2018-01-18 10:09:00

പാപ്പാ ഫ്രാന്‍സിസ് ചിലിയുടെ സഹോദരനും സമാധാന ദൂതനും


ചിലിയന്‍ പ്രസിഡന്‍റ് മിഷേല്‍ ബാചലേയുടെ സ്വാഗതപ്രസംഗത്തില്‍നിന്ന്...

പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം ഐക്യവും സമാധാനവും വളര്‍ത്തുന്നതാണെന്ന്, ചിലിയുടെ പ്രസിഡന്‍റ് ശ്രീമതി മിഷേല്‍ ബാചലേ പ്രസ്താവിച്ചു. ജനുവരി 16-Ɔ൦ തിയതി ചൊവ്വാഴ്ച രാവിലെ സാന്തിയാഗോയിലെ ‘ലാ മൊനേദാ’ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ച വേദിയില്‍ സ്വാഗതം പറയവെയാണ് പ്രസിഡന്‍റ് മിഷേല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഭയപ്പെടാതെ അസമത്വത്തെയും അനീതിയെയും അറിവില്ലായ്മയെയും സ്വാര്‍ത്ഥതയെയും നേരിടാനും, സമൂഹത്തില്‍ പ്രത്യാശയുള്ളൊരു ഭാവി വളര്‍ത്താനും പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ സന്ദര്‍ശനം സഹായകമാണ്. ആദ്യമായി ചിലി സന്ദര്‍ശിച്ച പാപ്പാ, വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമനായിരുന്നെന്നും, അതിനു 30 വര്‍ഷങ്ങള്‍ക്കുശേഷമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനമെന്ന് പ്രസിഡന്‍റ് മിഷേല്‍ വേദിയില്‍ അനുസ്മരിച്ചു. ആഭ്യന്തര കലാപത്താല്‍ മുറിപ്പെട്ട ചിലിയിലേയ്ക്കാണ് പാപ്പാ വോയിത്തീവ വന്നതെന്നും, എന്നാല്‍ പാപ്പാ ഫ്രാന്‍സിസ് ഇന്നെത്തിയത് തങ്ങളെ വിശ്വാസത്തില്‍ ബലപ്പെടുത്താനും, സമാധാനവഴികളില്‍ കൈപിടിച്ചു നടത്താനുമാണ്.

സമൂഹത്തിലെ അസമത്വത്തെ മറികടന്ന് ഇനിയും ഐക്യമാര്‍ജ്ജിക്കാനും കൂട്ടായ്മ വളര്‍ത്താനും പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം സഹായകമാണ്. ഭിന്നിച്ചു നില്ക്കുന്ന ചിലിയിലെ മപൂഷെ സമൂഹത്തെ രമ്യതപ്പെടുത്താനും നാട്ടില്‍ സമാധനത്തിന്‍റെ വഴികള്‍ സുസ്ഥിരമാക്കാനും പാപ്പാ ഫ്രാന്‍സിസ് തങ്ങള്‍ക്കൊരു ലാറ്റിനമേരിക്കന്‍ സഹോദരനും സമാധാനദൂതനുമാണെന്നു പ്രസിഡന്‍റ്, മിഷേല്‍ പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.