലി സമയത്തില്‍ ഇന്ത്യയെക്കാള്‍ 8 മണിക്കൂറും 30 മിനിറ്റും പിന്നിലാണ്. 

“നാണയം” എന്നര്‍ത്ഥം വരുന്ന “ല മൊണേദ” മന്ദിരത്തില്‍ വച്ച് ഭരണാധികാരികളും പൗരസമൂഹത്തിന്‍റെ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച. ചിലിയുടെ സ്ഥാനമൊഴിയുന്ന പ്രസഡന്‍റ്  ശ്രീമതി മിഷേല്‍ ബാച്ചെലെത്ത് ഹെറീയയുമായുള്ള സൗഹൃദ സമാഗമം, ഓ ഹിഗ്ഗിന്‍സ്   പാര്‍ക്കില്‍ വച്ച് സമാധാനവും നീതിയും നിയോഗമായുള്ള ദിവ്യബലി, സന്ധ്യാഗൊയില്‍ വനിതകള്‍ക്കായുള്ള തടവറ സന്ദര്‍ശിക്കല്‍, വൈദികരും സമര്‍പ്പിതരും വൈദികാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച, ചിലിയിലെ മെത്രാന്മാരുമായുള്ള നേര്‍ക്കാഴ്ച, ഇശോസഭാംഗമായ വിശുദ്ധ ആല്‍ബര്‍ട്ട് ഹുര്‍ത്താദൊയുടെ ഭൗതികാവശിഷ്ടം സൂക്ഷിക്കപ്പെടുന്ന കപ്പേളയില്‍ സ്വകാര്യ സന്ദര്‍ശനം ഇവയായിരുന്നു പാപ്പായുടെ ഇടയസന്ദര്‍ശനാജന്തയില്‍ ചൊവ്വാഴ്ച (16/01/18)

പ്രസിഡന്‍റ് ശ്രീമതി മിഷേല്‍ ബാച്ചെലെത്ത് ഹെറീയയുമായുള്ള കൂടിക്കാഴ്ചാനന്തരം ഫ്രാന്‍സീസ് പാപ്പാ “ല മൊണേദ” മന്ദിരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള “ഓ ഹിഗ്ഗിന്‍സ്” പാര്‍ക്കിലേക്ക് കാറില്‍ യാത്രയായി. ചിലിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ ബെര്‍ണ്ണാര്‍ദൊ ഓ ഹിഗ്ഗിന്‍സിന്‍റെ നാമത്തിലുള്ളതാണ് ഈ പാര്‍ക്ക്. ചിലിയിലുള്ള പൊതു പാര്‍ക്കുകളില്‍ വലിപ്പംകൊണ്ട് രണ്ടാം സ്ഥാനത്തു നില്ക്കുന്നതാണ് തലസ്ഥാനനഗരിയായ സന്ധ്യാഗൊയുടെ മദ്ധ്യത്തില്‍ 7ലക്ഷത്തി എഴുപതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പാര്‍ക്ക്.  ഈ പാര്‍ക്കില്‍ 6 ലക്ഷം പേര്‍ക്ക് സ്ഥലസൗകര്യമുണ്ട്.

ഈ പാര്‍ക്കിലായിരുന്നു ബലിവേദി ഒരുക്കിയിരുന്നത്. സ്ഥലത്തെത്തിയ പാപ്പാ കാറില്‍ നിന്നിറങ്ങി, തന്നെ എല്ലാവര്‍ക്കും കാണത്തക്കവിധം സജ്ജീകരിച്ചുട്ടുള്ള പേപ്പല്‍ വാഹനത്തിലേറി വിശ്വാസികളുടെ സമൂഹത്തെ വലം വച്ചു. 4 ലക്ഷത്തിലേറെപ്പേര്‍  ദിവ്യബലിക്കെത്തിയിരുന്നു. മഞ്ഞയും വെള്ളയും വര്‍ണ്ണങ്ങള്‍ ചേര്‍ന്ന പേപ്പല്‍ പതാകയും, വെള്ള ചുവപ്പ് നീല നിറങ്ങളും നീലയില്‍ ധവളനക്ഷത്രമുള്ളതുമായ ചിലിയുടെ പതാകയും വീശിയിയും താളത്തിലാടിയും തന്നെ അഭിവാദ്യം ചെയ്യുന്ന ജനങ്ങളെ പ്രത്യഭിവാദ്യംചെയ്തുകൊണ്ട്  പാപ്പാ വാഹനത്തില്‍ നീങ്ങവെ പാട്ടും കരഘോഷവും ആരവവുമെല്ലാം ഇടകലര്‍ന്ന് കേള്‍ക്കാമായിരുന്നു.സമാധാനവും നീതിയും ആയിരുന്നു ഈ ദിവ്യബലിയുടെ നിയോഗം.

ലളിതസുന്ദരമായി ഒരുക്കിയിരുന്ന ബലിവേദിയില്‍, അള്‍ത്താരയ്ക്ക് അഭിമുഖമായി നില്‍ക്കുകയാണെങ്കില്‍ അള്‍ത്താരയ്ക്ക് മുന്നിലായി വലത്തുവശത്ത് ഉണ്ണിയേശുവിനെ കൈയ്യിലേന്തിനില്ക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ, കര്‍മ്മലനാഥയുടെ, തിരുസ്വരൂപം പ്രതിഷ്ഠച്ചിരുന്നു.പ്രവേശനഗീതം ആലപിക്കപ്പെട്ടപ്പോള്‍ പാപ്പാ പ്രദക്ഷിണമായി ബലിവേദിയിലെത്തി അള്‍ത്താരയെ വണങ്ങി, ധൂപാര്‍പ്പണം നടത്തി, ചിലിയിലെ മണ്ണിലെ തന്‍റെ   പ്രഥമപരസ്യ ദിവ്യബലിക്ക് സ്പാനിഷ് ഭാഷയില്‍ തുടക്കം കുറിച്ചു.

ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും വിചാരങ്ങളെയും കാത്തുകൊള്ളുമെന്ന് പൗലോസപ്പസ്തോലന്‍ ഫിലിപ്പിയക്കാരെ ഓര്‍മ്മിപ്പിക്കുന്ന ഫിലിപ്പിയര്‍ക്കുള്ള ലേഖനം നാലാം അദ്ധ്യായം 6-9 വരെയുള്ള വാക്യങ്ങളും യേശുവിന്‍റെ ഗിരി പ്രഭാഷണമടങ്ങിയ മത്തായിയുടെ സുവിശേഷം 5:1-12 വരെയുള്ള വാക്യങ്ങളും ആയിരുന്നു ദിവ്യബലിയില്‍ വചനശുശ്രൂഷാവേളയില്‍ വായിക്കപ്പെട്ടത്. വിശുദ്ധഗ്രന്ഥപാരായണാനന്തരം പാപ്പായുടെ വചനസമീക്ഷയായിരുന്നു.

ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട സുവിശേഷത്തിലെ ആദ്യത്തെ വാക്കുകള്‍, അതാത്, “ജനക്കൂട്ടത്തെ കണ്ടപ്പോള്‍” എന്നീ പദങ്ങള്‍ ദ്യോതിപ്പിക്കുന്നത് നമ്മെ കാണാനെത്തുന്ന യേശുവിന്‍റെ മനോഭാവമാണെന്നും ഇതേ മനോഭാവത്തോടുകൂടിയാണ് ദൈവം അവിടത്തെ ജനത്തെ എന്നും വിസ്മയപ്പെടുത്തിയതെന്നും പാപ്പാ ആമുഖമായി പറഞ്ഞു. സ്വന്തം ജനത്തെ കാണുക, അവരുടെ മുഖത്തേക്കു നോക്കുക, ഇതാണ് യേശുവിന്‍റെ പ്രഥമ മനോഭാവം- പാപ്പാ തുടര്‍ന്നു. ഈ മുഖങ്ങള്‍ ദൈവത്തിന്‍റെ  അഭൗമസ്നേഹത്തെ ചലനാത്മകമാക്കുന്നു. ആശയങ്ങളൊ സിദ്ധന്താങ്ങളൊ അല്ല, പ്രത്യുത, വദനങ്ങളാണ്, വ്യക്തികളാണ് യേശുവിനെ ചലിപ്പിക്കുന്നത്.

സുവിശേഷസൗഭാഗ്യങ്ങള്‍ പിറവിയെടുക്കുന്നത് യാഥാര്‍ത്ഥ്യത്തിന്‍റെ നേര്‍ക്കുള്ള നിഷ്ക്രിയത്വത്തില്‍ നിന്നല്ല. സംഭവിക്കുന്നവയുടെ കണക്കുകള്‍ നിരത്തുന്ന ശോകഭാവമാര്‍ന്ന ഒരു കര്‍ത്താവായി പരിണമിക്കുന്ന ഒരു പ്രേഷകനില്‍ നിന്ന് ഈ സുവിശേഷസൗഭാഗ്യത്തിന് ജന്മംകൊള്ളാന്‍ ഒട്ടും സാധിക്കില്ല.... മറിച്ച് സുവിശേഭാഗ്യങ്ങളുടെ ഉറവി‍ടം അനുഗ്രഹീതമായ ഒരു ജീവിതം ആഗ്രഹിക്കുകയും അതിനായി ദാഹിക്കുകയും ചെയ്യുന്ന സ്ത്രീപുരുഷന്മാരുമായി  സഹാനുഭൂതിയാര്‍ന്ന   ഹൃദയത്തോടെ കണ്ടുമുട്ടുന്ന യേശുവിന്‍റെ ആ ഹൃദയത്തില്‍ നിന്നാണ്. സഹനങ്ങളും നഷ്ടങ്ങളും അനുഭവച്ചറിഞ്ഞവരാണ് ഈ മനുഷ്യര്‍. കാലുറപ്പിക്കാനാകത്തവിധം നില്ക്കുന്നിടം കുലുങ്ങുമ്പോഴും സ്വപ്നങ്ങള്‍ തകരുമ്പോഴും, ജീവിതത്തില്‍ പടുത്തുയര്‍ത്തിയവ തകര്‍ന്നടിഞ്ഞ് ഒഴുകിപ്പോകുമ്പോഴുമുള്ള വേദനയറിഞ്ഞവര്‍. എന്നിരുന്നാലും മുന്നേറുന്നതിനുള്ള നിശ്ചയദാര്‍ഢ്യമുള്ളവരാണ്, പോരാടുന്നവരാണ് അവര്‍. അവര്‍ക്ക് പുനര്‍നിര്‍മ്മിക്കാനും പുനരാരംഭിക്കാനുമറിയാം.

പുനര്‍നിര്‍മ്മാണത്തിലും പുനരാരാംഭത്തിലും എത്രമാത്രം വിദഗ്ദ്ധമാണ് ചിലിയിലെ ജനങ്ങളുടെ ഹൃദയങ്ങള്‍! നിരവധിയായ പതനങ്ങള്‍ക്കു  ശേഷം വീണ്ടും എഴു്ന്നേല്‍ക്കുന്നതില്‍ നിങ്ങള്‍ എത്രമാത്രം സമര്‍ത്ഥരാണ്! ആ ഹൃദയത്തോടാണ് യേശുവിന്‍റെ അഭ്യര്‍ത്ഥന.

സകലവും അറിയാമെന്നു ഭാവിക്കുകയും എന്നാല്‍ ഒരുത്തരവാദിത്വവു ഏറ്റെടുക്കാതിരിക്കുകയും ആരോടും പ്രതിബദ്ധത പുലര്‍ത്താതിരിക്കുകയും അങ്ങനെ സമൂഹത്തിന്‍റെ രൂപാന്തരീകരണ പുനര്‍നിര്‍മ്മാണ പ്രക്രിയകള്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ വിമര്‍ശാനാത്മകമായ മനോഭാവങ്ങളില്‍ നിന്നല്ല, മറിച്ച്, പ്രത്യാശപുലര്‍ത്തുന്നതില്‍ ഒരിക്കലും തളരാത്ത കരുണാര്‍ദ്രമായ ഹൃദയത്തില്‍ നിന്നാണ് സുവിശേഷഭാഗ്യങ്ങള്‍ ജന്മംകൊള്ളുക. ഒരു പുതിയദിനത്തെക്കുറിച്ച്, അച‍ഞ്ചലത്വത്തിന്‍റെ വേരുകള്‍ പിഴുതെറിയുന്നതിനെക്കുറിച്ച്, നിഷേധാത്മകത ഉരിഞ്ഞുകളയുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാണത്.

ദരിദ്രരും കരയുന്നവരും പിഢിതരും വേദനിക്കുന്നവരും മാപ്പേകിയവരും ഭാഗ്യവാന്മാരാ​ണെന്ന് പറഞ്ഞുകൊണ്ട് യേശു വരുന്നത്, മാറ്റം സാധ്യമല്ല എന്നു വിശ്വസിക്കുന്നവരുടെ ആ തളര്‍വാതസമാനമായ ആ നിശ്ചലാവസ്ഥയെ തൂത്തെറിയുന്നതിനാണ്.

നമ്മു‌ടെ ഉറ്റബന്ധങ്ങളെ അട്ടിറിക്കുകയും നമ്മെഭിന്നിപ്പിക്കുകയും ചെയ്യുന്ന നിഷേധാത്മകമായ അടിയൊഴുക്കുകളുടെ ഭീഷണിക്കുമുന്നില്‍ യേശു പറയുന്നു അനുരഞ്ജനത്തിനായി പരിശ്രമിക്കുന്നവര്‍ ഭാഗ്യവാന്മാരെന്ന്. മറ്റുള്ളവര്‍ സമാധനത്തില്‍ ജീവിക്കുന്നതിനുവേണ്ടി കൈകളില്‍ അഴുക്കു പറ്റിക്കുകയും പരിശ്രമിക്കുകയും ചെയ്യാനറിയാവുന്നവര്‍ സന്തോഷവാന്മാര്‍. അങ്ങനെ സുവിശേഷഭാഗ്യങ്ങള്‍ നമ്മെ സമാധാനത്തിന്‍റെ ശില്‍പിക്കളാക്കി മാറ്റും. നമ്മുടെ ഇടയില്‍ അനുരഞ്ജനാരൂപിക്ക് ഇടം ലഭിക്കുന്നതിനായി പരിശ്രമിക്കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. നിനക്ക് ആനന്ദം വേണോ, എങ്കില്‍ സമാധാനത്തിനായി പരിശ്രമിക്കുക. സന്ധ്യാഗൊയ്ക്ക് ലഭിച്ച ഒരു മഹാ ഇടയനെ ഓര്‍ക്കാതിരിക്കാനാകില്ല. കര്‍ദ്ദിനാള്‍ റവൂള്‍ സില്‍വ ഹെന്‍റീക്കെസ്, അദ്ദേഹം ഒരു എക്യുമെനിക്കല്‍ കൃതജ്ഞതാ ശുശ്രൂഷാവേളയില്‍ നല്കിയ വചനസന്ദേശത്തില്‍ ഇപ്രകാരം പറഞ്ഞു:” നീ സമാധാനം ആഗ്രഹിക്കുന്നുവോ എങ്കില്‍ നീതിക്കായി പ്രവര്‍ത്തിക്കുക” എന്താണ് നീതി എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കില്‍, അല്ലെങ്കില്‍, മോഷ്ടിക്കാതിരിക്കുന്നതാണ് നീതിയെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അവരോടു നമുക്ക് പറയാം മറ്റൊരു നീതി ഉണ്ടെന്ന്. ഓരോ മനുഷ്യവ്യക്തിയും മനുഷ്യവ്യക്തിയായികാണപ്പെടണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ആ നീതി.  

ആര്‍ക്കും തിന്മ ചെയ്യുന്നില്ല എന്നു പറഞ്ഞാല്‍ മതിയാകില്ല എന്ന് സമാധാനപ്രവര്‍ത്തകനറിയാം. വിശുദ്ധ ആല്‍ബെര്‍ട്ട് ഹുര്‍ത്തൊദൊ പറഞ്ഞിരുന്നതു പോലെ “തിന്മ പ്രവര്‍ത്തിക്കാതിരിക്കുന്നത് വളരെ നല്ലതുതന്നെ, എന്നാല്‍ നന്മ ചെയ്യാതിരിക്കുന്നത് ഏറെ ദോഷകരമാണ്”

സമാധാനം കെട്ടിപ്പടുക്കുകയെന്നത് നമ്മെ ഒന്നിപ്പിക്കുകയും എന്‍റെ അയല്‍ക്കാരനെ ഒരു അന്യനായും അപരിചിതനായും കാണാതെ ഈ മണ്ണിന്‍റെ ഒരു സന്തതിയായി കാണാന്‍ പ്രാപ്തരാക്കുന്ന ബന്ധങ്ങള്‍ക്ക് ജന്മമേകാന്‍ കഴിവുറ്റ രചനാത്മകതയ്ക്ക് പ്രചോദനം പകരുകയും ചെയ്യും.

സുവിശേഷപ്രഭാഷണാന്തരം ദിവ്യപൂജ തുടര്‍ന്ന പാപ്പാ കാഴ്ചവസ്തുക്കള്‍ ബലിവേദിയിലേക്കു കൊണ്ടുവന്ന ബാലികാബാലന്മാരെ ശിരസ്സില്‍ കൈവച്ച് അനുഗ്രഹിച്ചു.

സാഘോഷമായ സമൂഹദിവ്യബലിയുടെ സമാപനത്തില്‍ പാപ്പാ ഉണ്ണിയേശുവിനെ കൈയ്യിലേന്തിനില്ക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ  തിരുസ്വരൂപത്തിനു മുന്നിലെത്തി ഉണ്ണിയേശുവിന്‍റെ  ശിരസ്സില്‍ കിരീടമണിയിച്ചു.

ദിവ്യബലിക്കുശേഷം പാപ്പാ  18 കിലോമീറ്റര്‍ അകലെയുള്ള അപ്പസ്തോലിക് നണ്‍ഷിയേച്ചറില്‍, അതായത്, ചിലിയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ പ്രതിനിധിയായ അപ്പസ്തോലിക് നുണ്‍ഷ്യോയുടെ ഔദ്യോഗിക വസതിയില്‍ എത്തി ഉച്ചഭക്ഷണം കഴിച്ചു. അടുത്ത പരിപാടി, അവിടെ നിന്ന് 11 കിലോമീറ്റര്‍ അകലെ, വിശുദ്ധ ജൊവാക്കിമിന്‍റെ നാമത്തിലുള്ള "സാന്‍ ഹൊവാക്കിന്‍” തടവറ സന്ദര്‍ശനമായിരുന്നു.

സ്ത്രീകള്‍ക്കായുള്ള ഈ കാരാഗൃഹത്തില്‍ 855 പേര്‍ക്കാണ് സൗകര്യമുള്ളതെങ്കിലും അതില്‍ കൂടുതല്‍ തടവുകാര്‍, 1400 ഓളം പേര്‍ വരെ അതിലടയ്ക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 600 ഓളം പേര്‍ അതില്‍ കഴിയുന്നു. 1864 ഏപ്രില്‍ 24 മുതല്‍ 1996 മെയ് 31 വരെ നല്ലിടയന്‍റെ സന്ന്യാസിനി സമൂഹത്തെയായിരുന്നു സര്‍ക്കാര്‍ ഇതിന്‍റെ മേല്‍നോട്ടം ഏല്പിച്ചിരുന്നത്. ചിലിയിലെ വനിതാകുറ്റവാളികളില്‍ 45 ശതമാനവും സന്ധ്യാഗൊയിലെ ഈ കാരാഗൃഹത്തിലാണ് കഴിയുന്നത്.

സാന്‍ ഹൊവാക്കിന്‍ ജയിലെത്തിയ പാപ്പായെ ജയിലധികാരിയും അവിടത്തെ 5 അജപാലന ശുശ്രൂഷകരും ചേര്‍ന്ന് സ്വീകരിച്ചു.  കാറില്‍ നിന്നിറങ്ങിയ പാപ്പാ പുഷ്പാലംകൃത കമാനത്തോടുകൂടിയതും പലവര്‍ണ്ണത്തോരണങ്ങള്‍ തൂക്കിയതുമായ വേദിയിലേക്കു കടക്കുന്നതിനു മുമ്പ് പ്രവേശന കവാടത്തിനുമുന്നില്‍ കൈക്കുഞ്ഞുങ്ങളുമായി നിരന്നിരുന്ന തടുവുകാരികളായ അമ്മമാരുടെ അടുത്തു അല്സമയം ചിലവഴിക്കുകയും അവരെ ശ്രവിക്കുകയും ചെയ്തു. തദ്ദനന്തരം വേദിയിലേക്കു നീങ്ങിയ പാപ്പായെ വെള്ളത്തൂവാലകള്‍ വീശി കാരഗൃഹവാസികളും അവരുടെ കുഞ്ഞുങ്ങളും സ്വാഗതം ചെയ്തു. 500ലേറെപ്പേര്‍ അവിടെ സന്നിഹിതരായിരുന്നു.  ചിലിയുടെ പ്രസിഡന്‍റ് ശ്രീമതി മിഷേല്‍ ബച്ചെലേത്തും അവിടെ സന്നിഹിതയായിരുന്നു. വേദിയിലെത്തിയ പാപ്പായെ ജയിലിലെ അജപാലനശുശ്രൂഷയുടെ ചുമതലയുള്ള സന്ന്യാസിനി പാപ്പായെ സ്വാഗതം ചെയ്തു.

തുടര്‍ന്ന് യുവതടവുകാരിയായ ജാനെറ്റിന്‍റെ സാക്ഷ്യമായിരുന്നു. തദ്ദനന്തരം തടവുകാരികളുടെ ഒരു ഗാനമായിരുന്നു. ഗാനാലാപനം അവസാനിച്ചപ്പോള്‍ പാപ്പാ അവരെ സംബോധനചെയ്തു.

വേദനകള്‍ പങ്കുവയ്ക്കുകയും ധീരതയോടെ മാപ്പപേക്ഷിക്കുകയും ചെയ്തുകൊണ്ട് ജീവിതസാക്ഷ്യമേകിയ ജാനെറ്റിന്‍റെ വാക്കുകള്‍ക്ക് നന്ദിയര്‍പ്പിച്ച പാപ്പാ അവളുടെ ധീരതയും എളിമയുമാര്‍ന്ന മനോഭാവങ്ങളില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന് പറഞ്ഞു.

കുറ്റകൃത്യങ്ങളാല്‍ ഞങ്ങള്‍ മുറിപ്പെടുത്തിയ എല്ലാവരോടും ഞങ്ങള്‍ മാപ്പുചോദിക്കുന്നു എന്ന അവളുടെ വാക്കുകള്‍ പാപ്പാ ആവര്‍ത്തിച്ചു. നമെല്ലാവരും, താന്‍ ആദ്യം, മാപ്പു ചോദിക്കേണ്ടിയിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ ഈ മാപ്പപേക്ഷിക്കല്‍ നമ്മെ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ചു.

താന്‍ വേദിയിലെത്തുന്നതിനു മുമ്പ് കൈക്കുഞ്ഞുങ്ങളുമായി തന്നെ കാത്തുനിന്നിരുന്ന അമ്മമാരുമായി കണ്ടുമുട്ടിയത് അനുസ്മരിച്ച പാപ്പാ അവരാണ്, അമ്മയും മക്കളുമാണ് തനിക്ക് സ്വാഗതമേകിയത് എന്ന് പറഞ്ഞു. മാതൃത്വത്തിന്‍റെ പൊരുള്‍ എന്തെന്ന് സൂചിപ്പിക്കാനും പാപ്പാ മറന്നില്ല. മാതൃത്വം ഒരു പ്രശ്നമല്ല, പ്രത്യുത, ഒരു ദാനമാണെന്ന് പാ്പ്പാ ഓര്‍മ്മിപ്പിച്ചു. മക്കള്‍ക്ക് ജന്മമേകിയ അവര്‍ വീണ്ടുമൊരു ജന്മം നല്കലിന്‍റെ വെല്ലുവിളിക്കു മുന്നിലാണെന്നും ഈ ജന്മമേകലാകട്ടെ, തങ്ങള്‍ ജന്മമേകിയ മക്കളെ വളര്‍ത്തുക, വളരാന്‍ സഹായിക്കുക അങ്ങനെ ഭാവിക്ക് ജന്മമേകുക എന്നതാണെന്ന് പാപ്പാ വിശദീകരിച്ചു.

തടവുകാര്‍ ആരും അക്കങ്ങളല്ല, മറിച്ച് വ്യക്തികളാണ്, നാമമുള്ളവരാണ് എന്ന യാഥാര്‍ത്ഥ്യവും പാപ്പാ അനുസ്മരിച്ചു.

പാരതന്ത്ര്യം സ്വപ്നങ്ങളും പ്രത്യാശകളും നഷ്ടപ്പെടുന്നതിന്‍റെ  പര്യായമല്ല എന്ന് ജാനെറ്റ് പറഞ്ഞത് പാപ്പാ അനുസ്മരിക്കുകയും തടവറവാസം കഠിനവും വേദനാജനകവുമാണെങ്കിലും അതിനര്‍ത്ഥം പ്രത്യാശ വെടിയുകയല്ല, സ്വപ്നം കാണാതിരിക്കലല്ല എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

തടവുക്ഷയെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഭാവിക്കു വകനല്കാത്ത ഒരു ശിക്ഷ ഒരിക്കലും മനുഷ്യോചിതമല്ലെന്നും അതു പീഢനമാണെന്നും പറഞ്ഞു. ഭാവിയുടെ ചക്രവാളത്തിലേക്കു നോക്കാന്‍, സാധാരണജീവിതത്തിലേക്കു മടങ്ങുന്നതിലേക്ക് പുനരധിവാസത്തിലേക്കു നയനങ്ങളൂന്നാന്‍ പാപ്പാ അവര്‍ പ്രചോദനം പകരുകയും ചെയ്തു.

കാരാഗൃഹാധികാരികളുടെയും തടവറയില്‍ പ്രവര്‍ത്തിക്കുന്ന സകലരുടെയും സങ്കീര്‍ണ്ണമായ ദൗത്യത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ  മാനവാന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള സഹാചര്യങ്ങള്‍ ഉന്നതാധികാരികള്‍ നല്കട്ടെയെന്ന് ആശംസിക്കുകയും ഔന്നത്യം ഔന്നത്യത്തിനു ജന്മമേകുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.

കാരാഗൃഹവാസികളുടെ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്‍റെ വിചിന്തനം ഉപസംഹരിച്ചത്.

തുടര്‍ന്ന് സമ്മാനങ്ങള്‍ കൈമാറലായിരുന്നു. രണ്ടു തടവുകാരികള്‍ പാപ്പായ്ക്ക് സമ്മാനങ്ങള്‍ നല്കി. പാപ്പാ സമ്മാനിച്ചത് മണ്ണുകൊണ്ടു നിര്‍മ്മിച്ച മാതാവിന്‍റെ മനോഹരമായ വെള്ളനിറത്തിലുള്ള ഒരു രൂപമായിരുന്നു.

ജയില്‍ സന്ദര്‍ശനത്തിനു ശേഷം പാപ്പാ വൈദികരും സന്ന്യാസിന്ന്യാസിനികളും വൈദികാര്‍ത്ഥികളുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി സന്ധ്യാഗൊയിലെ കത്തീദ്രലിലേക്ക് 14 കിലോമീറ്റര്‍ യാത്രചെയ്തു. അവിടെ എത്തിയ പാപ്പായെ സന്ധ്യാഗൊ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് റിക്കാര്‍ദൊ എത്സാത്തി അന്ത്രേല്ലൊ സ്വീകരിച്ച് അകത്തേക്കാനയിച്ചു. ഒരു സമര്‍പ്പിത പാപ്പായ്ക്കു നല്കിയ ഒരു വെള്ള പനിനീര്‍പ്പൂവ് പാപ്പാ മുഖ്യഅള്‍ത്തരയില്‍ സമര്‍പ്പിച്ചു. തദ്ദനന്തരം പാപ്പാ ചിലിയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ കര്‍മ്മലനാഥയ്ക്കു് പുഷ്പമഞ്ജരി സമര്‍പ്പിച്ചു.

തദ്ദനന്തരം വേദിയിലാസനസ്ഥാനായ പാപ്പായെ കര്‍ദ്ദിനാള്‍ അന്ത്രേല്ലൊ സ്വാഗതം ചെയ്തു. തുടര്‍ന്ന് സുവിശേഷവായനയായിരുന്നു. അതിനുശേഷം നടത്തിയ പ്രഭാഷണത്തില്‍ പാപ്പാ പൗരോഹിത്യസമര്‍പ്പിതജീവിതങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ തളരാതെ പൗരോഹിത്യം സ്വീകരിച്ചവേളയില്‍, വ്രതവാഗ്ദാനം നടത്തിയ അവസരത്തില്‍ ഇതാ ഞാന്‍ എന്നു പറഞ്ഞുകൊണ്ടു നടത്തിയ സമര്‍പ്പ​ണം നവീകരിക്കേണ്ടേതിന്‍റെ പ്രാധാന്യം,  യേശു ഉത്ഥാനം ചെയ്തു എന്നറിഞ്ഞിട്ടും അതു മനസ്സിലാക്കാന്‍ സമയമെടുത്ത അപ്പസ്തോലന്മാരുടെ, വിശിഷ്യ പത്രോസിന്‍റെ  പ്രതിസന്ധി എടുത്തുകാട്ടിക്കൊണ്ട് വിശദീകരിച്ചു.

ഈ കുടിക്കാഴ്ചയ്ക്കു ശേഷം പാപ്പാ ചിലിയിലെ മെത്രാന്മാരുടെ പക്കലെത്തി. കത്തീദ്രലിന്‍റെ സങ്കീര്‍ത്തിയായിരുന്നു കൂടിക്കാഴ്ചാവേദി. 34 മെത്രാന്മാരുള്ള ചിലിയിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് സന്ധ്യാഗൊ സില്‍വ റെത്താമാലെസ് പാപ്പായെ സ്വാഗതം ചെയ്തു. മെത്രാന്‍റ വാക്കുകളെത്തുടര്‍ന്ന് പാപ്പായുടെ ഊഴമായിരുന്നു.

പതിവുകളും ശൈലികളും സമയങ്ങളും ഭാഷകളും സഭയുടെ എല്ലാ ഘടനകളും സകലത്തെയും രൂപാന്തരപ്പെടുത്താന്‍ കഴിവുറ്റവയായിത്തീരുന്നതിന് പര്യാപ്തമയാ പ്രേഷതത്വപരവും പ്രവചനപരവുമായ ഒരു ലക്ഷ്യത്തിനായി അനവരതം യത്നിക്കാനും സ്വപ്നം കാണാനുമുള്ള കൃപാവരം ലഭിക്കുന്നതിനായി പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ മെത്രാന്മാര്‍ക്ക് പ്രചോദനം പകര്‍ന്നു. നാളെയെ ഉന്നം വച്ചുകൊണ്ടുള്ള വൈദികരെ വാര്‍ത്തെടുക്കേണ്ടതിന്‍റെ പ്രാധാന്യവും പാപ്പാ ചൂണ്ടിക്കാട്ടി.

ദൈവജനത്തിനിടയില്‍ യജമാനന്മാരല്ല, സേവകര്‍ ആണെന്ന അവബോധം മെത്രാന്മാരും വൈദികരും സമര്‍പ്പിതരും പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകതയും പാപ്പാ ആവര്‍ത്തിച്ചു വ്യക്തമാക്കി.

മെത്രാന്മാരുമായുള്ള സമാഗമാനന്തരം പാപ്പാ കത്തീദ്രലില്‍ നിന്ന് 6 കിലോമീറ്ററകലെയുള്ള വിശുദ്ധ അല്‍ബേര്‍ത്തൊ ഹുര്‍ത്താദൊയുടെ കപ്പേള സന്ദര്‍ശിച്ചു.

ഈശോസഭാംഗമായിരുന്ന വിശുദ്ധ അല്‍ബേര്‍ത്തൊ ഹുര്‍ത്താദൊയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചരിക്കുന്നത് ഇവിടെയാണ്. വിശുദ്ധ അല്‍ബേര്‍ത്തൊ ഹുര്‍ത്താദൊ പരിത്യക്തര്‍ക്കായുള്ള ഭവനമായ ഹൊഗാര്‍ ദി ക്രിസ്തൊയുടെ സ്ഥാപകനാണ്.

ചിലിസ്വദേശികളായ തൊണ്ണൂറോളം ഈശോസഭാവൈദികരും ഹൊഗാര്‍ ദി ക്രിസ്തൊ ഭവനത്തില്‍ കഴിയുന്ന 40ലേറെപ്പേരും പാപ്പായെത്തിയപ്പോള്‍ അവിടെ സന്നിഹിതാരായിരുന്നു. അവരെ അഭിവാദ്യംചെയ്ത പാപ്പ അവരു‍ണ്ടാക്കിയ ഭക്ഷ​ണം ആശിര്‍വ്വദിക്കുകയും അതുണ്ടാക്കിയ കരങ്ങളെയും പങ്കുവയ്ക്കുന്ന കരങ്ങളെയും അനുഗ്രഹിക്കാന്‍ കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്തതിനുശേഷമാണ് അവിടെനിന്ന് പോയത്. തുടര്‍ന്ന് അപ്പസ്തോലിക് നണ്‍ഷിയേച്ചറിലെത്തിയ പാപ്പാ അത്താഴം കഴിച്ച് ചൊവ്വാഴ്ച രാത്രി വിശ്രമിച്ചു.

 








All the contents on this site are copyrighted ©.